Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സായുധ വിഭാഗം മേധാവിയോട് അവശ്യമായ തയ്യാറെടുപ്പുകൾ നടത്താൻ ചുമതല നൽകി കഴിഞ്ഞു; 'ചവറുകൾ ചവറ്റുകുട്ടയിൽ തന്നെ എറിയപ്പെടണം; ദക്ഷിണ കൊറിയയെ ഏത് നിമിഷവും പൊട്ടിക്കുമെന്ന് ഭീഷണിയുമായി ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്; ദക്ഷണിണ കൊറിയയുടെ നീങ്ങൾ അതിരു കടക്കുന്നു; കൊറിയൻ അതിർത്തി വീണ്ടും യുദ്ധസാഹചര്യത്തിലേക്ക്

മറുനാടൻ ഡെസ്‌ക്‌

സോൾ: ദക്ഷിണ കൊറിയയ്ക്കെതിരായ നടപടിക്ക് സൈന്യം തയ്യാറാറെടുത്തു കഴിഞ്ഞതായി ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്. ശത്രുവിനെതിരായ നടപടിക്ക് സൈന്യത്തിന് നിർദ്ദേശം നൽകിക്കഴിഞ്ഞതായി അവർ ശനിയാഴ്ച ഔദ്യോഗിക വാർത്താ ഏജൻസിയോട് പറഞ്ഞു.'ചവറുകൾ ചവറ്റുകുട്ടയിൽതന്നെ എറിയപ്പെടണം. പരമാധികാരിയായ കിം ജോങ് ഉൻ ചുമതലപ്പെടുത്തിയ പ്രകാരം സായുധ വിഭാഗം മേധാവിയോട് ശത്രുരാജ്യത്തിനെതിരായി സൈനിക നീക്കത്തിന് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താൻ നിർദ്ദേശം നൽകി.'അവർ പറഞ്ഞു.

ദക്ഷിണ കൊറിയയ്ക്കെതിരെ വേണ്ടിവന്നാൽ സൈനിക നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം അവർ ഭീഷണി മുഴക്കിയിരുന്നു. അതിർത്തിയിൽ ഉത്തര കൊറിയ വിരുദ്ധ ലഘുലേഖകൾ വിതരണം ചെയ്ത് ഏതാനും ദിവസങ്ങളായി ദക്ഷിണ കൊറിയ ഭീഷണിയുയർത്തുന്നതായി ചൂണ്ടിക്കാട്ടിയാണ് കിം യോ ജോങ്ങിന്റെ പ്രതികരണം.കിം ജോങ് ഉൻ കഴിഞ്ഞാൽ പാർട്ടിയിലും സർക്കാരിലും രണ്ടാം സ്ഥാനം വഹിക്കുന്ന ആളാണ് കിം യോ ജോങ് എന്നാണ് കരുതപ്പെടുന്നത്. കിം ജോങ് ഉന്നിന്റെ ഉപദേശക കൂടിയാണ് അവർ. കിം ജോങ് ഉന്നിനു ശേഷം അധികാരം ഇവരിൽ കേന്ദ്രീകരിക്കുമെന്നാണ് പൊതുവിൽ കരുതപ്പെടുന്നത്.കിം ജോങ് ഉൻ രോഗബാധിതനാണെന്നും മരിച്ചെന്നും അടക്കമുള്ള അഭ്യൂഹങ്ങൾ അടുത്തിടെ പരന്നിരുന്നു. എന്നാൽ ഉത്തര കൊറിയ ഇത് നിഷേധിച്ചു. രാജ്യത്തിന്റെ ഭരണപരമായ നിയന്ത്രണം കിം യോ ജോങ് കൈയേൽക്കുന്നു എന്ന് സൂചിപ്പിക്കുന്നതാണ് പുതിയ നീക്കങ്ങൾ.

ദക്ഷിണ കൊറിയയ്ക്കെതിരെ സൈനിക നടപടിയുണ്ടാകുമെന്ന ഭീഷണി മുഴക്കിയിരിക്കുന്നതു മറ്റാരുമല്ല, ഉത്തര കൊറിയയുടെ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് തന്നെയാണ്. അതിർത്തിയിൽ ഉത്തര കൊറിയയ്ക്കെതിരായ ലഘുലേഖകൾ വിതരണം ചെയ്യുന്നുവെന്നാരോപിച്ചാണു കിം യോ ജോങ്ങിന്റെ ക്ഷോഭപ്രകടനം.

കൊറിയൻ വർക്കേഴ്സ് പാർട്ടിയിലും ഭരണകൂടത്തിലും കിം ജോങ് ഉൻ കഴിഞ്ഞാലുള്ള അധികാരകേന്ദ്രം കിം യോ ആണ്. പ്രകോപനം തുടർന്നാൽ തിരിച്ചടിക്കാനുള്ള നിർദ്ദേശം സൈന്യത്തിനു നൽകുമെന്ന് അവർ ടിവി സന്ദേശത്തിൽ പറഞ്ഞു. ശത്രുവിനെതിരെ അടുത്ത നടപടി സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് കിം ജോ യോങ് പറഞ്ഞത്. പാഴ്‌വസ്തുക്കൾ ചവറ്റുകൊട്ടയിൽ തള്ളണം. പരമാധികാരിയായ കിം ജോങ് ഉന്നും പാർട്ടിയും രാജ്യവും തനിക്ക് നൽകിയിട്ടുള്ള അധികാരം ഉപയോഗിച്ച് ശത്രുവിനെതിരെ തുടർ നടപടി സ്വീകരിക്കാൻ സൈന്യത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും യോങ് പറഞ്ഞു.

കിമ്മിന്റെ സഹോദരി ഭീഷണി മുഴക്കിയതിനു പിന്നാലെ ദക്ഷിണകൊറിയയിൽ ദേശീയ സുരക്ഷാ കൗൺസിൽ ഞായറാഴ്ച അടിയന്തര യോഗം ചേർന്നു. ഏതു തരത്തിൽ പ്രതികരിക്കണമെന്ന് ഉന്നതനേതാക്കൾ വിഡിയോ കോൺഫറൻസിലൂടെയാണു ചർച്ച നടത്തിയത്. കരാറുകൾ പാലിക്കാൻ ഉത്തര കൊറിയ തയാറാകണമെന്ന് ദക്ഷിണ കൊറിയ ആവശ്യപ്പെട്ടു. ഉത്തര കൊറിയയുടെ നീക്കങ്ങൾ അതീവഗൗരവത്തോടെയാണു നിരീക്ഷിക്കുന്നതെന്ന് ദക്ഷിണ കൊറിയൻ പ്രതിരോധമന്ത്രാലയം അറിയിച്ചു. ഏതു സാഹചര്യവും നേരിടാൻ ദക്ഷിണ കൊറിയൻ സൈന്യം തയാറാണെന്നും മന്ത്രാലയം വ്യക്തമാക്കി.

അതിർത്തി കടന്നുള്ള കുപ്രചാരണങ്ങളെ നിലയ്ക്കു നിർത്താൻ അന്ത്യശാസനം നൽകിയതിനു പിന്നാലെ ദക്ഷിണ കൊറിയയുമായുള്ള എല്ലാ ആശയവിനിമയ സംവിധാനങ്ങളും നിർത്തലാക്കുന്നതായി ഉത്തര കൊറിയ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള എല്ലാ ഔദ്യോഗിക ആശയവിനിമയ ബന്ധങ്ങളും നിർത്തലാക്കാൻ തീരുമാനിച്ചതായും നടപടി ഉടൻ തന്നെ പ്രാബല്യത്തിൽ വരുമെന്നും ഉത്തര കൊറിയ അറിയിച്ചു. ജൂൺ 9 ന് ഉച്ചയ്ക്ക് 12 മുതൽ വർക്കേഴ്സ് പാർട്ടി സെൻട്രൽ കമ്മിറ്റിയും ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ ബ്ലൂ ഹൗസും തമ്മിലുള്ള ഹോട്ലൈൻ സംവിധാനം ഉൾപ്പെടെയുള്ളവ വിച്ഛേദിക്കുമെന്ന് ഉത്തര കൊറിയൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. ഇരു രാജ്യത്തെയും സൈനികർ തമ്മിലുള്ള ആശയവിനിമയവും നിർത്തിയിരുന്നു.

ഉത്തര കൊറിയയിൽ നിന്ന് കടന്ന് ദക്ഷിണ കൊറിയയിൽ രാഷ്ട്രീയ അഭയം നേടിയവർ കിം ജോങ് ഉൻ, സഹോദരി കിം ജോ യോങ് എന്നിവർക്കെതിരെ ലഘുലേഖകൾ ഉത്തര കൊറിയൻ അതിർത്തിയിലേക്ക് പറത്തിവിടുന്നതാണ് ഉത്തര കൊറിയയെ പ്രധാനമായും ചൊടിപ്പിച്ചത്. ലഘുലേഖകൾ ബലൂണിൽ കെട്ടിയാണ് പറത്തുന്നത്. ഇത്തരത്തിൽ അഞ്ചുലക്ഷത്തോളം ലഘുലേഖകൾ ബലൂണിൽ കെട്ടി പറത്തിയതായി ഉത്തര കൊറിയ ആരോപിച്ചിരുന്നു. ഉത്തര കൊറിയയുടെ ആണവ നയം, കിം ജോങ് ഉന്നിന്റെ ഏകാധിപത്യ ഭരണം, പൗരവകാശങ്ങളുടെ ലംഘനം എന്നിവയ്ക്കെതിരെ ശക്തമായ വിമർശനമാണ് ഓരോ ലഘുലേഖയുടെയും ഉള്ളടക്കം.

അതേസമയം ദക്ഷിണകൊറിയയെ ബലിയാടാക്കി അമേരിക്കയുമായി വിലപേശാനാണ് ഉത്തര കൊറിയ ശ്രമിക്കുന്നതെന്ന് പ്രതിരോധരംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ആണവനിർവ്യാപന ചർച്ചകൾ പരാജയപ്പെട്ടതോടെ യുഎസ് ഏർപ്പെടുത്തിയിരിക്കുന്ന കർശന ഉപരോധം കോവിഡ് കാലത്ത് ഉത്തരകൊറിയയെ വലയ്ക്കുകയാണ്. ഉപരോധത്തിൽ ഇളവു നേടുകയെന്ന ലക്ഷ്യവും ദക്ഷിണ കൊറിയയ്ക്കെതിരായ ഭീഷണിക്കു പിന്നിലുണ്ടെന്നാണു വിലയിരുത്തൽ. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചൈനീസ് അതിർത്തി അടച്ചിട്ട് വാണിജ്യബന്ധം വിച്ഛേദിക്കേണ്ടിവന്നത് ഉത്തര കൊറിയൻ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയത്.


1910 മുതൽ ജപ്പാന്റെ കോളനി ആയിരുന്നു കൊറിയ. 35 വർഷം ജപ്പാൻ സൈന്യത്തിന്റെ തേർവാഴ്ചയായിരുന്നു കൊറിയയിൽ. അടിമത്തം കൊടികുത്തി വാണ നാളുകൾ. എന്നാൽ രണ്ടാം ലോക മഹായുദ്ധം ജപ്പാന്റെ അസ്ഥിവാരം തോണ്ടി. ആഗോള ശക്തികളായ യുഎസും സോവിയറ്റ് യൂണിയനും ജപ്പാനിൽ നിന്ന് കൊറിയ പിടിച്ചെടുത്തു. അക്ഷാംശ രേഖയെ അതിർത്തിയാക്കി ഇവർ കൊറിയയെ രണ്ടായി മുറിച്ചു. വടക്കൻ കൊറിയയിൽ സോവിയറ്റ് യൂണിയനും തെക്കൻ കൊറിയയിൽ അമേരിക്കയും കൊടി നാട്ടി. വടക്കൻ കൊറിയയിൽ അങ്ങനെ കമ്യൂണിസ്റ്റ് ഭരണമായി. തെക്കൻ കൊറിയ മുതലാളിത്തത്തോടും ചായ്വ് പുലർത്തി. മധ്യവർഗം തെക്കോട്ടു പലായനം ചെയ്തു. കർഷകരും തൊഴിലാളികളും വടക്കു തന്നെ നിലയുറപ്പിച്ചു.

ശീതയുദ്ധം കൊടുമ്പിരികൊണ്ടതോടെ കൊറിയൻ മണ്ണിൽ അമേരിക്കയും സോവിയറ്റ് യൂണിയനും കടിപിടികൂടി. ഒടുവിൽ 1950 ൽ അത് തുറന്ന യുദ്ധമായി മാറി. ഉത്തര കൊറിയയ്ക്കുവേണ്ടി സോവിയറ്റ് യൂണിയൻ പട്ടാളത്തെയിറക്കി. അമേരിക്ക ദക്ഷിണ കൊറിയയ്‌ക്കൊപ്പം ചേർന്നു. ചൈനയും ഉത്തര കൊറിയയ്‌ക്കൊപ്പം ചേർന്നതോടെ പൂർവ ഏഷ്യയാകെ യുദ്ധഭൂമിയായി മാറി. 20 ലക്ഷത്തിലേറെ പേരാണ് കൊറിയൻ യുദ്ധത്തിൽ കൊല്ലപ്പെട്ടത്. ഒടുവിൽ 1953 ൽ യുദ്ധം അവസാനിപ്പിച്ച് ഉടമ്പടി തയാറാക്കി. ഉത്തര കൊറിയ ഒപ്പുവച്ചെങ്കിലും ദക്ഷിണ കൊറിയ അംഗീകരിച്ചില്ല. അതായത്, സാങ്കേതികമായി കൊറിയകൾ തമ്മിൽ യുദ്ധം തുടരുകയായിരുന്നു.

അമേരിക്കൻ പ്രതിരോധവകുപ്പിന്റെ കണക്കനുസരിച്ച് 33686 അമേരിക്കൻ സൈനികർ യുദ്ധത്തിലും 2830 പേർ യുദ്ധക്കളത്തിനു പുറത്തും കൊല്ലപ്പെട്ടു. ചൈനീസ് പട്ടാളം ഇടപെട്ട 1950 നവംബർ ഒന്നിനു മുമ്പുവരെ 8516 അമേരിക്കൻ സൈനികർക്കാണു ജീവാപായം ഉണ്ടായത്. ബാക്കിയുള്ളവർ അതിനു ശേഷമാണ് കൊല്ലപ്പെട്ടത്. ദക്ഷിണകൊറിയയുടെ 137899 സൈനികരും 373599 നാട്ടുകാരും കൊല്ലപ്പെട്ടു. ചൈനയുടെ പീപ്പിൾ വൊളന്ററി ആർമിയിലെ നാലുലക്ഷത്തോളം പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. അഞ്ചുലക്ഷത്തിനടത്ത് ആളുകൾക്കു പരുക്കേറ്റു. കൊറിയൻ പീപ്പിൾസ് ആർമിയിൽ 215,000 പേർ കൊല്ലപ്പെടുകയും മൂന്നുലക്ഷത്തിലധികം പേർക്കു പരുക്കേൽക്കുകയും ചെയ്തു.

എന്നാൽ ചൈനീസ് കണക്കുകൾ പ്രകാരം പീപ്പിൾസ് വൊളന്ററി ആർമിയിലെ 1,14,000 പേർ മാത്രമാണു കൊല്ലപ്പെട്ടത്. അതേസമയം നാലുലക്ഷം അമേരിക്കൻ സൈനികരും ആറരലക്ഷത്തോളം ദക്ഷിണ കൊറിയൻ സൈനികരും മൂന്നു ലക്ഷത്തിനടുത്ത് യുഎൻ സൈനികരും യുദ്ധഭൂമിയിൽ കൊല്ലപ്പെട്ടുവെന്നാണ് ചൈന വ്യക്തമാക്കിയത്. ഇരുഭാഗത്തുമായി ഒരുകോടിയിലേറെ ആളുകൾ മരിച്ചുവീണുവെന്നാണ് യുദ്ധത്തെക്കുറിച്ചു പഠനം നടത്തിയവരുടെ വിലയിരുത്തൽ.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP