Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ചൈനീസ് പ്രകോപനത്തിന് ഇന്ത്യ നൽകിയത് കനത്ത തിരിച്ചടി; ലഡാക്കിലെ ഗാൽവാൻ സംഘർഷത്തിൽ അഞ്ച് ചൈനീസ് സൈനികരും കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ; കൊല്ലപ്പെട്ടവരിൽ ഉന്നത ഉദ്യോഗസ്ഥരും; നിരവധി പേർക്ക് പരിക്കേറ്റെന്നും വാർത്തകൾ; ഇന്ത്യക്കായി വീരമൃത്യു വരിച്ചത് കമാൻഡിങ് ഓഫിസർ ആന്ധ്ര വിജയവാഡ സ്വദേശിയായ കേണൽ സന്തോഷ് ബാബു; മൂന്ന് സേനാ മേധാവിമാരുമായുള്ള കൂടിക്കാഴ്‌ച്ച അവസാനിച്ചു; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് സാഹചര്യം വിശദീകരിക്കും

ചൈനീസ് പ്രകോപനത്തിന് ഇന്ത്യ നൽകിയത് കനത്ത തിരിച്ചടി; ലഡാക്കിലെ ഗാൽവാൻ സംഘർഷത്തിൽ അഞ്ച് ചൈനീസ് സൈനികരും കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ; കൊല്ലപ്പെട്ടവരിൽ ഉന്നത ഉദ്യോഗസ്ഥരും; നിരവധി പേർക്ക് പരിക്കേറ്റെന്നും വാർത്തകൾ; ഇന്ത്യക്കായി വീരമൃത്യു വരിച്ചത് കമാൻഡിങ് ഓഫിസർ ആന്ധ്ര വിജയവാഡ സ്വദേശിയായ കേണൽ സന്തോഷ് ബാബു; മൂന്ന് സേനാ മേധാവിമാരുമായുള്ള കൂടിക്കാഴ്‌ച്ച അവസാനിച്ചു; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് സാഹചര്യം വിശദീകരിക്കും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലഡാക്കിലെ ഗാൽവനിലെ സംഘർഷത്തിൽ മൂന്ന് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചെങ്കിലും ഇന്ത്യ നൽകിയ തിരിച്ചടിയിൽ അഞ്ച് ചൈനീസ് സൈനികരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. പരസ്പരം വെടിവയ്‌പ്പ് ഉണ്ടായിട്ടില്ലെന്നാണ് ഇപ്പോഴും സൈന്യം നൽകുന്ന വിവരം. ഇന്ത്യ നൽകിയ തിരിച്ചടിയിൽ ഒരു സീനിയർ സൈനിക ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ചു ചൈനീസ് സൈനികർ കൊല്ലപ്പെട്ടെന്നാണ് ലോകമാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.

പതിനൊന്ന് ചൈനീസ് സൈനികർക്ക് പരുക്കേറ്റിട്ടുണ്ട്. സമവായത്തിന്റെ ഭാഗമായി ഗാൽവാൻ താഴ് വരയിൽ നിന്നും ചൈനീസ് ആർമി പിൻവാങ്ങാൻ തീരുമാനിച്ചിരുന്നു. പിൻവാങ്ങലിനു മുന്നോടിയായി ഇരു സൈനിക വിഭാഗങ്ങളും പരസ്പരം ഏറ്റുമുട്ടുകയായിരുന്നെന്നാണ് റിപ്പോർട്ട്. രൂക്ഷമായ കല്ലേറും സംഘർഷവുമാണ് താഴ് വരയിൽ നടന്നത്. ഇന്ത്യ അതിർത്തി കയറി സംഘർഷം നടത്തിയെന്നാണ് ചൈന ആരോപിക്കുന്നത്. സംഘർഷത്തിൽ ഒരു കേണൽ ഉൾപ്പെടെ മൂന്നു ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. വിഷയത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വിവിധ സേനമേധാവികളുമായും ചർച്ച നടത്തുകയാണ്.

പ്രശ്നപരിഹാരത്തിന് എല്ലാം ഉപാധികളും അംഗീകരിച്ച ശേഷമായിരുന്നു അതിർത്തിയിൽ ചൈനയുടെ പ്രകോപനം. പ്രശ്നം പരിഹരിക്കാൻ ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ ചർച്ച തുടരുന്നുണ്ട്.അതേസമയം, ഇന്ത്യ വിഷയത്തിൽ ഏകപക്ഷീയമായ തീരുമാനമെടുക്കരുതെന്നും ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാമെന്നും ചൈനീസ് വക്താവ് വ്യക്തമാക്കി. ഇന്ത്യയുമായി ഇനി ഒരു പ്രശ്‌നവുമില്ലെന്ന് ചൈനീസ് വക്താവ് ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കിൽ സൈനിക തലത്തിലും നയതന്ത്ര തലത്തിലും ചർച്ചകൾ തുടരും. സൈനികതല ചർച്ചകളിൽ പ്രശ്‌നം പരിഹരിച്ചെന്ന് ചൈനീസ് വിദേശകാര്യ വക്താവും വ്യക്തമാക്കിയിരുന്നു.

സൈനിക ചർച്ചയിൽ ഇന്ത്യ മുന്നോട്ടു വച്ച ആവശ്യം അംഗീകരിച്ച് നിയന്ത്രണരേഖയിൽ നിന്ന് രണ്ടര കിലോമീറ്ററോളം ചൈനീസ് സൈന്യം പിന്മാറിയിരുന്നു. വിഷയത്തിൽ കർശന നിലപാട് ഇന്ത്യ സ്വീകരിച്ചിരുന്നതിന്റെ പ്രതിഫലനമാണിത്. ആവശ്യമെങ്കിൽ ആദ്യം ആക്രമിക്കാനും തയാറാണെന്ന് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. സൈനികതല ചർച്ചയിൽ ഇന്ത്യ മുന്നോട്ടുവച്ച ആവശ്യങ്ങളെല്ലാം ചൈന അംഗീകരിച്ചിരിക്കുകയാണ്. ചൈന സൈന്യത്തെ പിൻവലിച്ചതോടെ നിയന്ത്രണരേഖയിൽ ഇന്ത്യ സജ്ജമാക്കിയ ചില സൈനിക സംഘങ്ങളേയും പിൻവലിച്ചിരുന്നു.

മെയ് ആദ്യമാണ് ഗൽവാൻ, ഹോട് സ്പ്രിങ്‌സ് എന്നിവിടങ്ങളിൽ അതിർത്തി ലംഘിച്ച് ഇന്ത്യൻ ഭാഗത്തേക്ക് 3 കിലോമീറ്റർ വരെ ചൈനീസ് സേന അതിക്രമിച്ചു കയറിയത്. ഏതാനും മാസങ്ങളായി അതിർത്തിയിൽ ഇരുരാജ്യങ്ങളുടെയും സൈനികർ തമ്മിൽ സംഘർഷം പുകഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഏപ്രിൽ മുതൽ നിരവധി തവണ ഇരുസേനകളും പരസ്പരം ചെറിയ ഉരസലുകൾ ഉണ്ടായിട്ടുണ്ട്. അതിർത്തിത്തർക്കം പരിഹരിക്കുന്നതിന് സൈനികോദ്യോഗസ്ഥർ തിങ്കളാഴ്ചയും ചർച്ച നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. ഇതിനിടെയാണ് രാത്രി ഏറ്റുമുട്ടൽ രൂക്ഷമായത്. ഗൽവാനിലെ 14ാം പട്രോൾ പോയിന്റിലും, ഹോട് സ്പ്രിങ്‌സിലെ 15, 17 പോയിന്റുകളിലും പാംഗോങ്ങിലുമാണ് സംഘർഷം നിലനിൽക്കുന്നത്.

16 ബിഹാർ ബറ്റാലിയൻ കമാൻഡിങ് ഓഫിസർ ആന്ധ്ര വിജയവാഡ സ്വദേശിയായ കേണൽ സന്തോഷ് ബാബുവും രണ്ട് സൈനികരുമാണ് കൊല്ലപ്പെട്ടത്. 1975ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ -ചൈന സംഘർഷത്തിൽ സൈനികർക്ക് ജീവൻ നഷ്ടമാകുന്നത്. പ്രശ്‌ന പരിഹാരത്തിന് ഇരുരാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്ഥർ ചർച്ച തുടങ്ങി. സംഭവത്തെ കുറിച്ച് വിശദീകരിക്കാൻ ഇന്ത്യൻ കരസേന മേധാവി വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും അതിർത്തിയിൽ ശക്തമായ പടനീക്കം നടത്തുന്നതായും റിപ്പോർട്ടുണ്ട്. സ്ഥിതി ഗതികൾ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും അടിയന്തിര ചർച്ച നടത്തി. സംയുക്ത സേനാ മേധാവിയും മൂന്നു സേനകളുടെ തലവന്മാരും ചർച്ചയിൽ പങ്കെടുത്തു.

മൂന്ന് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ അടിയന്തര യോഗം വിളിച്ചുചേർത്ത് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ചീഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്, മൂന്ന് സൈനിക മേധാവിമാർ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. ഉച്ചയ്ക്ക് ഒന്നരയോടെ യോഗം അവസാനിച്ചതിന് ശേഷം രാജ്നാഥ് പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് സ്വന്തം വസതിയിലേക്ക് പോയി. മൂന്ന് മണിയോടെ അദ്ദേഹം പ്രധാനമന്ത്രിയുടെ വസതിയിലേക്കെത്തും. കോവിഡ് പശ്ചാത്തലത്തിൽ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് വീഡിയോ കോൺഫറൻസ് നടത്തുന്നുണ്ട്. വൈകീട്ടോടെ പ്രതിരോധ മന്ത്രി ചൈനാ അതിർത്തിയിലെ സംഘർഷം സംബന്ധിച്ച് വിശദീകരണം നൽകുമെന്നാണ് റിപ്പോർട്ടുകൾ.

അതിർത്തിയിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള ചർച്ച നടന്നുവരുന്നതിനിടെ കിഴക്കൻ ലഡാക്കിലെ ഗാൽവൻ വാലിയിൽ ഇന്നലെ രാത്രിയോടെയാണ് സംഘർഷമുണ്ടായത്. രണ്ട് ചൈനീസ് സൈനികരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇതിനിടെ ഇന്ത്യൻ സൈനികർ അതിർത്തികടന്ന് തങ്ങളുടെ സൈനികരെ അക്രമിച്ചതായി ചൈന ആരോപിച്ചു. എ.എഫ്.പി വാർത്താ ഏജൻസിയാണ് ചൈനയുടെ പ്രതികരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആന്ധ്ര വിജയവാഡ സ്വദേശിയായ കേണൽ സന്തോഷ് ബാബുവാണ് കൊല്ലപ്പെട്ടത്. 16 ബിഹാർ ബറ്റാലിയന്റെ കമാൻഡിങ് ഓഫീസറാണ് സന്തോഷ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP