Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പിണറായി കത്തെഴുതി..സൗദിയിലെ ഇന്ത്യൻ എംബസി നടപ്പിലാക്കി; ചാർട്ടേഡ് ഫളൈറ്റിൽ എത്തണമെങ്കിൽ കോവിഡ് നെഗറ്റീവ് സെർട്ടിഫിക്കറ്റ് നിർബന്ധമെന്ന് അറിയിച്ച് സൗദി എംബസി; വന്ദേ ഭാരത് മിഷനിൽ വളരെ കുറച്ച് വിമാനങ്ങൾ മാത്രം എത്തിയ സൗദിയിൽ നിന്നും എങ്ങനെയും രക്ഷപ്പെടാനായി കാത്തിരുന്ന പ്രവാസികൾക്ക് വമ്പൻ തിരിച്ചടി; നാട്ടിലേക്ക് വരാൻ കഴിയാതെ കരഞ്ഞ് നിലവിളിച്ച് പ്രവാസികൾ

പിണറായി കത്തെഴുതി..സൗദിയിലെ ഇന്ത്യൻ എംബസി നടപ്പിലാക്കി; ചാർട്ടേഡ് ഫളൈറ്റിൽ എത്തണമെങ്കിൽ കോവിഡ് നെഗറ്റീവ് സെർട്ടിഫിക്കറ്റ് നിർബന്ധമെന്ന് അറിയിച്ച് സൗദി എംബസി; വന്ദേ ഭാരത് മിഷനിൽ വളരെ കുറച്ച് വിമാനങ്ങൾ മാത്രം എത്തിയ സൗദിയിൽ നിന്നും എങ്ങനെയും രക്ഷപ്പെടാനായി കാത്തിരുന്ന പ്രവാസികൾക്ക് വമ്പൻ തിരിച്ചടി; നാട്ടിലേക്ക് വരാൻ കഴിയാതെ കരഞ്ഞ് നിലവിളിച്ച് പ്രവാസികൾ

സ്വന്തം ലേഖകൻ

റിയാദ്: വന്ദേ ഭാരത് മിഷനിൽ വളരെ കുറച്ച് വിമാനങ്ങൾ മാത്രം എത്തിയ സൗദി അറേബ്യയിൽ നിന്നും എങ്ങനെയും രക്ഷപ്പെടാനായി കാത്തിരുന്ന പ്രവാസികൾക്ക് പിണറായി സർക്കാരിന്റെ വക വമ്പൻ തിരിച്ചടി. സൗദിയിൽ നിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിലേക്ക് വരുന്നവർക്കുള്ള കോവിഡ് പരിശോധന സൗദിയിലെ ഇന്ത്യൻ എംബസി നിർബന്ധമാക്കിയതാണ് എങ്ങനെയും നാട്ടിലെത്താൻ കാത്തിരുന്ന പ്രവാസികൾക്ക് തിരിച്ചടിയായത്. പിണറായി വിജയൻ കത്തെഴുതിയത് പ്രകാരം കേരള സർക്കാരിന്റെ ആവശ്യം പരിഗണിച്ച് ഇന്ത്യൻ എംബസി ശനിയാഴ്ച മുതൽ പരിശോധന നിർബന്ധമാക്കുകയായിരുന്നു. ഇതോടെ കോവിഡ് നെഗറ്റീവ് ആയവർക്ക് മാത്രമായിരിക്കും ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിലേക്ക് യാത്രാനുമതിയെന്നും എംബസി അറിയിച്ചു.

അതേസമയം ചാർട്ടേഡ് വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് മാത്രമാണ് കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരിക്കുന്നത്. വന്ദേ ഭാരത് വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് കോവിഡ് പരിശോധന ബാധകമായിരിക്കില്ല. ചാർട്ടേഡ് വിമാനങ്ങളിൽ കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയതോടെ നാടണയാൻ കാത്തിരുന്ന അനേകം പ്രവാസി മലയാളികളാണ് ഊരാക്കുടുക്കിലായത്. എങ്ങനെയും നാടണയാനുള്ള പലരുടേയും മോഹമാണ് ഇെേതാ പൊലിഞ്ഞത്. കോവിഡ് ബാധിച്ച് ഏറ്റവും കൂടുതൽ മലയാളികൾ മരിച്ച രാജ്യങ്ങളിൽ ഒന്നായ സൗദിയിൽ നിന്നും രക്ഷപ്പെടാനുള്ള മലയാളികളുടെ അവസാനത്തെ ആശ്രയമായിരുന്നു ചാർട്ടേഡ് ഫ്‌ളൈറ്റ്. കോവിഡ് ടെസ്റ്റ് ഇന്ത്യൻ എംബസി നിർബന്ധമാക്കിയതോടെ നാടണയാമെന്ന പലരുടെയും സ്വപ്‌നം പൊലിഞ്ഞു.

വന്ദേ ഭാരത് മിഷൻ പ്രകാരവും ഏറ്റവും കുറച്ച് വിമാനങ്ങൾ മാത്രം എത്തിയ രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. എ്ന്നാൽ ആയിരക്കണക്കിന് മലയാളികളാണ് സൗദി അറേബ്യയിലുള്ളത്. ഇന്ത്യൻ എംബസിയുടെ പുതിയ തീരുമാനത്തോടെ നാട്ടിലേക്ക് വരാൻ കഴിയാതെ കരഞ്ഞ് നിലവിളിക്കുകയാണ് പ്രവാസികൾ. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സൗദിയിൽ നിന്ന് ഇതുവരെ നാട്ടിലേക്കു മടങ്ങിയ ഇന്ത്യക്കാർ 9247 പേർ മാത്രം. അതേസമയം പോകാനായി എംബസിയിൽ പേര് രജിസ്റ്റർ ചെയ്ത് ഊഴം കാത്ത് കഴിയുന്നവർ 1,10,000 പേരും.

ആകെ രജിസ്‌ട്രേഷന്റെ 8.5 ശതമാനത്തിന് പോലും ഇതുവരെ മടങ്ങിപ്പോകാനായിട്ടില്ല. രജിസ്റ്റർ ചെയ്തവരിൽ 60% മലയാളികളാണെന്ന് റിയാദിലെ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് പറഞ്ഞു. സൗദിയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 30 സാമൂഹിക പ്രവർത്തകരുമായി നടത്തിയ ഓൺലൈൻ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 9000 പേർ തമിഴ്‌നാട്ടിൽ നിന്നും 6400 പേർ യുപിയിൽ നിന്നും 4080 തെലങ്കാനയിൽ നിന്നുമാണ് രജിസ്റ്റർ ചെയ്തത്.

മെഡിക്കൽ സർട്ടിഫിക്കറ്റു വേണമെന്ന കേരള സർക്കാരിന്റെ നിബന്ധന സൗദി മലയാളികളെയാണ് കൂടുതലായി ബാധിക്കുക. സൗദിയിൽ കോവിഡ് മരണ സംഖ്യ ആയിരം കടന്നിട്ടുണ്ട്. ആശുപത്രികൾ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വിമാനം പുറപ്പെടും മുൻപുള്ള കോവിഡ് പരിശോധനയ്ക്ക് സൗദിയിൽ അധികം സൗകര്യങ്ങൾ ഇല്ല. നൂറിലധികം ചാർട്ടേഡ് വിമാനങ്ങൾ കേരളത്തിലേക്ക് പറക്കാൻ സജ്ജമാവുകയാണ്. ഇതിനിടെയാണ് പുതിയ ഉത്തരവ്. അതുകൊണ്ട് തന്നെ സംസ്ഥാന സർക്കാരിന്റെ ഉത്തരവ് നിലനിൽക്കുന്നതിനാൽ ഈ വിമാനങ്ങളുടെ യാത്ര അനിശ്ചിതത്വത്തിലാകാനാണ് സാധ്യത.

എന്നാൽ വന്ദേഭാരത് മിഷൻ വഴി യാത്ര പോകുന്നവർക്ക് കോവിഡ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്ലാത്തതിനാൽ തമിഴ്‌നാട്ടിലേക്കും മലയാളികൾക്ക് എത്താം. തമിഴ്‌നാട്ടിൽ എത്തിയാൽ കഴിയേണ്ട ക്വാറൻൈൻ നിരക്കും കോവിഡ് ടെസ്റ്റ് ചെയ്യാനുള്ള ഫീസും നൽകിയാൽ വിമാനം ചാർട്ടർ ചെയ്യാം. ഡൽഹിയിലേക്ക് ചാർട്ടർ ചെയ്യുന്ന വിമാനങ്ങളിലെ യാത്രക്കാർക്കും ഈ നിബന്ധനയില്ല. ഡൽഹി, ഹരിയാന, ഭിവാഡി, ചണ്ഡിഗഡ് എന്നിവടങ്ങളിൽ ക്വാറൻൈറനിൽ കഴിയാൻ സന്നദ്ധരാകണം, അതിന്റെ ഫീസ് നൽകണം തുടങ്ങിയവ മാത്രമേ ഈ സംസ്ഥാനങ്ങളിലേക്ക് വിമാനം ചാർട്ടർ ചെയ്യുന്നവർ നൽകേണ്ടതുള്ളൂ.

ജോലി നഷ്ടപ്പെട്ടവരും സന്ദർശന വീസയിൽ കുടുങ്ങിയവരുമെല്ലാം കേരളത്തിലേക്ക് എത്താനായി കാത്തിരിക്കുകയാണ്. 35 ശതമാനം പേർ ജോലി നഷ്ടപ്പെട്ടവരും 25 ശതമാനം സന്ദർശന വീസയിൽ വന്ന് കുടുങ്ങിയവരും 22 ശതമാനം ഗർഭിണികളും മറ്റു രോഗങ്ങൾ മൂലം ബുദ്ധിമുട്ടുന്നവരുമാണ്. വന്ദേ ഭാരത് മിഷന്റെ ഭാഗമായി എയർ ഇന്ത്യക്ക് പുറമെ മറ്റു എയർലൈനുകളും സർവീസ് ആരംഭിച്ചിട്ടുണ്ട്. വിവിധ പ്രവിശ്യകളിൽ നിന്ന് 20 ചാർട്ടേഡ് വിമാനങ്ങൾക്കുള്ള അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇതിൽ 18 എണ്ണം കമ്പനികൾ നേരിട്ട് ചാർട്ട് ചെയ്യുന്നതും രണ്ടെണ്ണം സംഘടനകളുമാണ്.

ദമാം, റിയാദ്, ജിദ്ദ എന്നീ വിമാനത്താവളങ്ങൾക്ക് പുറമെ രാജ്യത്തെ അബ്ഹ ഉൾപ്പെടെയുള്ള സെക്ടറുകളിൽ നിന്ന് ഇന്ത്യയുടെ മുഴുവൻ പ്രദേശങ്ങളിലേക്കും സർവീസ് നടത്തുന്നതിന് നടപടികളെടുക്കും. ചാർട്ടേഡ് വിമാനങ്ങളുടെ വിവരങ്ങളും അവയുടെ വ്യവവസ്ഥകളും എംബസി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. നിലവിൽ ടിക്കറ്റ് വിതരണവുമായി ബന്ധപ്പെട്ട ഉയർന്ന പരാതികൾ പരിഹരിക്കാനായുള്ള സാധ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഇന്ത്യൻ സ്ഥാനപതി പറഞ്ഞു.

ഒരു സമയം ഒരു വിമാനത്തിലേക്കുള്ള ടിക്കറ്റ് വിതരണം ചെയ്ത് തിരക്ക് കുറയ്ക്കും. ടിക്കറ്റ് വിൽപന ഓൺലൈൻ വഴിയാക്കുന്നത് സംബന്ധിച്ച സാധ്യതകൾ എയർ ഇന്ത്യയുമായി ചർച്ച നടത്തും. എക്‌സിറ്റ് വീസയുടെ കാലാവധി കഴിഞ്ഞവർ, കോവിഡ് പരിചരണത്തിനുള്ള പ്രത്യേക ക്വാറന്റൈൻ കേന്ദ്രങ്ങൾ, ഇന്ത്യൻ രോഗികളെ ചികിത്സാ കേന്ദ്രത്തിൽ പെട്ടെന്ന് എത്തിക്കാനുള്ള ആംബുലൻസ് സംവിധാനം എന്നിവ സംബന്ധിച്ചു സൗദി അധികൃതരുമായി ചർച്ച നടത്തും. കമ്യൂണിറ്റി വെൽഫെയർ ഫണ്ട് അടിയന്തര ഘട്ടങ്ങളിൽ അർഹമായവർക്ക് ഉപയോഗപ്പെടുത്തുന്നുണ്ടെന്നും അംബാസഡർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP