Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചാർട്ടേഡ് വിമാന യാത്രികരുടെ നിർബന്ധിത കോവിഡ് ടെസ്റ്റിൽ എതിർപ്പു ശക്തമായതോടെ നിലപാട് മയപ്പെടുത്തി കേരള സർക്കാർ; കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കും; ആന്റി ബോഡി ടെസ്റ്റു നടത്തി ശേഷം നാട്ടിലെത്താമെന്ന് സർക്കാറിന്റെ പുതിയ നിലപാട്; സർക്കാറിന്റെ നിലപാട് മാറ്റം മുസ്ലിം ലീഗും കെഎംസിസിയും അടക്കം കടുത്ത വിമർശനം ഉന്നയിച്ചോടെ; കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ചോദിക്കുന്നത് പ്രവാസികൾ നാട്ടിലേക്ക് വരേണ്ട എന്ന് പറയുന്നതിന് തുല്ല്യമാണ് പി കെ കുഞ്ഞാലിക്കുട്ടി

ചാർട്ടേഡ് വിമാന യാത്രികരുടെ നിർബന്ധിത കോവിഡ് ടെസ്റ്റിൽ എതിർപ്പു ശക്തമായതോടെ നിലപാട് മയപ്പെടുത്തി കേരള സർക്കാർ; കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കും; ആന്റി ബോഡി ടെസ്റ്റു നടത്തി ശേഷം നാട്ടിലെത്താമെന്ന് സർക്കാറിന്റെ പുതിയ നിലപാട്; സർക്കാറിന്റെ നിലപാട് മാറ്റം മുസ്ലിം ലീഗും കെഎംസിസിയും അടക്കം കടുത്ത വിമർശനം ഉന്നയിച്ചോടെ; കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ചോദിക്കുന്നത് പ്രവാസികൾ നാട്ടിലേക്ക് വരേണ്ട എന്ന് പറയുന്നതിന് തുല്ല്യമാണ് പി കെ കുഞ്ഞാലിക്കുട്ടി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ ചാർട്ടേഡ് വിമാനം വഴി പ്രവാസികൾക്ക് കേരളത്തിലേക്ക് വരാനാകൂ എന്ന സംസ്ഥാന സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധം ഇറമ്പിയതോടെ സർക്കാറിന് മനംമാറ്റം. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കുമെന്ന് സർക്കാർ അറിയിച്ചു. ആന്റി ബോഡി ടെസ്റ്റ് നടത്തി നാട്ടിലെത്താമെന്നാണ് കേരളത്തിന്റെ പുതിയ നിലപാട്. മിഡിൽ ഈസ്റ്റിൽ നിന്ന് വരുന്നവർ കോവിഡ് 19 രോഗവ്യാപനത്തിന് കാരണമാകുന്നുവെന്നും ഇനി മുതൽ കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ആണെന്ന സർട്ടിഫിക്കറ്റുമായി മാത്രമേ കേരളത്തിലേക്ക് യാത്ര അനുവദിക്കൂവെന്നും നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ കത്തിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ കടുത്ത എതിർപ്പാണ് ഉയർന്നത്.

സർക്കാർ നിലപാട് പ്രവാസികൾ നാട്ടിലേക്ക് വരേണ്ട എന്ന് പറയുന്നതിന് തുല്ല്യമാണെന്നാണ് പി.കെ കുഞ്ഞാലിക്കുട്ടി എംപി അഭിപ്രായപ്പെട്ടത്. കേരള സർക്കാറിന്റെ നിലപാട് മോശമായിപ്പോയി. രോഗവ്യാപനം ഉണ്ടാകാൻ പാടില്ല. അതിൽ എല്ലാവർക്കും ഉത്തരവാദിത്തം ഉണ്ട്. ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റീൻ ഫലപ്രദമായി സർക്കാർ നടത്തിയിരുന്നുവെങ്കിൽ ഈ പ്രശ്‌നം ഉണ്ടാകില്ലായിരുന്നു. അവിടെയുള്ള മലയാളികളോട് ഇങ്ങോട്ട് വരേണ്ട എന്ന പറയാൻ കഴിയില്ല. ഞങ്ങൾ അതിനെ ശക്തമായി എതിർക്കും -കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

കോവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതിലുണ്ടായ സർക്കാറിന്റെ അനാസ്ഥക്ക് കൊടുക്കേണ്ടി വരുന്ന വിലയാണിതെന്നും ഇതിൽ ദുരിതത്തിലാകുന്നത് ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുന്ന പ്രവാസികളാണെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു. പ്രവാസികളെ രണ്ടു തട്ടിലാക്കിക്കുകയാണ് സർക്കാറെന്ന് എം.കെ മുനീർ പറഞ്ഞു. വന്ദേ ഭാരത് മിഷനിലൂടെ എത്തുന്നവർക്ക് കോവിഡ് ടെസ്റ്റ് ആവശ്യമില്ലെന്നും ചാർട്ടേഡ് ഫ്‌ളൈറ്റ് വഴി വരുന്നവർക്കാണ് ടെസ്റ്റ് നിർബന്ധമാണെന്നും പറയുന്നു. ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ട വിഷയമാണിതെന്നും എം.കെ മുനീർ വിമർശിച്ചു. സർക്കാർ നിലപാട് പ്രായോഗികമല്ലെന്ന് പി.വി അബ്ദുൽ വഹാബ് എംപി പറഞ്ഞു.

അതേസമയം ചാർട്ടേഡ് വിമാനത്തിൽ പോകുന്നവർക്ക് കോവിഡ് പരിശോധനയിൽ നിന്നും പിന്മാറണമെന്ന് കെഎംസിസിയും അഭിപ്രായപ്പെട്ടിരുന്നു. ഗൾഫ് നാടുകളിൽനിന്ന് പ്രത്യേക ചാർട്ടേഡ് വിമാനങ്ങളിൽ നാട്ടിലേക്ക് പോകുന്നവർ 48 മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധന നടത്തിയ റിപ്പോർട്ട് സമർപ്പിക്കണമെന്ന തീരുമാനത്തിൽനിന്ന് സംസ്ഥാന സർക്കാർ പിന്മാറണമെന്ന് ബഹ്റൈൻ കെ.എം.സി.സി ആവശ്യപ്പെട്ടു. നിലവിൽ വന്ദേഭാരത് മിഷൻ നിബന്ധനകൾ പാലിച്ചാണ് കാരുണ്യ സംഘടനകളും മറ്റും നാട്ടിലേക്ക് ചാർട്ടേഡ് വിമാന സർവിസുകൾ നടത്തുന്നത്.

സർക്കാരുകളുടെ മാനദണ്ഡങ്ങൾ പാലിച്ച് മുൻഗണനാ പട്ടികയുടെ അടിസ്ഥാനത്തിലാണ് യാത്രക്കാരെ തെരഞ്ഞെടുക്കുന്നതും. എന്നിരിക്കെ, ചാർട്ടേഡ് വിമാനത്തിൽ പോകുന്നവർ മാത്രം 48 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് പരിശോധന റിപ്പോർട്ട് സമർപ്പിക്കണമെന്ന് പറയുന്നത് പ്രവാസി വിരുദ്ധമാണെന്നും അവർ നാടണയുന്നതിന് തുരങ്കം വയ്ക്കുന്ന പ്രവൃത്തികളാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജന. സെക്രട്ടറി അസൈനാർ കളത്തിങ്കൽ എന്നിവർ പറഞ്ഞു.

20ന് ശേഷം നാട്ടിലേക്ക് പോകുന്നവർ കോവിഡ് പരിശോധന റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ ഇക്കാര്യം ഒരു ഗൾഫ് നാടുകളിലും പ്രായോഗികമല്ലെന്ന കാര്യം മുഖ്യമന്ത്രി മനസിലാക്കണം. കോവിഡ് വ്യാപിക്കുന്നതിനാൽ തന്നെ വെറുതെ പരിശോധന നടത്താൻ ഒരു സർക്കാരും സന്നദ്ധരല്ല. കൂടാതെ സ്വകാര്യ സ്ഥാപനങ്ങളിൽ ഇത്തരം പരിശോധനകൾക്ക് ഭീമമായ തുകയാണ് ഈടാക്കുന്നത്. ജീവിതം പോലും വഴിമുട്ടിയും നിത്യചെലവിന് വരുമാനമില്ലാതെയുമുള്ള അവസ്ഥയിലാണ് പലരും നാട്ടിലേക്ക് പോകാനൊരുങ്ങുന്നത്. പലരും സൗജന്യ ടിക്കറ്റുകളിലും മറ്റ് സഹായത്താലുമാണ് എങ്ങനെയെങ്കിലും തിരികെ നാട്ടിലെത്തണമെന്ന ആഗ്രഹത്തോടെ കാരുണ്യ സംഘടനകളുടെ ചാർട്ടേഡ് വിമാന സർവിസിലൂടെ സ്വദേശത്തേക്ക് തിരിച്ചുപോകുന്നത്.

അതിനിടെയാണ് വീണ്ടും പ്രവാസി വിരുദ്ധ തീരുമാനവുമായി സംസ്ഥാന സർക്കാർ രംഗത്തുവന്നത്. ഓരോദിവസവും പ്രവാസികൾക്കെതിരേ വഞ്ചനാപരമായ നടപടികളാണ് സർക്കാർ കൈക്കൊള്ളുന്നതെന്നും നേതാക്കൾ പറഞ്ഞു. പ്രവാസികളെ രണ്ടാംകിട പൗരന്മാരായി കാണുന്ന ഇത്തരം തീരുമാനത്തിൽനിന്ന് പിന്മാറി പ്രവാസികൾക്ക് നാടണയാനുള്ള സൗകര്യം സർക്കാർ ഒരുക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

കോവിഡ് സർട്ടിഫിക്കറ്റ് ചോദിച്ച് സ്വന്തം നാട്ടുകാരോട് സർക്കാർ ക്രൂരത കാട്ടുന്നു: വി മുരളീധരൻ

വിദേശത്ത് നിന്ന് ചാർട്ടേർഡ് വിമാനത്തിൽ വരുന്നവർ കോവിഡ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന സർക്കാർ നിലപാടിനെതിരെ കേന്ദ്രമന്ത്രി വി. മുരളീധരനും രംഗത്തെത്തിയിരുന്നു. രാജ്യത്ത് ഒരു സംസ്ഥാനവും ഇത്തരം ഒരു നിബന്ധന വെച്ചിട്ടില്ല. സ്വന്തം നാട്ടുകാരോട് സർക്കാർ കാണിക്കുന്ന ഒരു ക്രൂരതയായി ഇത് മാറും. കാരണം ഗൾഫിൽനിന്നു വരുന്നവർക്കാണ് കേരളം ഇത്തരത്തിലൊരു നിബന്ധന മുന്നോട്ട് വെച്ചത്. ഗൾഫ് രാജ്യങ്ങളിൽ ബഹ്റൈനിൽ മാത്രമാണ് കോവിഡ് 19 ടെസ്റ്റ് നടത്തുന്നതിന് നിബന്ധനകളില്ലാത്തത്. സൗദി അറേബ്യ, ഒമാൻ, കുവൈത്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ പ്രോട്ടോക്കോൾ അനുസരിച്ച് രോഗലക്ഷണങ്ങളുള്ളവരെ മാത്രമെ കോവിഡ് ടെസ്റ്റിന് വിധേയമാക്കൂ.

യുഎഇയിൽ മാത്രമാണ് സ്വകാര്യ ടെസ്റ്റിങ്ങ് നടത്തുന്നുള്ളു. പക്ഷേ അവിടെയും ഇത്രയും പേരെ ടെസ്റ്റിന് വിധേയമാക്കാനുള്ള സൗകര്യങ്ങളുണ്ടാകണമെന്നില്ല. 48 മണിക്കൂറിനുള്ളിൽ നടത്തിയ ടെസ്റ്റിന്റെ റിസൾട്ട് കാണിച്ചാൽ മാത്രമെ ടിക്കറ്റ് ബുക്ക് ചെയ്യാനാകൂ. ഇനി നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം ടെസ്റ്റ് നടത്തി ഫലം പോസിറ്റീവായാൽ ടിക്കറ്റിന്റെ കാശ് പോകും. ടെസ്റ്റിന്റെ ഫലം വരാൻ വൈകിയാലും സമാനമായ സാഹചര്യമാണ് ഉണ്ടാവുക. 48 മണിക്കൂറെന്ന നിബന്ധന ഉള്ളതുകൊണ്ട് തന്നെ ഇത് നടപ്പിലാകാൻ നിരവധി പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ട്. എന്തുകൊണ്ടാണ് സർക്കാർ ഇത്തരത്തിൽ തീർത്തും അപ്രായോഗികമായ നിർദ്ദേശം മുന്നോട്ട് വെച്ചതെന്ന് മനസിലാകുന്നില്ല. കാരണം ധാരാളം തയ്യാറെടുപ്പുകൾ നടത്തിയ സംസ്ഥാനമാണ് കേരളം.

ഒന്ന്, ഒന്നര ലക്ഷം മുറികൾ തയ്യാറാക്കിയിട്ടുള്ള സംസ്ഥാനമാണ്. മറ്റൊരു സംസ്ഥാനവും ഇത്തരത്തിലുള്ള തയ്യാറെടുപ്പുകൾ നടത്തിയിട്ടില്ല. കേരളത്തെക്കുറിച്ച് ആശങ്കവേണ്ട, നന്നായി തയ്യാറെടുപ്പുകൾ നടത്തിയിട്ടുള്ള സംസ്ഥാനമാണെന്നാണ് വിദേശകാര്യ വകുപ്പിലെ ചർച്ചകളിൽ ഉയർന്നുവരാറുള്ളത്. പ്രവാസികളെ സ്വീകരിക്കാനുള്ള തയ്യാറെടപ്പുകളുമായി ബന്ധപ്പെട്ട് കേരളമൊഴികെ മറ്റു സംസ്ഥാനങ്ങളൊന്നും റിപ്പോർട്ട് നൽകിയിരുന്നില്ല. അതിനാൽ തന്നെ കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളുടെ കാര്യത്തിൽ വിദേശകാര്യ വകുപ്പിന് ആശങ്കയുണ്ടായിരുന്നു. ഇത്തരത്തിൽ തയ്യാറെടുപ്പുകൾ നടത്തിയ ഒരു സംസ്ഥാനം തിരിച്ചുവരുന്ന പ്രവാസികളുടെ എണ്ണം കുറയ്ക്കായി ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും മുരളീധരൻ വ്യക്തമാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP