Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എൽഡിഎഫിൽ തുടർന്നാൽ മന്ത്രി പദവി ഉണ്ടാവില്ലെന്ന് ഉറപ്പായതോടെ യുഡിഎഫിൽ കയറാൻ ഗണേശ് നടത്തിയ തിരക്കിട്ട നീക്കങ്ങൾക്ക് വൻ തിരിച്ചടി; തന്നെ പെണ്ണുകേസിൽ കുടുക്കിയ ഗണേശിനോട് ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന ഉറച്ച നിലപാടിൽ ഉമ്മൻ ചാണ്ടി; പത്തനാപുരത്തെ കോൺഗ്രസ് നേതൃത്വം കട്ട ഉടക്കിൽ; ജോസഫിനെ പോയി കണ്ടു ലയിക്കാൻ ശ്രമിച്ചതും പാളി; പിള്ളയുടെ മകൻ ഇനിയും ഇടതുപക്ഷത്ത് തുടരും

എൽഡിഎഫിൽ തുടർന്നാൽ മന്ത്രി പദവി ഉണ്ടാവില്ലെന്ന് ഉറപ്പായതോടെ യുഡിഎഫിൽ കയറാൻ ഗണേശ് നടത്തിയ തിരക്കിട്ട നീക്കങ്ങൾക്ക് വൻ തിരിച്ചടി; തന്നെ പെണ്ണുകേസിൽ കുടുക്കിയ ഗണേശിനോട് ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന ഉറച്ച നിലപാടിൽ ഉമ്മൻ ചാണ്ടി; പത്തനാപുരത്തെ കോൺഗ്രസ് നേതൃത്വം കട്ട ഉടക്കിൽ; ജോസഫിനെ പോയി കണ്ടു ലയിക്കാൻ ശ്രമിച്ചതും പാളി; പിള്ളയുടെ മകൻ ഇനിയും ഇടതുപക്ഷത്ത് തുടരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെബി ഗണേശ് കുമാറിനെ യുഡിഎഫിൽ എടുക്കാനുള്ള നീക്കങ്ങളെ എതിർക്കുമെന്ന് വ്യക്തമാക്കി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സോളാർ കേസാണ് യുഡിഎഫിന് ഭരണ തുടർച്ച നഷ്ടമാക്കിയത്. സോളാറിലെ വിവാദങ്ങളിൽ സരിത എസ് നായരെ നിയന്ത്രിച്ചത് ഗണേശ് കുമാറായിരുന്നു. ഈ സാഹചര്യം എല്ലാവർക്കും അറിയാം. അതുകൊണ്ട് തന്നെ യുഡിഎഫിലേക്ക് ഗണേശിനെ മടക്കി കൊണ്ടു വരാൻ സമ്മതിക്കില്ലെന്നാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്. ഇതോടെ യുഡിഎഫ് മോഹങ്ങൾ അടയുകയാണ്. പത്തനാപുരത്തെ എംഎൽഎയാണ് ഗണേശ്. ഇടത് സ്വതന്ത്രനായാണ് കഴിഞ്ഞ തവണ ജയിച്ചത്. എന്നാൽ പിണറായി സർക്കാരിൽ മന്ത്രിസ്ഥാനം കിട്ടിയില്ല. ഈ സാഹചര്യത്തിലാണ് പതിയെ യുഡിഎഫിലേക്ക് കൂടുമാറാൻ ഗണേശ് ശ്രമിച്ചത്. ഇതിനെയാണ് ഉമ്മൻ ചാണ്ടി തകർക്കുന്നത്.

അതിനിടെ മുസ്ലിം ലീഗും ഉമ്മൻ ചാണ്ടിക്കൊപ്പമാണ് ഈ വിഷയത്തിൽ എന്ന സൂചന കിട്ടികഴിഞ്ഞു. ഇതിനിടെ പിജെ ജോസഫിന്റെ കേരളാ കോൺഗ്രസിൽ ലയിക്കാനും ഗണേശ് ശ്രമിച്ചിരുന്നു. ഇതിന് വേണ്ടി ജോസഫുമായി ചർച്ചയും നടത്തി. എന്നാൽ ഇതും ഫലം കണ്ടില്ല. ഈ സാഹചര്യത്തിൽ ഇടതുപക്ഷത്ത് തന്നെ നിലയുറപ്പിക്കേണ്ടി വരുമെന്ന് ഗണേശ് തിരിച്ചറിയുന്നു. അച്ഛൻ ബാലകൃഷ്ണ പിള്ള കുറച്ചു കാലമായി വീട്ടിൽ വിശ്രമത്തിലും ചികിൽസയിലുമാണ്. ഇതോടെയാണ് കേരളാ കോൺഗ്രസ് ബിയുടെ പൂർണ്ണ നിയന്ത്രണം ഗണേശിന് കിട്ടുന്നത്. ഇതോടെയാണ് എങ്ങനേയും അടുത്ത സർക്കാരിൽ എങ്കിലും മന്ത്രിയാകാൻ കരുനീക്കവുമായി ഗണേശ് എത്തിയത്. ഇതിനെയാണ് ഉമ്മൻ ചാണ്ടി വെട്ടുന്നത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി ഗണേശ് ആശയവിനിമയത്തിന് ശ്രമിച്ചിരുന്നു. ഈ നീക്കത്തിനോട് ചെന്നിത്തലയ്ക്ക് താൽപ്പര്യവും ഉണ്ടായിരുന്നു. കേരളാ കോൺഗ്രസബ് ബിക്ക് മത്സരിക്കാൻ പത്താനാപുരം മാത്രമേ നൽകൂവെന്നതായിരുന്നു ചെന്നിത്തല മുമ്പോട്ട് വച്ച നിബന്ധന. ഇത് അംഗീകരിക്കാൻ ഗണേശും സമ്മതം കാട്ടി. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് ഇല്ലായിരുന്നു. ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും അംഗീകരിച്ചാൽ എതിർപ്പില്ലെന്നതായിരുന്നു പക്ഷം. ഇതിനിടെയാണ് സോളാറിലെ വില്ലനെ വീണ്ടും യുഡിഎഫിൽ എടുക്കാനാവില്ലെന്ന നിലപാട് ഉമ്മൻ ചാണ്ടി എടുത്തത്. ഗണേശിനെ മന്ത്രിസ്ഥാനത്ത് നിന്ന് മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടി പുറത്താക്കി. ബാലകൃഷ്ണ പിള്ളയുടെ ആവശ്യപ്രകാരമായിരുന്നു ഇത്.

പിന്നീടാണ് സോളാർ കേസ് ചർച്ചകളിൽ എത്തിയത്. അതിന് ശേഷം ഗണേശിനെ മന്ത്രിയാക്കാൻ പിള്ള ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഉമ്മൻ ചാണ്ടി വഴങ്ങിയില്ല. ഇതോടെയാണ് ഇരുവരും മുന്നണി വിട്ടത്. പത്തനാപുരത്ത് ഇടത് സ്വതന്ത്രനായി ജയിക്കുകയും ചെയ്തു. ബാലകൃഷ്ണ പിള്ളയ്ക്ക് കാബിനറ്റ് റാങ്കിൽ മുന്നോക്ക കോർപ്പറേഷൻ അധ്യക്ഷ സ്ഥാനവും കിട്ടി. എന്നാൽ മന്ത്രിയാകാൻ കഴിയാത്തതിൽ ഗണേശ് തീർത്തും നിരാശനായിരുന്നു. ഇതോടെയാണ് പക്ഷം മാറാൻ തീരുമാനിച്ചത്. ഇതിനെയാണ് പഴയ കഥകൾ ഉയർത്തി ഉമ്മൻ ചാണ്ടി വെട്ടുന്നത്. പത്തനാപുരത്തെ കോൺഗ്രസ് നേതാക്കളും ഗണേശിന് എതിരാണ്. ഇതിനിടെയാണ് കേരളാ കോൺഗ്രസിലെ പിജെ ജോസഫിനൊപ്പം ലയിക്കാനുള്ള ഗണേശിന്റെ നീക്കവും പൊളിയുന്നത്.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് വിട്ട കേരള കോൺഗ്രസ് 2018 ഡിസംബർ മുതൽ എൽഡിഎഫ് അംഗമാണ്. എന്നാൽ പാർട്ടിയുടെ ഏക അംഗമായ ഗണേശ് കുമാറിനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാൻ ഇതുവരെ ഇടതുമുന്നണി തയ്യാറായിട്ടില്ല. എംഎൽഎ ഉണ്ടായിട്ടും ഇടതുമുന്നണിയിൽ മന്ത്രിപദവിയില്ലാത്ത ഏക പാർട്ടിയാണ് കേരള കോൺഗ്രസ് ബി. നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തനാപുരത്ത് വമ്പിച്ച ഭൂരിപക്ഷത്തിൽ ലഭിച്ചത് മുതൽ തന്നെ മന്ത്രിസ്ഥാനം സ്വന്തമാക്കാനായുള്ള നീക്കങ്ങൾ ഗണേശ് കുമാർ ആരംഭിച്ചിരുന്നു. എന്നാൽ മുന്നണിക്ക് പുറത്തുള്ള പാർട്ടി എന്ന നിലയിൽ തഴയുകയായിരുന്നു. ബാലകൃഷ്ണപിള്ളയെ ക്യാബിനറ്റ് പദിവിയോടെ മുന്നാക്ക വികസന കമ്മീഷൻ അധ്യക്ഷനായി നിയമിച്ചായിരുന്നു കേരള കോൺഗ്രസ് ബിയെ അന്ന് ആശ്വസിപ്പിച്ചത്.

പിന്നീട് മുന്നണി പ്രവേശം ലഭിച്ചപ്പോൾ വീണ്ടും മന്ത്രിസ്ഥാനത്തിനായി ആവശ്യം ഉയർത്തിയെങ്കിലും സിപിഎം പരിഗണിച്ചില്ല. ഏക അംഗം മാത്രം ഉള്ള കോൺഗ്രസ് എസിന് തുടക്കം മുതൽ മന്ത്രിസ്ഥാനം ഉള്ളത് ചൂണ്ടിക്കാട്ടപ്പെട്ടെങ്കിലും വഴങ്ങാൻ സിപിഎം തയ്യാറായില്ല. ഇതോടെയാണ് മുന്നണി മാറ്റം എന്നതിന് ഗണേശ് കുമാർ നീക്കം തുടങ്ങിയത്. മുന്നണി മാറുന്നത് സംബന്ധിച്ച് പാർട്ടി അധ്യക്ഷനായ ആർ ബാലകൃഷ്ണപിള്ള നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും കെബി ഗണേശ് കുമാർ എംഎൽഎ കോൺഗ്രസിലെ ചില പ്രമുഖ നേതാക്കളുമായി ഇതിനോടകം തന്നെ ചർച്ച നടത്തി കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇത് മനസ്സിലാക്കിയാണ് ഉമ്മൻ ചാണ്ടി എതിർപ്പുന്നയിക്കുന്നത്.

സിപിഎം പ്രാദേശിക നേതൃത്വം ഗണേശ് കുമാറിനെതിരെ പലപ്പോഴും പരസ്യ നിലപാടുകൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതും കേരള കോൺഗ്രസിന്റെ മുന്നണി മാറ്റ ചർച്ചകൾക്ക് ഇടയാക്കുന്നുവെന്നാണ് സൂചന. നിലവിലെ പ്രാദേശിക സാഹചര്യങ്ങൾ വിലയിരുത്തി അറിയിക്കാൻ കൊല്ലം ജില്ലയിലെ പ്രമുഖ നേതാക്കളോട് സംസ്ഥാന നേതൃത്വത്തിലെ ചിലർ നിർദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഗണേശും സർക്കാർ വിരുദ്ധ നിലപാടുകൾ എടുക്കാൻ തുടങ്ങിയിരുന്നു. ആന വിവാദത്തിൽ ഇടതു സർക്കാരിനെ കടന്നാക്രമിച്ചത് കെബി ഗണേശ് കുമാറായിരുന്നു. പത്തനാപുരം മേഖലയിലെ വേട്ടയെ കുറിച്ച് വെട്ടിത്തുറന്നു പറഞ്ഞു. ഇടത് സർക്കാരിന്റെ കാലത്തെ കാട്ടിലെ കൊള്ളയാണ് ഗണേശ് ചർച്ചയാക്കിയത്. ഇടതു പക്ഷത്തോടുള്ള നീരസം വാക്കുകളിലും വ്യക്തമായിരുന്നു.

കേരളാ കോൺഗ്രസ് ബിയുടെ നേതാവ് ആർ ബാലകൃഷ്ണ പിള്ളയാണ്. എന്നാൽ പിള്ള കുറച്ചു കാലമായി ചികിൽസയിലാണ്. അനാരോഗ്യം മൂലം പിള്ള കിടപ്പിലാണെന്നാണ് റിപ്പോർട്ട്. മുന്നോക്ക ക്ഷേമ നിധി കമ്മീഷൻ ചെയർമാനായ പിള്ളയ്ക്ക് ഇപ്പോഴും കാബിനറ്റ് റാങ്കുണ്ട്. എന്നാൽ തനിക്ക് ഒന്നുമില്ലെന്നതാണ് ഗണേശിന്റെ പരാതി. അച്ഛൻ കിടക്കയിൽ ആയതോടെ പാർട്ടിയുടെ നിയന്ത്രണം പൂർണ്ണമായും ഗണേശിന്റെ കൈയിലേക്ക് വന്നു. ഈ സാഹചര്യത്തിലാണ് യുഡിഎഫിലേക്കുള്ള ചർച്ചകൾ. ഗണേശ് യുഡിഎഫിലെത്തിയാൽ പത്തനാപുരത്ത് വിജയം ഉറപ്പാണെന്ന് കോൺഗ്രസിന് അറിയാം. ഇതോടെ സിനിമയിലെ ഗ്ലാമർ താരങ്ങളും യുഡിഎഫിനൊപ്പം പ്രചരണത്തിന് പോലും എത്തും. കഴിഞ്ഞ തവണ ഗണേശിന് വോട്ട് ചോദിച്ച് മോഹൻലാൽ പത്തനാപുരത്ത് എത്തിയത് വലിയ ചർച്ചയായിരുന്നു. ഇത് മനസ്സിലാക്കിയാണ് ചെന്നിത്തല അനുകൂല തീരുമാനം എടുത്തത്.

കൊട്ടാരക്കരയും പത്തനാപുരത്തും ആണ് കേരളാ കോൺഗ്രസ് ബിക്ക് സ്വാധീനമുള്ളത്. ഇതിൽ കൊട്ടാരക്കര ബാലകൃഷ്ണ പിള്ളയുടെ സ്വന്തം തട്ടകമായിരുന്നു. എന്നാൽ അയിഷാ പോറ്റിയോട് പിള്ള തോറ്റതോടെ കൊട്ടരക്കര ഇടതിനൊപ്പമായി. എൽഡിഎഫിൽ കഴിഞ്ഞ തവണ എഒരു സീറ്റ് മാത്രമാണ് പിള്ളയുടെ പാർട്ടിക്ക് നൽകിയത്. അത് പത്തനാപുരവും. പത്തനാപുരം മാത്രം നൽകിയ കേരളാ കോൺഗ്രസ് ബിയെ യുഡിഎഫിലെത്തിക്കാനായിരുന്നു ചെന്നിത്തലയുടെ ശ്രമം. ഇതാണ് ഉമ്മൻ ചാണ്ടിയുടെ എതിർപ്പോടെ അപ്രസക്തമാകുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP