Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'നീ ഏതു ....ൽ കയറി ഒളിച്ചാലും ഞങ്ങൾ തീർക്കുമെടാ എന്നാക്രോശിച്ചുകൊണ്ട് മടിക്കുത്തിന് പിടിച്ച് ഡീസൽ ഒഴിച്ച് എന്നെ കത്തിക്കാൻ നോക്കി': ഇടുക്കി ബിജെപി കൗൺസിലർ ഗോപാലകൃഷ്ണനെ തീ കൊളുത്തികൊല്ലാൻ ബിജെപി ജില്ലാ സെക്രട്ടറിയുടെ ശ്രമം; താൻ കൗൺസിലറെ കത്തിക്കാനല്ല ആത്മഹത്യയ്ക്ക് ആണ് ശ്രമിച്ചതെന്ന് ബി.വിജയകുമാർ മറുനാടനോട്; കൗൺസിലർക്ക് പിന്തുണയുമായി തൊടുപുഴ മുൻസിപ്പാലിറ്റിയിലെ ഏഴു ബിജെപി കൗൺസിലർമാരും; പ്രതിസന്ധിയിൽ ഉഴറി ഇടുക്കി ബിജെപി നേതൃത്വം

'നീ ഏതു  ....ൽ കയറി ഒളിച്ചാലും ഞങ്ങൾ തീർക്കുമെടാ എന്നാക്രോശിച്ചുകൊണ്ട് മടിക്കുത്തിന് പിടിച്ച് ഡീസൽ ഒഴിച്ച് എന്നെ കത്തിക്കാൻ നോക്കി': ഇടുക്കി ബിജെപി കൗൺസിലർ ഗോപാലകൃഷ്ണനെ തീ കൊളുത്തികൊല്ലാൻ ബിജെപി ജില്ലാ സെക്രട്ടറിയുടെ ശ്രമം; താൻ കൗൺസിലറെ കത്തിക്കാനല്ല  ആത്മഹത്യയ്ക്ക് ആണ് ശ്രമിച്ചതെന്ന് ബി.വിജയകുമാർ മറുനാടനോട്; കൗൺസിലർക്ക് പിന്തുണയുമായി തൊടുപുഴ മുൻസിപ്പാലിറ്റിയിലെ ഏഴു ബിജെപി കൗൺസിലർമാരും;  പ്രതിസന്ധിയിൽ ഉഴറി ഇടുക്കി ബിജെപി നേതൃത്വം

എം മനോജ് കുമാർ

 തൊടുപുഴ: തൊടുപുഴ ബിജെപി മുനിസിപ്പൽ കൗൺസിലറെ വീട്ടിൽക്കയറി തീകൊളുത്തി കൊല്ലാൻ ഇടുക്കി ബിജെപി ജില്ലാ സെക്രട്ടറി ശ്രമിച്ച സംഭവം വിവാദമാകുന്നു. സംഭവം ഇടുക്കി ബിജെപിയിൽ പുകയുകയാണ്. പാർട്ടി നേതൃത്വത്തിൽ നിന്നും നീതി ലഭിക്കാത്തതിനെ തുടർന്ന് തൊടുപുഴ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുകയാണ് തൊടുപുഴ ആറാം വാർഡ് ബിജെപി കൗൺസിലറായ ഗോപാലകൃഷ്ണൻ. ഇടുക്കി ബിജെപി സെക്രട്ടറിയായ ബി.വിജയകുമാറിനെതിരെയാണ് കൗൺസിലർ ഗോപാലകൃഷ്ണൻ പരാതി നൽകിയിരിക്കുന്നത്. തൊടുപുഴ മുനിസിപ്പാലിറ്റിയിൽ ബിജെപിക്ക് ഏഴു കൗൺസിലർമാരുണ്ട്.

ഈ ഏഴുപേരും ഒറ്റക്കെട്ടായി പരാതി കൊടുത്ത കൗൺസിലർക്ക് പിന്നിൽ ഉറച്ചു നിൽക്കുകയാണ്. കൗൺസിലർക്ക് നീതി ലഭ്യമാക്കാൻ ബിജെപി ജില്ലാ നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും നീക്കം വന്നില്ലെന്ന് കൗൺസിലർമാർ കരുതുന്നുണ്ട്. നീതി ലഭ്യമായില്ലെങ്കിൽ കൗൺസിലർ സ്ഥാനം രാജിവയ്ക്കാനും കൗൺസിലർമാർക്കിടയിൽ ആലോചനയുണ്ട്. ഇത് മനസിലാക്കി ശ്രദ്ധാപൂർവമാണ് പാർട്ടിയിലെ നീക്കങ്ങൾ. എന്തായാലും സംഭവം ഒച്ചപ്പാടായതോടെ പ്രശ്‌നപരിഹാരത്തിനു പാർട്ടി തലത്തിൽ ഊർജ്ജിതമായ ശ്രമങ്ങൾ നടക്കുന്നുണ്ട്.

കൗൺസിലറെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച ബിജെപി ജില്ലാ സെക്രട്ടറിക്ക് എതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് ഇടുക്കി ബിജെപി പ്രസിഡന്റ് കെ.എസ്.അജിയോടു മറുനാടൻ തിരക്കിയെങ്കിലും വെർച്വൽ റാലിയുടെ മീറ്റിംഗിൽ ആയതിനാൽ തത്കാലം പ്രതികരണത്തിനു കഴിയില്ലെന്നാണ് ബിജെപി ജില്ലാ പ്രസിഡന്റ് പ്രതികരിച്ചത്. എന്നാൽ ഡീസൽ ഒഴിച്ച് കത്തിക്കാൻ നടന്ന ശ്രമം യഥാർത്ഥമാണെന്ന് ബിജെപി ജില്ലാ സെക്രട്ടറി മറുനാടനോട് സമ്മതിച്ചു. ഡീസലുമായി വന്നത് കൗൺസിലറെ കത്തിക്കാനല്ല സ്വയം ആത്മഹത്യ നടത്താനാണ് ചെന്നത് എന്നാണ് ആരോപണ വിധേയനായ ബിജെപി ജില്ലാ സെക്രട്ടറിയുടെ മറുനാടനോടുള്ള പ്രതികരണം. ആരോപണങ്ങളും പ്രത്യാരോപണങ്ങളും പാർട്ടിയിൽ കൊഴുക്കുമ്പോൾ വലിയൊരു പ്രതിസന്ധി തന്നെ ഇടുക്കി ബിജെപിയിൽ രൂപപ്പെടുകയാണ്. ഇടുക്കി ജില്ലയിൽ നിന്ന് നീതി കിട്ടുമെന്ന് ഉറപ്പില്ലാത്തതിനാൽ പരാതി പാർട്ടി സംസ്ഥാന അധ്യക്ഷന് കൈമാറാൻ പോകുന്നുവെന്നാണ് പരാതി നൽകിയ കൗൺസിലർ മറുനാടനോട് പറഞ്ഞത്,

ഗുരുതരമായ ആരോപണങ്ങളാണ് കൗൺസിലർ തൊടുപുഴ പൊലീസ് സ്റ്റേഷനിൽ നൽകിയിരിക്കുന്ന പരാതിയിൽ കെട്ടഴിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ബിജെപി ജില്ലാ സെക്രട്ടറി ബി.വിജയകുമാറും സുഹൃത്തായ അഖിൽ ബി.നായരും രാത്രി വീട്ടിലെത്തി. ഗേറ്റിലെത്തി എന്നെ വിളിച്ചു. ഞാൻ ഇറങ്ങി വീട്ടിനു മുന്നിലെ ഗേറ്റിൽ എത്തിയപ്പോൾ എന്റെ മടിക്കുത്തിനു ബിജെപി ജില്ലാ സെക്രട്ടറി കയറിപ്പിടിച്ചു. കയ്യിലെ കുപ്പിയിലെ ഡീസൽ എന്റെ ദേഹത്തേക്ക് ഒഴിച്ചു. എന്നിട്ട് അഖിൽ ബി നായരോട് തീയിടെടാ എന്ന് വിളിച്ച് പറഞ്ഞു. അഖിൽ ലൈറ്റർ ഉപയോഗിച്ച് തീപിടിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഞാൻ മരണഭയത്തോടെ വീട്ടിലേക്ക് ഓടിക്കയറി. എന്നെ കൊല്ലാൻ കിട്ടാത്ത ദേഷ്യത്തിനു ഗേറ്റിനു മുന്നിൽ വെച്ച് തെറി വിളി തുടർന്നു. നീ ഏതു ....ൽ കയറി ഒളിച്ചാലും ഞങ്ങൾ തീർക്കുമെടാ...എന്ന് തുടങ്ങുന്ന അസഭ്യവർഷം ഗേറ്റിനു മുൻപിൽ നിന്നും വിളിച്ചു പറഞ്ഞു. ഒച്ചപ്പാടും ബഹളവും കേട്ട് ആളുകൾ ഓടിക്കൂടിയപ്പോൾ അവർ സ്‌കൂട്ടറിൽ കയറി ഓടിച്ചുപോയി.

അന്ന് രാവിലെ ഇവർ എന്റെ പച്ചക്കറിക്കടയിൽ വന്നു ഭീഷണി മുഴക്കിയിരുന്നു. എടാ... ....ളി ... മോനേ... നീ എന്റെ അപ്പനും മറ്റുമെതിരെ പരാതി നൽകുമോ? ഞാൻ പട്ടികജാതിക്കാരനാണ്. ഇന്നു രാത്രി നിന്റെ വീട്ടിൽവന്നു പ്രശ്‌നം ഞാൻ തീർത്ത് തരാം എന്ന് ആക്രോശിച്ചിരുന്നു. കടയിൽ വന്ന ആളുകളുടെയും പൊതുജനങ്ങളുടെയും മുൻപിൽ നിന്നാണ് ഈ ഭീഷണി മുഴക്കിയത്. അകമ്പടിയായി അറപ്പും വെറുപ്പുമുള്ള ലൈംഗിക ചുവയുള്ള ആംഗ്യങ്ങളും കാണിച്ചിരുന്നു. ഇതിൽ തന്നെ എനിക്ക് കടുത്ത മാനഹാനിയും മനോവിഷമവും ഉണ്ടായിരുന്നു. ഇതിനു ശേഷമാണ് ഇതേ ദിവസം രാത്രി എന്നെ കൊല്ലാനായി വീട്ടിലെത്തിയത്. വിജയകുമാറിന്റെ പിതാവും സഹോദരനും എന്റെ അയൽക്കാരാണ്. ഇവരുടെ വീട്ടിലെ അഴുക്കു വെള്ളം റോഡിലേക്കാണ് ഒഴുക്കി വിടുന്നത്. ഇതിൽ നാട്ടുകാരുടെ പരാതി എന്റെ കൂടി ഒപ്പ് സഹിതം ഞാൻ മുൻസിപ്പാലിറ്റിയിൽ നൽകിയിരുന്നു. സംഭവം മുൻസിപ്പാലിറ്റിക്ക് ബോധ്യപ്പെട്ടതുമാണ്.

എന്നെ വധിക്കാൻ കഴിയാത്തതുകൊണ്ട് പിറ്റേന്ന് എട്ടു മണിക്ക് കടയിലെത്തി എടാ... ളീ...ഇന്നലെ നീ രക്ഷപ്പെട്ടു.. നിന്നെ ഞാൻ തീർക്കും എന്ന അസഭ്യവർഷം നടത്തി. ഇതെനിക്ക് മാനഹാനിയും വേദനയുമുണ്ടാക്കി. പാർട്ടി ജില്ലാ സെക്രട്ടറിയും പാർട്ടി പ്രവർത്തകനും വധിക്കാൻ ശ്രമിച്ചതിനാൽ പരാതിയുമായി ഞാൻ ഇടുക്കി ജില്ലാ കമ്മറ്റി ഓഫീസിലെത്തി. അപ്പോൾ അവിടെയുണ്ടായിരുന്ന ബിജെപി ജില്ലാ സെക്രട്ടറി വിജയകുമാറും സഹോദരനും ഓഫീസിലുണ്ടായിരുന്നു. ഇവർ രണ്ടുപേരും കൂടി ബിജെപി ജില്ലാ കമ്മറ്റി ഓഫീസിൽ നിന്നും എനിക്ക് നേരെ തെറി വിളി നടത്തി. ഞാൻ പട്ടികജാതിക്കാരനാണ്.. എനിക്ക് എതിരെ പരാതി പറഞ്ഞാൽ നിന്നെ ജാത്യധിക്ഷേപം നടത്തിയതിനു കേസിൽപ്പെടുത്തും എന്ന് ഭീഷണിപ്പെടുത്തി. ബിജെപി ജില്ലാ പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ പ്രശ്‌നപരിഹാരത്തിനു ശ്രമിച്ചെങ്കിലും അതും നടന്നില്ല. എന്ത് വന്നാലും എന്നെ തീർക്കുമെന്ന ഭീഷണിയാണ് വിജയകുമാർ മുഴക്കുന്നത്. ഞാൻ കടുത്ത മരണ ഭയത്തിലാണ്. മാനഹാനി വേറെയും. ശക്തമായ നടപടികൾ വരണം-പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

പരാതിയിൽ പറഞ്ഞതെല്ലാം സത്യമാണെന്ന് കൗൺസിലർ ഗോപാലകൃഷ്ണൻ പറഞ്ഞു. എന്നെ കൊല്ലാൻ തന്നെയാണ് വന്നത്. രണ്ടു കുപ്പി ഡീസൽ കയ്യിലുണ്ടായിരുന്നു. പ്രാണഭയംകൊണ്ട് വീടിനകത്തെക്ക് ഓടിയതുകൊണ്ടാണ് രക്ഷപ്പെട്ടത്. പക്ഷെ എനിക്ക് ജീവന് ഭീഷണിയുണ്ട്. പാർട്ടി തലത്തിൽ നടപടിയില്ല. അതിനാൽ പൊലീസിൽ പരാതി നൽകി. പരാതി സംസ്ഥാന പ്രസിഡന്റിനും കൈമാറും. നീതിയില്ലെങ്കിൽ കൗൺസിലർമാർ രാജി വയ്ക്കുന്നത് കൂടി ആലോചിക്കും. പാർട്ടി ജില്ലാ സെക്രട്ടറിയെ മാറ്റി നിർത്താം എന്ന് ജില്ലാ പ്രസിഡന്റ് പറഞ്ഞിട്ടുണ്ട്. അത് പൂർണമായി എനിക്ക് വിശ്വാസമില്ല. എന്തായാലും കാര്യങ്ങൾ എങ്ങനെ പോകുന്നുവെന്ന് നോക്കട്ടെ-ഗോപാലകൃഷ്ണൻ മറുനാടനോട് പറഞ്ഞു.

ആരോപണങ്ങൾ ബിജെപി ജില്ലാ സെക്രട്ടറി വിജയകുമാർ മറുനാടനോട് നിഷേധിച്ചു. എന്നോടു ചോദിക്കാതെയാണ് വീട്ടിലെ വെള്ളം ഞങ്ങൾ പുറത്തേക്ക് തുറന്നു വിടുന്നു എന്ന പരാതി മുൻസിപ്പാലിറ്റിക്ക് പരാതി നൽകിയത്. ഞാൻ ബിജെപിയുടെ ചാർജ് ഉള്ള ആളാണ്. ഗോപാലകൃഷ്ണൻ കൗൺസിലറും. എന്നോടു ചോദിക്കാതെയാണ് പരാതി നൽകിയത്. വെള്ളം ഒഴുകിപോകുന്ന ഓടയുണ്ട്. അത് കൗൺസിലർ തന്നെയാണ് അടച്ചത്. വീട്ടിൽ ഞങ്ങൾ വെള്ളം പോകാനായി കുഴി കുത്തിയിട്ടുണ്ട്. വെള്ളം ആ കുഴിയിലേക്കാണ് പോകുന്നത്. മഴവെള്ളം ഫോട്ടോ എടുത്താണ് പരാതി നൽകിയത്. പാർട്ടി തലത്തിൽ ഇത് പരിഹരിക്കേണ്ട ഉത്തരവാദിത്തം കൗൺസിലർക്കുണ്ട്. ഏഴു വർഷം മുൻപ് ഇതേ കൗൺസിലറുമായുള്ള പ്രശ്‌നം കൊണ്ട് എന്റെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ സംഭവമുണ്ട്. ഇതാദ്യത്തെ സംഭവമല്ലാ എന്ന് പറയാനാണ് പഴയ പരാതി കൂടി പറഞ്ഞത്. എല്ലാം ഈ കൗൺസിലർ കാരണമാണ്. എനിക്കും അമ്മയ്ക്കും എതിരെ വളരെ വൃത്തികെട്ട ഭാഷ കൗൺസിലർ ഉപയോഗിച്ചു. എന്നെ ജാതി പറഞ്ഞു ആക്ഷേപിച്ചു. തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ തൂണ് പണിയാൻ 50000 കൊടുത്തപ്പോൾ ആ ...ടെ മകനല്ലേ അവനു എത്ര വേണമെങ്കിലും പണം നൽകാം എന്ന് പറഞ്ഞു. എഴുതുമ്പോൾ എല്ലാം എഴുതണം. ഇത്രയും പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നെ പാർട്ടിയുടെ ഉത്തരവാദിത്തത്തിൽ നിന്നും മാറ്റി നിർത്തിയിട്ടില്ല. പക്ഷെ അസുഖം കാരണം മൂന്നു മാസം പാർട്ടിയിൽ നിന്നും ലീവിലാണ്-വിജയകുമാർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP