Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പി.എസ്.സിയോ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചോ നടത്തേണ്ട നിയമനങ്ങൾ നടത്തുന്നത് കുടുംബശ്രീ! ഡാറ്റാ എൻട്രി, ഹെൽപ്പർ നിയമനങ്ങൾക്ക് കുടുംബശ്രീയ്ക്ക് നൽകിയിരിക്കുന്നത് ഒരു കോടി രൂപ; ഉത്തരവിൽ ഒപ്പുവെച്ചത് അധികാരമില്ലാത്ത സിവിൽ ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ; നിയമനങ്ങൾ ബോർഡിന്റെ അനുവാദം തേടാതെയും; നിയമിക്കുന്നത് 72 പേരെ എന്ന് പറയുമ്പോഴും ലക്ഷ്യം 150 പേരെ; കുടുംബശ്രീയുടെ മറവിൽ കുത്തിനിറയ്ക്കുന്നത് സിപിഎമ്മുകാരെ; കെഎസ്ഇബിയിൽ നടക്കുന്നത് ഞെട്ടിക്കുന്ന നിയമന കുംഭകോണം

പി.എസ്.സിയോ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചോ നടത്തേണ്ട നിയമനങ്ങൾ നടത്തുന്നത് കുടുംബശ്രീ! ഡാറ്റാ എൻട്രി, ഹെൽപ്പർ നിയമനങ്ങൾക്ക് കുടുംബശ്രീയ്ക്ക് നൽകിയിരിക്കുന്നത് ഒരു കോടി രൂപ; ഉത്തരവിൽ ഒപ്പുവെച്ചത് അധികാരമില്ലാത്ത സിവിൽ ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ; നിയമനങ്ങൾ ബോർഡിന്റെ അനുവാദം തേടാതെയും; നിയമിക്കുന്നത് 72 പേരെ എന്ന് പറയുമ്പോഴും ലക്ഷ്യം 150 പേരെ; കുടുംബശ്രീയുടെ മറവിൽ കുത്തിനിറയ്ക്കുന്നത് സിപിഎമ്മുകാരെ; കെഎസ്ഇബിയിൽ നടക്കുന്നത് ഞെട്ടിക്കുന്ന നിയമന കുംഭകോണം

എം മനോജ് കുമാർ

തിരുവനന്തപുരം: ചട്ടങ്ങൾ കാറ്റിൽപ്പറത്തി കെഎസ്ഇബിയിൽ പിൻവാതിൽ നിയമനങ്ങൾ. പിഎസ് സി വഴിയോ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ വഴിയോ നടത്തേണ്ട ഡാറ്റാ എൻട്രി, ഹെൽപ്പർ നിയമനങ്ങളാണ് വഴിവിട്ട രീതിയിൽ കുടുംബശ്രീ വഴി നടത്തുന്നത്. ഒന്നുകിൽ പിഎസ് സിക്ക് വിടുകയോ അല്ലങ്കിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾക്ക് കൈമാറുകയോ ചെയ്യേണ്ട നിയമനങ്ങൾ ആണിത്. ഇതിനായി കുടുംബ ശ്രീയ്ക്ക് 89,20,800 രൂപ അനുവദിച്ച് കൊണ്ടുള്ള ബോർഡിന്റെ ഉത്തരവും പുറത്തിറങ്ങി. ഇത്രയും തുക അനുവദിക്കാൻ കഴിയാത്ത സിവിൽ ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയറാണ് ഉത്തരവിൽ ഒപ്പ് വെച്ചത് എന്ന് തന്നെ ഈ നിയമനങ്ങൾ ദുരൂഹമാക്കി മാറ്റുന്നു.

സാധാരണഗതിയിൽ ഈ രീതിയിൽ നിയമങ്ങൾ നടക്കുമ്പോൾ ബോർഡിന്റെ അനുവാദം ആവശ്യമാണ്. അംഗീകൃത യൂണിയനുകളോട് ആലോചിക്കുകയും പതിവുണ്ട്. ഈ നിയമങ്ങളുടെ കാര്യത്തിൽ ഇത് രണ്ടും നടന്നിട്ടുമില്ല. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സിപിഎം നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായാണ് ഈ നിയമനങ്ങൾ എന്ന ആക്ഷേപമാണ് ഉയരുന്നത്. സിപിഎമ്മിന്റെ ആളുകളെ കുടുംബശ്രീ വഴി കുത്തിനിറയ്ക്കുന്ന രാഷ്ട്രീയ തീരുമാനമാണിത്. ഈ നിയമനങ്ങൾ വഴി വരുന്ന ജീവനക്കാർക്ക് അടുത്ത വർഷം കരാർ നീട്ടി നൽകുകയും ചെയ്യാം. അതുകൊണ്ട് തന്നെ വെറും പത്ത് മാസ നിയമനങ്ങൾ അല്ലാ എന്നാണ് അറിയാൻ കഴിഞ്ഞത്.

സാധാരണ ഗതിയിൽ ഈ രീതിയിൽ നിയമങ്ങൾ വരുമ്പോൾ ബോർഡിലെ തൊഴിലാളി സംഘടനകളുമായി ബോർഡ് അധികൃതർ ചർച്ച നടത്തുകയും മീറ്റിങ് വിളിച്ച് ചേർക്കുകയുമെല്ലാം ചെയ്യും. അപവാദങ്ങൾ ഒഴിവാക്കുക ലക്ഷ്യമിട്ടാണ് ഇത്. എന്നാൽ കുടുംബശ്രീ വഴിയുള്ള ഈ നിയമനങ്ങൾ ഒരു തൊഴിലാളി സംഘടനയെയും ബോർഡ് അധികൃതർ അറിയിച്ചിട്ടില്ല. അതുകൊണ്ട് തന്നെ നിയമനങ്ങളിൽ തൊഴിലാളി സംഘടനകളിൽ നിന്നും കടുത്ത എതിർപ്പ് ആണ് ഉയരുന്നത്. വഴിവിട്ട നിയമനമായതിനാലാണ് തങ്ങളെ അറിയിക്കാത്തത് എന്നാണ് യൂണിയനുകൾ കരുതുന്നത്.

ലക്ഷക്കണക്കിന് തൊഴിൽ രഹിതർ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ജോലിക്ക് ഊഴവും തേടി കാത്തിരിക്കുമ്പോഴാണ് ബോർഡ് അധികൃതർ ഈ രീതിയിലുള്ള വഞ്ചന ഉദ്യോഗാർത്ഥികളോട് നടത്തിയിട്ടുള്ളത്. അംഗീകൃത രീതിയിലുള്ള ടെൻഡർ ഇതിനായി ഏർപ്പെടുത്തുക പതിവുണ്ട്. ചട്ടം തെറ്റിച്ചുള്ള നിയമങ്ങൾ ആയതിനാൽ ടെൻഡറും നടത്തിയിട്ടില്ല. എഴുപത്തി രണ്ടു പേരെ എടുക്കുന്നു എന്ന് പറയപ്പെടുന്നുവെങ്കിലും അത് 150 ഓളം പേർ ആയി മാറാനാണ് സാധ്യത. കെഎസ്ഇബിയിൽ ഒഴിവുകൾ ഉണ്ടെങ്കിൽ ബോർഡ് പിഎസ് സിക്ക് റിപ്പോർട്ട് ചെയ്യണം.

ആ രീതിയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. പകരം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെപോലും ഏൽപ്പിക്കാതെ സ്വന്തം നിലയ്ക്ക് നിയമനം നടത്തുകയായിരുന്നു. മാർച്ചിൽ നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നേക്കും. അത് മുൻകൂട്ടി കണ്ടുള്ള സിപിഎം തിരുകികയറ്റൽ നീക്കമാണ് ബോർഡിൽ നടക്കുന്നത്. ബോർഡിനു ആവശ്യമുള്ള ജീവനക്കാരെ വിളിച്ച് എടുത്തിട്ടുണ്ട്. അത് കൂടാതെ തന്നെയാണ് വീണ്ടുമുള്ള നിയമനങ്ങൾ നടക്കുന്നത്.

കഴിഞ്ഞ മെയ്‌ മാസം മുതൽ അടുത്ത മാർച്ച് വരെ നീളുന്ന പത്ത് മാസ കാലാവധിയുള്ള നിയമങ്ങൾക്കാണ് കുടുംബശ്രീയ്ക്ക് കോൺട്രാക്റ്റ് നൽകിയിരിക്കുന്നത്. ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർക്ക് പ്രതിദിനം 740 രൂപയും ഹെൽപ്പർക്ക് 645യുമാണ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. എല്ലാ ചട്ടങ്ങളും കാറ്റിൽപ്പറത്തി തന്നിഷ്ടപ്രകാർമുള്ള നിയമനങ്ങളാണ് ഇത്. ഈ കൊറോണ കാലത്ത് വൈദ്യുതി ബില്ലിന്റെ പേരിൽ തീവെട്ടിക്കൊള്ള നടത്തിക്കൊണ്ടിരിക്കുന്ന കെഎസ്ഇബി നിയമന കുംഭകോണവും നടത്തുന്നു എന്നാണ് ഉത്തരവിലൂടെ തെളിയുന്നത്.

കൊറോണ കാലത്ത് വീട്ടിൽ പോയി മീറ്റർ റീഡിങ് നടത്താതെ മൂന്നും നാലും മടങ്ങ് ബിൽ തുക എഴുതി ഉപഭോക്താക്കളെ ഷോക്കടിപ്പിച്ചു കൊണ്ടിരിക്കവേ തന്നെയാണ് നിയമന കുംഭകോണത്തിനുവേണ്ടിയുള്ള ബോർഡിന്റെ ഉത്തരവ് ഇറങ്ങിയിരിക്കുന്നത് തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് സിപിഎമ്മിനു വേണ്ടിയുള്ള തിരുകിക്കയറ്റൽ നിയമനങ്ങളാണ് ഇത്. കെഎസ്ഇബിയിൽ നടക്കുന്ന സിപിഎംവത്ക്കരണ നീക്കത്തിൽപ്പെട്ടതാണ് ഈ പിൻവാതിൽ നിയമനങ്ങളും.

ഇത്രയും ജീവനക്കാരെയോ ഹെൽപ്പർമാരെയോ നിലവിൽ ബോർഡിനു ആവശ്യമില്ല. ഇത് പൂഴ്‌ത്തിവച്ചാണ് കണ്ണും അടച്ചുമുള്ള നിയമനങ്ങൾക്ക് ബോർഡ് ഒരുങ്ങുന്നത്. കുടുംബശ്രീയിൽ നിന്ന് സിപിഎം പ്രവർത്തകരെ കെഎസ്ഇബിയിൽ എത്തിക്കുക എന്ന അജണ്ടയാണ് ഇതിനു പിന്നിൽ എന്നാണ് ഉയരുന്ന ആരോപണം. നിയമനങ്ങൾക്ക് ടെൻഡറും നൽകിയിട്ടില്ല. എല്ലാം കുടുംബശ്രീയെ ഏൽപ്പിച്ച് ഉത്തരവ് ഇറക്കുകയാണ് ചെയ്തത്. വൈദ്യുതി ബോർഡിൽ സ്വകാര്യവത്ക്കരണം നടപ്പിലാക്കുക കെഎസ്ഇബിയെ അധീനതയിലാക്കുക എന്ന ഉദ്ദേശ്യം തീരുമാനത്തിനു പിന്നിലുണ്ട് എന്നാണ് വ്യക്തമാകുന്നത്.

നിയമങ്ങളിലെ പഴുതുപയോഗിച്ച് ബോർഡിനെ സ്വകാര്യവത്ക്കരിക്കുന്നതിനും വൈദ്യുതി മേഖലയെ അധീനതയിൽവെയ്ക്കാനുമുള്ള ദീർഘകാല രാഷ്ട്രീയ ലക്ഷ്യങ്ങളോടു കൂടിയുള്ള സിപിഎം നീക്കം എന്നാണ് യൂണിയനുകളുമായി ബന്ധപ്പെട്ടവർ മറുനാടനോട് വ്യക്തമാക്കിയത്. അതുകൊണ്ട് തന്നെ സിപിഎം ഇതര യൂണിയനുകളിൽ നിന്നും കടുത്ത എതിർപ്പ് ഈ നീക്കവുമായി ബന്ധപ്പെട്ടു ഉയരുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP