Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമേരിക്കയുടെ ഉപരോധത്തെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അപലപിച്ചു

അമേരിക്കയുടെ ഉപരോധത്തെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അപലപിച്ചു

മൊയ്തീൻ പുത്തൻചിറ

ന്യൂയോർക്ക്: അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) ഉദ്യോഗസ്ഥർക്കെതിരെ ഉപരോധം ഏർപ്പെടുത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അപലപിച്ചു. അത് നിയമവാഴ്ചയിലും കോടതിയുടെ ജുഡീഷ്യൽ നടപടികളിലേക്കുമുള്ള കടന്നു കയറ്റമാണെന്ന് കോടതി പറഞ്ഞു.

അഫ്ഗാനിസ്ഥാനിലും മറ്റിടങ്ങളിലും യുദ്ധക്കുറ്റങ്ങൾക്ക് അമേരിക്കൻ സൈനികരെയും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെയും ഇസ്രയേൽ ഉൾപ്പെടെയുള്ള സഖ്യരാജ്യങ്ങളെയും അന്വേഷിക്കുന്ന ഐസിസി ഉദ്യോഗസ്ഥർക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ ഉത്തരവ് പ്രകാരം കോടതി ജീവനക്കാരുടെ സാമ്പത്തിക സ്വത്തുക്കളെ തടയുകയും അവരെയും അവരുടെ അടുത്ത ബന്ധുക്കളെയും അമേരിക്കയിലേക്ക് പ്രവേശിക്കുന്നത് തടയുകയും ചെയ്യും.

123 അംഗരാജ്യങ്ങളുള്ള കോടതി വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ തങ്ങളുടെ ഉദ്യോഗസ്ഥരും അംഗങ്ങളും സ്വതന്ത്രമായും നിഷ്പക്ഷമായും ജോലി ചെയ്യുന്നതിനുള്ള പ്രതിജ്ഞാബദ്ധതയിൽ ഉറച്ചുനിൽക്കുന്നുവെന്ന് സ്ഥാപക ഉടമ്പടിയെ ഉദ്ധരിച്ച് കോടതി വ്യക്തമാക്കി.

ഹേഗ് ആസ്ഥാനമായുള്ള കോടതിക്ക് നേരെയുള്ള ആക്രമണം അതിക്രമ കുറ്റകൃത്യങ്ങളുടെ ഇരകളുടെ താൽപ്പര്യങ്ങൾക്കെതിരായ ആക്രമണമാണെന്ന് കോടതി നിരീക്ഷിച്ചു. നീതിയുടെ അവസാന പ്രതീക്ഷയെ കോടതി പ്രതിനിധീകരിക്കുന്നുവെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

കോടതിയുടെ മാനേജ്‌മെന്റ്, മേൽനോട്ട സംവിധാനം, അസംബ്ലി ഓഫ് സ്റ്റേറ്റ് പാർട്ടികളുടെ പ്രസിഡന്റ് ഒഗോൺ ക്വോൺ എന്നിവരും യുഎസ് നടപടികളെ വിമർശിച്ചു. ശിക്ഷാനടപടിക്കെതിരെ പോരാടാനും കൂട്ട ക്രൂരതകൾക്ക് ഉത്തരവാദിത്തം ഉറപ്പാക്കാനുമുള്ള ഞങ്ങളുടെ പൊതുവായ ശ്രമത്തെ അമേരിക്ക ദുർബലപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. കോടതി ഉദ്യോഗസ്ഥരെയും അവരുടെ കുടുംബങ്ങളെയും ലക്ഷ്യമിട്ടുള്ള നടപടികളിൽ താൻ ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കുറ്റവാളികൾക്ക് നീതി ലഭിക്കാത്ത സ്ഥലങ്ങളിൽ യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിയുടെയും വംശഹത്യയുടെയും കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്നതിനായി 2002 ലാണ് ഹേഗ് ആസ്ഥാനമായുള്ള കോടതി രൂപീകരിച്ചത്. യുഎസ് ഒരിക്കലും ഐസിസിയിൽ അംഗമായിട്ടില്ല.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യാഴാഴ്ച ട്രിബ്യൂണലിനെ 'കംഗാരു കോടതി' എന്നാണ് പരിഹസിച്ചത്. ഇത് യുദ്ധക്കുറ്റങ്ങൾ വിചാരണ ചെയ്യുന്നതിൽ പരാജയപ്പെട്ടതും കാര്യക്ഷമമല്ലാത്തതുമാണെന്ന് അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ അമേരിക്കക്കാർക്കെതിരെ അന്വേഷണം നടത്തുകയോ അവരെ പ്രോസിക്യൂട്ട് ചെയ്യുകയോ ചെയ്താൽ അമേരിക്കയിലെ ഐസിസി ജീവനക്കാരെ ശിക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'അവരെ ശിക്ഷിക്കുന്നതിൽ ഞങ്ങൾക്ക് താല്പര്യമില്ല, എന്നാൽ ഐസിസി ഉദ്യോഗസ്ഥരെയും അവരുടെ കുടുംബങ്ങളെയും അമേരിക്കയിലേക്ക് വരാനും ഷോപ്പിങ് നടത്താനും യാത്ര ചെയ്യാനും അമേരിക്കൻ സ്വാതന്ത്ര്യം ആസ്വദിക്കാനും അനുവദിക്കാനാവില്ല. അതേ ഉദ്യോഗസ്ഥർ തന്നെ ആ സ്വാതന്ത്ര്യത്തിന്റെ സംരക്ഷകനെ പ്രോസിക്യൂട്ട് ചെയ്യാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല,' പോംപിയോ പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ യുദ്ധക്കുറ്റങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിക്കാൻ ഐസിസി ജഡ്ജിമാരോട് ആവശ്യപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ വർഷം പോംപിയോ കോടതിയുടെ ചീഫ് പ്രോസിക്യൂട്ടർ ഫാറ്റൗ ബെൻസൂഡ (Fatou Bensouda) യുടെ വിസ റദ്ദാക്കിയിരുന്നു. പ്രൊസിക്യൂട്ടറുടെ ആവശ്യം ജഡ്ജിമാർ ആദ്യം നിരസിച്ചുവെങ്കിലും അവർ അപ്പീൽ നൽകുകയും മാർച്ചിൽ കോടതി അന്വേഷണത്തിന് അംഗീകാരം നൽകുകയും ചെയ്തു. ഇതാണ് അമേരിക്കയെ ചൊടിപ്പിച്ചത്.

ഡച്ച് വിദേശകാര്യമന്ത്രി സ്റ്റെഫ് ബ്ലോക്ക് വെള്ളിയാഴ്ച നടത്തിയ ട്വീറ്റിൽ 'അമേരിക്കയുടെ നടപടികളിൽ താൻ അസ്വസ്ഥനാണെന്നും' ഐസിസി ഉദ്യോഗസ്ഥർക്കെതിരെ നിരോധനം ഏർപ്പെടുത്തുന്നത് ശരിയല്ലെന്നും വാഷിങ്ടണിനോട് ആവശ്യപ്പെട്ടു. 'ശിക്ഷാനടപടിക്കെതിരായ പോരാട്ടത്തിലും അന്താരാഷ്ട്ര നിയമവാഴ്ച ഉയർത്തിപ്പിടിക്കുന്നതിലും ഐസിസി നിർണായകമാണ്,' ബ്ലോക്ക് ട്വീറ്റ് ചെയ്തു. മുതിർന്ന യുഎൻ, യൂറോപ്യൻ യൂണിയൻ ഉദ്യോഗസ്ഥരും തീരുമാനത്തിനെതിരെ രംഗത്തു വന്നു.

ട്രംപിന്റെ ഉത്തരവ് 'ഗൗരവതരമായ കാര്യമാണെന്ന്' യൂറോപ്യൻ യൂണിയൻ വിദേശ നയ മേധാവി ജോസെപ് ബോറെൽ പറഞ്ഞു. യൂറോപ്യൻ യൂണിയൻ അംഗങ്ങളെ ട്രിബ്യൂണലിന്റെ 'ഉറച്ച പിന്തുണക്കാർ' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. 'നീതിയും സമാധാനവും കൊണ്ടുവരുന്നതിൽ ഇത് ഒരു പ്രധാന ഘടകമാണ്' എന്നും അതിനെ എല്ലാ രാജ്യങ്ങളും ബഹുമാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്യണമെന്നും ബോറെൽ പറഞ്ഞു.

ട്രംപിന്റെ ഉത്തരവിനെക്കുറിച്ച് ഐക്യരാഷ്ട്രസഭ ഗൗരവത്തോടെയാണ് ശ്രദ്ധിച്ചതെന്ന് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വക്താവ് സ്റ്റീഫൻ ഡുജാറിക് പറഞ്ഞു. വളരെ ശ്രദ്ധയോടെയും അതിലേറെ ഗൗരവത്തോടെയുമാണ് ബെർലിൻ ഈ പ്രഖ്യാപനത്തെ കാണുന്നതെന്ന് ജർമ്മൻ വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു.

ഐസിസിയുടെ പ്രവർത്തനങ്ങളിൽ ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ടെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. അന്താരാഷ്ട്ര കുറ്റകൃത്യങ്ങളുടെ ശിക്ഷാനടപടിക്കെതിരായ പോരാട്ടത്തിൽ ഇത് ഒഴിച്ചുകൂടാനാവാത്ത സ്ഥാപനമാണ്. ഈ ദിവസങ്ങളിൽ എന്നത്തേക്കാളും ഇത് ആവശ്യമാണ്. സ്വതന്ത്ര കോടതിയിയ്‌ക്കോ അതിന്റെ സ്റ്റാഫ് അംഗങ്ങൾക്കോ അല്ലെങ്കിൽ അതിൽ പ്രവർത്തിക്കുന്നവർക്കെതിരെയോ ഉള്ള സമ്മർദ്ദം ഞങ്ങൾ നിരസിക്കുന്നുവെന്ന് മന്ത്രാലയം പറഞ്ഞു.

നടപടികൾ റദ്ദാക്കണമെന്ന് സ്വിറ്റ്‌സർലൻഡ് അമേരിക്കയോട് ആവശ്യപ്പെട്ടു. വംശഹത്യ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ, യുദ്ധക്കുറ്റങ്ങൾ, ആക്രമണ കുറ്റകൃത്യങ്ങൾ എന്നിവപോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട യുഎസ് ഉദ്യോഗസ്ഥരെ പൂർണ്ണമായി അന്വേഷിച്ച് പ്രോസിക്യൂട്ട് ചെയ്യാനും ബെർണിലെ വിദേശകാര്യ മന്ത്രാലയം അമേരിക്കയോട് ആവശ്യപ്പെട്ടു.

ഈ ഉത്തരവ് മനുഷ്യാവകാശങ്ങളോടുള്ള അവഹേളനത്തിന്റെ അപകടകരമായ പ്രകടനമാണെന്നും, ഇതിനെതിരെ നിയമപരമായ സഹായം തേടുമെന്ന് അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ പറഞ്ഞു.

അതേസമയം, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎസിന്റെ നടപടിയെ പിന്തുണച്ചു. തന്റെ രാജ്യത്തിനെതിരെയുള്ള 'ബാഹ്യ ആരോപണങ്ങൾ' കെട്ടിച്ചമച്ചതാണെന്നും, സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്ന യുഎസിനെ പ്രശംസിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP