Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമേരിക്ക ഇന്ത്യയുടെ തുണയ്ക്ക് എത്തില്ലെന്ന് ഉറപ്പിക്കുമ്പോൾ കടന്നാക്രമിക്കുന്നത് ചൈനയുടെ രീതി; 1962-ലെ ചൈനീസ് ആക്രമണം അമേരിക്ക ക്യൂബൻ പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കെ; കോവിഡ് കാരണം അമേരിക്ക ദുർബലമായിരിക്കുമ്പോൾ വീണ്ടും ചൈന മുഷ്‌ക്ക് പുറത്തെടുക്കുന്നു; അതിർത്തിയിൽ ഗുരുതരമായ സ്ഥിതിയെങ്കിലും യുദ്ധസാധ്യത നിലവിലില്ല; കേന്ദ്രം വസ്തുതകൾ വെളിപ്പെടുത്തണം; അതിർത്തി സംഘർഷത്തിനു പിന്നിലുള്ള ചൈനീസ് ലക്ഷ്യം ലോക മേധാവിത്തത്തിനുള്ള ശ്രമം തന്നെ: ടി.പി.ശ്രീനിവാസൻ മറുനാടനോട്

അമേരിക്ക ഇന്ത്യയുടെ തുണയ്ക്ക് എത്തില്ലെന്ന് ഉറപ്പിക്കുമ്പോൾ കടന്നാക്രമിക്കുന്നത് ചൈനയുടെ രീതി; 1962-ലെ ചൈനീസ് ആക്രമണം അമേരിക്ക ക്യൂബൻ പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കെ; കോവിഡ് കാരണം അമേരിക്ക ദുർബലമായിരിക്കുമ്പോൾ വീണ്ടും ചൈന മുഷ്‌ക്ക് പുറത്തെടുക്കുന്നു; അതിർത്തിയിൽ ഗുരുതരമായ സ്ഥിതിയെങ്കിലും യുദ്ധസാധ്യത നിലവിലില്ല; കേന്ദ്രം വസ്തുതകൾ വെളിപ്പെടുത്തണം; അതിർത്തി സംഘർഷത്തിനു പിന്നിലുള്ള ചൈനീസ് ലക്ഷ്യം ലോക മേധാവിത്തത്തിനുള്ള ശ്രമം തന്നെ: ടി.പി.ശ്രീനിവാസൻ മറുനാടനോട്

എം മനോജ് കുമാർ

തിരുവനന്തപുരം: ഇന്ത്യാ-ചൈന അതിർത്തിയിൽ സംഘർഷം രൂക്ഷമാകവേ യുദ്ധമുനമ്പിലാണോ ഇന്ത്യയും ചൈനയും എന്ന സംശയമാണ് ഉയരുന്നത്. ചൈനയുമായി നടക്കുന്ന അതിർത്തി സംഘർഷത്തിൽ ഒരു ഇന്ത്യൻ കേണലും രണ്ടു ജവാന്മാരുമാണ് വീരമൃത്യു വരിച്ചിരിക്കുന്നത്. ആന്ധ്ര വിജയവാഡ സ്വദേശിയായ കേണൽ സന്തോഷ് ബാബു ഇൻഫൻട്രി ബറ്റാലിയന്റെ കമാൻഡിങ് ഓഫിസറാണ്. അതിർത്തി സംഘർഷത്തിൽ അഞ്ച് ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായി ചൈനീസ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇരുരാജ്യങ്ങളും അതിർത്തിയിൽ ശക്തമായ പടനീക്കം നടത്തുകയാണ്. ഇതിന്നിടയിൽ സമാധാനത്തിനുള്ള രജതരേഖയായി മാറിയെക്കാവുന്ന ചർച്ചകൾക്കുള്ള സാധ്യതയും തുറന്നു വരുന്നുണ്ട്. സംഘർഷം ചർച്ചയിൽ അവസാനിപ്പിക്കാനുള്ള നീക്കങ്ങളും സജീവമാണെന്ന് മാധ്യമ റിപ്പോർട്ടുകളും വരുന്നുണ്ട്. ഏപ്രിൽ മുതൽ അതിർത്തിയിൽ ഇരുസേനകളും മുഖാമുഖം നിൽക്കുകയാണ്. ചർച്ച നടന്നെങ്കിലും പിന്മാറ്റം ധാരണയായിരുന്നില്ല.

യഥാർഥ നിയന്ത്രണരേഖയോടു ചേർന്നുള്ള ഇന്ത്യാ-ചൈന അതിർത്തി പ്രദേശങ്ങളിലാണ് സംഘർഷം നിലനിൽക്കുന്നത്. ഈ സംഘർഷം യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്ക ലോകരാജ്യങ്ങളിൽ വ്യാപകമാണ്. ഇൻഡോ-ചീന സംഘർഷം പുകഞ്ഞുകൊണ്ടിരിക്കവേ ഈ സംഘർഷം യുദ്ധത്തിൽ എത്തില്ലെന്ന് ഉറപ്പിച്ചു പറയുന്നു പ്രമുഖ നയതന്ത്രജ്ഞൻ ടി.പി.ശ്രീനിവാസൻ. ചീന തുടക്കമിട്ട അതിർത്തി സംഘർഷത്തെ അമേരിക്കയിലെ കോവിഡ് വ്യാപനത്തിലേക്കും ചൈന ആഗ്രഹിക്കുന്ന ലോകമേധാവിത്തത്തിലേക്കും ബന്ധിപ്പിക്കുകയാണ് ശ്രീനിവാസൻ. നിലവിൽ ഗാൽവൻ താഴ്‌വരയിലെ ഇൻഡോ-ചീന സംഘർഷം യുദ്ധത്തിൽ കലാശിക്കില്ല. ഇരു സൈന്യങ്ങളും ഇപ്പോഴും തോക്ക് ഉയർത്തിയിട്ടില്ല. യുദ്ധ സാധ്യത നിലവിലില്ല. പക്ഷെ അമേരിക്കൻ ദുർബലതയും ഇന്ത്യാ-ചൈന സംഘർഷവും തമ്മിൽ ബന്ധമുണ്ട്-ശ്രീനിവാസൻ മറുനാടനോട് പറഞ്ഞു. അമേരിക്ക് കോവിഡ് കാരണം നിശബ്ദമായിരിക്കെ അമേരിക്കൻ സ്ഥാനത്തേക്ക് കടന്നുകയറാനുള്ള ശ്രമമാണ് ചൈന നടത്തുന്നത്. അതിന്റെ ഭാഗമായി വേണം അതിർത്തിയിലെ ചൈന നീക്കങ്ങളെ കാണാൻ.

1962-;ൽ ചൈന ഇന്ത്യയെ ആക്രമിക്കുമ്പോൾ അമേരിക്ക പ്രതിസന്ധിയിലായിരുന്നു. ക്യൂബൻ പ്രതിസന്ധിയിൽ അമേരിക്ക മുങ്ങിത്താഴുമ്പോഴാണ് ചൈന ഇന്ത്യൻ അതിർത്തിയിലേക്ക് കടന്നുകയറുകയും ഇന്ത്യൻ പ്രദേശങ്ങൾ കയ്യടക്കുകയും ചെയ്തത്. അന്ന് അമേരിക്കൻ സഹായം ഇന്ത്യയ്ക്ക് ലഭിക്കില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ചൈന ഇന്ത്യയെ ആക്രമിച്ചത്. ക്യൂബൻ പ്രതിസന്ധിയിൽ നിന്ന് അമേരിക്ക കരകയറിയപ്പോൾ ചൈന ഇന്ത്യയിലേക്കുള്ള കടന്നുകയറ്റവും ആ കാലത്ത് നിർത്തി. ഇപ്പോൾ അമേരിക്ക ദുർബലമായ അവസ്ഥയിലാണ്. കോവിഡ് പ്രതിസന്ധി കാരണം അമേരിക്ക തകർന്നടിഞ്ഞിരിക്കുന്ന സമയമാണ്. അമേരിക്കൻ സഹായം പെട്ടെന്ന് ലഭിക്കില്ലെന്ന് ഉറപ്പുള്ള സമയത്ത് തന്നെയാണ് ഇന്ത്യയിൽ അതിർത്തി സംഘർഷം വഷളായ അവസ്ഥയിലേക്ക് ചൈന നീക്കുന്നത്. പക്ഷെ നിലവിലെ അതിർത്തിയിലെ ഈ നീക്കം യുദ്ധത്തിൽ കലാശിക്കാനുള്ള സാധ്യതയില്ല. ഇരു സൈന്യങ്ങളും തോക്കുയർത്താത്ത അവസ്ഥ നിലനിൽക്കുകയാണ്. അമേരിക്ക ദുർബലമായ അവസ്ഥയിൽ ലോകമേധാവിത്തത്തിനുള്ള ശ്രമം കൂടി ഇന്ത്യൻ അതിർത്തിയിലെ ചൈനാ നീക്കങ്ങളിൽ നിന്നും തെളിയുന്നുണ്ട്. ഇതെല്ലാം ഈ ലക്ഷ്യം മുൻ നിർത്തിയുള്ള ചൈനയുടെ നീക്കങ്ങളുടെ ഭാഗമാണ്.

ചൈന ഇപ്പോഴും പറയുന്നത് അപകടത്തിലാണ് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടത് എന്നാണ്. അപകടകരമായ മേഖലയിൽ വീണാണ് ഇന്ത്യൻ സൈനികരുടെ മരണം എന്ന് കൂടി ചൈന പറയുന്നുണ്ട്. വെടിവെപ്പ് നടന്നിട്ടില്ല. സംഘർഷം അതിർത്തി പ്രദേശത്ത് സാധാരണയാണ്. പക്ഷെ ആരും കൊല്ലപ്പെട്ടിരുന്നില്ല. ഇപ്പോൾ മരണങ്ങൾ ഉണ്ടായിരിക്കുന്നു. ഇതാണ് നിലവിലെ അവസ്ഥ അസ്വസ്ഥമാക്കുന്നത്. സംഘർഷം യുദ്ധത്തിലേക്ക് പോകാൻ ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ ചർച്ചകളിലൂടെ തന്നെ പ്രശ്‌ന പരിഹാരത്തിനു അവസരം വരും. പ്രശ്‌നങ്ങൾ അവസാനിപ്പിക്കുക തന്നെയാണ് ചർച്ചകളുടെ പിന്നിലുള്ള ലക്ഷ്യം. രണ്ടു പേരും പഴയ സ്ഥലങ്ങളിലേക്ക് തന്നെ നീങ്ങിയേക്കും. പക്ഷെ അറിയേണ്ടത് ഈ മരണങ്ങൾ എങ്ങനെ നടന്നുവെന്നതാണ്. ആരാണ് കാരണക്കാർ എന്നും അറിയണം. സർക്കാർ ഇതുവരെ പറഞ്ഞത് അപകടകരമായ അവസ്ഥ അതിർത്തിയിൽ നിലനിൽക്കുന്നില്ലേന്നാണ്. പക്ഷെ ഇപ്പോൾ ഗുരുതരമായ അവസ്ഥ അതിർത്തിയിൽ നിലനിൽക്കുന്നുവെന്നു രാജ്യം തന്നെ തിരിച്ചറിയുന്നു. സർക്കാർ ഇതുവരെ സത്യം പറഞ്ഞിട്ടില്ല. എപ്പോഴാണ് എന്താണ് നടന്നതെന്ന് പറഞ്ഞിട്ടില്ല. ചൈന പിൻവാങ്ങിയെന്ന് പറയുന്നു. സഹകരണത്തോടെ മുന്നോട്ട് പോകുമെന്നും പറയുന്നു. എല്ലാ കാര്യങ്ങളും കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്നല്ല പറയുന്നത്. കേന്ദ്ര സർക്കാർ ഒരു പുതിയ അഭിപ്രായം സ്വരൂപിക്കേണ്ടതുണ്ട്. ഈ അഭിപ്രായം കേന്ദ്രം പുറത്തുവിട്ടേക്കും. ഇന്ത്യ അതിർത്തിയിൽ റോഡ് നിർമ്മിച്ചു എന്ന് ചൈന പറയുന്നു. പക്ഷെ അത് ഇന്ത്യൻ സ്ഥലമാണെന്ന് ചൈന തന്നെ പറയുന്നുമുണ്ട്. അതുകൊണ്ട് തന്നെ ചൈനയുടെ വാദങ്ങൾ സംശയാസ്പദമായി വേണം കാണാൻ. എന്തായാലും കേന്ദ്ര സർക്കാർ കാര്യങ്ങൾ വിശദീകരിക്കുകയാണ് വേണ്ടത്. അതിനു ഇനിയും കേന്ദ്രം മടിച്ചു നിൽക്കില്ലെന്നാണ് ഞാൻ കരുതുന്നത്.

ഡോക്ക് ലാമിൽ മാസങ്ങളോളം ഇന്ത്യ-ചീന സേന മുഖാമുഖം നിന്നു. 72 ദിവസത്തോളം ഈ സംഘർഷം നീണ്ടിരുന്നു. തുടർന്ന് ചർച്ചകളിലൂടെ പരിഹരിക്കുകയാണ് ഉണ്ടായത്. ഡോക് ലാമിന് ശേഷം ഇതാദ്യമായാണ് ഇത്തരം ഒരു സംഘർഷം ഇന്ത്യാ-ചൈന അതിർത്തിയിൽ രൂപപ്പെടുന്നത്. പക്ഷെ ഇതും യുദ്ധത്തിൽ കലാശിക്കില്ല. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ലോകരാജ്യങ്ങൾക്കിടയിൽ ചൈന ഒറ്റപ്പെട്ടിട്ടുണ്ട്. വേൾഡ് ഹെൽത്ത് അസംബ്ലിയിൽ ഈ ഒറ്റപ്പെടൽ പ്രശ്‌നം രോഷം ചൈനയുടെ മനസിലുണ്ട്. . കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ടു സ്വതന്ത്ര അന്വേഷണം വേണമെന്ന് പറഞ്ഞ രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയുമുണ്ട്. സൗത്ത് ഏഷ്യയിൽ നിന്ന് ഇന്ത്യയും ബംഗ്ലാദേശും മാത്രമാണ് ഈ കാര്യത്തിൽ അന്വേഷണം വേണമെന്ന് പറഞ്ഞത്. ഇത് ചൈനയെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതാണ് അതിർത്തിയിൽ അവർ കടന്നു കയറാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്. ഇക്കുറി ഇന്ത്യൻ അതിർത്തിയിലേക്ക് 500 കിലോമീറ്ററോളം അവർ കടന്നു കയറി എന്നത് സംഘർഷത്തിന്റെ വ്യാപ്തിയും ഗൗരവവും കൂട്ടുന്നുണ്ട്.

ചൈന നൽകുന്നത് ഇന്ത്യയ്ക്കുള്ള കൃത്യമായ സന്ദേശമാണ്. കൊറോണയ്ക്ക് ശേഷം ലോകമേധാവിത്തം ചൈനയ്ക്ക് തന്നെ എന്ന് തെളിയിക്കാൻ വേണ്ടിയാണ് അതിർത്തിയിൽ ചൈന പട നിരത്തിയത്. ഇന്ത്യ ഈ കാര്യത്തിൽ ശ്രദ്ധാലുവായിരിക്കണം എന്ന സന്ദേശം ഇന്ത്യയ്ക്ക് നൽകുകയാണ് ചൈന ചെയ്തത്. കൊറോണയ്ക്ക് ശേഷം ആരാണ് ലോകനേതാവ് എന്ന പ്രശ്നമാണ് ലോകരാഷ്ട്രങ്ങൾക്കിടയിൽ പൊന്തിവന്നിരിക്കുന്നത്. ഇതിനായുള്ള യുദ്ധം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. പ്രധാനമായും യുഎസും ചൈനയുമാണ് രംഗത്തുള്ളത്. അമേരിക്ക നിലവിൽ ഒരു വീക്ക് വിക്കറ്റായി മാറിയിരിക്കുകയാണ്. ലക്ഷങ്ങളാണ് കൊറോണ കാരണം യുഎസിൽ മരിച്ചത്. ട്രംപിന്റെ ഭാവിയും ചോദ്യ ചിഹ്നമാണ്. ഇനി ട്രംപാണ് അമേരിക്കൻ തിരഞ്ഞെടുപ്പിൽ ജയിക്കുക എങ്കിൽക്കൂടി അദ്ദേഹത്തിനു ലോകനേതൃത്വ പദവി ഒന്നും വേണ്ട എന്ന പക്ഷക്കാരനാണ്. ഈ ഘട്ടത്തിൽ ചൈനയ്ക്ക് അവസരമുണ്ട്. പക്ഷെ ചൈനയ്ക്കുള്ള അവസരം മോശമാകുന്നതുകൊറോണ വൈറസ് അവർ പരത്തി എന്ന ആക്ഷേപം നിലനിൽക്കുന്നതാണ്.

കൊറോണ വൈറസ് ചൈന രഹസ്യമായി വെച്ചു എന്നൊക്കെയുള്ള പരാതികൾ ഇപ്പോഴും സജീവമാണ്. പക്ഷെ ചൈന ഹീറോയിസം കളിക്കുകയാണ്. ഹീറോ ആകാനുള്ള ശ്രമമാണ് ചൈന നടത്തുന്നത്. ലോകത്ത് പ്രധാന കാര്യങ്ങൾ സംഭവിക്കുമ്പോൾ ചൈന ഇന്ത്യൻ അതിർത്തിയിൽ എത്തിനോക്കാറുണ്ട്. ഇന്ത്യ-ചൈന അതിർത്തി കൃത്യമായി അടയാളപ്പെടുത്തിയതല്ല. അതൊരു ആക്ച്വൽ കൺട്രോൾ ആണ്. ബോർഡർ ലൈൻ പോലും ഇല്ല. ഇന്ത്യയും ചൈനയും അതിർത്തിയിൽ മുഖാമുഖം നിൽക്കുകയാണ്. പക്ഷെ വളരെ നീളം കൂടിയ അതിർത്തി ആയതിനാൽ എപ്പോഴും പട്രോളിങ് നടത്താൻ കഴിയില്ല. ഒരു ഗ്യാപ് വരുമ്പോൾ ചൈന അതിർത്തിയിൽ കടന്നുകയറും. ആടിനെ കെട്ടും. ടെന്റ് അടിക്കും. ഇന്ത്യ പരാതി പറയുമ്പോൾ ബഹളം കൂട്ടുമ്പോൾ അത് നിങ്ങളുടെ സ്ഥലമാണോ എങ്കിൽ ഞങ്ങൾ പോകുന്നു എന്ന് പറഞ്ഞു പോകും. ഇതൊരു സ്ഥിരം പരിപാടിയാണ്. ഇത് ഒരു പാട് തവണ സംഭവിച്ചിട്ടുണ്ട്.

ലോക്ക്ഡാമിൽ പക്ഷെ അത് യുദ്ധത്തിന്റെ വക്ക് വരെ എത്തി. ഇത്തവണത്തെ അതിർത്തി സംഘർഷം സാധാരണ നിലയെ അപേക്ഷിച്ച് വളരെ സീരിയസ് ആയി. 500 കിലോമീറ്ററോളം അവർ അകത്ത് കയറി. ഇന്ത്യ അതിർത്തിയിൽ റോഡുകൾ എല്ലാം തുടങ്ങിയത് എതിർക്കാൻ വേണ്ടിയാണ് അവർ കടന്നുകയറിയത്. ശാരീരികമായ ആക്രമണം തന്നെയുണ്ടായി. ഇന്ത്യ-ചൈന പട്ടാളക്കാർ തമ്മിൽ. ഇന്ത്യ കൂടുതൽ പട്ടാളക്കാരെ ഇറക്കി സുരക്ഷ ഭദ്രമാക്കി. കരസേനാ മേധാവി അതിർത്തി സന്ദർശിച്ചു. പക്ഷെ ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തി തർക്കത്തിൽ സമാധാനപരമായ ചർച്ചകൾ തന്നെ തുടർന്ന് നടന്നു. ഇന്ത്യ-ചൈന അതിർത്തി സംഘർഷം തുടങ്ങിയപ്പോൾ ട്രംപ് പറഞ്ഞു. ഞാൻ നിങ്ങൾക്ക് ഇരുവർക്കുമിടയിൽ മീഡിയേറ്റർ ആകാമെന്ന്. ഇത് കേട്ടപ്പോൾ ഇരുകൂട്ടർക്കും പേടിയായി. ട്രംപിന്റെ പ്രസ്താവന മണ്ടത്തരമായിരുന്നു. അതിൽ കള്ളമാണ് ഉണ്ടായിരുന്നത്. മോദി ട്രംപിനെ വിളിച്ചു പറഞ്ഞു എന്നൊക്കെയാണ് ട്രംപ് പറഞ്ഞത്. അങ്ങനെ ഒന്നും സംഭവിട്ടില്ല. അറിഞ്ഞുകൊണ്ട് കള്ളം പറയുന്ന ലോകത്തെ ഒരു പ്രസിഡന്റ് ആണ് അമേരിക്കയുടേത്.

ഇന്ത്യ-ചൈന സംഘർഷത്തിൽ മധ്യസ്ഥം വഹിക്കാം എന്നൊക്കെ ട്രംപ് സ്വന്തം പ്രാധാന്യം സ്ഥാപിക്കാൻ വേണ്ടി പറയുന്നതാണ്. ട്രംപ് ഇന്ത്യയിൽ വന്നപ്പോൾ, അഹമ്മദാബാദിൽ വന്നപ്പോൾ ഇന്ത്യ-ചൈന കോമൺ ബോർഡർ ഉണ്ടെന്നു പോലും അദ്ദേഹത്തിനു അറിയില്ലായിരുന്നു. സംഭാഷണത്തിൽ ചൈന പ്രശ്നം വന്നപ്പോൾ ഇന്ത്യയും ചൈനയും തമ്മിൽ കോമൺ ബോർഡർ ഉണ്ടോ എന്നാണ് ട്രംപ് ചോദിച്ചത്. ഒരു പക്ഷെ തമാശ പറഞ്ഞതാവാം. ഇങ്ങനെയുള്ള അവസ്ഥയിൽ അദ്ദേഹം ആരോടാണ് മീഡിയേറ്റ് ചെയ്യാൻ പോകുന്നത്. പക്ഷെ ട്രംപ് മുൻകൈ എടുത്തപ്പോൾ ഇന്ത്യയ്ക്കും ചൈനയ്ക്കും ഡേയ്ഞ്ചർ സിഗ്നൽ പോലെ തോന്നി. ഇടപെട്ടു കളയും എന്ന് പറഞ്ഞ് ട്രംപ് ഇന്ത്യയേയും ചീനയേയും ഭയപ്പെടുത്തി. പക്ഷെ ഇത് ചൈനയ്ക്ക് സ്ഥിരം പരിപാടിയാണ്. മോദിയും ഷീ ജിൻപിംഗും കൂടി അഹമ്മദാബാദിൽ ഊഞ്ഞാൽ ആടിക്കൊണ്ടിരിക്കുമ്പോഴാണ് ചൈനീസ് സേന ഇന്ത്യൻ അതിർത്തിയിൽ കടന്നത്. ഇങ്ങനെയുണ്ടല്ലോ എന്ന് മോദി പറഞ്ഞപ്പോൾ ഓ അത് നിങ്ങളുടെ സ്ഥലമാണോ അത് ഞാൻ പറഞ്ഞേക്കാം എന്ന് പറഞ്ഞ് ഷീ ജിൻപിങ് അവരെ തിരിച്ചയച്ചു. ചൈനയ്ക്ക് എല്ലാം ഒരു സിഗ്നൽ ആണ്.

ഇന്ത്യയും ചൈനയും തമ്മിൽ നല്ല ബന്ധമൊക്കെ സ്ഥാപിക്കും. പക്ഷെ അതിർത്തി പ്രശ്നം വന്നാൽ ഞങ്ങൾ ഞങ്ങളുടെ സ്ഥലത്ത് നിൽക്കും എന്നുള്ള സിഗ്നൽ ആണ് അവർ നൽകുന്നത് പതിവ്. ഇത്തവണത്തെ സിഗ്നൽ നമ്മൾ റെസല്യൂഷൻ കോ സ്പോൺസർ ചെയ്ത പ്രശ്നമാണ്. കോവിഡ് കാര്യത്തിൽ സ്വതന്ത്രാന്വേഷണം വേണമെന്ന് പറഞ്ഞപ്പോൾ ഇന്ത്യയും അതിനെ പിന്തുണച്ചു. വേൾഡ് ഹെൽത്ത് അസംബ്ലിയിലാണ് ഈ രീതിയിൽ ഇന്ത്യ നിലപാട് എടുത്തത്. ഇത് പ്രശ്നത്തിൽ ചൈന കൂടുതൽ ഒറ്റപ്പെടുന്ന നിലപാടായിരുന്നു. 122 രാജ്യങ്ങൾ അത് കോ സ്പോൺസർ ചെയ്തു. ചൈന അത് എതിർക്കുകയായിരുന്നു. പക്ഷെ സ്വതന്ത്രാന്വേഷണം വേൾഡ് ഹെൽത്ത് അസംബ്ലിയിൽ പാസായി. സൗത്ത് ഏഷ്യയിൽ നിന്ന് ഇന്ത്യയും ബംഗ്ലാദേശും മാത്രമേ അത് കോ സ്പോൺസർ ചെയ്തുള്ളൂ. പാക്കിസ്ഥാനും ശ്രീലങ്കയും ഒന്നും അത് കോ-സ്പോൺസർ ചെയ്തില്ല. ഈ പ്രശ്നത്തിൽ ചൈന സമ്മർദ്ദത്തിലായിരുന്നു. ഒന്ന് ഈ ഒരു കാര്യം. .

രണ്ടാമത് മോദി എല്ലാ കാര്യവും നന്നായി ചെയ്യുന്നു. ലോക നേതാവായി വളരുന്നു. കൊറോണ യുദ്ധത്തിനെക്കുറിച്ച് ഒരു റൂമർ തന്നെയുണ്ട്. ലോകരാജ്യങ്ങൾ ഒരു ഇന്റർ നാഷണൽ ബോഡിയുണ്ടാക്കുന്നു. മോദി അതിന്റെ ചെയർമാൻ ആകും എന്നൊക്കെയുള്ള റൂമർ. പക്ഷെ എല്ലാം ഒരു കഥയാണ്. അതിൽ ഒന്നും കാര്യമില്ലെങ്കിലും അതിൽ ഒരു പ്രസക്തിയുമുണ്ട്. കോവിഡിന് എതിരായ പോരാട്ടത്തിൽ ഇന്ത്യ ഒരു അന്താരാഷ്ട്ര സഹകരണം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യ സാർക്ക് മീറ്റിങ് നടത്തി. ജി 20 മീറ്റിങ് നടത്തി. ബാക്കി എല്ലാ രാജ്യങ്ങളും സ്വന്തം കാര്യം നോക്കാൻ പോയ സമയത്ത് അന്താരാഷ്ട്ര സഹകരണം പ്രധാനമാണെന്നും അതിനു വേണ്ടി മീറ്റിങ് നടത്തിയതും നമ്മുടെ പ്രധാനമന്ത്രി മാത്രമാണ്. അതിനു ഒരു പുതിയ മതിപ്പ് അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ബ്രിട്ടീഷ് മാഗസിനിൽ ലോകത്തിലെ ഏറ്റവും മികച്ച പ്രധാനമന്ത്രിയെന്നു മോദിയെ വിശേഷിപ്പിച്ചത് മറുനാടനിൽ തന്നെയാണ് ഞാൻ കണ്ടത്. ഇതെല്ലാം അദ്ദേഹത്തിനുള്ള മതിപ്പിന്റെ അടയാളങ്ങളാണ്.

അയൽ രാജ്യങ്ങളും ഇന്ത്യയുമായുള്ള ബന്ധം. പാക്കിസ്ഥാൻ എപ്പോഴും ശത്രു പക്ഷത്താണ്. ചൈനയുടെ നിലപാട് ഇങ്ങനെയും. നേപ്പാളിന്റെ എതിർപ്പ് ഇന്ത്യ ക്ഷണിച്ച് വരുത്തിയതിൽ ഇന്ത്യയുടെ ഭാഗത്ത് നിന്നും പാകപ്പിഴകൾ വന്നിട്ടുണ്ട്. കൈലാസത്തിലെ റോഡ് നിർമ്മാണത്തിന്റെ പ്രശ്നമാണ് അത്. ഇന്ത്യയ്ക്ക് അതിൽ ഉത്തരവാദിത്തമുണ്ട്. അത് നേപ്പാളുമായുള്ള ഒരു തർക്ക പ്രദേശമാണ്. അവിടെ റോഡ് വരുന്നതിൽ നേപ്പാളിന് എതിർപ്പുണ്ട്. ഐ.കെ.ഗുജ്റാൾ പ്രധാനമന്ത്രിയായപ്പോൾ ഈ കാര്യത്തിൽ നേപ്പാളിന് പ്രോമിസ് നൽകിയിട്ടുണ്ട്. ഈ പ്രശ്നം പരിഹരിക്കാം എന്ന്. പക്ഷെ ഗുജ്റാൾ തിരികെ വന്നപ്പോൾ ഒന്നും ചെയ്തില്ല. ഇന്ത്യ ഈ കാര്യത്തിൽ ഒരു നടപടിയും എടുത്തില്ല. അവിടെയാണ് റോഡ് വന്നത്. ഇന്ത്യ ഇന്ത്യയുടെ സ്ഥലം എന്ന് പറഞ്ഞ സ്ഥലത്താണ് റോഡ് വന്നത്. പക്ഷെ അത് ഒരു തർക്ക പ്രദേശമാണ്. ഇന്ത്യ പരിഹരിക്കാം എന്ന് പറഞ്ഞ സ്ഥലത്താണ് റോഡ് വന്നത്. ഇതാണ് നേപ്പാളിനെ ചൊടിപ്പിച്ചത്.

ഇന്ത്യ റോഡ് ഉദ്ഘാടനം നടത്തുകയും ചെയ്തു. ഈ എട്ടാം തീയതിയോ മറ്റോ വേർച്വൽ ഇനോഗറേഷൻ നടത്തുകയാണ് ചെയ്തത്. അവർക്ക് അവിടെ ഒരു പൊളിറ്റിക്കൽ ഇഷ്യുവുണ്ട്. ഇന്ത്യയ്ക്ക് എതിരാണെങ്കിലേ നേപ്പാൾ നേഷലിസം ഉള്ളൂ എന്നാണ് നേപ്പാളിലെ വിശ്വാസം. നേപ്പാൾ കുറച്ച് കൂടുതൽ പ്രതികരണം നടത്തുകയും ചെയ്തു. പഴയ വാഗ്ദാനം പാലിക്കാത്തത് ഇന്ത്യയുടെ ഭാഗത്ത് നിന്നും വന്ന കുറ്റമായാണ് കാണുന്നത്. ഇന്ത്യാ-നേപ്പാൾ സ്വീറ്റി റിലേഷൻഷിപ്പാണ്. ഓപ്പൺ ബോർഡേഴ്സ് ആണ്. ഓപ്പൺ കസ്റ്റംസ് ആണ്. മറ്റാരോ പറഞ്ഞിട്ടാണ് അവർ അത് ചെയ്തത് എന്നാണ് നമ്മുടെ കരസേനാ മേധാവി പറഞ്ഞത്. അതും ഇപ്പോൾ പരിഹരിക്കപ്പെട്ടിട്ടുണ്ട്. നേപ്പാൾ മാപ്പ് അവർ പിൻവലിച്ചു. ചർച്ച തുടങ്ങാൻ തീരുമാനിച്ചു. ഇന്ത്യയും ചൈനയും ഇന്ത്യയും നേപ്പാളും തമ്മിലുള്ള പ്രശ്നങ്ങൾ നല്ല രീതിയിൽ തന്നെ തീർക്കാൻ ഇന്ത്യയ്ക്ക് സാധിക്കും-ശ്രീനിവാസൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP