Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എട്ട് മാസമായിട്ടും യാതൊരു തെളിവുകളും ഹാജരാക്കാൻ കഴിയുന്നില്ല; അലനെ മാപ്പുസാക്ഷിയാക്കി എല്ലാം താഹയുടെ മേൽ ചാർത്താൻ എൻഐഎ; ചത്താലും സുഹൃത്തിനെ കൈവെടിയില്ലെന്ന് അലനും; ആകെയുള്ള തെളിവ് താഹയുടെ വീട്ടിൽ നിന്ന് പിടികൂടിയെന്ന് പറയുന്ന കുറച്ച് പോസ്റ്ററുകളും ലഘുലേഖകളും മാത്രം; പന്തീരങ്കാവ് മവോയിസ്റ്റ് കേസ് കേരളാ പൊലീസ് ഉണ്ടാക്കിയ കള്ളക്കഥയോ?

എട്ട് മാസമായിട്ടും യാതൊരു തെളിവുകളും ഹാജരാക്കാൻ കഴിയുന്നില്ല; അലനെ മാപ്പുസാക്ഷിയാക്കി എല്ലാം താഹയുടെ മേൽ ചാർത്താൻ എൻഐഎ; ചത്താലും സുഹൃത്തിനെ കൈവെടിയില്ലെന്ന് അലനും; ആകെയുള്ള തെളിവ് താഹയുടെ വീട്ടിൽ നിന്ന് പിടികൂടിയെന്ന് പറയുന്ന കുറച്ച് പോസ്റ്ററുകളും ലഘുലേഖകളും മാത്രം; പന്തീരങ്കാവ് മവോയിസ്റ്റ് കേസ് കേരളാ പൊലീസ് ഉണ്ടാക്കിയ കള്ളക്കഥയോ?

എം മാധവദാസ്

കോഴിക്കോട്: അലൻ ഷുഹൈബ്, താഹ ഫൈസൽ എന്നീ രണ്ട് വിദ്യാർത്ഥികൾ പ്രതിയായ പന്തീരങ്കാവ് യുഎപിഎ കേസിൽ പുതിയ തെളിവുകൾ യാതൊന്നും ഹാജരാക്കാൻ കഴിയാതെ എൻഐഎ ഇരുട്ടിൽ തപ്പുന്നു. താഹയുടെ വീട്ടിൽനിന്ന് പിടികൂടിയതെന്ന് പറയുന്ന കുറച്ച് പോസ്റ്ററുകളും ലഘുലേഖകളും മാത്രമാണ് ഇപ്പോഴും ഇവർക്കെതിരെ ആകെയുള്ള തെളിവെന്നാണ് ഈ കേസ് വിശദമായി പഠിക്കുന്ന മനുഷ്യാവകാശ പ്രവർത്തകർ പറയുന്നത്. ലഘുലേഖ കൈവശം വെച്ചതുകൊണ്ടോ ഒരു ആശയത്തിൽ വിശ്വസിച്ചതുകൊണ്ടോ ആരെയും പ്രതിയാക്കാൻ കഴിയില്ല. അങ്ങനെ ചെയ്യരുതെന്ന് സുപ്രീംകോടതിയുടെ ഉത്തരവുമുണ്ട്. ഒരു ആക്ഷനിലൊക്കെ പങ്കെടുത്തിരുന്നെങ്കിലോ അല്ലെങ്കിൽ അതിന്റെ ഗൂഢാലോചനയിൽ പങ്കാളിയായാലോ ഒക്കെയാണ് ആരെയായാലും കുറ്റക്കാരൻ ആക്കാനാകൂ. ഇതിനായി എൻഐഎ പറയുന്നത് ഒളിവിൽ കഴിയുന്ന ഉസ്മാൻ എന്ന മാവോയിസ്റ്റുമായി ഇവർ ബന്ധപ്പെട്ടിരുന്നുവെന്നാണ്. ഇതിനാണ് തെളിവുകൾ കിട്ടാത്തത്. ഇവർ മൂന്ന് പേരും ചേർന്ന് ഒരു ആക്ഷനിലോ ചർച്ചയിലോ പങ്കെടുത്തായി തെളിയിക്കാൻ എൻഐക്ക് കഴിയുന്നില്ല. അതുകൊണ്ടുതന്നെ ഇപ്പോൾ അലനെ മാപ്പുസാക്ഷിയാക്കി മാറ്റി എല്ലാം താഹയുടെ തലയിൽ ഇടാനുള്ള നീക്കമാണ് അധികൃതർ നടത്തുന്നത്. എന്നാൽ ചത്താലും സുഹൃത്തിനെ കൈവെടിയില്ലെന്ന ഉറച്ച നിലപാടാണ് അലൻ എടുത്തിട്ടുള്ളത്.

പന്തീരങ്കാവ് യുഎപിഎ കേസിൽ തുടക്കം മുതൽ തന്നെ എഴുത്തുകാരും മനുഷ്യവകാശ പ്രവർത്തകരും ഒരുപോലെ സംശയം പ്രകടിപ്പിച്ചിരുന്നത് ശരിവെക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ അരങ്ങേറുന്നത്. 'കേരളാപൊലീസിന് പ്രതിഛായ വർധിപ്പിക്കാനും നേരത്തെയുണ്ടായ മവോയിസ്റ്റ് ഏറ്റുമുട്ടലിന് ഒരു ന്യായീകരണം നൽകാനുമാണ് ഈ കേസ് ഉണ്ടായതെന്ന് ഞങ്ങൾ നേരത്തെ ആരോപിച്ചിരുന്നു. ഇപ്പോൾ കേസ എൻഐഎക്ക് ടിട്ടിട്ടും വ്യക്തമായ യാതൊരു തെളിവും നൽകാൻ കഴിയുന്നില്ല. ഇരുപതു വയസ്സുമാത്രം പ്രായമുള്ള രണ്ട് ചെറുപ്പക്കാരുടെ ജീവതം തുലഞ്ഞുവെന്ന് ചുരുക്കും'- മനുഷ്യാവകാശ പ്രവർത്തകനും എഴുത്തുകാരനുമായ അഡ്വ. ആഷ്ലി ചൂണ്ടിക്കാട്ടുന്നു.

കേസിൽ തന്നെ മാപ്പുസാക്ഷിയാക്കാൻ ശ്രമം നടക്കുന്നതായി കേസിലെ ഒന്നാം പ്രതി അലൻ ഷുഹൈബ് എൻഐഎ കോടതിക്ക് മുന്നിൽ വെളിപ്പെടുത്തിയിരിരുന്നു. കൂട്ടുപ്രതിയായ താഹ ഫസലിനെതിരെ മൊഴി നൽകാനാണ് സമ്മർദ്ദമെന്നും എന്നാൽ താനതിന് തയ്യാറല്ലെന്നുമാണ് അലൻ ദിവസങ്ങൾക്ക് മുമ്പ് വീഡിയോ കോൺഫറൻസിലൂടെ കോടതിയോട് പറഞ്ഞത്. ലോക്ക്ഡൗൺ കാലത്ത് വക്കീലിനെ കാണാനും മാതാപിതാക്കൾക്ക് സന്ദർശിക്കാനുള്ള സൗകര്യത്തിന് ഇരുവരെയും കാക്കനാട് ജയിലിലേക്ക് മാറ്റാൻ കോടതി അനുവദിച്ചിരുന്നു. എന്നാൽ അവിടെ ചില പ്രശ്നങ്ങളുണ്ടെന്നും തിരികെ വിയ്യൂരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അലനും താഹയും എൻഐഎ കോടതിയിൽ അപേക്ഷ നൽകുകയായിരുന്നു. വീഡിയോ കോൺഫറൻസിലൂടെ കോടതി ഈ ആവശ്യം കേൾക്കുന്നതിനിടെയാണ് മാപ്പു സാക്ഷിയാകാൻ സമ്മർദ്ദമുണ്ടെന്ന് അലൻ പറഞ്ഞത്.

കേസിൽ പരാജയം ഉറപ്പായ എൻഐഎ ഒരാളെ മാപ്പ് സാക്ഷിയാക്കി കേസ് ദുർബലപ്പെടുന്നത് ഒഴിവാക്കാൻ ശ്രമിക്കുകയാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.2019 നവംബർ ഒന്നിന് അറസ്റ്റ് ചെയ്ത ഇരുവരെയും കുറ്റക്കാരാണെന്ന് വിധിക്കാനുള്ള തെളിവുകളൊന്നും ഹാജരാക്കാൻ എൻഐഎക്ക് എട്ട് മാസമായിട്ടും സാധിച്ചിട്ടില്ലെന്നാണ് പ്രതികളാക്കപ്പെട്ടവരുടെ അഭിഭാഷകർ പറയുന്നത്. ഈ സാഹചര്യത്തിൽ ഒരാളെ മാപ്പ് സാക്ഷിയാക്കി ആ സാക്ഷി മൊഴിയുടെ ബലത്തിൽ കേസ് മുമ്പോട്ട് കൊണ്ടുപോകാനാണ് എൻഐഎയുടെ ശ്രമം എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

അലന്റെ പിതാവ് ഷുഹൈബ് പറഞ്ഞത്, ഒരാളെ മാപ്പ് സാക്ഷിയാക്കാൻ ശ്രമം നടക്കുന്നതായി ഏറെ നാളായി കേൾക്കുന്നുവെന്നാണ്. 'എന്നാൽ കേസിന്റെ കാര്യത്തിൽ യാതൊന്നും അറിയില്ല. രണ്ട് മൂന്ന് മാസമായി കാണാനും സാധിക്കുന്നില്ല. സുരക്ഷ പ്രശ്നവും ലോക്ഡൗൺ മൂലം ഞങ്ങൾക്ക് യാത്ര ചെയ്യാനാകാത്തതുമാണ് അതിന് കാരണം. ലോക്ഡൗൺ നിയന്ത്രണങ്ങളെല്ലാം ഇപ്പോൾ മാത്രമല്ലേ നീങ്ങിയത്. അവിടെ നിന്നും എന്തെങ്കിലും അറിയിപ്പ് ലഭിച്ചാൽ മാത്രമേ ജയിലിൽ പോയി കാണുന്ന കാര്യം ഇനി തീരുമാനിക്കാനാകൂ. മാപ്പുസാക്ഷിയാകാൻ എൻഐഎ സമ്മർദ്ദം ചെലുത്തുന്നുവെന്ന വാർത്ത പത്രങ്ങളിലൂടെ മാത്രമാണ് അറിഞ്ഞത്. യഥാർത്ഥത്തിൽ ഈ കേസ് ദുർബലമാണ്. ഏതെങ്കിലും ഒരാളെ മാപ്പ് സാക്ഷിയാക്കാൻ ശ്രമിക്കുന്നുവെന്ന് കുറെ നാളായി പറഞ്ഞുകേൾക്കുന്നത് അതിനാലാണ്. എന്നാൽ ഇതെവിടെ നിന്നാണ് വരുന്നതെന്ന് അറിയില്ല. ഒരു ആക്ഷനിലൊക്കെ പങ്കെടുത്തിരുന്നെങ്കിൽ മാത്രമല്ലേ ആരെയായാലും കുറ്റക്കാരൻ ആക്കാനാകൂ. ഒളിവിൽ കഴിയുന്ന ഉസ്മാൻ എന്നയാളാണ് ഇവരുമായി ബന്ധപ്പെട്ടിട്ടുള്ളത് എന്നാണ് പരയുന്നത്. ഇവർ മൂന്ന് പേരും ചേർന്ന് ഒരു ആക്ഷനിലും പങ്കെടുത്തിട്ടില്ല. എന്നിട്ടും ഉസ്മാനെ കേസിലെ ഒന്നാം പ്രതിയാക്കിയിട്ടില്ല. താഹയുടെ വീട്ടിൽ നിന്നും പോസ്റ്ററുകളും ബാനറുകളും മറ്റ് രേഖകളുമെല്ലാം പിടിച്ചെടുത്തിട്ടുണ്ട് എന്നാണ് പറയുന്നത്. അലന്റെ വീട്ടിൽ നിന്നോ കയ്യിൽ നിന്നോ യാതൊരു രേഖകളും പിടിച്ചെടുത്തിട്ടില്ല. പക്ഷെ അലനെ ഒന്നാം പ്രതിയാക്കിയിരിക്കുന്നു. താഹ രണ്ടാം പ്രതിയുമാണ്. കേസിൽ തന്നെ ഈ രീതിയിലൊക്കെയുള്ള പ്രശ്നങ്ങൾ ഉണ്ട്. ഇത് ആർക്ക് ഗുണം ചെയ്യുമെന്നോ എന്താകുമെന്നോ അറിയില്ല. കേസ് പരാജയപ്പെടുകയാണെങ്കിൽ ഒരാളെ മാപ്പ് സാക്ഷിയാക്കുന്നത് എന്തിനാണ്. അലൻ ഏത് സാഹചര്യത്തിലാണ് കോടതിയിൽ ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ലെ'ന്നും ഷുഹൈബ് പറയുന്നു.

എന്നാൽ അലനെ കേസിൽ മാപ്പ് സാക്ഷിയാക്കാൻ ശ്രമം നടക്കുന്നവെന്ന സൂചനയുണ്ടായിരുന്നുവെന്നാണ് താഹ ഫസലിന്റെ ബന്ധു ഹസീന പറയുന്നത്. 'എട്ട് മാസമായിട്ടും യാതൊരു തെളിവുകളും ശേഖരിക്കാനോ ഹാജരാക്കാനോ എൻഐഎയ്ക്ക് സാധിക്കാത്തതിനാലാണ് അവരിപ്പോൾ അലനെ മാപ്പ് സാക്ഷിയാക്കി കേസ് അവസാനിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് ഞാൻ സംശയിക്കുന്നത്. അവർ എഴുതിയ തിരക്കഥയ്ക്ക് അനുസരിച്ചുള്ള കേസ് തെളിവുകളൊന്നും ഇല്ലങ്കിലും ഒരു സാക്ഷിയെ കിട്ടിയാൽ വിജയിപ്പിക്കാൻ ആകുമല്ലോ. അവരെഴുതി ഉണ്ടാക്കിയ സംഭവങ്ങൾക്കെല്ലാം ഒരാൾ സാക്ഷിയാണെന്ന് പറയുമ്പോൾ വേറെ തെളിവുകളുടെ ആവശ്യമുണ്ടാകില്ല എന്നാകും കരുതുന്നത്', -ഹസീന പറയുന്നു.

അതേസമയം താഹക്കെതിരെ മൊഴി നൽകി മാപ്പ് സാക്ഷിയാകാൻ എൻഐഎ സമ്മർദ്ദം ചെലുത്തുന്നു എന്നല്ല, പല കോണുകളിൽ നിന്നും തനിക്ക് അതിനുള്ള സമ്മർദ്ദമുണ്ടെന്ന അർത്ഥത്തിലാണ് അലൻ അങ്ങനെ പറഞ്ഞതെന്ന് ഹൈക്കോടതിയിൽ താഹയ്ക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകൻ അഡ്വ. കെ.എസ് മധുസൂദനൻ പറയുന്നു. 'എന്നാൽ താൻ അതിന് തയ്യാറല്ലെന്നാണ് അലൻ കോടതിയോട് പറഞ്ഞത്. അലൻ അതിന് തയ്യാറായാൽ മാത്രമേ മാപ്പ് സാക്ഷിയാക്കാനുള്ള നടപടി സ്വീകരിക്കൂവെന്ന് എൻഐഎയുടെ കൗൺസിലർ വ്യക്തമാക്കിയിട്ടുണ്ട്. താൻ മാനസികമായി വളരെ തളർന്നിരിക്കുകയാണെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്. കാക്കനാട് ജയിലിൽ ഇവർ വെള്ള ബനിയൻ ഇട്ടത് അധികൃതർ അനുവദിച്ചിരുന്നില്ല. അതിനെതിരെ ഇവർ പ്രതിഷേധിച്ചപ്പോൾ ലോക്ക് മുറിയിലാക്കുകയായിരുന്നു. ഈ വിവരം ജയിലിലെ മറ്റ് പ്രതികൾ തങ്ങളെ അറിയിച്ചതോടെയാണ് ഇന്നലെ പരാതി കൊടുക്കുകയും കോടതി പെട്ടെന്ന് തന്നെ ഹാജരാക്കാൻ ആവശ്യപ്പെട്ടതുമെന്ന് അഡ്വ. മധുസൂദനൻ വ്യക്തമാക്കി. അവരുടെ മൊഴി രേഖപ്പെടുത്തിയ കോടതി അവർ അനുഭവിക്കുന്ന പീഡനത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ദുർബലമായ കേസ് ആയതുകൊണ്ടാണ് എൻഐഎ അലനെ മാപ്പ് സാക്ഷിയാക്കാൻ ശ്രമിക്കുന്നതെന്ന് നമുക്ക് ഒരു വാദത്തിന് വേണ്ടി ജനറലായി പറയാം. എൻഐഎയുടെ ഒരു സ്ഥിരം തന്ത്രമാണ് അത്. എൻഐഎ കേസുകളുടെ അടിത്തറ ഇത്തരം മാപ്പ് സാക്ഷികളെ സൃഷ്ടിക്കലാണ്. രാജ്യത്തെ പല എൻഐഎ കേസുകളും പരിശോധിച്ചാൽ നമുക്ക് അത് കാണാൻ കഴിയും. കേരളത്തിൽ നടന്ന മുഴുവൻ കേസുകളും അങ്ങനെയായിരുന്നു. മാപ്പ് സാക്ഷിയുടെ മൊഴിക്കനുസരിച്ച് അവർ കേസ് പിന്നീട് കെട്ടിപ്പൊക്കുകയാണ് ചെയ്യുന്നത്. ഈ കേസിൽ പക്ഷെ പല ഭാഗങ്ങളിൽ നിന്നും സമ്മർദ്ദം ചെലുത്തിയിട്ടും അലൻ അതിന് തയ്യാറായിട്ടില്ല. എന്തായാലും ദുർബലമായ കേസെന്ന് പറയാമെങ്കിലും കേസിന് കുറെക്കൂടി കരുത്തേകാൻ എൻഐഎ ആഗ്രഹിക്കുന്നുണ്ട'ന്നും അഡ്വ. മധുസൂദനൻ ചൂണ്ടിക്കാട്ടുന്നു.

സിപിഎം നേരിടുന്നത് വൻ പ്രതിസന്ധി

കേസിൽ പുതിയ തെളിവുകൾ ഒന്നുമില്ലെന്ന വാർത്തകൾ പുറത്തുവരുന്നതോടെ സിപിഎമ്മും നേരിടുന്നത് വൻ പ്രതിസന്ധിയാണ്. പാർട്ടി അംഗങ്ങളായ രണ്ടു ചെറുപ്പക്കാരെ യാതൊരു കാരണവും ഇല്ലാതെ എൻഐക്ക് എറിഞ്ഞുകൊടുത്തു എന്ന ഗുരുതരമായ ആരോപണത്തിനാണ് അവർ മറുപടി പറയേണ്ടി വരിക. നേരത്തെ നാട്ടുകാരും പാർട്ടി പ്രവർത്തകരും ഒറ്റക്കെട്ടായി അലന്റെയും താഹയുടെയും കൂടുംബത്തിന് പിന്നിൽ ഉറച്ചു നിൽക്കയായിരുന്നു. എന്നാൽ പൊലീസിനെ വിശ്വസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉറച്ച നിലപാട് എടുത്തതോടെയാണ് പാർട്ടിയും നിലപാട് മാറ്റിയത്. ഒടുവിൽ ഈ ചെറുപ്പക്കാരെ സിപിഎമ്മിൽനിന്ന് പുറത്താക്കുകയായിരുന്നു. ''അവർ മാവോയിസ്റ്റുകൾ തന്നെ. അങ്ങനെയുള്ളവർക്കു സിപിഎമ്മിൽ സ്ഥാനമില്ല'' എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്.കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി എടുത്ത അച്ചടക്ക നടപടി ജില്ലാ കമ്മിറ്റി അംഗീകരിച്ചു സംസ്ഥാന കമ്മിറ്റിയിൽ അറിയിക്കുകയായിരുന്നു. അലനെയും താഹയെയും സംരക്ഷിക്കുമെന്നും അവർക്കു പറയാനുള്ളതു കേൾക്കാതെ അച്ചടക്ക നടപടി സ്വീകരിക്കില്ലെന്നും നേരത്തെ ജില്ലാ സെക്രട്ടറി പി.മോഹനൻ പറഞ്ഞിരുന്നത്.

അതേസമയം ഉറച്ച പാർട്ടിക്കാർ അയിരുന്ന അലന്റെയും താഹയുടെയും കുടുംബം ഇത് അംഗീകരിക്കുന്നില്ല. തന്റെ മകനു പറയാനുള്ളതു കേൾക്കാതെയാണു പാർട്ടി നടപടിയെടുത്തതെന്നു താഹയുടെ അമ്മ ജമീല പ്രതികരിച്ചത്. 'ഇങ്ങനെയൊരു നടപടി വീട്ടുകാരെയും അറിയിച്ചിട്ടില്ല. ഇന്നു രാവിലെയും പാർട്ടി നേതാക്കളെ കണ്ടിരുന്നു. അവരാരും ഒന്നും പറഞ്ഞില്ല. ഏറെ വിഷമമുണ്ട്. ചെറുപ്പം മുതൽ കുട്ടികൾ വിശ്വസിച്ച പാർട്ടിയാണ് ഇപ്പോൾ പിന്നിൽനിന്ന് കുത്തിയത്'- പുറത്താക്കൽ വാർത്ത അറിഞ്ഞപ്പോൾ താഹയുടെ മാതാവ് ജമീലയുടെ പ്രതികരണം അങ്ങനെയായിരുന്നു.

അലന്റെ മാതൃസഹോദരിയും നടിയുമായ സജിത മഠത്തിൽ അടക്കമുള്ള നിരവധിപേർ അന്യായമായ അറസ്ററിനും പുറത്താക്കലിനും എതിരെ രംഗത്ത് എത്തിയിരുന്നു. പ്രതികരണ ശേഷിയുള്ള യുവാക്കളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നതെന്ന രൂക്ഷമായ വിമർശനമാണ് ഇടത് സഹയാത്രിക കൂടിയായ സജിത മഠത്തിൽ ഉയർത്തിയത്. ' നമുക്ക് ആരെ വേണമെങ്കിലും തീവ്രവാദിയായിട്ട് ആരോപിക്കാം. വളരെ എളുപ്പമാണ്. ഞാൻ എന്റെ 20 വയസിൽ ഏറ്റവും അധികം ഇടപെട്ടിട്ടുണ്ടാകുക ഒരുപക്ഷെ അന്നത്തെ എക്‌സ്ട്രീം ലെഫ്റ്റായിട്ടുള്ള ആളുകളുമായിട്ടാണ്. അന്ന് യു.എ.പി.എ ഉണ്ടെങ്കിൽ എന്നേയും പൊലീസിന് അറസ്റ്റ് ചെയ്യാം. ഇവിടെയുള്ള പുസ്തകങ്ങളെ പോലെയുള്ള കുറെ പുസ്തകങ്ങൾ അന്ന് ഞാനും അനിയത്തിയും ഉള്ള കാലത്തുമുണ്ട്.ആ പുസ്തകങ്ങളൊക്കെ കണ്ടുകെട്ടാം. അതൊക്കെ ചെയ്യാമായിരുന്നു. പക്ഷെ ആ യാത്രകളൊക്കെ കഴിഞ്ഞിട്ട് തന്നെയാണ്, ആ യാത്രകൾ തന്നിട്ടുള്ള പെർസ്‌പെക്ടീവാണ് ഇന്നത്തെ സജിതയെ ഉണ്ടാക്കിയത് എന്നാണ് ഞാൻ വിചാരിക്കുന്നത്. അന്ന് ഞങ്ങൾക്ക് ചെയ്യാൻ പറ്റിയ കാര്യം ഇന്ന് ഇത്രയും കാലം കഴിഞ്ഞിട്ട് കുറെക്കൂടി റെസ്ട്രിക്ടഡാകുകയാണ് ചെയ്തത്.

അപ്പോൾ ഞങ്ങൾ ജീവിച്ചൊരു ജീവിതമുണ്ടല്ലോ അതിനെന്തെങ്കിലും കുഴപ്പമുണ്ടോ എന്നെനിക്ക് ഇപ്പോൾ തോന്നുകയാണ്. അതുകൊണ്ടാണല്ലോ ഞങ്ങൾ ഞങ്ങളുടെ കുട്ടികളെ ഇങ്ങനെ വളർത്തിയത്. അങ്ങനെ റാഡിക്കലായിട്ടുള്ള മനുഷ്യർ, ജീവിതാവസ്ഥകൾ സമൂഹത്തിന് വേണ്ടേ. സത്യായിട്ടും പേടി തോന്നാണ്. കാരണം നമുക്കിങ്ങനെ അല്ലാതെ ജീവിക്കാനറിയില്ല. നമ്മളെ ഇങ്ങനെയാണ് വളർത്തിയത്. അമ്പലത്തിലൊന്നും വിട്ടിട്ടില്ല നമ്മളെ വളർത്തിയത്. പള്ളികളിൽ വിട്ടിട്ടില്ല ഞങ്ങൾ ഞങ്ങളുടെ കുട്ടികളെ വളർത്തുന്നത്. ക്രിസ്ത്യനും മുസ്ലീമും ഹിന്ദുവുമൊക്കെയുള്ള വീടാണിത്. അവരങ്ങനെയൊന്നും ആലോചിക്കുന്നു പോലുമുണ്ടാവില്ല. അവർ അതിനെക്കുറിച്ച് ബോദർ ചെയ്യുന്നുപോലുമുണ്ടാവില്ല.'- സജിത ചൂണ്ടിക്കാട്ടി.

അലനും താഹക്കുമെതിരായ നടപടിയിൽ പ്രതിഷേധിച്ച് പന്തീരങ്കാവ് മേഖലയിൽനിന്ന് നിരവധിപേർ സിപിഎമ്മിൽനിന്ന് രാജിവെച്ചിരുന്നു. ഇനി ഇവർ നിരപരാധികൾ ആണെന്ന് തെളിയുകയാണെങ്കിൽ പ്രവർത്തകരോട് മറുപടി പറയാൻ പാർട്ടി നേതൃത്വം ഏറെ പാടുപെടും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP