Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം; മരിച്ചത് തലസ്ഥാനത്ത് വഞ്ചിയൂരിലെ ചുമട്ടു തൊഴിലാളി; ശ്വാസംമുട്ടൽ വന്നതിനെ തുടർന്ന് ചികിത്സ തേടി ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജിലും എത്തിച്ചിട്ടും കൊറോണ ടെസ്റ്റ് നടത്തിയില്ല; ചികിത്സ ശ്വാസംമുട്ടലിനു മാത്രം; വീട്ടിൽ എത്തിയപ്പോൾ അസുഖം കൂടി മരണവും; ജനറൽ ആശുപത്രിയിൽ മൃതദേഹത്തിൽ സ്രവ പരിശോധന നടത്തിയപ്പോൾ കൊറോണ പോസിറ്റീവ്; തലസ്ഥാനത്തെ ഞെട്ടിച്ച കൊറോണ മരണത്തിൽ വീണ്ടും പ്രതിക്കൂട്ടിലായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം; മരിച്ചത് തലസ്ഥാനത്ത് വഞ്ചിയൂരിലെ ചുമട്ടു തൊഴിലാളി; ശ്വാസംമുട്ടൽ വന്നതിനെ തുടർന്ന് ചികിത്സ തേടി ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജിലും എത്തിച്ചിട്ടും കൊറോണ ടെസ്റ്റ് നടത്തിയില്ല; ചികിത്സ ശ്വാസംമുട്ടലിനു മാത്രം; വീട്ടിൽ എത്തിയപ്പോൾ അസുഖം കൂടി മരണവും; ജനറൽ ആശുപത്രിയിൽ മൃതദേഹത്തിൽ സ്രവ പരിശോധന നടത്തിയപ്പോൾ കൊറോണ പോസിറ്റീവ്; തലസ്ഥാനത്തെ ഞെട്ടിച്ച കൊറോണ മരണത്തിൽ വീണ്ടും പ്രതിക്കൂട്ടിലായി ആരോഗ്യവകുപ്പ്

എം മനോജ് കുമാർ

തിരുവനന്തപുരം: കൊറോണ മരണങ്ങളിൽ ആരോഗ്യവകുപ്പിന്റെ പാളിച്ച വ്യക്തമാക്കിക്കൊണ്ട് തിരുവനന്തപുരത്ത് വീണ്ടും കൊറോണ മരണം. ശ്വാസംമുട്ടൽ വന്നതിനെ തുടർന്ന് ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജിലും ചികിത്സ തേടി വീട്ടിൽ എത്തിയ വഞ്ചിയൂർ സ്വദേശിയായ ചുമട്ടു തൊഴിലാളി രമേശന്റെ (76) മരണമാണ് വിവാദമാകുന്നത്. ശ്വാസംമുട്ടൽ വന്നതിനെ തുടർന്ന് ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജിലും ഇയാൾ ചികിത്സയിൽ നടത്തിയെങ്കിലും കൊറോണ പരിശോധന നടത്തിയില്ല. ശ്വാസംമുട്ടലിനു ചികിത്സ തേടി വന്നിട്ടും ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജിലും രോഗിക്ക് കൊറോണ പരിശോധന നടത്താത്തത് ഇരു ആശുപത്രി അധികൃതരുടെ ഭാഗത്തും നിന്നും വന്ന ഗുരുതരമായ പാളിച്ചയായി മാറുന്നു.

മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് വാങ്ങിയ ശേഷം വീട്ടിൽ എത്തിയ ശേഷമാണ് രമേശൻ മരിക്കുന്നത്. മരണ ശേഷം നടത്തിയ ജനറൽ ആശുപത്രിയിൽ നടത്തിയ സ്രവ പരിശോധനയിലാണ് രമേശന് കൊറോണയാണെന്ന് വ്യക്തമാകുന്നത്. കൊറോണയാണെന്ന് സ്ഥിരീകരിച്ചതോടെ രമേശന്റെ മൃതദേഹം ജനറൽ ആശുപത്രിയിൽ നിന്ന് വിട്ടു നൽകിയിട്ടില്ല. ആദ്യമേ കൊറോണ പരിശോധന നടത്തിയിരുന്നുവെങ്കിൽ ആദ്യമേ രമേശനെ ചികിത്സ നല്കാമായിരുന്നു. കൊറോണ പരിശോധന നടത്താത്തതിനാൽ കൂടുതൽ പേരുമായി സമ്പർക്കത്തിനും രോഗിക്ക് ഇടവന്നു. ആദ്യമേ ജനറൽ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് മെഡിക്കൽ കോളേജിലേക്ക് പോയി. അവിടെ ചികിത്സയിൽ കഴിഞ്ഞു. ഡിസ്ചാർജ് ആയ ശേഷം വീട്ടിൽ വന്നു. വീട്ടിൽ വെച്ച് അസുഖം കൂടി മരിച്ച ശേഷം മൃതദേഹവുമായി ആംബുലൻസിൽ ജനറൽ ആശുപത്രിൽ എത്തിച്ചു. ഈ ഘട്ടത്തിൽ അടുത്തുണ്ടായിരുന്ന ബന്ധുക്കളും ആംബുലൻസ് ഡ്രൈവറും ഉൾപ്പെടെ ക്വാറന്റൈനിൽ പോകേണ്ട അവസ്ഥയാണ്.

ശ്വാസം മുട്ടൽ ബാധിച്ച് മരിച്ചതിനെ തുടർന്ന് സർട്ടിഫിക്കറ്റ് തേടിയപ്പോൾ സ്ഥിരീകരിക്കാൻ വേണ്ടിയാണ് സ്രവ പരിശോധന നടത്തിയത്. രണ്ടു സ്രവ പരിശോധനയിലും കൊറോണ പോസിറ്റീവ് എന്ന് വ്യക്തമാവുകയായിരുന്നു. ഇതോടെയാണ് മൃതദേഹം പിടിച്ചു വെച്ചത്. രമേശനെ ചികിത്സിച്ച ജനറൽ ആശുപത്രിയിലെയും മെഡിക്കൽ കോളെജിലെയും ഡോക്ടർമാരും രോഗസമയത്ത് രമേശനെ പരിചരിച്ചവരും ക്വാറന്റൈനിൽ പോകേണ്ട അവസ്ഥയാണ്.

കൊറോണ രോഗികളുടെ എണ്ണം കൂടിയതോടെ അതിനനുസൃതമായ പിഴവുകളും ആരോഗ്യവകുപ്പിന് വർദ്ധിച്ച് വരുകയാണെന്നാണ് വ്യക്തമാക്കുന്നതാണ് രമേശന്റെ മരണം. സ്വതേ കടുത്ത ആസ്തമാ രോഗിയായ രമേശൻ ചികിത്സ തേടിയാണ് ബുധനാഴ്ച ജനറൽ ആശുപത്രിയിൽ എത്തിയത്. നെഞ്ചു വേദനയും ശ്വാസംമുട്ടലുമായിരുന്നു അനുഭവപ്പെട്ടത്. സ്ഥിരം ആസ്തമാ രോഗിയായതിനാൽ പരിശോധിച്ച ശേഷം മെഡിക്കൽ കോളെജിലേക്ക് പറഞ്ഞുവിട്ടു. പതിനൊന്നിനു മെഡിക്കൽ കോളേജിൽ നിന്നും പറഞ്ഞുവിട്ടു. പന്ത്രണ്ടിന് വീണ്ടും അസുഖം കൂടി വീട്ടിൽ വെച്ച് മരിച്ചു. മരണം സ്ഥിരീകരിക്കാൻ വേണ്ടി മൃതദേഹം ജനറൽ ആശുപത്രിയിൽ കൊണ്ടുവന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയ ശേഷം പന്ത്രണ്ടിന് സ്രവ പരിശോധന നടത്തി. ആദ്യം പരിശോധനയിൽ സംശയം വന്നതിനെ തുടർന്നാണു രണ്ടാമതും സ്രവ പരിശോധന നടത്തിയത്. ഇന്നു രാവിലെയാണ് കൊറോണ പോസിറ്റീവ് എന്ന് സ്ഥിരീകരിക്കുന്നത്.

കൊറോണ സ്ഥിരീകരിച്ചതോടെ ബന്ധുക്കളോട് ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രമേശന് എവിടെ നിന്ന് കൊറോണ വന്നുവെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. 'സ്വതേ പുറത്ത് ഒന്നും പോകാതെ വീട്ടിൽ തന്നെയാണ് രമേശൻ ഉള്ളത്. കഴിഞ്ഞ ദിവസം ഒരു മകൻ പത്തനംതിട്ടയിൽ നിന്നും വന്നിരുന്നു. മകന് പക്ഷെ കൊറോണ ലക്ഷണങ്ങൾ ഒന്നുമില്ല. അതുകൊണ്ട് തന്നെ രമേശന് എവിടെ നിന്ന് കൊറോണ വന്നുവെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.'' വഞ്ചിയൂർ വാർഡ് കൗൺസിലർ വഞ്ചിയൂർ ബാബു മറുനാടനോട് പറഞ്ഞു. രമേശന്റെ ബന്ധുക്കൾ വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ പോയിരുന്നു. അതിനാൽ അവിടെ ആ സമയത്ത് ഇവരുമായി ബന്ധപ്പെട്ട പൊലീസുകാരോട് ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെട്ടതായി സൂചനയുണ്ട്.

അസുഖം കാരണം സ്വതേ പുറത്ത് പോകാത്ത പ്രകൃതമാണ് രമേശന്. അതുകൊണ്ട് തന്നെ രമേശന് എങ്ങനെ കൊറോണ വന്നുവെന്നാണ് വാർഡ് കൗൺസിലർ അടക്കമുള്ളവരും ആരോഗ്യ പ്രവർത്തകരും അന്വേഷിക്കുന്നത്. സമൂഹവ്യാപന സാധ്യത കേരളത്തിൽ ഇല്ലായെന്ന് പൂർണമായും തള്ളിക്കളയാൻ കഴിയാത്ത സാഹചര്യത്തിൽ രമേശന്റെ മരണം സമൂഹവ്യാപന സാധ്യതയിലേക്ക് കൂടി വിരൽ ചൂണ്ടുകയാണ്. കേരളത്തിൽ സമൂഹവ്യാപനം ഉണ്ടോ എന്ന് ചോദിച്ച് മരിച്ച പത്ത് പേരുടെ പേര് പറഞ്ഞു ഇവർക്ക് എവിടെ നിന്ന് കൊറോണ വന്നുവെന്ന് മുഖ്യമന്ത്രി ചോദിച്ചപ്പോൾ അത് സ്ഥിരികരിക്കാൻ ആരോഗ്യ പ്രവർത്തകർക്കോ ആരോഗ്യ മന്ത്രിയ്‌ക്കോ കഴിഞ്ഞിരുന്നില്ല, സമ്പർക്കം വഴി രോഗം ബാധിച്ചത് എങ്കിൽ എവിടെ നിന്ന്, ആരിൽ നിന്ന് എന്ന് ചോദിച്ചപ്പോഴും മറുപടിയുണ്ടായില്ല. കേരളത്തിൽ സമൂഹവ്യാപനത്തിനു സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നാണ് ഐസിഎംആർ അധികൃതരും ചൂണ്ടിക്കാട്ടിയിരുന്നത്. കൊറോണ ബാധിച്ച മരിച്ച രമേശന്റെ വീടിരിക്കുന്ന വഞ്ചിയൂർ തോടിനു സമീപമുള്ള പല വീട്ടുകാർക്കും പനി ബാധിച്ചതായി സൂചനയുണ്ട്. ഇവർക്കെല്ലാം കൊറോണ ടെസ്റ്റ് എടുക്കേണ്ട അവശ്യത്തിലേക്ക് ആണ് രമേശന്റെ മരണം വിരൽ ചൂണ്ടുന്നത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കൊറോണ വാർഡിലെ നഴ്‌സിങ് അസിസ്റ്റന്റിനു കൊറോണ ബാധിച്ചപ്പോഴും വിലപ്പെട്ട നാല് ദിവസങ്ങൾ വട്ടിയൂർക്കാവ് പ്രാഥമിക ആരോഗ്യ കേന്ദ്രവും മെഡിക്കൽ കോളേജും പാഴാക്കിയിരുന്നു. ഇതോടെ ബന്ധുക്കൾ അടക്കമുള്ള ആളുകൾ രോഗിയുമായി സമ്പർക്കത്തിലായി. തുടർന്ന് സമ്പർക്കത്തിലായവരെ കണ്ടുപിടിക്കാൻ ഇവരുടെ റൂട്ട് മാപ്പ് വരെ പുറത്തിറക്കിയിരുന്നു. ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്നും വന്ന ഈ പാളിച്ച വാർത്തയായിരുന്നു. അതിന്റെ ഞെട്ടൽ മാറും മുൻപാണ് ചുമട്ടു തൊഴിലാളിക്ക് ശ്വാസംമുട്ടൽ വന്നിട്ടും കൊറോണ ടെസ്റ്റ് നടത്താതെ ചികിത്സിച്ച് മടക്കിയ രോഗി മരിച്ചപ്പോൾ ഇയാൾ കൊറോണ ബാധിതനായിരുന്നു എന്ന വിവരവും പുറത്ത് വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP