Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമിതബില്ലിൽ വൈദ്യുതി വകുപ്പിനെതിരെ സമരപരിപാടികളുമായി വ്യാപാരികളും; ജൂൺ 20ന് സൂചനാ സമരമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി; വർദ്ധനയുണ്ടായത് ദ്വൈമാസ ബില്ലുകളെക്കാൾ അഞ്ചും ആറും ഇരട്ടി; നടപടികൾ ഉണ്ടായില്ലെങ്കിൽ തുടർ സമരങ്ങളെന്നും ടി നസിറുദ്ദീൻ; മറുനാടൻ ഉയർത്തിയ കാമ്പയിൻ ഏറ്റെടുത്ത് കൂടുതൽ സംഘടനകൾ എത്തുമ്പോൾ കെഎസ്ഇബിക്ക് മൗനം

അമിതബില്ലിൽ വൈദ്യുതി വകുപ്പിനെതിരെ സമരപരിപാടികളുമായി വ്യാപാരികളും; ജൂൺ 20ന് സൂചനാ സമരമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി; വർദ്ധനയുണ്ടായത് ദ്വൈമാസ ബില്ലുകളെക്കാൾ അഞ്ചും ആറും ഇരട്ടി; നടപടികൾ ഉണ്ടായില്ലെങ്കിൽ തുടർ സമരങ്ങളെന്നും ടി നസിറുദ്ദീൻ; മറുനാടൻ ഉയർത്തിയ കാമ്പയിൻ ഏറ്റെടുത്ത് കൂടുതൽ സംഘടനകൾ എത്തുമ്പോൾ കെഎസ്ഇബിക്ക് മൗനം

കെ വി നിരഞ്ജൻ

 കോഴിക്കോട്: വൈദ്യുതി വകുപ്പിനെതിരെ സമര പരിപാടികളുമായി രംഗത്തിറങ്ങാൻ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനം. ലോക് ഡൗൺ കാലയളവിന് ശേഷം വൈദ്യുതി വകുപ്പ് മീറ്റർ റീഡിങ് നടത്തി നൽകുന്ന ബില്ലുകൾ സാധാരണ നൽകുന്ന ദ്വൈമാസ ബില്ലുകളെക്കാൾ അഞ്ചും ആറും ഇരട്ടി വർദ്ധനവാണ് വരുത്തിയിട്ടുള്ളത്. പരാതി പറയാൻ ചെല്ലുന്ന ഉപഭോക്താക്കളുടെ മുമ്പിൽ കൈമലർത്തുകയാണ് കെ എസ് ഇ ബി ഉദ്യോഗസ്ഥർ. വൈദ്യുതി ഉപയോഗം കൂടിയതുകൊണ്ടാണ് എന്നാണ് അവർ പറയുന്ന ന്യായം. അശാസ്ത്രീയ രീതിയിലാണ് വൈദ്യുതി വകുപ്പ് ബില്ലുകൾ നൽകുന്നത്. യൂണിറ്റുകൾ കൂടുന്തോറും നിരക്ക് നിശ്ചയിക്കുന്ന സ്ലാബും ഉയരും. മൂന്നും നാലും മാസം കഴിഞ്ഞ് വന്ന് മീറ്റർ റീഡിങ് എടുത്ത് യൂണിറ്റ്കൾ പെരുപ്പിച്ച് ഉയർന്ന താരിഫിൽ ചാർജ്ജ് ഈടാക്കുന്നതുകൊണ്ടാണ് വൈദ്യുതിച്ചാർജ്ജ് ഇത്രയും വർദ്ധിക്കുന്നത്. അതുകൊണ്ട് ഉയർന്ന താരിഫിൽ വർദ്ധിപ്പിച്ച് നൽകിയ ബില്ലിൽ ആനുപാതിക കിഴിവുകൾ നൽകണമെന്നും ലോക് ഡൗൺ കാലത്തെ ഫിക്സഡ് ചാർജ്ജ് ഒഴിവാക്കുകയും വേണം. പലവിധ എക്സ്ട്രാ ചാർജ്ജുകളും പുർണ്ണമായും ഒഴിവാക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസ്സിറുദ്ദീൻ, ജനറൽ സെക്രട്ടറി രാജു അപ്സര എന്നിവർ ആവശ്യപ്പെട്ടു.

ഇനി മുതൽ മാസംതോറും റീഡിങ് നടത്തി ബില്ലുകൾ നൽകണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. ഈ പകൽക്കൊള്ള അവസാനിപ്പിച്ചില്ലങ്കിൽ സംഘടന ശക്തമായ സമരപരിപാടികൾ ആരംഭിക്കുകയാണ്. പ്രതിഷേധ സമരത്തിന്റെ ആദ്യപടിയായ് സംസ്ഥാനത്തെ എല്ലാ വൈദ്യുതി ഓഫീസുകൾക്ക് മുമ്പിലും ജൂൺ 20ന് രാവിലെ 10ന് ലോക്ക് ഡൗൺ നിബന്ധനകൾ പാലിച്ച് കൊണ്ട് ധർണ്ണ നടത്തും. സർക്കാരിന്റെയും വൈദ്യുതി വകുപ്പിന്റെയും ഭാഗത്ത് നിന്ന് അനുകൂല നടപടികൾ ഉണ്ടായില്ലങ്കിൽ തുടർ സമരപരിപാടികൾ ആവിഷ്‌കരിക്കുമെന്നും അധികച്ചാർജ്' പിൻവലിക്കുന്നത് വരെ സമരം തുടരുമെന്നും ടി. നസ്സിറുദ്ദീനും രാജു അപ്സരയും മുന്നറിയിപ്പ് നൽകി.

അധിക വൈദ്യുതി ബിൽ വിവാദത്തിൽ കെ.എസ്.ഇ.ബിക്കെതിരെ ഹൈക്കോടതിയിൽ ഹർജിയും വന്നിട്ടുണ്ട്.. മൂവാറ്റുപുഴ സ്വദേശിയാണ് ബില്ല് തയ്യാറാക്കിയതിലെ അശാസ്ത്രീയത ചോദ്യം ചെയ്ത് ഹർജി നൽകിയത്. കേസിൽ കോടതി വൈദ്യുതി ബോർഡിനോട് വിശദീകരണം തേടിയിട്ടുണ്ട്.ഹർജി മറ്റന്നാൾ വീണ്ടും പരിഗണിക്കും.ലോക്ക്ഡൗൺ കാലത്തെ ശരാശരി ബില്ലിങ് രീതിയിൽ അപാകതയില്ലെന്ന് കെഎസ്ഇബി ആവർത്തിക്കുമ്പോഴും പരാതികൾ വർധിക്കുകയാണ്. സിനിമാ രംഗത്ത് നിന്നുള്ള പ്രമുഖർ ഉൾപ്പെടെ നിരവധിപേർ പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്. ശരാശരി ബില്ലിംഗിലെ അശാസ്ത്രീയതയ്‌ക്കൊപ്പം ബിൽ തയ്യാറാക്കാൻ വൈകിയതും തുക കൂടാൻ കാരണമായെന്നാണ് ആരോപണം.

ലോക്ക്ഡൗൺ കാലത്ത് വീടുകളിലെത്തി നേരിട്ട് മീറ്റർ റീഡിങ് നടത്താൻ കഴിയാത്ത സാഹചര്യത്തിൽ കെഎസ്ഇബി നടപ്പാക്കിയ ശരാശരി ബില്ലിംഗാണ് വ്യാപക പരാതിക്ക് വഴിവച്ചത്. ഏപ്രിൽ മെയ് മാസങ്ങളിൽ ഇക്കുറി ലോക്ക്ഡൗൺകൂടി വന്നതോടെ ഉപഭോഗം വൻതോതിൽ ഉയർന്നെന്നും അതാണ് ബില്ലിൽ പ്രതിഫലിച്ചതെന്നുമാണ് കെഎസ്ഇബി വാദമെങ്കിലും ഇത് കേരളത്തിലെ ഒന്നേകാൽ കോടിയോളം വരുന്ന ഉപഭോക്താക്കളിൽ ഭൂരിഭാഗം പേരും അംഗീകരിക്കുന്നേയില്ല. ശരാശരി ബില്ലിങ് തെറ്റെന്ന് കണക്കുകൾ നിരത്തി ഇവർ പറയുന്നു.

ഫെബ്രുവരി മുതൽ നേരിട്ട് റീഡിങ് എടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ നാലു മാസത്തെ റീഡിങ് ഒരുമിച്ചെടുത്ത് അതിന്റെ ശരാശരി കണ്ടാണ് ബിൽ തയ്യാറാക്കിയത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഉപഭോഗം താരതമ്യേന കുറവായിരുന്നു. ഏപ്രിൽ മെയ് മാസങ്ങളിലാകട്ടെ കൂടുതലും .എന്നാൽ ശരാശരി ബിൽ തയ്യാറാക്കിയപ്പോൾ ഏപ്രിൽ മെയ് മാസങ്ങളിലെ ഉയർന്ന ഉപഭോഗത്തിന്റെ ഭാരം കൂടി ഫെബ്രുവരി, മാർച്ച് മാസത്തെ ബില്ലിലും പ്രതിഫലിച്ചു. മാത്രമല്ല, ദ്വൈമാസ ബില്ലിംഗിൽ 60 ദിവസം കൂടുമ്പോൾ ബിൽ തയ്യാറാക്കേണ്ടതാണങ്കിലും പലയിടത്തും 70 ദിവസത്തിലേറെ കഴിഞ്ഞാണ് ബിൽ തയ്യാറാക്കിയത്. 240 യൂണിറ്റ് വരെ സബ്‌സിഡി ഉണ്ടെങ്കിലും ശരാശരി ബിൽ വന്നതോടെ പലർക്കും സബ്‌സിഡി നഷ്ടമാവുകയും ചെയ്തു.

എന്നാൽ 95 ശതമാനം ജനങ്ങൾക്കും ശരാശരി ബിൽ നേട്ടമെന്നാണ് കെഎസ്ഇബി വാദം. ഉപഭോഗം വർദ്ധിക്കുമ്പോൾ സ്ലാബിൽ വരുന്ന മാറ്റങ്ങൾ കാണാതെയാണ് വിമർശനം. ഉദാഹരണത്തിന് 250 യൂണിറ്റ് ഉപയോഗിക്കുന്ന വ്യക്തിയും 251 യൂണിറ്റ് ഉപയോഗിക്കുന്ന വ്യക്തിയും തമ്മിൽ ബിൽ തുകയിൽ വരുന്ന വ്യത്യാസം 193 രൂപയാണ്. ആരുടെയെങ്കിലും ബിൽതുക അകാരണമായി കൂടിയിട്ടുണ്ടെങ്കിൽ അത് അടുത്ത ബില്ലിൽ തട്ടിക്കിഴിക്കുമെന്നും കെഎസ്ഇബി ആവർത്തിക്കുന്നു.

കെ.എസ്.ഇ.ബിയുടെ അമിത ബില്ലിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്ന സാഹചര്യക്കിന് പിന്നാലെയാണ് അധികബില്ലിലെ അശാസ്ത്രിയത ആരോപിച്ച് ഹൈക്കോടതിയിൽ ഹർജി പോയിരിക്കുന്നത്. അതേസമയം കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബിയുടെ അമിത വൈദ്യുതി ബിൽകൊള്ളക്കെതിരെ വിളക്കണച്ച് പ്രതിഷേധവുമായി യുവാവ്വവ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാസെ കൂടിയ വൈദ്യുതി ബിൽ കണ്ട് ഞെട്ടി നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്. ഇതിന് പിന്നാലെ യുവാവ് രംഗത്ത് വന്നതിന് പിന്നാലെ പ്രശ്‌നം ഏറ്റെടുത്ത് രംഗത്തെത്തുകയാണ് യു.ഡി.എഫും. പ്രത്യക്ഷ പ്രതിഷേധവുമായി വിളക്ക് അണച്ച പ്രതിഷേധവുമായിട്ടാണ് യു.ഡി.എഫ് രംഗത്തെത്തിയിരിക്കുന്നത്. ജൂൺ 17ന് രാത്രി 9 മണിക്കാണ് 3 മിനിട്ട് നേരം വിളക്ക് അണച്ച് സംസ്ഥാനം ഒട്ടാകെ പ്രതിഷേധിക്കാൻ യു.ഡി.എഫ് ആഹ്വാനം ചെയ്്തിരിക്കുന്നത്. ലോക്ഡൗൺ നിയന്ത്രണങ്ങൾ മൂലം ജനം നട്ടം തിരിയുമ്പോൾ ഈ കൊള്ള അടിച്ചേൽപിക്കാൻ അനുവദിക്കില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്.

'ലൈറ്റ്‌സ് ഓഫ് കേരള' എന്ന പ്രതിഷേധത്തിൽ എല്ലാവരുടെയും പിന്തുണ അദ്ദേഹം അഭ്യർത്ഥിച്ചു.സർക്കാർ നടപടിക്കെതിരെ 'ചേഞ്ച്.ഒ.ആർ.ജി' എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈൻ പ്രതിഷേധ പ്രചാരണവും ആരംഭിക്കും. ഇതിലൂടെ ഓൺലൈനായി പരാതി നൽകി പ്രതിപക്ഷ നേതാവ് തുടക്കം കുറിക്കും. തിരുത്തലിനു സർക്കാർ തയാറാകുന്നതു വരെ ഓൺലൈൻ ജനകീയ ക്യാംപെയ്ൻ തുടരുമെന്ന് യു.ഡി.എഫ് ആഹ്വാനം ചെയ്തിരിക്കുന്നത്.മീറ്റർ റീഡിങ് എടുക്കുന്നതിലെ കാലതാമസത്തിന്റെ പേരു പറഞ്ഞും ഉയർന്ന സ്ലാബിലേക്ക് ഉപഭോക്താക്കൾ മാറിയെന്നു സാങ്കേതിക ന്യായം ചൂണ്ടിക്കാട്ടിയും ജനങ്ങളെ പിഴിയുകയാണു കെഎസ്ഇബിയെന്നു ചെന്നിത്തല ആരോപിച്ചു. കേരളത്തിലെ ഏതു വൈദ്യുതി ഉപഭോക്താവിനോടു ചോദിച്ചാലും അവർക്കു പരാതിയുണ്ട്. പ്രശ്‌നം പരിശോധിച്ചു തിരുത്തുമെന്നു സർക്കാർ വ്യക്തമാക്കിയിട്ട് ഒന്നരയാഴ്ച കഴിഞ്ഞു. വ്യവസായ ഉപഭോക്താക്കളെയും ഞെക്കിപ്പിഴിയുകയാണെന്നും ചെന്നിത്തല പ്രതികരിക്കുന്നു.

അമിത വൈദ്യുതി നിരക്കിൽ പ്രതിഷേധിച്ചു സംസ്ഥാനത്തെ 756 കെഎസ്ഇബി ഓഫിസുകൾക്കു മുന്നിൽ 16 ന് കോൺഗ്രസ് ധർണ നടത്തും. 19 ന് വൈകിട്ട് അഞ്ചിനു വീട്ടമ്മമാർ പ്രതീകാത്മകമായി വീടുകൾക്കു മുന്നിൽ വൈദ്യുതി ബിൽ കത്തിക്കും. ബിപിഎല്ലുകാർക്കു 3 മാസത്തെ വൈദ്യുതി നിരക്ക് പൂർണമായും സൗജന്യമാക്കാനും സാധാരണക്കാർക്കു 30% കുറയ്ക്കാനും കെഎസ്ഇബി തയാറാകണമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP