Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സുശാന്തിന്റെ മരണം ഇന്ത്യൻ സിനിമ മേഖലയ്ക്കും കനത്ത നഷ്ടമാണെന്ന് പിണറായി വിജയൻ; പ്രളയകാലത്ത് കേരളത്തിന് താരം നൽകിയ പിന്തുണ അനുസ്മരിച്ച് മുഖ്യമന്ത്രി

സുശാന്തിന്റെ മരണം ഇന്ത്യൻ സിനിമ മേഖലയ്ക്കും കനത്ത നഷ്ടമാണെന്ന് പിണറായി വിജയൻ; പ്രളയകാലത്ത് കേരളത്തിന് താരം നൽകിയ പിന്തുണ അനുസ്മരിച്ച് മുഖ്യമന്ത്രി

മറുനാടൻ ഡെസ്‌ക്‌

ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയ കാലത്ത് സുശാന്ത് കേരളത്തിന് നൽകിയ പിന്തുണ ഓർമിച്ചു കൊണ്ടാണ് മുഖ്യമന്ത്രി ട്വിറ്ററിൽ തന്റെ അനുശോചനം രേഖപ്പെടുത്തിയത്. അദ്ദേഹത്തിന്റെ മരണം ഇന്ത്യൻ സിനിമ മേഖലയ്ക്കും കനത്ത നഷ്ടമാണെന്ന് പിണറായി വിജയൻ പറഞ്ഞു. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയുമൊക്കെ അനുശോചനം അറിയിക്കുന്നു. കേരളം പ്രളയത്തിൽ മുങ്ങിയ സമയത്ത് സുശാന്ത് നൽകിയ പിന്തുണയെ ഈ നിമിഷം ഓർമിക്കുന്നു, അദ്ദേഹം പറഞ്ഞു. ചുരുങ്ങിയകാലം കൊണ്ട് ബോളിവുഡിന്റെ മാത്രമല്ല, മൊത്തം ഇന്ത്യൻ സിനിമ ആരാധകരുടെയും പ്രിയപ്പെട്ടവനായി മാറിയ സുശാന്തിനെ ഞായറാഴ്‌ച്ച പുലർച്ചെ മുംബൈ ബാന്ദ്രയിലെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയാണ്. താരത്തിന്റെ മരണകാരണം ഇപ്പോഴും അവ്യക്തമാണ്.

കൈ പോച്ചേ, പി കെ, കേദാർനാഥ്, ധോണി, ചിച്ച്‌ചോർ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും ഏറെ പ്രിയപ്പെട്ട താരമായിരുന്നു സുശാന്ത്. വർഗീയ ശക്തികൾക്കെതിരേയും സുശക്തമായ നിലപാടുകൾ എടുത്തതിലൂടെയും മലയാളിയുടെ കൈയടി നേടിയ താരമായിരുന്നു അദ്ദേഹം. എന്നാൽ അതിനെക്കാളൊക്കെയേറെ സുശാന്തിനോട് മലയാളി കടപ്പെട്ടിരിക്കുന്നത് മറ്റൊരു തരത്തിലാണ്.

2018 ലെ പ്രളയ കാലത്ത് കേരളത്തിന് നൽകിയ സഹായത്തിലൂടെ. ഒരു കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സുശാന്ത് സംഭാവന നൽകിയത്. താരത്തിന്റെ ഒരു ആരാധാകന്റെ ചോദ്യമായിരുന്നു കേരളത്തിന് ഇത്രവലിയൊരു തുക നൽകി കൊണ്ട് ദുരിതകാലത്ത് മലയാളിക്കൊപ്പം നിൽക്കാൻ സുശാന്തിനെ പ്രേരിപ്പിച്ചത്. 'സുശാന്ത് എന്റെ കൈയിൽ പണമില്ല, എന്നാൽ പ്രളയദുരിതാശ്വാസത്തിന് സംഭാവന നൽകാൻ ഞാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. എനിക്കെങ്ങനെ അതിനു സാധിക്കും, ദയവ് ചെയ്ത് എന്നോട് പറയൂ' എന്ന് സുബ്ബം രഞ്ജൻ എന്ന ആരാധകൻ സുശാന്തിനെ ടാഗ് ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയിൽ ചോദിച്ചതിനുള്ള മറുപടിയായിരുന്നു കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ഒരു കോടി രൂപ സുശാന്ത് നൽകിയത്.

"എന്റെ സഹൃത്തിനു നൽകിയ വാക്ക് പോലെ, അദ്ദേഹം ചെയ്യാൻ ആഗ്രഹിച്ചതെന്തോ അത് ചെയ്തിരിക്കുന്നു. നിങ്ങളാണ് ഇത് ചെയ്യാൻ കാരണം. നിങ്ങളെക്കുറിച്ചോർത്ത് അഭിമാനം കൊള്ളുന്നു. തീർച്ചയായും ആവശ്യമായ കാര്യം തന്നെയായിരുന്നു നിങ്ങൾ അറിയിച്ചത്. നിറഞ്ഞ സ്‌നേഹം...." എന്നായിരുന്നു 'എന്റെ കേരളം' എന്ന ഹാഷ് ടാഗോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ വിവരം പങ്കുവച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ സുശാന്ത് കുറിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP