Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിമാനത്തിൽ എത്തുന്ന കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്ക് മാത്രം കേരളത്തിലേക്ക് പ്രവേശനം; കേരളത്തിലേയ്ക്ക് മടങ്ങിവരുന്ന പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമെന്ന് മന്ത്രിസഭാ തീരുമാനം; ട്രൂനെറ്റ് റാപ്പിഡ് ടെസ്റ്റ് സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തിയ ശേഷം മാത്രമേ യാത്രക്കാരെ വിമാനത്തിൽ കൊണ്ടുവരാവൂ എന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാൻ പിണറായി സർക്കാർ; ടെസ്റ്റ് എംബസികൾ നടത്തണമെന്നും നിർദ്ദേശം; ഇത് നാട്ടിലേക്ക് മടങ്ങാൻ വെമ്പുന്ന പ്രവാസികൾക്ക് തിരിച്ചടി

വിമാനത്തിൽ എത്തുന്ന കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്ക് മാത്രം കേരളത്തിലേക്ക് പ്രവേശനം; കേരളത്തിലേയ്ക്ക് മടങ്ങിവരുന്ന പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമെന്ന് മന്ത്രിസഭാ തീരുമാനം; ട്രൂനെറ്റ് റാപ്പിഡ് ടെസ്റ്റ് സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തിയ ശേഷം മാത്രമേ യാത്രക്കാരെ വിമാനത്തിൽ കൊണ്ടുവരാവൂ എന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാൻ പിണറായി സർക്കാർ; ടെസ്റ്റ് എംബസികൾ നടത്തണമെന്നും നിർദ്ദേശം; ഇത് നാട്ടിലേക്ക് മടങ്ങാൻ വെമ്പുന്ന പ്രവാസികൾക്ക് തിരിച്ചടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലേയ്ക്ക് മടങ്ങിവരുന്ന പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് മന്ത്രിസഭാ യോഗ തീരുമാനം. എല്ലാ വിമാനങ്ങളിൽ വരുന്നവർക്കും ഇത് ബാധകമാക്കണമെന്നും ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെടാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ഇനി കോവിഡ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ആർക്കും വിമാനത്തിലൂടെ കേരളത്തിലേക്ക് വരാനാകില്ല. സംസ്ഥാനത്ത് രോഗ വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് തീരുമാനം. ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് വിവാദവുമായി.

ഇതോടെ പലവിധ ന്യായങ്ങൾ സംസ്ഥാന സർക്കാർ പറഞ്ഞിരുന്നു. ഇതിനിടെയാണ് പുതിയ പ്രഖ്യാപനം. ഇതോടെ വിമാന യാത്രയിൽ കേരളത്തിന്റേത് കടുംപിടിത്തമാണെന്നും വ്യക്തമായി. ട്രൂനെറ്റ് റാപ്പിഡ് ടെസ്റ്റ് സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തിയ ശേഷം മാത്രമേ യാത്രക്കാരെ വിമാനത്തിൽ കൊണ്ടുവരാവൂ എന്നാണ് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്നത്. ഈ സംവിധാനം എംബസികൾ വേണം വിമാനത്താവളത്തിൽ ഏർപ്പെടുത്താൻ. ഈ സംവിധാനത്തിലൂടെ ഒരു മണിക്കൂർ കൊണ്ട് ഫലം അറിയാനാകും. ഈ പരിശോധനയിൽ നെഗറ്റീവ് ആകുന്നവരെ മാത്രം വിമാനത്തിൽ പ്രവേശിപ്പിക്കുക എന്നതാണ് കേരളത്തിന്റെ നിർദ്ദേശം.

വിമാനങ്ങളിൽ വരുന്നവർക്ക് പരിശോധന നിർബന്ധമാക്കിയില്ലെങ്കിൽ രോഗവ്യാപനം രൂക്ഷമാകാൻ ഇടയാക്കും. എംബസികളിൽ ട്രൂനെറ്റ് സംവിധാനം ഏർപ്പെടുത്താനുള്ള ഇടപെടൽ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെടുക. നേരത്തെ ചാർട്ടേഡ് വിമാനത്തിൽ വരുന്നവർക്ക് കോവിഡ് പരിശോധന കർശനമാക്കിയതിൽ വ്യാപകമായ വിമർശനം ഉയർന്നതിനെ തുടർന്ന് സർക്കാർ ഈ തീരുമാനത്തിൽനിന്ന് പിന്നാക്കം പോകുമെന്ന സൂചന നൽകിയിരുന്നു. പുറത്തുനിന്ന് വരുന്നവർക്ക് രോഗബാധ കൂടുതലായി കാണുന്ന സാഹചര്യത്തിലാണ് സർക്കാർ വീണ്ടും രോഗപരിശോധന നടത്തണമെന്ന നിലപാടിലേയ്ക്ക് നീങ്ങുന്നത്.

വന്ദേഭാരത് ദൗത്യമുൾപ്പെടെയുള്ള എല്ലാ വിമാനങ്ങളിൽ വരുന്നവർക്കും കോവിഡ് സർട്ടിഫിക്കറ്റ് വേണമെന്നാണ് തീരുമാനം. പ്രവാസികൾക്ക് കോവിഡില്ലെന്ന രേഖ വന്ദേഭാരത് മിഷനിൽ വരുന്നവർക്കും വേണമെന്ന് മന്ത്രി ഇ.പി.ജയരാജൻ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. രോഗം ഉള്ളവരെ പ്രത്യേക വിമാനത്തിൽ കൊണ്ടുവരണമെന്നും മന്ത്രി പറയുന്നു. യാത്രക്കാർ കോവിഡ് ബാധിതരല്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന വേണമെന്നു സ്വകാര്യ വിമാന കമ്പനികളാണു സംസ്ഥാനത്തോട് ആവശ്യപ്പെട്ടത്. വിമാനത്തിൽ രോഗികൾ വരുന്നില്ലെന്ന് ഉറപ്പായാൽ വിമാന ജീവനക്കാരുടെ ക്വാറന്റൈൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഒഴിവാക്കാനാകും.

കോവിഡ് ബാധിത രാജ്യങ്ങളിൽ നിന്നു വരുന്നവർ കോവിഡ് രോഗമില്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നു കേന്ദ്ര സർക്കാർ മാർച്ചിൽ നിർദ്ദേശിച്ചിരുന്നു. പിന്നീട് പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണം അത് വേണ്ടെന്ന് വയ്ക്കുകയും ചെയ്തു. ഗൾഫിലെ നിലവിലെ സാഹചര്യത്തിൽ കോവിഡ് ടെസ്റ്റ് ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ നടത്തി സർട്ടിഫിക്കറ്റ് നേടൽ അസാധ്യമാണ്. അഥവാ ടെസ്റ്റിൽ നെഗറ്റീവാണെന്ന് തെളിഞ്ഞാലും പിന്നീടും ഏത് നിമിഷവും വൈറസ് ബാധയേൽക്കാമെന്നും അതിനാൽ പൊതു ആരോഗ്യക്ഷമതാ പരിശോധനയാണ് അഭികാമ്യമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

യാത്രയിലുടനീളം എയർപോർട്ടിലും വിമാനത്തിനുള്ളിലും വ്യക്തിഗത സുരക്ഷാവലയമൊരുക്കുന്ന പി.പി.ഇ കിറ്റ് ധരിക്കലാണ് ഒരുപരിധി വരെ രോഗപകർച്ചയിൽ നിന്ന് രക്ഷനേടാനുള്ള പ്രാഥമിക മാർഗം. ഇത്തരം ചർച്ചകൾ സജീവമാകുന്നതിനിടെയാണ് കേരളം വീണ്ടും നിലപാട് കടുപ്പിക്കുന്നത്.

എല്ലാ വിമാനങ്ങളിൽ വരുന്നവർക്കും കോവിഡ് നെഗറ്റീവ് പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാണ്. വേഗത്തിലുള്ള പരിശോധനയ്ക്ക് കേന്ദ്രം മുൻകൈ എടുക്കണമെന്നും മന്ത്രിസഭായോഗം ആവശ്യപ്പെട്ടു. ആയിരം രൂപ നിരക്കുള്ള റാപ്പിഡ് ടെസ്റ്റ് നടത്തിയാലും മതിയെന്നും നിർദേശിച്ചു. കോവിഡ് ഉള്ളവരും ഇല്ലാത്തവരും ഒരേ വിമാനത്തിൽ വരുന്നത് രോഗവ്യാപനത്തിന് ഇടയാക്കും എന്നു ചൂണ്ടിക്കാട്ടിയാണ് തീരുമാനം.

വന്ദേ ഭാരത് മിഷൻ കേന്ദ്രമാണ് നടത്തുന്നത്. എന്നാൽ, ഇതിൽ കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമല്ലായിരുന്നു. കോവിഡ് ടെസ്റ്റ് നിർബന്ധമാക്കണമെന്ന് നേരത്തെ കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രം അംഗീകരിച്ചിട്ടില്ല. കോവിഡ് ഉള്ളവരെയും ഇല്ലാത്തവരെയും പ്രത്യേകം വിമാനത്തിൽ സംസ്ഥാനത്തേക്കു കൊണ്ടുവരണം എന്നാണ് കേരളത്തിന്റെ നിലപാട്.

ഇതിന്റെ അടിസ്ഥാനത്തിലാണ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള തീരുമാനം. ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്കു കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിന് എതിരെ വൻ പ്രതിഷേധമാണ് ഉണ്ടായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP