Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോഹൻലാൽ നായകനായ 'ഉയരും ഞാൻ നാടാകെ'യുടെ തിരക്കഥ കോപ്പിയടിച്ചത്; താൻ രാപ്പകൽ കഷ്ടപ്പെട്ട് എഴുതിയ തിരക്കഥയിൽ പേരുവന്നത് പി എം താജിന്റേത്; വഞ്ചനയിൽ മനംനൊന്ത് എഴുത്തിന്റെ ലോകത്ത് നിന്ന് സ്വയം പിന്മാറി സലാം പള്ളിത്തോട്ടം; ഉന്മാദിയെ പോലെ വൃത്തിഹീനമായ കൊച്ചുവീട്ടിൽ പൂച്ചകൾക്കൊപ്പം അദ്ദേഹം ഇന്നും തനിച്ചു ജീവിക്കുന്നു; സിനിമാച്ചതിയിൽ ജീവിതം തകർന്ന എഴുത്തുകാരന്റെ കഥ

മോഹൻലാൽ നായകനായ 'ഉയരും ഞാൻ നാടാകെ'യുടെ തിരക്കഥ കോപ്പിയടിച്ചത്; താൻ രാപ്പകൽ കഷ്ടപ്പെട്ട് എഴുതിയ തിരക്കഥയിൽ പേരുവന്നത് പി എം താജിന്റേത്; വഞ്ചനയിൽ മനംനൊന്ത് എഴുത്തിന്റെ ലോകത്ത് നിന്ന് സ്വയം പിന്മാറി സലാം പള്ളിത്തോട്ടം; ഉന്മാദിയെ പോലെ വൃത്തിഹീനമായ കൊച്ചുവീട്ടിൽ പൂച്ചകൾക്കൊപ്പം അദ്ദേഹം ഇന്നും തനിച്ചു ജീവിക്കുന്നു; സിനിമാച്ചതിയിൽ ജീവിതം തകർന്ന എഴുത്തുകാരന്റെ കഥ

കെ വി നിരഞ്ജൻ

കോഴിക്കോട്: തിരക്കഥാ മോഷണ വിവാദം മലയാള സിനിമക്ക് പുതുമയുള്ളതൊന്നുമല്ല. പക്ഷേ ഒരു തിരക്കഥ മൂലം ജീവിതം തകർന്നുപോയ ഒരു എഴുത്തുകാരനുണ്ട് കോഴിക്കോട്ട്. പേര് സലാം പള്ളിത്തോട്ടം. കഥാകൃത്തും നാടകൃത്തുമായ സലാം, കെ പാനൂരിന്റെ 'കേരളത്തിലെ ആഫ്രിക്ക' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ തിരക്കഥയാണ് പിന്നീട് 'ഉയരും ഞാൻ നാടകെ' എന്ന മോഹൻലാൽ ചിത്രമായത്. ചിത്രത്തിൽ തിരക്കഥയുടെ ക്രെഡിറ്റ് വന്നത് പ്രശസ്ത നാടക കൃത്ത് പി എം താജിനും. ഈ ചതിയിൽ തകർന്നുപോയ സലാം എഴുത്തിന്റെ ലോകത്തുനിന്ന് മാത്രമല്ല പൊതുരംഗത്തുനിന്നുതന്നെ എന്നെന്നേക്കുമായി നിഷ്‌ക്രമിക്കയാണ് ചെയ്തത്. പിന്നെ ആ കലാകാരൻ ഒന്നും എഴുതിയിട്ടില്ല. ഉന്മാദിയെപോലെ കോഴിക്കോട് അശോകപുരത്തെ  കൊച്ചുവീട്ടിൽ കുറേ പൂച്ചകൾക്കൊപ്പം അദ്ദേഹം ഇന്നും തനിച്ചു ജീവിക്കയാണ്. സിനിമാച്ചതി ജീവിതം തകർത്ത കലാകാരന്റെ കഥ പുറത്തുകൊണ്ടുവന്നത് സാംസ്കാരിക പ്രവർത്തകനായ ബൈജു മേരിക്കുന്നാണ്.

ബൈജുമേരിക്കുന്നിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:

ഇതൊരു മനുഷ്യന്റെ കഥയാണ്, പേര് സലാം പള്ളിത്തോട്ടം. കഥാകാരനാണ്, നാടകക്കാരനാണ്, തിരക്കഥാകൃത്താണ്. തിരക്കഥാകൃത്തിൽ നിന്നും തുടങ്ങാം നമുക്ക്. ആ കഥയ്ക്ക് ഒരു ചതിയുടെ കഥപറയാനുണ്ട്. കെ.പാനൂരിന്റെ 'കേരളത്തിലെ ആഫ്രിക്ക' എന്ന പുസ്തകത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് സലാം ഒരു സിനിമക്കുള്ള വലിയ സാധ്യത മനസ്സിൽ കൊണ്ടുനടക്കുന്നു. സുഹൃത്തുക്കളോട് പലരോടും തന്റെയീ ആശയം പങ്കുവക്കുന്നു. സിനിമയുടെ വലിയ ലോകം അപ്രാപ്യമായ സുഹൃത്തുക്കളിൽ പലരും വെള്ളിത്തിരയുടെ അല്ലെങ്കിൽ അവിടെ എത്തിച്ചേരാനുള്ള ബുദ്ധിമുട്ടുകളുടെ കഥപറഞ്ഞു കൊടുക്കുന്നു.എന്നിട്ടും സലാം ആ കഥയുമായി തന്നെ മുന്നോട്ടുപോകുന്നു.

കലാം വെള്ളിമാടുകുന്നിനെ പോലുള്ള അദ്ദേഹത്തിന്റെ കൂട്ടുകാർ കൊടുത്ത പിന്തുണയിൽ വീണ്ടും ആ സിനിമാ തിരക്കഥയിലേക്ക് അദ്ദേഹം വ്യാപൃതനാകുന്നു. ഒടുവിൽ പൂർത്തിയാക്കിയ തിരക്കഥയുമായി തന്റെ ചങാതിക്കൊപ്പം സിനിമാ നിർമ്മാതാക്കൾക്ക് മുൻപിൽ തിരക്കഥ അവതരിപ്പിക്കുന്നു. ശക്തമായ പ്രമേയത്തെ അതിശക്തമായ തന്റെ തിരക്കഥയിലൂടെ ആവിഷ്‌കരിക്കാൻ സലാംപള്ളിത്തോട്ടത്തിനു സാധിച്ചിരിക്കുന്നു എന്ന് നിർമ്മാതാക്കൾ പറയുന്നു.

മലയാളസിനിമയിലേക്കു കാമ്പുള്ള ഒരു സിനിമാ തിരക്കഥാകൃത്തു ഇതാ വന്നിരിക്കുന്നു എന്ന് സലാമിന്റെ പുറത്തു തട്ടി അഭിനന്ദിച്ചുകൊണ്ടവർ പറയുന്നു, രണ്ടാഴ്ചക്കകം മദ്രാസിലേക്ക് വരണമെന്നും, ബാക്കിചർച്ചകൾ മറ്റുകാര്യങ്ങൾ എല്ലാം അവിടെനിന്നുമെന്നും പറഞ്ഞു അവർ തിരക്കഥയേൽപ്പിച്ചു പിരിയുന്നു. ആഹ്ലാദത്തോടെ ആ മനുഷ്യൻ തന്റെ കൂട്ടുകാരനായ കലാം വെള്ളിമാടുകുന്നിനെ ആശ്ലേഷിക്കുന്നു, ഒന്നാമത്തെ സീൻ ഇവിടെ പൂർത്തിയാകുന്നു.

സലാം അതിനോടകം തന്നെ നാലോളം പുസ്തകങ്ങളുടെ രചയിതാവായിരുന്നു. കുട്ടികളുടെ നാടകങ്ങൾ എഴുതിയിരുന്നു. ആനുകാലികങ്ങളിൽ എഴ്‌ത്തുക്കൾ മുടങ്ങാതെ വരാറുമുണ്ടായിരുന്നു, സിനിമാക്കാർ പറഞ്ഞ രണ്ടാഴ്ച രണ്ടുയുഗം പോലെ ആ മനുഷ്യൻ തള്ളിനീക്കുന്നു. പക്ഷെ അവരുടെ ബന്ധപ്പെടലുകൾ കാണുന്നി. സലാം ആധികയറി കൂട്ടുകാരെ ഒക്കെ വിളിക്കുന്നു. വിഷമിക്കാതിരിക്കു ശെരിയാകുമെന്നുള്ള പ്രതീക്ഷാനിർഭരമായ സുഹൃത്വചനങ്ങളിൽ അയാൾ അന്തിയുറങ്ങുന്നു.

ഒരു പ്രഭാതത്തിൽ അയാളെ കാത്തുനിന്നത് ഒരു ദുരന്ത വാർത്തയായിരുന്നു. ഒരു പുതിയ സിനിമ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു സിനിമയുടെ പേര് 'ഉയരും ഞാൻ നാടാകെ' മോഹൻലാൽ അടക്കമുള്ള അഭിനേതാക്കൾ താൻ തിരക്കഥ കൈമാറിയ നിർമ്മാണകമ്പനി. തലചുറ്റുന്നതുപോലെ തോന്നിത്തുടങ്ങിയ അല്ലെങ്കിൽ പാതിയടഞ്ഞ കാഴ്ചയിലായിരുന്നു സലാം ആ സിനിമയുടെ തിരക്കഥാകൃത്തിന്റെ പേര് വായിച്ചത് അത് മറ്റാരുമല്ലായിരുന്നു വിഖ്യാത നാടകക്കാരൻ 'പി.എം.താജിന്റെ' പേരിൽ ആയിരുന്നു താൻ പേറ്റുനോവറിഞ്ഞു പെറ്റിട്ട ആ തിരക്കഥ വന്നിരിക്കുന്നത്. അന്ന് പാതിയടഞ്ഞുപോയ മനസ്സിന്റെ കല്പനകളിൽ നിന്നും സലാം ഇന്നും മോചിതനായിട്ടില്ല. തന്റെ സർഗാത്മകതകൾ മുഴുവൻ ആ ഒരൊറ്റ സംഭവത്തിൽ മുരടിച്ചു പോയതുപോലെ ആ മനുഷ്യൻ എഴുത്തിന്റെ ലോകത്തുനിന്നും, കൂട്ടുകാരുടെയും, നാട്ടുകാരുടെയും ലോകത്തുനിന്നും സ്വയം പിൻവാൻങ്ങുകയും നിശബ്ദമായ ആ ചതിക്കൊപ്പം ജീവിതം ഹോമിച്ചുതീർക്കുകയുമാണ്. സിനിമ നാടാകെ ഉയർന്നപ്പോൾ സലാം പാതാളത്തോളം താഴുകയായിരുന്നു.

സലാം ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് ഒരു ഉന്മാദിയെപോലെ, ഏറ്റവും വൃത്തിഹീനമായ ഒരു ജീവിതസാഹചര്യത്തിൽ കോഴിക്കോട്  അശോകപുരത്തെ  ഒരു കൊച്ചുവീട്ടിൽ ആരും കൂട്ടില്ലാതെ തനിച്ചു തനിച്ചു ജീവിക്കുന്നു.ആരും കൂട്ടിനില്ലെന്നുപറയരുത് അദ്ദേഹം മനുഷ്യരേക്കാൾ ഇന്ന് സ്നേഹിക്കുന്നത് മൃഗങ്ങളെയാണ്. തന്റെ ചുറ്റിലും സ്നേഹത്തോടെ ഇരിക്കുന്ന കുറേ പൂച്ചകളാണ് ഇന്ന് സലാമിന്റെ ചങ്ങാതിമാർ. അവർക്കുള്ള ഭക്ഷണം നൽകിയും അവരെ പരിചരിച്ചും, നമുക്കൊക്കെ തീർത്തും അന്യമായൊരുലോകത്തു സലാമുണ്ട്. ഒരു സിനിമാ ചതി ഏറ്റവും സർഗ്ഗധനനായ ഒരു മനുഷ്യനെ ജീവിതത്തിൽ നിന്നും പടിയടച്ചു പിണ്ഡം വച്ചിരിക്കുന്നു. നമ്മൾ അനുഭവിച്ചിട്ടില്ലാത്ത ലോകങ്ങൾ ഒക്കെ നമുക്ക് കെട്ടുകഥകൾ മാത്രമാണല്ലോ, പക്ഷെ സലാമിനെ കാണുമ്പൊൾ സലാമിന്റെ ജീവിത വഴികളിലൂടെ സഞ്ചരിക്കുമ്പോൾ നമ്മൾ മനുഷ്യൻ എന്ന പദത്തിൽ എത്രമാത്രം കുടിലതകൾ കൂടി ഒളിച്ചു വച്ചിരിക്കുന്നു എന്ന് മനസ്സിലാകും.

എന്റെ മാധ്യമ സുഹൃത്തുക്കൾ ഇത് ശ്രദ്ധിക്കുമല്ലോ ഇങ്ങനെ ഒരാൾ നമുക്കിടയിലുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP