Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സന്നദ്ധ പ്രവർത്തനങ്ങളിൽ മാനുഷികപരമായ സമീപനം എടുത്തപ്പോൾ പിന്തുണച്ചതും യുവരാജും ഹർഭജനും; കശ്മീർ അതിർത്തിയിലെത്തി നടത്തിയ വിവാദ പരാമർശത്തോടെ ഇന്ത്യൻ താരങ്ങളും തള്ളി; മോദിയുടെ മനസിലാണ് കോവിഡെന്ന് പരിഹസിച്ച അഫ്രീദിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സഹതപിച്ച് ഇന്ത്യൻ താരങ്ങളും; ശത്രുനിരയിലെങ്കിലും ആപത്ത് കാലത്ത് ചേർത്തി നിർത്തി ഗൗതം ഗംഭീർ; എത്രയും പെട്ടെന്ന് അഫ്രീദി സുഖം പ്രാപിക്കട്ടെയെന്ന് ഗംഭീറിന്റെ വാക്കുകൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കൊറോണ കാലത്ത് പാക് ക്രിക്കറ്റ് താരം അഫ്രീദിക്ക് കോവിഡ് ബാധിച്ചത് ലോകം മുഴുവൻ ചർച്ചയാക്കുകയാണ്. അതേസയം അഫ്രീദിയുടെ രോഗത്തിൽ സഹതപിച്ച് ഇന്ത്യൻ താരങ്ങളടക്കം രംഗത്ത് വരുമ്പോഴും അഫ്രീദിയെ വിമർശനത്തിന് ഇരയാകുന്നത് അടുത്ത കാലത്തായി നടത്തിയ ഇന്ത്യാ വിരുദ്ധ പ്രസ്താവനയാണ്. 'ലോകം മുഴുവൻ വ്യാപിച്ച കൊറോണ വൈറസിനേക്കാൾ വലിയ രോഗം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനസ്സിലാണ്' പാക്ക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി ഈ വിവാദ പരാമർശം നടത്തി അധികകാലമായില്ല. ദിവസങ്ങൾ മാത്രം പിന്നിട്ടുകഴിഞ്ഞപ്പോൾ അതേ അഫ്രീദി തന്നെ ഈ മഹാമാരിയുടെ പിടിയിലായി. ശനിയാഴ്ച ട്വിറ്ററിലെ പോസ്റ്റിൽ അഫ്രീദി തന്നെയാണ് തന്റെ രോഗവിവരം പുറംലോകത്തെ അറിയിച്ചത്.

ലോക്ഡൗൺ കാലത്ത് പാക്ക് അധീന കശ്മീരിൽവച്ചാണ് ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അധിക്ഷേപിച്ച് ഷാഹിദ് അഫ്രീദി വിവാദം സൃഷ്ടിച്ചത്. 'ഇന്നിതാ ഞാൻ നിങ്ങളുടെ സുന്ദരമായ ഗ്രാമത്തിലെത്തിയിരിക്കുന്നു. നിങ്ങളെ സന്ദർശിക്കണമെന്ന് ദീർഘനാളായി ആഗ്രഹിക്കുന്നതാണ്. ഈ ലോകമിന്ന് ഒരു വലിയ രോഗത്തിന്റെ പിടിയിലാണ്. എന്നാൽ, അതിലും വലിയ രോഗം മോദിയുടെ മനസ്സിലാണ്. പാക്കിസ്ഥാന്റെ ആകെ സൈനിക ബലമായ ഏഴു ലക്ഷം സൈനികരെയാണ് മോദി കശ്മീരിൽ മാത്രം വിന്യസിച്ചത്.' അഫ്രീദി പറഞ്ഞതിങ്ങനെ. ഇന്ത്യയിലെ കശ്മീരികളും പാക്കിസ്ഥാൻ സൈന്യത്തെയാണ് പിന്തുണയ്ക്കുന്നതെന്നും അഫ്രീദി അവകാശപ്പെട്ടിരുന്നു.

പാക്ക് അധീന കശ്മീരിൽ അഫ്രീദി നടത്തിയ ഇന്ത്യാവിരുദ്ധ പ്രസ്താവനയിൽ പ്രതിസന്ധിയിലായത് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്ങും ഹർഭജൻ സിങ്ങുമാണ്. കോവിഡ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ പാക്കിസ്ഥാനിൽ സാധാരണക്കാർക്കു സഹായമെത്തിക്കുന്നതിനായി സജീവ പ്രവർത്തനങ്ങളിലായിരുന്നു അഫ്രീദിയും അദ്ദേഹത്തിന്റെ ഫൗണ്ടേഷനും. ഈ പ്രവർത്തനങ്ങൾക്ക് സഹായം പ്രഖ്യാപിച്ചും സഹായിക്കാൻ മറ്റുള്ളവരെ ആഹ്വാനം ചെയ്തും രംഗത്തെത്തിയതാണ് യുവരാജിനും ഹർഭജനും വിനയായത്.മാനവസ്‌നേഹം ഉയർത്തി ഈ സന്നദ്ധപ്രഖ്യാപനം ന്യായീകരിച്ച് പിടിച്ചുനിൽക്കുമ്പോഴായിരുന്നു അഫ്രീദിയുടെ പാക്ക് അധീന കശ്മീർ സന്ദർശനവും വിവാദ പ്രസ്താവനയും.

ഇതോടെ ഇരുവരും അഫ്രീദിയെ തള്ളിപ്പറയുകയും അഫ്രീദിയുമായി ഇനിമുതൽ യാതൊരുവിധ സഹകരണത്തിനുമില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ലോക്‌സഭാ എംപി കൂടിയായ മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ, ശിഖർ ധവാൻ തുടങ്ങിയവരും അഫ്രീദിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ വാക്കപോരുകൾക്കിടയിലും രോഗം വന്നപ്പോൾ കുറ്റപ്പെടുത്താതെ ആശ്വസിപ്പിക്കുകയാണ് ഗൗതം ഗംഭീർ. കോവിഡ് 19 സ്ഥിരീകരിച്ച ഷാഹിദ് അഫ്രീദിക്ക് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാനാവട്ടെയെന്ന് ഇന്ത്യൻ മുൻ താരം ഗൗതം ഗംഭീർ കുറിച്ചത്.

ഞങ്ങൾ തമ്മിൽ രാഷ്ട്ര വ്യത്യാസങ്ങളുണ്ട്. എന്നാൽ എത്രയും പെട്ടെന്ന് അഫ്രീദി സുഖം പ്രാപിക്കണം എന്നാണ് എന്റെ ആഗ്രഹം, ഗംഭീർ പറഞ്ഞു.ഒരാൾക്കും ഈ വൈറസ് ബാധ ഏൽക്കരുത്. അഫ്രീദിയേക്കാൾ ഉപരി എന്റെ രാജ്യത്തെ കോവിഡ് ബാധയേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നാണ് എനിക്ക്. എന്റെ രാജ്യത്തുള്ളവരെ കുറിച്ചോർത്താണ് എനിക്ക് ആശങ്ക. ഇന്ത്യക്ക് പാക്കിസ്ഥാൻ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ അവർ അവരുടെ രാജ്യത്തെ തന്നെ ആദ്യം സഹായിക്കട്ടേ...അവർ സഹായം വാഗ്ദാനം ചെയ്തു.

അതിന് ഞാൻ നന്ദി പറയുന്നു. എന്നാൽ അവർ ആദ്യം അതിർത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിക്കണം, ഗംഭീർ പറഞ്ഞു. കശ്മീർ വിഷയത്തെ ചൊല്ലി ഏതാനും ആഴ്ച മുൻപും ഗംഭീറും അഫ്രീദിയും തമ്മിൽ ട്വിറ്ററിലൂടെ കൊമ്പുകോർത്തിരുന്നു.തനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെയാണ് അഫ്രീദി വെളിപ്പെടുത്തിയത്. വ്യാഴാഴ്ച മുതൽ ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നതായും, പരിശോധനയിൽ നിർഭാഗ്യം കൊണ്ട് കോവിഡ് 19 സ്ഥിരീകരിച്ചതായും അഫ്രീദി പറഞ്ഞു. വേഗത്തിൽ സുഖം പ്രാപിക്കുന്നതിന് ഏവരുടേയും പ്രാർത്ഥനയും പിന്തുണയും അഫ്രീദി തേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP