Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നാല് ആരോഗ്യപ്രവർത്തകർക്ക് കൂടി കോവിഡ് ബാധിച്ചതോടെ ചാവക്കാട് അതീവ ജാഗ്രത; താലൂക്ക് ആശുപത്രി പൂർണമായി അടച്ചു; തൃശൂരിൽ ഇതുവരെ രോഗം ബാധിച്ച ആരോഗ്യപ്രവർത്തകർ 24 ആയി; ഞായറാഴ്ച സുഖമില്ലാതായത് താലൂക്ക് ആശുപത്രിയിലെ രണ്ടുനഴ്‌സുമാർക്കും ക്ലാർക്കിനും പിആർഒയ്ക്കും; മുൻകരുതലായി കൊടുങ്ങല്ലൂർ ആശുപത്രി കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റി; തിരുവനന്തപുരത്ത് ആശാവർക്കർക്ക് കോവിഡ്

നാല് ആരോഗ്യപ്രവർത്തകർക്ക് കൂടി കോവിഡ് ബാധിച്ചതോടെ ചാവക്കാട് അതീവ ജാഗ്രത; താലൂക്ക് ആശുപത്രി പൂർണമായി അടച്ചു; തൃശൂരിൽ ഇതുവരെ രോഗം ബാധിച്ച ആരോഗ്യപ്രവർത്തകർ 24 ആയി; ഞായറാഴ്ച സുഖമില്ലാതായത് താലൂക്ക് ആശുപത്രിയിലെ രണ്ടുനഴ്‌സുമാർക്കും ക്ലാർക്കിനും പിആർഒയ്ക്കും; മുൻകരുതലായി കൊടുങ്ങല്ലൂർ ആശുപത്രി കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റി; തിരുവനന്തപുരത്ത് ആശാവർക്കർക്ക് കോവിഡ്

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: നാല് ആരോഗ്യ പ്രവർത്തകർക്ക് കൂടികോവിഡ് സ്ഥിരീകരിച്ചതോടെ തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്ക് ആശുപത്രി പൂർണമായി അടച്ചു. ചാവക്കാട് പ്രദേശം അതീവജാഗ്രതയിലാണ്. ചാവക്കാട് സ്വദേശിനികളായ 31 മുതൽ 53 വരെ പ്രായമുള്ള നാല് ആരോഗ്യ പ്രവർത്തകർക്കാണ് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ 161 ജീവനക്കാരിൽ 9 പേർക്ക് രോഗം ബാധിച്ചു. തൃശൂർ ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ച ആരോഗ്യപ്രവർത്തകർ 24 ആയി. ഞായറാഴ്ച രണ്ടു നഴ്‌സിനും ഒരു ക്ലാർക്കിനും പിആർഒയ്ക്കുമാണു രോഗം പിടിപെട്ടത്. ഇവിടെ നിന്നുമെടുത്ത 161 സാമ്പിളുകളിൽ 43 ഫലങ്ങൾ വരാനുണ്ട്.

മുൻ കരുതലിന്റെ ഭാഗമായി കൊടുങ്ങല്ലൂർ ആശുപത്രി കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റി. നൂറു ബെഡുകളാണ് ഇവിടെയുള്ളത്. ജില്ലയിൽ സമൂഹവ്യാപനമില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ. അതേസമയം, ജില്ലയിൽ മൂന്ന് കണ്ടെയ്ന്മെന്റ് സോണുകൾ കൂടി പ്രഖ്യാപിച്ചു. കോവിഡ് സ്ഥിരീകരിച്ച 143 പേരാണ് ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്.

തൃശൂരിൽ ഞായറാഴ്ച ഏഴ് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജൂൺ 10ന് ചെന്നൈയിൽ നിന്നെത്തിയ പെരിഞ്ഞനം സ്വദേശിയായ 31കാരൻ, മെയ്‌ 26ന് സൗദി അറേബ്യയയിൽ നിന്നുമെത്തിയ അഞ്ഞൂർ സ്വദേശിയായ 24കാരൻ, ജൂൺ 8ന് ചെന്നൈയിൽ നിന്നെത്തിയ എസ്എൻ പുരം സ്വദേശിയായ അറുപതുകാരി എന്നിവരാണ് രോഗം ബാധിച്ച മറ്റു മൂന്നു പേർ

തൃശൂർ സ്വദേശികളായ 9 പേർ മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ കഴിയുന്നു. വീടുകളിൽ 12401 പേരും ആശുപത്രികളിൽ 193 പേരും ഉൾപെടെ ആകെ 12,594 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഞായറാഴ്ച 16 പേരെ ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചു. ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 18 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. ഇതുവരെ ആകെ അസുഖബാധിതരായ 66 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. ഞായറാഴ്ച നിരീക്ഷണത്തിൽ കഴിയുന്നവരുടെ പട്ടികയിൽ 888 പേരെയാണ് പുതുതായി ചേർത്തിട്ടുള്ളത്. 929 പേരെയാണ് നിരീക്ഷണകാലഘട്ടം പൂർത്തീകരിച്ചതിനെ തുടർന്ന് പട്ടികയിൽ നിന്നു വിടുതൽ ചെയ്തിട്ടുള്ളത്.

തിരുവനന്തപുരത്ത് ആശാവർക്കർക്ക് കോവിഡ്

തിരുവനന്തപുരം ജില്ലയിൽ ഇന്ന് നാലുപേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ ആശാ വർക്കർ ആണ്. കാട്ടാക്കട പഞ്ചായത്തിൽ കോവിഡ് പ്രതിരോധത്തിനുള്ള ദ്രുത കർമ്മ സേനയിൽ പ്രവർത്തിച്ചിരുന്നു. സംസ്ഥാനത്തിന് പുറത്തു നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ നിരന്തരംഗൃഹസന്ദർശനം നടത്തി വിവരങ്ങൾ റിപ്പോർട്ടു ചെയ്യുന്ന ജോലികൾ ചെയ്തിരുന്നു.

ഇവർ ഗൃഹസന്ദർശനം നടത്തിയയിടങ്ങളിൽ ഇതുവരെ ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ആമച്ചാലിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും സന്ദർശനം നടത്തിയിരുന്നു. ജൂൺ 11 ന് ആരോഗ്യ പ്രവർത്തകർക്ക് നടത്തുന്ന പരിശോധനകളുടെ ഭാഗമായി സ്രവം എടുത്തു. ഇന്ന് റിസൾട്ട് വന്നു. കൃത്യമായ ഉറവിടം കണ്ടെത്തിയിട്ടില്ല.

മലപ്പുറത്ത് രോഗികൾ ഏറുന്നു

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള മലപ്പുറം ജില്ലയിൽ അസുഖ ബാധിതരുടെ എണ്ണം 204ആയി. മൂന്നുപേർക്കാണ് ഇന്ന് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനം കൂടുതലുള്ള മറ്റൊരു ജില്ലയായ പാലക്കാട് 154പേരാണ് ചികിത്സയിലുള്ളത്, ആറുപേർക്കാണ് പാലക്കാട് ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത്. 136കോവിഡ് ബാധിതരുള്ള കണ്ണൂർ ജില്ലയിൽ ഇന്ന് 4പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

102പേരാണ് കാസർകോട് ചികിത്സയിലുള്ളത് ഇന്ന് 6പേർ അസുഖ ബാധിതരായി. ആലപ്പുഴ ജില്ലയിൽ 95പേരാണ് കോവിഡ് ബാധിതർ, ഇന്ന് ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. 94പേർ ചികിത്സയിലുള്ള കോഴിക്കോട് ഇന്ന് എട്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

കൊല്ലത്ത് 92പേരാണ് ചികിത്സയിലുള്ളത്. ഇന്ന് ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു. 86പേരാണ് പത്തനംതിട്ടയിൽ ചികിത്സയിലുള്ളത്, രണ്ടുപേർ പുതുതായി അസുഖ ബാധിതരായി. എറണാകുളത്ത് 70പേർ ചികിത്സയിലുണ്ട്, ഏഴുപേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. 61പേർ ചികിത്സയിലുള്ള തിരുവനന്തപുരത്ത് ഇന്ന് നാലുപേർ കോവിഡ് പോസിറ്റിവ് ആയി.

ഇടുക്കിയിൽ 25പേരാണ് ആകെ ചികിത്സയിലുള്ളത്, ഇന്ന് രണ്ടുപേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. വയനാട്ടിൽ 20പേർ ചികിത്സയിലുണ്ട്, പുതുതായി ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു,

ജാഗ്രത കുറഞ്ഞാൽ പ്രത്യാഘാതം വലുതെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ലോക് ഡൗൺ ഇളവുകൾ വരുത്തിയ സാഹചര്യത്തിൽ ജാഗ്രത കുറഞ്ഞാൽ പ്രത്യാഘാതം വലുതായിരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. ലോക് ഡൗൺ പ്രഖ്യാപിച്ചതിലൂടെ രോഗവ്യാപനം തടയാൻ ഏറെ സഹായിച്ചിരുന്നു. എങ്കിലും ഒരു രാജ്യത്തിനും ഏറെക്കാലം ദൈനംദിന പ്രവർത്തനങ്ങളുടെ എല്ലാ വാതിലുകളും അടച്ചിടാൻ കഴിയില്ല. അത് വലിയ കഷ്ടപ്പാടിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളിവിടും. ഇക്കാരണത്താൽ കോവിഡിനോടൊപ്പം ജീവിക്കേണ്ട അവസ്ഥയാണ് ലോകത്തിനുള്ളത്. ഇത് മുന്നിൽ കണ്ടാണ് ലോക് ഡൗൺ ഇളവുകൾ വരുത്തിയത്. അല്ലാതെ കൊറോണ വൈറസ് അവസാനിച്ചു എന്നാരും കരുതരുത്. ഇപ്പോഴും പോസിറ്റീവ് കേസുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. അതിനാൽ തന്നെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്തമായി.

പൊതുഗതാഗതവും സ്ഥാപനങ്ങളും മാർക്കറ്റുകളും ആരാധനാലയങ്ങളും തുറന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ എല്ലാവരും കൃത്യമായി പാലിക്കേണ്ടതാണ്. സോപ്പുപയോഗിച്ച് കൈകഴുകുക, മാസ്‌ക് ധരിക്കുക, വ്യക്തിപരമായി അകലം പാലിക്കുക എന്നിവ നിർബന്ധമായും പാലിക്കേണ്ടതാണ്. ജനാധിപത്യപരമായ പ്രതിഷേധങ്ങൾക്ക് വിലക്കില്ലെങ്കിലും മാതൃകയാകേണ്ട രാഷ്ട്രീയ പ്രവർത്തകരും കോവിഡ് പ്രതിരോധ നിബന്ധനകൾ കൃത്യമായി പാലിക്കേണ്ടതാണ്. രാഷ്ട്രീയ പരിപാടികളിലോ, മതപരമായ ചടങ്ങുകളിലോ, ആഘോഷങ്ങളിലോ കൂട്ടമായി പങ്കെടുക്കുന്ന ആർക്കെങ്കിലും കോവിഡ് രോഗബാധയുണ്ടെങ്കിൽ അവരിൽ നിന്ന് വൈറസ് സമൂഹത്തിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതയാണ് ഉണ്ടാകുന്നത്. അതിനാൽ തന്നെ സ്വന്തം രക്ഷയെ കരുതിയും നേതാക്കന്മാരുടേയും സമൂഹത്തിന്റേയും രക്ഷയെ കരുതിയും നിർബന്ധമായും മാസ്‌ക് ധരിക്കേണ്ടതാണ്. ഒന്നര മീറ്റർ സാമൂഹിക അകലം പാലിച്ച് മാത്രമേ പ്രതിഷേധ പരിപാടികളിലായാലും പങ്കെടുക്കാവൂ. ഇടയ്ക്കിടയ്ക്ക് കൈകൾ സാനിറ്റൈസ് ചെയ്യുകയോ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കുകയോ ചെയ്യണം. ഇത്തരം പരിപാടികൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകരും സ്വയം സുരക്ഷയ്ക്കായി ശ്രദ്ധിക്കേണ്ടതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP