Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാധ്യമ പ്രവർത്തകരെ സ്വാധീനിച്ച് ബോളിവുഡിലെ ചില പ്രമുഖർ സുശാന്തിനെ മാനസികരോഗിയും ലഹരിമരുന്നിന് അടിമയായും ചിത്രീകരിക്കുകയാണ്; സഞ്ജയ് ദത്തിന്റെ ലഹരി ഉപയോഗത്തെ 'മനോഹരമായി' കാണുന്നവർ തന്നെയാണ് സുശാന്തിനെക്കുറിച്ച് ഇങ്ങനെ എഴുതിയത്! നടൻ ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബവും; അന്വേഷണം ബോളിവുഡിലെ പടലപ്പിണക്കങ്ങളിലേക്കും; സ്വന്തം ലംബോർഗിനിയും വനത്തിൽ താമസവും അടക്കം അമ്പതിൽ പകുതിയും പൂർത്തിയാക്കാതെ സുശാന്ത് മടങ്ങുമ്പോൾ

മാധ്യമ പ്രവർത്തകരെ സ്വാധീനിച്ച് ബോളിവുഡിലെ ചില പ്രമുഖർ സുശാന്തിനെ മാനസികരോഗിയും ലഹരിമരുന്നിന് അടിമയായും ചിത്രീകരിക്കുകയാണ്; സഞ്ജയ് ദത്തിന്റെ ലഹരി ഉപയോഗത്തെ 'മനോഹരമായി' കാണുന്നവർ തന്നെയാണ് സുശാന്തിനെക്കുറിച്ച് ഇങ്ങനെ എഴുതിയത്! നടൻ ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബവും; അന്വേഷണം ബോളിവുഡിലെ പടലപ്പിണക്കങ്ങളിലേക്കും; സ്വന്തം ലംബോർഗിനിയും വനത്തിൽ താമസവും അടക്കം അമ്പതിൽ പകുതിയും പൂർത്തിയാക്കാതെ സുശാന്ത് മടങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണം ബോളിവുഡിനെ ചർച്ചകളിൽ നിറയ്ക്കുന്നു. നടന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നു ബന്ധുക്കൾ ആരോപിക്കുന്നു. സുശാന്ത് ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണോയെന്നു സംശയിക്കുന്നെന്നും മാതൃസഹോദരൻ പറഞ്ഞു. ഇതോടെ അന്വേഷണം ബോളിവുഡിലേക്കും നീങ്ങുകയാണ്. സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സാമ്പത്തിക ഇടപാടുകളും പൊലീസ് ശേഖരിച്ചു. നടന്റെ മാനേജരായിരുന്ന യുവതി ഒരാഴ്ച മുൻപ് ആത്മഹത്യ ചെയ്തതും സുശാന്തിന്റെ മരണവുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

കേസിൽ ബോളിവുഡിലെ പടലപ്പിണക്കങ്ങളും അന്വേഷണ വിധേയമാകും. ബോളിവുഡിൽനിന്ന് കടുത്ത അവഗണന നേരിട്ടതാണു സുശാന്തിനെ വിഷാദരോഗിയാക്കിയതെന്ന് ആരോപണവും ഉയർന്നിരുന്നു. 'പോസ്റ്റുമോർട്ടം റിപ്പോർട്ട് പറയുന്നത് നടന്റെ മരണം ആത്മഹത്യയാണെന്നാണ്. എന്നാൽ മാധ്യമ റിപ്പോർട്ടുകളിൽ പ്രഫഷനൽ വൈരാഗ്യത്തെ തുടർന്നു സുശാന്ത് വിഷാദരോഗത്തിലായിരുന്നെന്നും പറയുന്നു. മുംബൈ പൊലീസ് ഈ വശം കൂടി പരിശോധിക്കും' മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് ട്വീറ്റ് ചെയ്തു. ബാന്ദ്രയിലെ അപ്പാർട്ട്‌മെന്റിൽ ഞായറാഴ്ചയാണു സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

പൊലീസിനു ലഭിച്ച പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. തൂങ്ങിയതു മൂലമുള്ള ശ്വാസം മുട്ടലാണു മരണകാരണമെന്നാണു നിഗമനം. ജുഹുവിലെ ഡോ. ആർ.എൻ.കൂപ്പർ ജനറൽ ആശുപത്രിയിൽ മൂന്നു ഡോക്ടർമാരുടെ സംഘമാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. ഇതുവരെയുള്ള അന്വേഷണത്തിൽ, സുശാന്ത് ആത്മഹത്യ ചെയ്തതു തന്നെയെന്നാണു മുംബൈ പൊലീസിന്റെ നിഗമനം. വിഷാദരോഗത്തിന് കഴിക്കുന്ന ചില മരുന്നുകൾ സുശാന്തിന്റെ വീട്ടിൽനിന്നു കണ്ടെടുത്തിട്ടുണ്ടെന്നാണു സൂചന. എന്നാൽ ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടില്ല. സുശാന്തിനെ ചികിത്സിച്ചിരുന്ന ഡോക്ടറുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇതിനിടെയാണ് ബന്ധുക്കളുടെ ആരോപണമെത്തുന്നത്. ബോളിവുഡിൽ സുശാന്ത് അവഗണന നേരിട്ടുവെന്ന് സഹപ്രവർത്തകരും വെളിപ്പെടുത്തിയിട്ടുണ്ട്.

സുശാന്ത് അവസാനമായി ജോലിക്കാരനോട് പറഞ്ഞ വാക്കുകളും ഇപ്പോൾ ചർച്ചയാകുകയാണ്. അടുത്ത ശമ്പളം നൽകാൻ തനിക്ക് കഴിയുമോ ഇല്ലയോ എന്നറിയില്ലെന്നാണ് സുശാന്ത് ജോലിക്കാരനോട് പറഞ്ഞത്. കഴിഞ്ഞ മാസത്തെ ശമ്പളം നൽകിയപ്പോഴായിരുന്നു സുശാന്ത് ഇക്കാര്യം സൂചിപ്പിച്ചത്. ജോലിക്കാർക്കുള്ള മുഴുവൻ ശമ്പളവും സുശാന്ത് നൽകിയിരുന്നു. മരിക്കുന്നതിന് തലേന്ന് വീട്ടിൽ കൂട്ടുകാർക്കൊപ്പം ഏറെനേരം ചെലവഴിച്ചതായും റിപ്പോർട്ട് ഉണ്ട്. ശനിയാഴ്ച രാത്രി ഏറെ വൈകിയാണ് സുശാന്ത് ഉറങ്ങാൻ കിടന്നത്. അതിനാൽ രാവിലെ എഴുന്നേൽക്കാൻ വൈകിയതിൽ വീട്ടുജോലിക്കാർക്ക് സംശയമൊന്നും തോന്നിയില്ലെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇക്കാര്യം നടന്റെ സുഹൃത്തുക്കൾ സ്ഥിരീകരിച്ചിട്ടില്ല.

മുംബൈ ബാന്ദ്രയിലെ ജോഗേഴ്‌സ് പാർക്കിലുള്ള മൗണ്ട് ബ്ലാൻക് അപാർട്‌മെന്റിലാണ് സുശാന്ത് താമസിച്ചിരുന്നത്. സുശാന്തിനൊപ്പം മൂന്ന് വീട്ടുജോലിക്കാരും ഫ്‌ളാറ്റിൽ കഴിഞ്ഞിരുന്നു. ശനിയാഴ്ച രാത്രി അദ്ദേഹത്തിനൊപ്പം ഒരു സുഹൃത്തും ഉണ്ടായിരുന്നതായാണ് സൂചന. ഞായറാഴ്ച ഉച്ചയോടെയാണ് സുശാന്ത് സിങ് രജ്പുതിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്ഡൗൺ സമയത്ത് ഒറ്റയ്ക്കായിരുന്നു താരം വീട്ടിൽ കഴിഞ്ഞിരുന്നത്. ഉച്ചയോടെ വീട്ടുജോലിക്കാരിൽ ഒരാൾ പോയി വാതിൽ മുട്ടിയെങ്കിലും തുറന്നില്ല. ഇതോടെ സംശയം തോന്നിയ ഇയാൾ മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. മുറി തുറക്കാനാവാതിരുന്നതോടെ ഇദ്ദേഹത്തിന്റെ സുഹൃത്ത് പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് 12.30 യോടെ വാതിൽ തള്ളി തുറന്നപോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹം അവസാനമായി ഒരു ടിവി താരമായിരുന്ന സുഹൃത്തിനെ വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഇവർ കോൾ എടുത്തിരുന്നില്ല.

സുശാന്ത് വിഷാദരോഗത്തിന് ചികിത്സ തേടിയതിന്റെ മെഡിക്കൽ രേഖകൾ പൊലീസിന് ലഭിച്ചതായും ദേശീയമാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ആറു മാസത്തോളമായി സുശാന്ത് കടുത്ത വിഷാദത്തിലായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥരും പറഞ്ഞു.

ബോളിവുഡ് നീതി പുലർത്തിയില്ല: കങ്കണ റണാവത്ത്

നടൻ സുശാന്തിനോട് ബോളിവുഡ് ഒരിക്കലും നീതി പുലർത്തിയില്ലെന്ന് നടി കങ്കണ റണാവത്ത്. മരണശേഷം ചില മാധ്യമ പ്രവർത്തകരെ സ്വാധീനിച്ച് ബോളിവുഡിലെ ചില പ്രമുഖർ സുശാന്തിനെ മാനസികരോഗിയും ലഹരിമരുന്നിന് അടിമയായും ചിത്രീകരിക്കുകയാണ്. സഞ്ജയ് ദത്തിന്റെ ലഹരി ഉപയോഗത്തെ 'മനോഹരമായി' കാണുന്നവർ തന്നെയാണ് സുശാന്തിനെക്കുറിച്ച് ഇങ്ങനെ എഴുതിയത്.സുശാന്തിന് സിനിമയിൽ ഗോഡ് ഫാദറില്ല. അയാൾ സിനിമയിലെത്തി കുറച്ചുസമയത്തിനകം മികച്ച നടന്മാരിലൊരാളാകുകയും അംഗീകാരങ്ങൾ നേടുകയും ചെയ്തു. എന്നിട്ടും പലരും അംഗീകരിച്ചില്ല.

സെലിബ്രിറ്റികൾ മാനസികമായി സംഘർഷം അനുഭവിക്കുന്നുവെങ്കിൽ മാധ്യമങ്ങൾ കുറച്ച് അനുതാപത്തോടെ പെരുമാറണം. ഇത് ആത്മഹത്യയല്ല, ആസൂത്രിതമായ കൊലപാതകമാണ്. -തന്നെ വിലകുറച്ച് കണ്ടവരെ വിശ്വസിച്ചെന്ന കുറ്റംമാത്രമാണ് സുശാന്ത് ചെയ്തതെന്നും കങ്കണ പറഞ്ഞു.

സുഹൃത്തുക്കളെ ചോദ്യം ചെയ്യും

സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് സിനിമാ പ്രവർത്തകരായ സുഹൃത്തുക്കളെ ചോദ്യം ചെയ്യുമെന്ന് പൊലീസ്. നടി റിയ ചക്രബർത്തിയേയും ടെലിവിഷൻ നടൻ മഹേഷ് ഷെട്ടിയേയും ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. മരിക്കുന്നതിന് തലേന്ന് സുശാന്ത് രണ്ട് സുഹൃത്തുക്കളെയും വിളിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

യാത്രയായത് ആഗ്രഹങ്ങൾ ബാക്കിയാക്കി

നേരത്തെ സോഷ്യൽ മീഡിയയിലൂടെ ജീവിതത്തിൽ തനിക്ക് ചെയ്യേണ്ട അമ്പത് കാര്യങ്ങളുടെ ലിസ്റ്റ് ഒരിക്കൽ സുശാന്ത് ആരാധകരുമായി പങ്കുവച്ചിരുന്നു. വിമാനം പറത്താൻ പഠിക്കുക, ക്രിക്കറ്റ് മത്സരം ഇടത് കൈ കൊണ്ട് കളിക്കുക, മോഴ്സ് കോഡ് പഠിക്കുക, വിദ്യാർത്ഥികൾക്ക് ശൂന്യാകാശത്തേക്കുറിച്ചുള്ള പഠനങ്ങളിൽ സഹായിക്കുക, ചാംപ്യനൊപ്പം ടെന്നീസ് കളിക്കുക, പുസ്തകം എഴുതുക എന്നിങ്ങനെ നീളുന്ന പട്ടികയായിരുന്നു അത്.

ആയിരം മരങ്ങൾ നടുക, എൻജിനിയറിങ് കോളേജ് ഹോസ്റ്റലിൽ ഒരു സായാഹ്നം ചെലവിടുക, കൈലാസത്തിൽ ധ്യാനത്തിലിരിക്കുക, ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറി നിർമ്മിക്കുക, , റൊണാൾഡോയ്‌ക്കൊപ്പം ഫുട്‌ബോൾ കളിക്കുക, ഒരു ലംബോർഗിനി വാങ്ങുക, ദൃശ്യപരിമിതികളുള്ള വിദ്യാർത്ഥികൾക്ക് കോഡിങ് പരിശീലിപ്പിക്കുക, ഒരാഴഴ്ച വനത്തിൽ താമസിക്കുക, ആറ് മാസം കൊണ്ട് സിക്സ് പാക് ആബ്സ് നേടുക, ജ്യോതിഷം പഠിക്കുക, കുതിരയെ വളർത്തുക, 10 നൃത്ത രൂപങ്ങളെങ്കിലും പഠിക്കുക എന്നതും തന്റെ ആഗ്രഹമാണെന്ന് സുശാന്ത് പറഞ്ഞിരുന്നു.

ക്രിയ യോഗ പഠിക്കുക, അന്റാർട്ടിക സന്ദർശിക്കുക, വനിതകൾക്ക് സ്വയം പ്രതിരോധം പരിശീലിപ്പിക്കുക, സ്വാമി വിവേകാനന്ദനേക്കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കുക, .ഇങ്ങനെ പോകുന്നു ആ പട്ടിക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP