Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു ലക്ഷം കോവിഡ് രോഗികളുള്ള സംസ്ഥാനമായി മഹാരാഷ്ട്ര; മുംബൈയിൽ മാത്രം അരലക്ഷം കടന്ന് വൈറസ് ബാധിതർ; 99% ഐസിയു കിടക്കകളും 94% വെന്റിലേറ്ററുകളും നിറഞ്ഞു രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം; ഇന്ത്യയുടെ സൂപ്പർ ഹോട്‌സ്‌പോട്ടായി മുംബൈ മാറുമ്പോൾ എന്തു ചെയ്യണമെന്ന് അറിയാതെ പകച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ; തമിഴ്‌നാടും ഡൽഹിയും ഗുജറാത്തും തീരാ ദുരിതത്തിൽ; കോവിഡ് പ്രതിരോധം പാളിയെന്ന തിരിച്ചറിവിൽ ഇന്ത്യയും

ഒരു ലക്ഷം കോവിഡ് രോഗികളുള്ള സംസ്ഥാനമായി മഹാരാഷ്ട്ര; മുംബൈയിൽ മാത്രം അരലക്ഷം കടന്ന് വൈറസ് ബാധിതർ; 99% ഐസിയു കിടക്കകളും 94% വെന്റിലേറ്ററുകളും നിറഞ്ഞു രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം; ഇന്ത്യയുടെ സൂപ്പർ ഹോട്‌സ്‌പോട്ടായി മുംബൈ മാറുമ്പോൾ എന്തു ചെയ്യണമെന്ന് അറിയാതെ പകച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ; തമിഴ്‌നാടും ഡൽഹിയും ഗുജറാത്തും തീരാ ദുരിതത്തിൽ; കോവിഡ് പ്രതിരോധം പാളിയെന്ന തിരിച്ചറിവിൽ ഇന്ത്യയും

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഒരു ലക്ഷത്തിൽ ഏറെ കോവിഡ് രോഗികളുള്ളത് 16 രാജ്യങ്ങളിൽ മാത്രമാണ്. കോവിഡ് പട്ടികയിൽ നാലാം സ്ഥാനത്തുള്ള ഇന്ത്യയിൽ 321,626 രോഗികളും ഉണ്ട്. മൂന്ന് ലക്ഷം കോവിഡുള്ള നാലു രാജ്യങ്ങളിൽ ഒന്ന്. ജനസാന്ദ്രതയുടെ കണക്ക് പറഞ്ഞാണ് ഈ കോവിഡ് പ്രതിസന്ധി കാലത്ത് ഇന്ത്യ പ്രതിരോധം തീർക്കുന്നത്. എന്നാൽ ഏറ്റവും ഭീതി ഇതൊന്നുമല്ല. ഇന്ത്യയിലെ സംസ്ഥാനമായ മഹാരാഷ്ട്രയിൽ മാത്രം ഒരുലക്ഷത്തിൽ അധികം രോഗികളാണ് ഉള്ളത്. മഹാരാഷ്ട്രയിൽ ശനിയാഴ്ച റിപ്പോർട്ട് ചെയ്തത് 3,427 പുതിയ കോവിഡ് 19 കേസുകളാണ്. 113 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,04,568-ഉം മരണസംഖ്യ 3,830-ഉം ആയി ഉയർന്നു. അങ്ങനെ തീർത്തും ആശങ്കയിലാണ് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം.

കോവിഡ് 19 രൂക്ഷമായി ബാധിച്ചിരിക്കുന്ന മുംബൈയിലെ ആശുപത്രികളിൽ 99 ശതമാനം അത്യാഹിത വിഭാഗവും രോഗികളെക്കൊണ്ട് നിറഞ്ഞതായി അധികൃതർ പറയുന്നു. വെന്റിലേറ്ററുകൾ 94 ശതമാനവും ഉപയോഗത്തിലാണെന്നും ബൃഹന്മുബൈ മുനിസിപ്പൽ കോർപറേഷൻ വ്യക്തമാക്കി. മുംബൈയിലെ ആശുപത്രികളിലെ ഐസിയുകളിൽ എല്ലാംകൂടി 1181 കിടക്കകളാണുണ്ടായിരുന്നത്. ഇതിൽ 1167 എണ്ണവും ഇപ്പോൾ ഉപയോഗത്തിലാണ്. 14 കിടക്കകൾ മാത്രമാണ് ശേഷിക്കുന്നത്. 530 വെന്റിലേറ്ററുകൾ ഉള്ളതിൽ 497 എണ്ണവും ഉപയോഗത്തിലാണ്. അങ്ങനെ മഹാരാഷ്ട്ര വലിയ പ്രതിസന്ധിയിലാണ്. മുംബൈയിൽ മാത്രം 56831 രോഗികളാണുള്ളത്. താനയിൽ 17306ഉം പൂനയിൽ 11722 രോഗികളും. അങ്ങനെ മുംബൈയും താനയും പൂനയും കോവിഡിൽ ഇന്ത്യയുടെ റെഡ് ഹോട് സ്‌പോട്ടാവുകയാണ്.

മുംബൈയിലെ കോവിഡ് ആശുപത്രികളിലും കോവിഡ് ആരോഗ്യകേന്ദ്രങ്ങളിലുമായി ചികിത്സ ആവശ്യമുള്ള രോഗികൾക്ക് ഉപയോഗിക്കാനുള്ള 10,450 കിടക്കകളിൽ 9,098 കിടക്കകളും ഇപ്പോൾ ഉപയോഗത്തിലാണ്. ഓക്സിജൻ നൽകാനുള്ള സംവിധാനം 5260 എണ്ണത്തിൽ 3986 എണ്ണവും ഉപയോഗത്തിലാണെന്നും മുനിസിപ്പൽ അധികൃതർ വ്യക്തമാക്കി. ഇതുവരെ മുംബൈ നഗരത്തിൽ മാത്രം 56,831 പേർക്കാണ് കോവിഡ് ബാധിച്ചത്. 2,113 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. 1380 പേർക്കാണ് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. 69 മരണവുമുണ്ടായി. ശനിയാഴ്ച മാത്രം മുംബൈയിൽ നാല് പൊലീസ് ഉദ്യോഗസ്ഥർ കോവിഡ് 19 ബാധിച്ച് മരിച്ചു. ഇതുവരെ കോവിഡ് ബാധിച്ച് 26 പൊലീസുകാരാണ് മുംബൈയിൽ മരണപ്പെട്ടത്. അങ്ങനെ എല്ലാവരും ഭീതിയിൽ. തമിഴ്‌നാട്ടിൽ ശനിയാഴ്ച 30 പേർ മരിച്ചതായാണ് റിപ്പോർട്ട്. ഇതോടെ തമിഴ്‌നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 398 ആയി ഉയർന്നു.

1989 പുതിയ കോവിഡ് കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. 1,362 പേർ ഇന്ന് രോഗമുക്തി നേടി. ആദ്യമായാണ് ഇത്രയധികം പേർ ഒരു ദിവസം രോഗമുക്തി നേടുന്നത് എന്നത് തമിഴ്‌നാടിന് ചെറിയ ആശ്വാസവും നൽകുന്നുണ്ട്. ആകെ 42,687 പേർക്കാണ് തമിഴ്‌നാട്ടിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 30,444 എണ്ണവും തലസ്ഥാനത്താണ് റിപ്പോർട്ട് ചെയ്തത്. 23,409 പേർ രോഗമുക്തരായി. 18,878 പേർ ഇപ്പോഴും ചികിത്സയിലാണ്. ഡൽഹിയിലും രോഗ വ്യാപനം അതിശക്തമാണ്. ഡൽഹിയിൽ 38958 പേരിലാണ് വൈറസ് കണ്ടെത്തിയത്. ഗുജറാത്തിൽ 23079 പേർക്കും. കർണാടകയിൽ 308 പുതിയ കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 6,824 ആയി ഉയർന്നു. സംസ്ഥാനത്തെ മരണസംഖ്യ 81 ആണ്. 3,648 പേർ രോഗമുക്തി നേടി.

ഉത്തർപ്രദേശും രാജസ്ഥാനും വെസ്റ്റ് ബംഗാളും മധ്യപ്രദേശും കോവിഡ് വ്യാപത്തിൽ പതിനായിരം ക്ലബ്ബിൽ എത്തിയ സംസ്ഥാനങ്ങളാണ്. ഇന്ത്യയിലെ രണ്ടര ലക്ഷത്തോളം രോഗികളും ഈ പത്ത് സംസ്ഥാനങ്ങളിലുമായാണ്. ഇതിൽ മഹാരാഷ്ട്രയിലും തമിഴ്‌നാടിട്ടും കൂടി രാജ്യത്തെ പകുതിയോളം രോഗികളുണ്ട്. രോഗമുക്തി നേടുന്നവരുടെ എണ്ണം അമ്പത് ശതമാനത്തിൽ അധികമാണെന്നതാണ് ഇന്ത്യയ്ക്കുള്ള ഏക ആശ്വാസം. മരണം പതിനായിരത്തോട് അടുക്കുകയാണ്. അങ്ങനെ കൊറോണ പ്രതിരോധത്തിൽ വമ്പൻ പരാജയ ചിത്രമായി മാറുകയാണ് ആഗോള തലത്തിൽ ഇന്ത്യ.

കോവിഡ് പ്രതിരോധം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹർഷ വർധൻ, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സ്ഥിതിഗതികൾ യോഗത്തിൽ ചർച്ചചെയ്തതായി സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.

രാജ്യത്തെ നിലവിലെ കോവിഡ് വ്യാപനം സംബന്ധിച്ച് നീതി ആയോഗ് അംഗം ഡോ. വിനോദ് പോൾ യോഗത്തിൽ വിവരിച്ചു. രാജ്യത്തെ ആകെ രോഗികളുടെ എണ്ണത്തിൽ മൂന്നിൽ രണ്ടും അഞ്ച് സംസ്ഥാനങ്ങളിലാണുള്ളത്. ഈ സംസ്ഥാനങ്ങളിലെ വൻ നഗരങ്ങളിൽ രോഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമായി ചർച്ചചെയ്ത് അടിയന്തര പദ്ധതികൾ ഉടൻ തയാറാക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തോട് പ്രധാനമന്ത്രി നിർദ്ദേശിച്ചു. വർഷകാലത്തിന് മുന്നോടിയായി ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താനും പ്രധാനമന്ത്രി നിർദ്ദേശം നൽകി. ഡൽഹിയിലെ രോഗബാധ നിയന്ത്രിക്കുന്നതിന് പ്രത്യേക പദ്ധതി തയാറാക്കാനും മോദി നിർദ്ദേശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP