Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭർത്താവ് രണ്ടാമതും കല്യാണം കഴിച്ചതോടെ തന്നെ പാടെ അവ​ഗണിച്ചത് സഹിക്കാനായില്ല; ഷാഹിദ് ഷെയ്ഖിനെ തട്ടിക്കൊണ്ടുവരാൻ റോമ ക്വട്ടേഷൻ കൊടുത്തത് രണ്ട് ലക്ഷം രൂപക്ക്; യുവതിക്ക് കുരുക്കായത് ക്വട്ടേഷൻ സംഘത്തിന്റെ അത്യാർത്തിയും

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: രണ്ടാം ഭാര്യയ്‌ക്കൊപ്പം സ്ഥിരതാമസമാക്കിയ ഭർത്താവിനെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ യുവതിക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. ബം​ഗളുരുവിലാണ് ഷാഹിദ്ഷെയ്ഖ് എന്ന യുവാവിനെ ആദ്യഭാര്യയായ യുവതി ക്വട്ടേഷൻ സംഘത്തെ ഉപയോ​ഗിച്ച് ബന്ദിയാക്കിയത്. എന്നാൽ, യുവതിയ അറിയാതെ ക്വട്ടേഷൻ സംഘം രണ്ടാം ഭാര്യയോട് മോചനദ്രവ്യം ആവശ്യപ്പെട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ജൂൺ ഏഴാം തീയതിയാണ് ക്വട്ടേഷൻ സംഘം യുവതിയുടെ നിർദ്ദേശപ്രകാരം ഷാഹിദിനെ തട്ടിക്കൊണ്ടുപോയത്. ഫാംഹൗസിൽ ബന്ദിയാക്കിയ യുവാവിനെ കഴിഞ്ഞദിവസം പൊലീസ് രക്ഷപ്പെടുത്തുകയായിരുന്നു.

റോമ എന്ന യുവതിയാണ് തന്റെ ഭർത്താവിനെ തട്ടിക്കൊണ്ടുവരാൻ ക്വട്ടേഷൻ സംഘത്തെ ഏർപ്പാട് ചെയ്തത്. കെട്ടിട നിർമ്മാണ കരാറുകാരനായ ഷാഹിദ് ഷെയ്ഖ് കഴിഞ്ഞവർഷം രത്‌ന ഖാത്തൂം എന്ന യുവതിയെ രണ്ടാമത് വിവാഹം കഴിച്ചിരുന്നു. തുടർന്ന് ഇവരോടൊപ്പം വിശേശ്വരയ്യ ലേഔട്ടിൽ സ്ഥിരതാമസവും തുടങ്ങി. എന്നാൽ ഭർത്താവ് രണ്ടാംഭാര്യയ്‌ക്കൊപ്പം സ്ഥിരതാമസമാക്കിയതും തന്റെ ആഭരണങ്ങളും പണവും രണ്ടാംഭാര്യയ്ക്ക് നൽകിയതും റോമയെ പ്രകോപിപ്പിച്ചു. ഇതാണ് ഭർത്താവിനെ തട്ടിക്കൊണ്ടുപോയി സ്വന്തമാക്കാൻ യുവതിയെ പ്രേരിപ്പിച്ചത്. അഭിഷേക് എന്ന ക്വട്ടേഷൻ നേതാവിനും സംഘത്തിനും രണ്ട് ലക്ഷം രൂപയാണ് റോമ നൽകിയത്.

പച്ചക്കറി വാങ്ങാൻ പോയ സമയത്താണ് ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയത്. യുവാവിനെ വാഹനത്തിലെത്തി തട്ടിക്കൊണ്ടുപോയ സംഘം നേരേ ഹാസനിലേക്കാണ് പോയത്. ഇതിനിടെ, ഭർത്താവിനെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ രണ്ടാംഭാര്യയാണെന്ന് വരുത്തിതീർക്കാനും റോമ ശ്രമിച്ചിരുന്നു. തടവിലാക്കിയ യുവാവിനെ ക്വട്ടേഷൻ സംഘം ക്രൂരമായി മർദ്ദിച്ചു. എന്നാൽ റോമയുടെ പദ്ധതികളെ എല്ലാം പാടെ തകിടം മറിച്ചത് ക്വട്ടേഷൻ സംഘത്തിന്റെ അത്യാർത്തിയായിരുന്നു.

ഷാഹിദിനെ തട്ടിക്കൊണ്ടുപോയ സംഘം റോമ ഷെയ്ഖ് അറിയാതെ രണ്ടാംഭാര്യയിൽനിന്ന് മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. ആദ്യം പത്ത് ലക്ഷം രൂപ ചോദിച്ച സംഘം പിന്നീട് രണ്ട് ലക്ഷം നൽകിയാൽ യുവാവിനെ മോചിപ്പിക്കാമെന്ന് ഉറപ്പുനൽകി. രണ്ടാംഭാര്യ ഇക്കാര്യം പൊലീസിനെ അറിയിച്ചു. തുടർന്ന് പൊലീസ് നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് ഹാസനിലെ ഫാംഹൗസിൽനിന്ന് യുവാവിനെ മോചിപ്പിച്ചത്. പിടിയിലായ നാല് പേരെ ചോദ്യംചെയ്തതോടെയാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിൽ ആദ്യഭാര്യയാണെന്ന് പൊലീസിന് മനസിലായത്. അതേസമയം, കേസിലെ പ്രതികളായ ഷാഹിദിന്റെ ആദ്യഭാര്യ റോമ ഷെയ്ഖും മറ്റ് മൂന്ന് പേരും ഒളിവിലാണ്. ഒളിവിൽപോയ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്നും മർദനമേറ്റതിനാൽ ഷാഹിദ് ഷെയ്ഖിനെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP