Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'അവൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല, മരണത്തിന് പിന്നിൽ ഗൂഢാലോചന; പൊലീസ് വിശദമായ അന്വേഷണം നടത്തണം'; സുശാന്ത് സിങ് രജ്പുതിന്റെ മരണം കൊലപാതകമെന്ന ആരോപണവുമായി കുടുംബം; താരത്തിന്റെ മുറിയിൽ നിന്ന് വിഷാദരോഗത്തിനുള്ള മരുന്നുകൾ പൊലീസ് കണ്ടെത്തിയതിൽ സംശയിക്കത്തക്ക എന്തോ ഉണ്ടെന്ന് ആത്മമിത്രം സൂര്യ ദ്വിവേദിയും; ബോളിവുഡ് താരത്തിന്റെ മരണത്തിൽ നിറയുന്നത് അടിമുടി ദുരൂഹത; മുൻ മാനേജർ ദിഷയുമായുള്ള സാമ്പത്തിക ഇടപാടുകളും പൊലീസ് അന്വേഷിക്കുന്നു

'അവൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല, മരണത്തിന് പിന്നിൽ ഗൂഢാലോചന; പൊലീസ് വിശദമായ അന്വേഷണം നടത്തണം'; സുശാന്ത് സിങ് രജ്പുതിന്റെ മരണം കൊലപാതകമെന്ന ആരോപണവുമായി കുടുംബം; താരത്തിന്റെ മുറിയിൽ നിന്ന് വിഷാദരോഗത്തിനുള്ള മരുന്നുകൾ പൊലീസ് കണ്ടെത്തിയതിൽ സംശയിക്കത്തക്ക എന്തോ ഉണ്ടെന്ന് ആത്മമിത്രം സൂര്യ ദ്വിവേദിയും; ബോളിവുഡ് താരത്തിന്റെ മരണത്തിൽ നിറയുന്നത് അടിമുടി ദുരൂഹത; മുൻ മാനേജർ ദിഷയുമായുള്ള സാമ്പത്തിക ഇടപാടുകളും പൊലീസ് അന്വേഷിക്കുന്നു

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുതിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത നിറയുന്നു. വിഷാദ രോഗം മൂലമുള്ള ആത്മഹത്യയാണ് നടന്റേതെന്ന് പൊലീസ് വിശദീകരിക്കുമ്പോഴും മരണത്തിൽ ഗൂഢാലോചന ഉണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇക്കാര്യ സുശാന്തിന്റെ അമ്മാവൻ തുറന്നു പറഞ്ഞു. സുശാന്ത് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം പറയുന്നത്. മരണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു. സുശാന്തുകൊല്ലപ്പെട്ടതാണെന്നും സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തണമെന്നും സുശാന്തിന്റെ അമ്മാവൻ വാർത്താ ഏജൻസിയായ എ.എൻ.ഐ.യോട് പറഞ്ഞു.

സുശാന്തിന്റെ മരണം കൊലപാതകമാണെന്നും നടൻ ആത്മഹത്യ ചെയ്യില്ലെന്നും ജൻഅധികാർ പാർട്ടി നേതാവ് പപ്പു യാദവും പ്രതികരിച്ചു. സംഭവത്തിൽ സിബിഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുശാന്ത് സിങ് രാജ്പുത്തിന്റെ പട്നയിലെ വീട്ടിൽ കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ മുംബൈയിലെ ബാന്ദ്രയിലെ വസതിയിൽ താരത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിഷാദരോഗമാണ് സുശാന്തിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ സുശാന്ത് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. മരണത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

അതേസമയം സുശാന്ത് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ആത്മാർത്ഥ സുഹൃത്തും പ്രശസ്ത ഭോജ്പുരി നടനുമായ സൂര്യ ദ്വിവേദിയും പ്രതികരിച്ചു. സിനിമയിലെ തുടക്കകാലത്ത് ഇരുവരും ഒരുമിച്ചായിരുന്നു താമസം. ദൈവവിശ്വാസിയും ശുഭാപ്തി വിശ്വാസവും ഉള്ള വ്യക്തിത്വമായിരുന്നു സുശാന്തിന്റേത്. അദ്ദേഹത്തിന് ആത്മഹത്യ ചെയ്യാനാവില്ല. അമ്മയുമായി വളരെ അടുപ്പമുള്ള സ്വഭാവമായിരുന്നു സുശാന്തിന്റേതെന്നും സൂര്യ ദ്വിവേദി പ്രതികരിച്ചു.

ജൂൺ 13 ന് രാത്രിയിൽ സുശാന്ത് വീട്ടിൽ പാർട്ടി നടത്തിയിരുന്നു. അന്ന് അദ്ദേഹം വളരെ സന്തോഷവാനായിരുന്നു. സുശാന്തിന് ഡിപ്രഷനായിരുന്നുവെന്നും അതിന് ചികിത്സ തേടിയിരുന്നുവെന്നുമുള്ള പ്രചാരണം സൂര്യ ദ്വിവേദി തള്ളിക്കളഞ്ഞു. 'അവന് വിഷാദം ഉണ്ടായിരുന്നുവെന്ന് താൻ വിശ്വസിക്കുന്നില്ല. ശുഭാപ്തി വിശ്വാസമുള്ള പോരാളിയായിരുന്നു അവൻ. അവന്റെ മുറിയിൽ നിന്ന് വിഷാദരോഗത്തിനുള്ള മരുന്നുകൾ പൊലീസ് കണ്ടെത്തിയതിൽ സംശയിക്കത്തക്ക എന്തോ ഉണ്ട്' എന്നും സൂര്യ ദ്വിവേദി പ്രതികരിച്ചു. വിഷാദവും സുശാന്തും വിരുദ്ധ ധ്രുവങ്ങളാണെന്നും സൂര്യ കൂട്ടിച്ചേർത്തു.

അതേസമയം സുശാന്തിന്റെ മുൻ മാനേജർ ദിഷ സാലിയന്റെയും മരണത്തിന് പിന്നാലെയാണ് സുശാന്തിന്റെ മരണവും സംഭവിക്കുന്നത് എന്നതു തന്നയാണ് ദുരൂഹത വർദ്ധിപ്പിക്കുന്ന പ്രധാനപ്പെട്ട കാര്യം. ഇരുവരും മരിക്കുന്നതിന്റെ തൊട്ടുമുൻപ് നിശാപാർട്ടികളും നടന്നിരുന്നു. ഈ പാർട്ടികളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ദിഷ മരിക്കുന്ന ദിവസവും സമാനമായൊരു പാർട്ടി നടന്നിരുന്നു. ഈ പാർട്ടിക്ക് ശേഷമാണ് അവർ ആത്മഹത്യ ചെയ്തത്. ഈ സംഭവത്തിൽ എന്താണ് ഉണ്ടായതെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. മാതാപിതാക്കൾക്കൊപ്പം ദാദറിലായിരുന്നു ദിഷ സാലിയന്റെ താമസം. തിങ്കളാഴ്ച ദിഷ ചില സുഹൃത്തുക്കളോടൊപ്പം മലാദിലെത്തി. മലാദ് വെസ്റ്റിലെ ജങ്കല്യൻ നഗറിലെ നടൻ രോഹൻ റായിയുടെ ഫ്‌ളാറ്റിലാണ് എല്ലാവരും അത്താഴത്തിനായി ഒത്തുകൂടിയത്. അത്താഴത്തിന് ശേഷം ഇവർ മദ്യപിച്ചു. തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ദിഷ അപ്പാർട്ട്‌മെന്റിന്റെ ജനാലയിലേക്ക് നടന്നു, ശേഷം പതിനാലു നില കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി മരിച്ചു.

പുലർച്ചെ 2.25നാണ് സംഭവത്തെക്കുറിച്ച് പൊലീസ് വിവരം അറിയുന്നത്. പൊലീസ് എത്തിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന ദിഷയെയാണ് കണ്ടത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മരണത്തിൽ മുംബൈ മൽവാനി പൊലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. ദിഷ ജീവനൊടുക്കി അഞ്ചുദിവസം പിന്നിടുമ്പോഴാണ് സുശാന്തും മരിച്ചത്. സുശാന്തിന്റെ മുംബൈ ബാന്ദ്രയിലെ വസതിയിലും ഇന്നലെയൊരു പാർട്ടി നടന്നിരുന്നു. സുശാന്തും അടുത്ത സുഹൃത്തുക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. പാർട്ടി രാത്രി വൈകിയും ഏറെ സമയം നീണ്ടു നിന്നിരുന്നു. പാർട്ടിക്ക് ശേഷം ഏറെ വൈകിയാണ് സുശാന്ത് മുറിയിലേക്ക് ഉറങ്ങാൻ പോയത്. ഇന്നലെ ഉച്ചയോടെ സുശാന്തിന്റെ മുറിയുടെ വാതിലിൽ തട്ടി വിളിച്ചിട്ടും വിവരമൊന്നുമില്ലാതായതോടെ ജോലിക്കാരൻ വീട്ടിലുണ്ടായിരുന്ന സുഹൃത്തുക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ബലംപ്രയോഗിച്ച് വാതിൽ തുറന്നപ്പോഴാണ് സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മുറിയിൽനിന്ന് പ്രതികരണമൊന്നും ലഭിക്കാത്തതിനാൽ വാതിൽ ചവിട്ടിപ്പൊളിച്ചാണ് വീട്ടുജോലിക്കാരും സുഹൃത്തുക്കളും അകത്തുകടന്നത്. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്ത് എത്തിയപ്പോൾ സുഹൃത്തുക്കളടക്കം വീട്ടിലുണ്ടായിരുന്നു. വീട്ടിൽനിന്ന് സുശാന്ത് വിഷാദരോഗത്തിന് ചികിത്സ തേടിയതിന്റെ മെഡിക്കൽ രേഖകൾ പൊലീസിന് ലഭിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നു. രണ്ട് പേരും ഒരാഴ്‌ച്ച പോലും ഇടവേളയില്ലാതെ മരിച്ച സംഭവത്തിലെ ദുരൂഹത നീക്കുക എന്നത് പൊലീസിനെ സംബന്ധിച്ചു ഏറെ പ്രധാനപ്പെട്ട കാര്യമാണ്. സംഭവത്തിൽ ഇരുവരും തമ്മിലുള്ള ബന്ധവും സാമ്പത്തിക ഇടപാടും സംബന്ധിച്ചുള്ള വിവരങ്ങളും പൊലീസ് അന്വേഷിക്കാൻ ഒരുങ്ങുകയാണ്.

കഴിഞ്ഞ ആറ് മാസമായി സുശാന്ത് സിങ് രാജ്പുത് കടുത്ത വിഷാദത്തിലായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥരും പറഞ്ഞു. സംഭവം ആത്മഹത്യ തന്നെയാണെന്നാണ് പൊലീസ് നൽകുന്ന വിവരം. മുംബൈ ലോക്കൽ പൊലീസാണ് നിലവിൽ കേസെടുത്ത് അന്വേഷണം നടത്തുന്നത്. സുഷാന്ത് സിങ്ങ് രജ്പുതിന്റെ മരണവാർത്ത ഞെട്ടലോടെയാണ് ബോളിവുഡ് സിനിമാലോകം കേട്ടത്. സുഷാന്ത് ജീവനൊടുക്കിയെന്ന് വിശ്വാസിക്കാൻ തന്നെ പലർക്കും സാധിക്കുന്നില്ല. ബാന്ദ്രയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ബിഗ് സ്‌ക്രീനിൽ അവഗണിക്കാനാകാത്ത സാന്നിധ്യമായി ഉയർന്ന നടനാണ് സുശാന്ത് സിങ് രജ്പുത്. ഞായറാഴ്ച രാത്രി 11.30 ഓടെ സുശാന്തിന്റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി. തൂങ്ങിമരണം തന്നെയാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. വിശദമായ പരിശോധന റിപ്പോർട്ട് പുറത്തുവരുന്നതോടെ മരണത്തിൽ വ്യക്തത വരുമെന്നാണ് പൊലീസ് പറയുന്നത്.

ബോളിവുഡിനെ ഞെട്ടിച്ചാണ് സുശാന്ത് സിങ് രാജ്പുതിന്റെ മരണവാർത്തയെത്തുന്നത്. 34കാരനായ താരത്തെ ഇന്നാണ് മുംബൈ ബാന്ദ്രയിലെ ഫ്‌ളാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് നിഗമനം. പത്തിലേറെ ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2013ൽ പുറത്തിറങ്ങിയ കായ് പോ ചേയിലൂടെയാണ് അഭിനയജീവിതം ആരംഭിച്ചത്. 1986ൽ ബിഹാറിലെ പാട്‌നയിലാണ് സുശാന്ത് ജനിച്ചത്. ടെലിവിഷൻ സീരിയലുകളിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് താരം എം എസ് ധോണിയുടെ ജീവിതകഥ പറഞ്ഞ 'എംഎസ് ധോണി ദി അൺടോൾഡ് സ്റ്റോറി', പികെ, ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി, കേദാർനാഥ്, ചിച്ചോറെ എന്നിവയാണ് പ്രധാന സിനിമകൾ. കഴിഞ്ഞ വർഷം പുറത്തെത്തിയ ഡ്രൈവ് ആണ് അവസാന ചിത്രം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP