Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബാങ്കിൽ നിന്നെടുത്ത പണവും 50 പവൻ സ്വർണമായി മോഹനൻ മറഞ്ഞത് എവിടേക്ക്? കരകുളം ഭാഗത്തെ സിസിടിവിയിൽ സ്‌കൂട്ടറിൽ പോകുന്ന ദൃശ്യങ്ങൾക്ക് അപ്പുറം ഒന്നും കണ്ടെത്താൻ സാധിക്കാതെ അന്വേഷണ സംഘം; ദുരൂഹമായ തിരോധാനത്തിന് ഒരു മാസം പിന്നിടുമ്പോൾ എന്തെങ്കിലും വിവരം തരുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് കുടുംബം; സഞ്ചരിച്ച സ്‌കൂട്ടർ അടക്കം കാണാതായതിൽ അപായപ്പെടുത്തിയതെന്നും സംശയം; മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണവും വഴിമുട്ടി

ബാങ്കിൽ നിന്നെടുത്ത പണവും 50 പവൻ സ്വർണമായി മോഹനൻ മറഞ്ഞത് എവിടേക്ക്? കരകുളം ഭാഗത്തെ സിസിടിവിയിൽ സ്‌കൂട്ടറിൽ പോകുന്ന ദൃശ്യങ്ങൾക്ക് അപ്പുറം ഒന്നും കണ്ടെത്താൻ സാധിക്കാതെ അന്വേഷണ സംഘം; ദുരൂഹമായ തിരോധാനത്തിന് ഒരു മാസം പിന്നിടുമ്പോൾ എന്തെങ്കിലും വിവരം തരുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് കുടുംബം; സഞ്ചരിച്ച സ്‌കൂട്ടർ അടക്കം കാണാതായതിൽ അപായപ്പെടുത്തിയതെന്നും സംശയം; മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണവും വഴിമുട്ടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബാങ്കിൽ നിന്നെടുത്ത പണവും 50 പവൻ സ്വർണവുമായി സ്‌കൂട്ടറിൽ കാണാതായ 58കാരൻ മോഹനൻ എവിടെ പോയി? കോവിഡ് ഭീതിയിൽ നാടും നഗരവും നിൽക്കുമ്പോൾ ദുരൂഹമായ ഈ തിരോധാനത്തിന് ഇനിയും യാതൊരു തുമ്പും കിട്ടിയിട്ടില്ല. സ്വർണവും പണവുമായി ബാങ്കിൽനിന്ന് മടങ്ങിയ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ തിരുവനന്തപുരം കുളപ്പട സുവർണ നഗർ എഥൻസിൽ കെ. മോഹനനെ(58)യാണ് കാണാതായത്. മെയ് എട്ടാം തീയതിയായിരുന്നു മോഹനനെ തീർത്തും ദുരൂഹമായ സാഹചര്യത്തിൽ കാണാതായത്.

കോവിഡ് കാലം ആയതിനാൽ ഈ കേസ് വലിയ തോതിൽ ശ്രദ്ധിക്കാതെ പോകുകയായിരുന്നു. അതുകൊണ്ട് തന്നെ അന്വേഷണം പൂർണമായ തോതിൽ മുന്നോട്ടു പോയതുമില്ല. അന്വേഷണം എങ്ങുമെത്താതെ വരികയായിരുന്നു. ദുരൂഹ സാഹചര്യത്തിലുള്ള മോഹനന്റെ തിരോധനത്തിന് യാതൊരു തുമ്പും ലഭിക്കാതെ വന്നതോടെ അന്വേഷണം വഴിമുട്ടുകയായിരുന്നു. ഒരു മാസം പിന്നിട്ടിട്ടും മോഹനനെക്കുറിച്ച് ഒരു സൂചനയും ലഭിക്കാതായതോടെ എന്തെങ്കിലും വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് കുടുംബം.

ഭാര്യാസഹോദരന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ പറന്തോട് ശാഖയുടെ മേൽനോട്ടക്കാരനായിരുന്നു മോഹനൻ. കഴിഞ്ഞ 13 വർഷമായി സ്ഥാപനത്തിൽനിന്ന് ബാങ്കിലേക്ക് പണവും സ്വർണവും കൊണ്ടുപോകുന്നതും എടുക്കുന്നതും ഇദ്ദേഹം തന്നെയായിരുന്നു. മെയ് എട്ടാം തീയതിയും പതിവ് പോലെ പേരൂർക്കടയിലെ ബാങ്കിലെത്തി. 50 പവനും 64000 രൂപയുമായി അവിടെനിന്ന് കെ.എൽ. 21 പി. 2105 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള ആക്ടീവ സ്‌കൂട്ടറിൽ മടങ്ങുകയും ചെയ്തു.

പിന്നീടാരും മോഹനനെ കണ്ടിട്ടില്ല. കാണാതായതോടെ അന്നേദിവസം തന്നെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. റോഡിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കരകുളം ഭാഗത്തെ സിസിടിവിയിൽ മോഹനൻ സ്‌കൂട്ടറിൽ പോകുന്ന ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. എന്നാൽ മറ്റൊരിടത്തും സിസിടിവി ദൃശ്യങ്ങളിൽ മോഹനനെ കാണാനായില്ല. ഒരു മാസം പിന്നിട്ടിട്ടും അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് മോഹനന്റെ മകൻ പറഞ്ഞു. 'വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ആ സിസിടിവി ദൃശ്യങ്ങൾക്കപ്പുറം യാതൊരു വിവരവും ലഭിച്ചിട്ടില്ലല്ലെന്നും കുടുംബം പറയുന്നു.

സംഭവത്തിന് പിന്നിൽ മോഷണ ശ്രമമാണോ അതോ മറ്റെന്തെങ്കിലും ആണോ എന്നാണ് കുടുംബം സംശയിക്കുന്നത്. സംഭവത്തിൽ ആരെയും സംശയിക്കാനുള്ള സാഹചര്യമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. മെയ് എട്ടാം തീയതിയും അച്ഛൻ പതിവ് പോലെയാണ് വീട്ടിൽനിന്ന് പോയത്. പെരുമാറ്റത്തിലോ മറ്റോ ഒരു വ്യത്യാസവും ഉണ്ടായിരുന്നില്ല. മെയ് എട്ടിന് രാവിലെ 11.10 ഓടെയാണ് കരകുളത്തെ സിസിടിവിയിൽ സ്‌കൂട്ടറിൽ പോകുന്ന ദൃശ്യങ്ങൾ പതിഞ്ഞിരിക്കുന്നത്.

എന്നാൽ ഇതിനുശേഷം എങ്ങോട്ടുപോയി എന്നതിനെക്കുറിച്ച് യാതൊരു വിവരവുമില്ല. അന്ന് മുതൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. ഒരു സാധാരണ മൊബൈൽ ഫോൺ ആണ് ഉപയോഗിച്ചിരുന്നത്. അതിനാൽ മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണവും വഴിമുട്ടി. ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അടുത്തിടെ നേരത്തെ കേസ് അന്വേഷിച്ച ഡിവൈഎസ്‌പി സ്ഥലംമാറി പോയി. പുതിയ ഡിവൈഎസ്‌പി കഴിഞ്ഞദിവസം വിവരങ്ങൾ ശേഖരിച്ചിരുന്നു. എന്തെങ്കിലും വിവരം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചത്. - മകൻ അമൽ പറഞ്ഞു.

ദുരൂഹമായ തിരോധാനത്തിൽ പൊലീസ് പലയിടത്തും അന്വേഷണം നടത്തിയെങ്കിലും ഫലം കണ്ടില്ല. മോഹനൻ എങ്ങോട്ട് പോയി എന്ന ചോദ്യം അതുപോലെ തന്നെ മുഴങ്ങിനിൽക്കുന്നു. കരകുളം അഴീക്കോടീന് അടുത്ത് ഇഷ്ടിക കമ്പനിയുടെ സമീപത്തെ കടയിലെ സിസിടിവികളിൽ പകൽ 11.02ന് മോഹനൻ സ്‌കൂട്ടറിൽ കടന്നുപോകുന്ന ദൃശ്യമുണ്ട്. എന്നാൽ പോകുന്ന വഴിയിൽ അരുവിക്കര, മുണ്ടേല ഭാഗത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങളിൽ മോഹനന്റെ യാത്ര ഇല്ല. പിന്നീടാരും മോഹനനെ കണ്ടിട്ടുമില്ല. ലോക്ഡൗൺ കാലമായതിനാൽ തട്ടിക്കൊണ്ടുപോകൽ സാധ്യത കുറവാണെന്ന നിഗമനത്തിലാണ് പൊലീസ്. മോഹനന്റെ മൊബൈൽ അവസാനം പ്രവർത്തിച്ചത് കരകുളത്തുവച്ചാണ്. പുതുതായി ചാർജെടുത്ത ഡിവൈഎസ്‌പി അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP