Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെണ്ണല സ്വദേശിയെ തട്ടിക്കൊണ്ട പോയ കേസിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; എസ് ഐ അമൃത രംഗനെ ഭീഷണിപ്പെടുത്തിയത് വൈറലായതും തലവേദനയായി; പ്രളയ അഴിമതിയിൽ പെട്ടതും നാണക്കേട്; കൊറോണയെ ചെറുക്കാൻ എല്ലാവരും വീട്ടിലിരിക്കുമ്പോൾ റോഡിൽ മോശമായി പെരുമാറിയതും അവമതിപ്പ്; ഒടുവിൽ പാർട്ടി കമ്മറ്റിയും സത്യം കണ്ടെത്തി; സക്കീർ ഹുസൈനെ പിണറായി വെറുതെ വിടുമോ? സിപിഎമ്മിന്റെ 'പൊന്മുട്ടയിടുന്ന താറാവ്' വീണ്ടും പ്രതിസന്ധിയിൽ

വെണ്ണല സ്വദേശിയെ തട്ടിക്കൊണ്ട പോയ കേസിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; എസ് ഐ അമൃത രംഗനെ ഭീഷണിപ്പെടുത്തിയത് വൈറലായതും തലവേദനയായി; പ്രളയ അഴിമതിയിൽ പെട്ടതും നാണക്കേട്; കൊറോണയെ ചെറുക്കാൻ എല്ലാവരും വീട്ടിലിരിക്കുമ്പോൾ റോഡിൽ മോശമായി പെരുമാറിയതും അവമതിപ്പ്; ഒടുവിൽ പാർട്ടി കമ്മറ്റിയും സത്യം കണ്ടെത്തി; സക്കീർ ഹുസൈനെ പിണറായി വെറുതെ വിടുമോ? സിപിഎമ്മിന്റെ 'പൊന്മുട്ടയിടുന്ന താറാവ്' വീണ്ടും പ്രതിസന്ധിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കാക്കനാട്: മരിച്ച നിലയിൽ കണ്ടെത്തിയ അയ്യനാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ വി.എ. സിയാദിന്റെ ആത്മഹത്യാ കുറിപ്പ് പുറത്താകുമ്പോൾ വെട്ടിലായത് കുപ്രസിദ്ധനായ സിപിഎം. കളമശ്ശേരി ഏരിയ സെക്രട്ടറി വി.എ. സക്കീർ ഹുസൈനായിരുന്നു. സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗമാണ്ം സക്കീർ ഹുസൈൻ. പി രാജീവിന്റെ വിശ്വസ്തൻ. ഏരിയ ഘടകങ്ങളുടെ എണ്ണം വർദ്ധിപ്പിച്ച് അടിത്തറ വിപുലപ്പെടുത്തി സംഘടന സംവിധാനം കൂടുതൽ അച്ചടക്കമുള്ളതും ക്രിയാത്മകവുമാക്കുകയും ലക്ഷ്യമിട്ട് കളമശ്ശേരി ഏര്യാ കമ്മറ്റി വിഭജിച്ചാണ് ഗുണ്ടാക്കേസിൽ ജയിലിൽ കിടന്ന സക്കീർ ഹുസൈനെ സിപിഎം ഏര്യാ സെക്രട്ടറിയായി വീണ്ടും നിയോഗിച്ചത്. ഇപ്പോൾ രാജീവിനും സക്കീർ ഹുസൈനെ രക്ഷിക്കാനാകുന്നില്ല. അനധികൃത സ്വത്തു സമ്പാദന കേസിൽ സിപിഎം കളമശേരി ഏരിയ സെക്രട്ടറി വി.എ. സക്കീർ ഹുസൈനെ സ്ഥാനത്തുനിന്നു നീക്കാൻ ജില്ലാ സെക്രട്ടേറിയറ്റ് ശുപാർശ നൽകി. സക്കീർ ഹുസൈനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ കമ്മിറ്റിയുടെ റിപ്പോർട്ട് ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്തു.

ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നും ജില്ലാ കമ്മിറ്റിയിൽ നിന്നും സക്കീർ ഹൂസൈനെ നീക്കാൻ സെക്രട്ടേറിയറ്റ് സംസ്ഥാന കമ്മിറ്റിക്കു ശുപാർശ നൽകി. സക്കീർ ഹുസൈൻ കൂടി പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിൽ സെക്രട്ടേറിയറ്റിന്റെ തീരുമാനം അവതരിപ്പിച്ചു. സക്കീർ ഹുസൈനെതിരെ ജില്ലാ സെക്രട്ടേറിയറ്റ് നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്ന് പാർട്ടി ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ പ്രതികരിച്ചു. സക്കീർ ഹുസൈന്റെ അനധികൃത സ്വത്തു സമ്പാദനത്തെക്കുറിച്ചു പാർട്ടി മുൻ ലോക്കൽ കമ്മിറ്റി അംഗം കെ.കെ. ശിവൻ പാർട്ടി നേതൃത്വത്തിനു നൽകിയ പരാതിയാണ് നടപടിക്ക് ആധാരം. പരാതി അന്വേഷിക്കാൻ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം സി.എം. ദിനേശ്മണി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ആർ. മുരളീധരൻ എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റിയെ ഒരു വർഷം മുൻപു ചുമതലപ്പെടുത്തിയിരുന്നു. ആരോപണങ്ങളിൽ സത്യമുണ്ടെന്നാണ് കമ്മിറ്റിയുടെ കണ്ടെത്തൽ. കളമശേരിയിൽ സക്കീർ ഹുസൈൻ 86 ലക്ഷം രൂപയ്ക്കു വീടു വാങ്ങിയതായി പരാതിയിൽ പറയുന്നു. ഇനി പന്ത് സംസ്ഥാന സമിതിയുടെ കോർട്ടിലാണ്. എല്ലാം മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനിക്കും. സക്കീർ ഹുസൈനെ മുഖ്യമന്ത്രി കൈവിടുമോ എന്നതാണ് ഉയരുന്ന ചോദ്യം.

.ലോക് ഡൗണിനിടെ പുറത്തിറങ്ങിയതിന് ബോധവത്കരിച്ച പൊലീസുകാരോട് സക്കീർ ഹുസൈൻ മോശമായി പെരുമാറുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിരുന്നു. സക്കീർ ഹുസൈന്റെ ഈ പെരുമാറ്റത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അതൃപ്തി അറിയിച്ചതായാണ് സൂചന. സിപിഎം സംസ്ഥാന നേതൃത്വവും സക്കീർ ഹുസൈനെ ശാസിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ജില്ലാ കമ്മറ്റിയിലെ ചർച്ചകൾ. ആലുവ മുട്ടത്തുവെച്ച് തന്നെ തടഞ്ഞ പൊലീസുകാരനോട് 'ഞാൻ സക്കീർ ഹുസൈൻ, സിപിഎമ്മിന്റെ കളമശ്ശേരി ഏരിയാ സെക്രട്ടറി' എന്നു പറയുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ബോധവത്ക്കരിക്കാനാണ് ശ്രമിച്ചതെന്ന് പൊലീസുകാരൻ പറയുമ്പോൾ ഇങ്ങനെയല്ല ബോധവത്ക്കരിക്കേണ്ടതെന്നും സക്കീർ ഹുസൈൻ പറയുന്നുണ്ട്.

എന്നാൽ, പൊലീസുകാരൻ തന്നെ വീഡിയോ എടുത്ത് അതിലെ ഒരു ഭാഗം മാത്രം പ്രചരിപ്പിക്കുകയാണെന്ന് സക്കീർ ഹുസൈൻ ആരോപിക്കുന്നു. പ്രളയ ഫണ്ട് അഴിമതിയിൽ ആത്മഹത്യ ചെയ്ത പാർട്ടി നേതാവും സക്കീർ ഹുസൈനെതിരെ ആത്മഹത്യാ കുറിപ്പ് എഴുതി വച്ചിരുന്നു.

പ്രളയ ഫണ്ടിലെ വില്ലൻ!

താരതമ്യേന ലോക്കൽ, ബ്രാഞ്ച് കമ്മിറ്റികളുടെ പ്രവർത്തനം കുറവായ ഏരിയ കമ്മിറ്റിയാണ് കളമശ്ശേരി. ഇക്കാര്യം കഴിഞ്ഞ പാർട്ടി സമ്മേളനത്തിൽ ജില്ലാ കമ്മിറ്റിയുടെ വിമർശനത്തിന് ഇടയാക്കിയിരുന്നു. സംസ്ഥാനത്ത് തന്നെ ഏറ്റവും അധികം ടെക്കികൾ കളമശ്ശേരി എസിയിലാണെങ്കിലും ഇവരെ ഏകോപിക്കുന്നതിൽ വലിയ വീഴ്ച സംഭവിച്ചുവെന്ന് നേതൃത്വത്തിന്റെ കുറ്റപ്പെടുത്തലും ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. വിവിധ ആരോപണങ്ങളെ തുടർന്ന് മുമ്പും സക്കീർ ഹുസൈനെതിരെ നടപടി വന്നിരുന്നു. അന്ന് സക്കീർ ഹുസൈനെ മാറ്റിയതിന് പിന്നാലെ മുതിർന്ന പാർട്ടി അംഗം മോഹനനെ ഏരിയ സെക്രട്ടറിയായി പാർട്ടി തീരുമാനിച്ചുവെങ്കിലും ആരോഗ്യകാരണങ്ങളാൽ അദ്ദേഹം പിന്മാറി. ഇതോടെ ജോൺ ഫെർണാണ്ടസിന് ചുമതല കൊടുത്തു. പിന്നെ പതിയേ വീണ്ടും ഏര്യാ സെക്രട്ടറിയായവുകയായിരുന്നു

ഈ നേതാവാണ് ഇപ്പോൾ പ്രളയ ഫണ്ട് തട്ടിപ്പ് വിവാദത്തിലും ചർച്ചയാകുന്നത്. സിപിഎം. നേതാക്കളായ മൂന്നു പേരുടെ പീഡനങ്ങൾ അക്കമിട്ട് എഴുതിയ ഡയറിക്കുറിപ്പാണ് പുറത്തായത്. സിപിഎം. തൃക്കാക്കര സെൻട്രൽ ലോക്കൽ കമ്മിറ്റി അംഗം കൂടിയായിരുന്നു സിയാദ്. കണ്ടെടുത്ത കുറിപ്പിൽ എഴുതിയിരിക്കുന്നത് ഇങ്ങനെ: 'എന്റെ മരണത്തിന് ഉത്തരവാദികൾ: സിപിഎം. തൃക്കാക്കര സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ആർ. ജയചന്ദ്രൻ - ഇല്ലാത്ത ആരോപണങ്ങൾ നടത്തി എന്നെ മാനസികമായി പീഡിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു; സിപിഎം. കളമശ്ശേരി ഏരിയ സെക്രട്ടറി വി.എ. സക്കീർ ഹുസൈൻ - ഇയാൾ എന്നെ നശിപ്പിക്കാൻ ശ്രമിച്ചു; കുന്നേപറമ്പ് ബ്രാഞ്ച് സെക്രട്ടറി കെ.പി. നിസാർ - എന്നെക്കുറിച്ച് ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞുപരത്തി. മാനസിക പീഡനം സഹിക്കാതെ ഞാൻ ആത്മഹത്യ ചെയ്യുന്നു. സ്നേഹപൂർവം സിയാദ് വാഴക്കാല, ഒപ്പ്...'

സിയാദ് ഉപയോഗിച്ചിരുന്ന സ്‌കൂട്ടറിൽനിന്ന് ഡയറി വ്യാഴാഴ്ച ബന്ധുക്കൾ കണ്ടെടുക്കുകയായിരുന്നു. ഡയറിക്കുറിപ്പ് തൃക്കാക്കര പൊലീസ് മഹസറിന്റെ ഭാഗമാക്കിയിട്ടുണ്ട്. പ്രളയ ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് വിവാദത്തിലായ അയ്യനാട് സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് കൂടിയാണ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ജയചന്ദ്രൻ. ബാങ്കിന്റെ മറ്റൊരു ഡയറക്ടറായ കൗലത്തും ഭർത്താവും സിപിഎം. നേതാവുമായ എം.എം. അൻവറും ഫണ്ട് വെട്ടിപ്പ് കേസിൽ പ്രതികളാണ്. ഇതിനെ ഡയറക്ടറായ വി.എ. സിയാദ് ചോദ്യം ചെയ്തിരുന്നു. ബാങ്ക് ഡയറക്ടർ ബോർഡ് യോഗം വിളിച്ച് കാര്യങ്ങൾ വിശദീകരിക്കണമെന്ന് സിയാദ് പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നു. പാർട്ടിക്കെതിരേ പരസ്യ നിലപാട് സ്വീകരിച്ചത് നേതാക്കളെ ചൊടിപ്പിച്ചുവെന്നാണ് സൂചന.

പാർട്ടിയിൽനിന്നു പുറത്താക്കുമെന്ന അന്ത്യശാസനത്തോടെ ലോക്കൽ സെക്രട്ടറി എഴുതിയ കത്ത് മേശപ്പുറത്തു വെച്ച ശേഷമാണ് സിയാദ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളാണ് കത്തിൽ സിയാദിനെതിരേ ഉന്നയിച്ചിരുന്നത്. ഇതിൽ മനംനൊന്താണ് സിയാദ് ജീവനൊടുക്കിയതെന്ന് വ്യക്തമാക്കുന്നതാണ് ആത്മഹത്യാ കുറിപ്പ്. അതേസമയം മരണത്തിൽ ആരെയും സംശയമില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം സിയാദിന്റെ ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിരുന്നത്. സംഭവത്തെ തുടർന്ന് കോൺഗ്രസ് പ്രവർത്തകർ തൃക്കാക്കര പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

അതിനിടെ വിചിത്ര നിലപാടുമായി സക്കീർ ഹുസൈനും രംഗത്ത് വന്നു. അയ്യനാട് ബാങ്ക് ഡയറക്ടർ വി.എ. സിയാദിനെതിരേ അച്ചടക്ക നടപടി പാർട്ടി എടുത്തിട്ടില്ലെന്ന് കളമശ്ശേരി ഏരിയ സെക്രട്ടറി വി.എ. സക്കീർ ഹുസൈൻ പറഞ്ഞു. ഏരിയ കമ്മിറ്റിക്കകത്ത് ഈ വിഷയം വന്നിട്ടില്ല. തൃക്കാക്കര സെൻട്രൽ ലോക്കൽ കമ്മിറ്റിയിലാണ് നടപടി ആലോചിച്ചത്. ലോക്കൽ കമ്മിറ്റി അച്ചടക്ക നടപടി എടുത്തിട്ടില്ലെന്നും കാരണം കാണിക്കൽ നോട്ടീസ് മാത്രമെ നൽകിയിട്ടുള്ളൂവെന്നും സക്കീർ ഹുസൈൻ വ്യക്തമാക്കി. അതായത് അച്ചടക്ക നടപടിക്കുള്ള നീക്കം ഉണ്ടായിരുന്നുവെന്ന് സക്കീർ ഹുസൈൻ തന്നെ സമ്മതിക്കുകയാണ്.

സക്കീർ ഹുസൈൻ എന്ന സഖാവിന്റെ ചരിത്രം

വ്യവസായിയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയ കേസിൽ അകപ്പെട്ടതിന്റെ ക്ഷീണം മാറും മുൻപാണ് കളമശ്ശേരി സിപിഎം ഏരിയാ സെക്രട്ടറിയായ സക്കീർ ഹുസൈൻ വീണ്ടും വാർത്തകളിലേക്ക് കടന്നുവരുന്നത്. കുസാറ്റ് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ ഇടപെട്ടതിന്റെ പേരിൽ കളമശ്ശേരി എസ്‌ഐ അമൃത രംഗനെ സക്കീർ ഹുസൈൻ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ പുറത്തായതോടെയാണ് ഗുണ്ടാ നേതാവിന്റെ രീതിയിൽ സിപിഎം രാഷ്ട്രീയം നിയന്ത്രിക്കുന്ന സക്കീർ ഹുസൈന്റെ ചെയ്തികൾ വീണ്ടും പുറംലോകത്തിലേക്ക് എത്തിയത്. സിപിമ്മിന്റെ മാറുന്ന മുഖമായാണ് സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈൻ വീക്ഷിക്കപ്പെടുന്നത്.

അധോലോകവും രാഷ്ട്രീയവും തമ്മിലുള്ള കൊച്ചിയിലെ കൈകോർക്കലിന്റെ പ്രത്യക്ഷ രൂപമാണ് സക്കീർ ഹുസൈൻ എന്നും ആരോപണമുണ്ട്. പണത്തിനു പണം, കയ്യൂക്കിനു കയ്യൂക്ക്. ഭീഷണിക്ക് ഭീഷണി, ഇതിന്നിടയിൽ പാർട്ടി പ്രവർത്തനവും. സിപിഎമ്മിൽ സക്കീർ ഹുസൈൻ വളർച്ചയുടെ പടവുകൾ താണ്ടിയത് ഈ ഗുണ്ടാ രീതിയിലാണ്. സക്കീർ ഹുസൈനെ ഭയപ്പെടുന്നതിലേറെ പാർട്ടിക്ക് പുറത്തുള്ളവരല്ല അകത്തുള്ളവരാണ് എന്ന് വരുമ്പോൾ പാർട്ടിക്ക് അകത്ത് സക്കീർ ഹുസൈന്റെ സ്വാധീന ശക്തിയുടെ അളവറിയാം. വ്യവസായിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയെന്ന കേസിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് പാർട്ടി ഏരിയ സെക്രട്ടറിയുടെ തനിനിറം പുറംലോകം അറിയുന്നത്. വെണ്ണല സ്വദേശിയായ യുവ വ്യവസായി ജൂബി പൗലോസിനെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയതാണ് സക്കീറിന്റെ ഗുണ്ടാമുഖം ആദ്യമായി വെളിയിൽ കൊണ്ടുവന്നത്. സക്കീർ ഹുസൈൻ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കർശന നിലപാട് വ്യക്തമാക്കിയപ്പോൾ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ശക്തമായ നിലപാടിലേക്ക് വന്നതേയില്ല. കോടിയേരി ഹുസൈനെ ന്യായീകരിച്ച് സംസാരിച്ചതും അന്ന് വിവാദങ്ങളിൽ സ്ഥാനം പിടിക്കുകയും ചെയ്തു.

വ്യവസായിയെ ഗുണ്ടാ രീതിയിൽ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തി എന്ന കേസിൽ സക്കീർ ഹുസൈനെതിരെ നടപടിയെടുത്തുവെന്ന് പാർട്ടിനേതൃത്വം അവകാശപ്പെട്ടപ്പോഴും രക്ഷിക്കാനുള്ള ശ്രമങ്ങളാണ് പാർട്ടി നടത്തിയത്. വ്യവസായിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയെന്ന കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് പാർട്ടി ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റിയ വിഎ സക്കീർ ഹുസൈൻ താമസം വിനാ ഏരിയാ സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തിയത് തന്നെ ഇതിനുള്ള ഉദാഹരണമായിരുന്നു. വ്യവസായി തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസിൽ സക്കീർ ഹുസൈൻ പെട്ടപ്പോൾ ശക്തമായ പിന്തുണ നൽകിയത് സിപിഎം തന്നെയായിരുന്നു. കഥയും തിരക്കഥയും രചിച്ചാണ് ഈ നേതാവിനെ പാർട്ടി രക്ഷിച്ച് നിർത്തിയത്. സക്കീർ ഹുസൈൻ അകത്തായപ്പോൾ അന്വേഷണത്തിനു പാർട്ടി അന്വേഷണ കമ്മിഷനെ തന്നെ നിജപ്പെടുത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എളമരം കരീമിനാണ് അന്വേഷണത്തിന് നറുക്ക് വീണത്. സക്കീർ ഹുസൈനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള റിപ്പോർട്ടാണ് കരീം സമർപ്പിച്ചത്. ഇതാണ് സക്കീർ ഹുസൈന്റെ മടങ്ങി വരവിന് വഴിയൊരുക്കിയത്.

സക്കീറിനെ രക്ഷിക്കുന്ന നേതൃത്വം

റിപ്പോർട്ടും അന്വേഷണ കമ്മിഷനും ഒക്കെ സക്കീറിനെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുകൊണ്ടായിരുന്നു എന്ന വിവരമാണ് ഇതിനു പിന്നാലെ സിപിഎമ്മിൽ നിന്നും പുറത്തെത്തിയത്. വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസ് രജിസ്റ്റർ ചെയ്തതുമുതൽ 20 ദിവസത്തോളമായി ഒളിവിലായിരുന്നു നേതാവ്. ഒളിവിലായ നേതാവിന് പാർട്ടി ഓഫീസിൽ ഒളിത്താവളമൊരുക്കിയതും വിവാദമായി പുറത്ത് എത്തിയിരുന്നു. മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് സിറ്റി പൊലീസ് കമ്മീഷ്ണർ ഓഫീസിലെത്തിയാണ് കീഴടങ്ങിയത്. ഈ കേസിൽ സക്കീർ ഹുസൈൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കേസിൽ ഉൾപ്പെട്ട ഏരിയാ സെക്രട്ടറിയെ തുണച്ച് അന്നും പി. രാജീവും കോടിയേരി ബാലകൃഷ്ണനും പിന്തുണച്ച് രംഗത്തുണ്ടായിരുന്നു. വീണ്ടും കളമശ്ശേരി ഏരിയാ കമ്മറ്റി സെക്രട്ടറിയാകാൻ നേതാവിന് തുണയായതും പാർട്ടി നിയമിച്ച അന്വേഷണ കമ്മിഷനായ ഇളമരം കരീമിന്റെ ഈ റിപ്പോർട്ട് ആയിരുന്നു.

സക്കീർ ഹുസൈനെ മാറ്റിയപ്പോൾ പകരം ചുമതല നൽകിയത് ജോൺ ഫെർണാണ്ടസ് എംഎൽഎയ്ക്കായിരുന്നു. എന്നാൽ ചരടുവലികൾ പ്രകാരം തിരക്കുള്ളതിനാൽ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കണമെന്ന് ജോൺ ഫെർണാണ്ടസ് ആവശ്യപ്പെട്ടു. അതിനു പിന്നാലെ തന്നെ ഏരിയാ കമ്മറ്റിയിൽ നിന്നും ഹുസൈനെ തിരികെ കൊണ്ടുവരാൻ നിരന്തര ആവശ്യങ്ങളും ഉയർന്നു. ഇതോടെയാണ് വീണ്ടും കളമശ്ശേരി ഭരിക്കാൻ സക്കീർ ഹുസൈൻ എത്തുന്നത്. അന്ന് കൊച്ചിയുടെ ചുമതലയിൽ തുടർന്നിരുന്ന കണ്ണൂരിലെ സിപിഎമ്മിന്റെ പ്രമുഖ നേതാവായ കാരായി രാജനും , തൃക്കാക്കര നഗരസഭാ ചെയർപേഴ്സണും സക്കീറിനെ മാലയിട്ട് സ്വീകരിക്കാൻ എത്തിയിരുന്നു. ഇതെല്ലാം തന്നെ പാർട്ടിയിൽ സക്കീറിനുള്ള മേധാവിത്തവും അപ്രമാദിത്വവും വെളിച്ചത്തുകൊണ്ട് വന്ന സംഭവങ്ങളായിരുന്നു.

വ്യവസായിയെ തട്ടിക്കൊണ്ട് പോയ കേസിന് ശേഷം വീണ്ടും സക്കീറിനെതിരെ പാർട്ടിയിൽ നിന്നും ആരോപണം ഉയർന്നിരുന്നു. അനധികൃത സ്വത്ത് സമ്പാദനം,സ് സാമ്പത്തിക ക്രമക്കേടുകൾ എന്നിവ ചൂണ്ടിക്കാട്ടി പാർട്ടി നേതാക്കൾ തന്നെയാണ് സക്കീറിനെതിരെ പാർട്ടിയിൽ പരാതി നൽകിയത്. ഹുസൈന് നാല് വീടുകൾ ഉണ്ടെന്നാണ് പ്രധാന പരാതി. ഇവ ഉണ്ടാക്കിയത് സാമ്പത്തിക ക്രമക്കേട് നടത്തിയാണെന്ന് പരാതിയിൽ പറഞ്ഞിരുന്നു. എന്നാൽ ഈ ആരോപണം തെറ്റാണെന്നാണ് സക്കീർ ഹുസൈൻ ജില്ലാ കമ്മറ്റിയിൽവാദിച്ചത്. തനിക്ക് രണ്ട് വീട് മാത്രമാണ് ഉള്ളതെന്നും ഭാര്യയ്ക്ക് ഉയർന്ന ശമ്പളമായതുകൊണ്ട് നികുതി നൽകാതിരിക്കാൻ വേണ്ടിയാണ് ലോൺ എടുത്തത് എന്നാണ് സക്കീർ കമ്മിറ്റിയിൽ പറഞ്ഞത്.

അമൃതരംഗനെ ഭീഷണിപ്പെടുത്തൽ

കളമശേരി എസ്‌ഐയെ സക്കീർ ഹുസൈൻ ഫോാണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ നേരത്തെ പുറത്തുവന്നിരുന്നു. കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി സംഘർഷത്തിൽ എസ്എഫ്ഐ നേതാവിനോട് എസ്‌ഐ മോശമായി പെരുമാറി എന്ന് ആരോപിച്ചായിരുന്നു ഭീഷണി. എസ്‌ഐ.അമൃത് രംഗനെയാണ് സക്കീർ ഹുസൈൻ ഭീഷണിപ്പെടുത്തിയത്. കളമശേരിയിലെ രാഷ്ട്രീയവും മറ്റും നോക്കി ഇടപെടുന്നത് നന്നാവുമെന്ന് സക്കീർ ഹുസൈൻ പറഞ്ഞിരുന്നു. എന്നാൽ തനിക്ക് അങ്ങനൊരു നിലപാടില്ലെന്നും നേരെ വാ നേരെ പോ എന്ന രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും എസ്‌ഐ.മറുപടി നൽകി. കുട്ടികൾ തമ്മിൽ തല്ലുന്നത് നോക്കി നിൽക്കാനാവില്ല. ഇവിടെ ഇരിക്കാമെന്ന് ആർക്കും വാക്കു കൊടുത്തിട്ടില്ലെന്നും എസ്‌ഐ മറുപടി പറഞ്ഞു.

എസ്എഫ്ഐ നേതാവിനെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റുക മാത്രമാണ് ചെയ്തതെന്ന് എസ്‌ഐ പറഞ്ഞിട്ടും സക്കീർ ഹുസൈൻ വഴങ്ങാൻ തയ്യാറായിരുന്നില്ല. ഇതും വലിയ ചർച്ചയായിരുന്നു. പ്രളയ അഴിമതിയിൽ പേരുയർന്നതും സിപിഎമ്മിന് നാണക്കേടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP