Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തിരുവനന്തപുരം മുതൽ പാനൂർ വരെ കൊറോണ പ്രോട്ടോകോൾ പോലും ലംഘിച്ച് ആയിരങ്ങൾ; കുഞ്ഞനന്തൻ വെട്ടിക്കൊന്ന ടിപിയെ അപമാനിക്കാൻ നേതാക്കളുടെ നേതൃത്വത്തിൽ ഒഞ്ചിയത്ത് പ്രത്യേക ചടങ്ങ്; മൃതദേഹത്തിനൊപ്പം ആംബുലൻസിൽ മുഴുവൻ നേരവും ഉണ്ടായത് ബിനീഷ് കോടിയേരി; വീട്ടു വളപ്പിൽ ഇൻക്വിലാബ് വിളികളോടെ സംസ്‌കാരം; മരിച്ച പോയ ഒരു കൊടും ക്രിമിനലിന് സിപിഎം ആദരവ് അർപ്പിച്ചത് ഇങ്ങനെ  

തിരുവനന്തപുരം മുതൽ പാനൂർ വരെ കൊറോണ പ്രോട്ടോകോൾ പോലും ലംഘിച്ച് ആയിരങ്ങൾ; കുഞ്ഞനന്തൻ വെട്ടിക്കൊന്ന ടിപിയെ അപമാനിക്കാൻ നേതാക്കളുടെ നേതൃത്വത്തിൽ ഒഞ്ചിയത്ത് പ്രത്യേക ചടങ്ങ്; മൃതദേഹത്തിനൊപ്പം ആംബുലൻസിൽ മുഴുവൻ നേരവും ഉണ്ടായത് ബിനീഷ് കോടിയേരി; വീട്ടു വളപ്പിൽ ഇൻക്വിലാബ് വിളികളോടെ സംസ്‌കാരം; മരിച്ച പോയ ഒരു കൊടും ക്രിമിനലിന് സിപിഎം ആദരവ് അർപ്പിച്ചത് ഇങ്ങനെ   

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ടിപിയെ അമ്പത്തിയൊന്ന് വെട്ടു വെട്ടി കൊന്ന കൊടി സുനിയും കിർമാണി മനോജും. അവർക്ക് ബുദ്ധി ഉപദേശിച്ച കുഞ്ഞനന്തനും. പാനൂരിലെ ഈ സഖാവ് പാർട്ടിയിൽ കുഞ്ഞനന്തേട്ടനായിരുന്നു. പറയുന്നത് എന്തും ചെയ്യുന്ന സഖാവ്. പാർട്ടി പറയുന്നത് മാത്രം ചെയ്യുന്ന സഹൃദയനായിരുന്നു കുഞ്ഞനന്തനെന്ന് സിപിഎം പറയുമ്പോൾ തെളിയുന്നത് ടിപി കൊലയിലെ പാർട്ടിയുടെ പങ്കാണ്. ടിപിയെ കൊല്ലാൻ കുഞ്ഞനന്തൻ മുന്നിട്ടിറങ്ങിയത് പാർട്ടിയുടെ അറിവോടെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരുടെ അനുശോചനത്തിൽ നിറയുന്നതായാണ് വിലയിരുത്തൽ. അങ്ങനെ പാർട്ടിയുടെ സ്വന്തം ക്വട്ടേഷൻ ക്രിമിനലായിരുന്നു കുഞ്ഞനന്തൻ. ടിപിയെ കുലംകുത്തിയെന്ന് വിളിച്ചവർ കുഞ്ഞനന്തൻ ഏട്ടന് ഒരുക്കിയത് സമാനതകളില്ലാത്ത കൊറോണ വിടപറയലാണ്.

ടി.പി.ചന്ദ്രശേഖരൻ വെട്ടേറ്റു വീണു മരിച്ച ഒഞ്ചിയത്തിന്റെ മണ്ണിലും പൊതു ദർശനം. പിന്നെ ടിപിയുടെ ഭാര്യ കെകെ രമയ്ക്ക് നേരെ സൈബർ ആക്രമണം. വെട്ടികൊന്ന ടിപിയെ സിപിഎം ഇന്നലെ വീണ്ടും കൊന്നു. ടിപി കേസിലെ 13ാം പ്രതിയായി ജയിൽ ശിക്ഷ അനുഭവിക്കവേ ആശുപത്രിയിൽ മരിച്ച സിപിഎം നേതാവ് പി.കെ.കുഞ്ഞനന്തന്റെ ഭൗതിക ശരീരം പൊതുദർശനത്തിനുവച്ച് സിപിഎം രാഷ്ട്രീയ കൊലപാതകളങ്ങളിലെ കൊടും ക്രിമിനലിന് രക്തസാക്ഷി പരിവേഷം കൊടുക്കുകയായിരുന്നു. കാൻസറിനോട് മല്ലിട്ടാണ് കുഞ്ഞനന്തൻ മരിച്ചത്. എന്നാൽ മെഡിക്കൽ കോളേജിൽ ആരോ വന്ന് കൊന്നു കളഞ്ഞ രക്തസാക്ഷിയെ പോലെ വിപ്ലവ മുദ്രാവാക്യങ്ങൾ വിളിച്ചാണ് കുഞ്ഞനന്തന് സിപിഎം വിട നൽകിയത്.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് ആംബുലൻസിൽ പാനൂരിലേക്കു കൊണ്ടുപോകും വഴിയാണു വടകര കൈനാട്ടിയിൽ മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കും സൗകര്യമൊരുക്കിയത്. സംസ്ഥാന സമിതി അംഗം പി. സതീദേവിയുടെയും ഒഞ്ചിയം ഏരിയ സെക്രട്ടറി ടി.പി.ബിനീഷിന്റെയും നേതൃത്വത്തിലായിരുന്നു അന്തിമോപചാരം. നേതാക്കൾ ആംബുലൻസിലേക്കു കയറി മൃതദേഹത്തിൽ പുഷ്പചക്രം അർപ്പിച്ച് അഭിവാദ്യം ചെയ്തു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയാണു മൃതദേഹത്തോടൊപ്പം ആംബുലൻസിൽ ഉണ്ടായിരുന്നത്. സിപിഎമ്മുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നു പാർട്ടി വിട്ട ടി.പി.ചന്ദ്രശേഖരൻ ആർഎംപി രൂപീകരിച്ചു പ്രവർത്തിക്കുന്നതിനിടെയാണ് 2012 മെയ്‌ 4ന് കൊല്ലപ്പെടുന്നത്. കേസിൽ കുഞ്ഞനന്തൻ ഉൾപ്പെടെ 11 പേരെയാണു കോടതി ശിക്ഷിച്ചത്.

സിപിഎമ്മിന്റെ ഉന്നത നേതാക്കൾ അറിയാതെ ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടക്കുമായിരുന്നില്ലെന്ന വിലയിരുത്തൽ സജീവമാണ്. ഗൂഢാലോചനയിൽ ആരും കുടുങ്ങാത്തത് കുഞ്ഞനന്തനെന്ന പാർട്ടി വിശ്വസ്തന്റെ നിലപാടുകൊണ്ടാണെന്നാണു വിലയിരുത്തൽ. ആ കടപ്പാടാണ് പാർട്ടി മരണ ശേഷവും കുഞ്ഞനന്തനോടു കാണിച്ചത്, കേസിൽ ഗൂഢാലോചന കുറ്റത്തിനാണു കുഞ്ഞനന്തൻ ശിക്ഷിക്കപ്പെട്ടത്. കുഞ്ഞനന്തനുമായുള്ള പാർട്ടി നേതാക്കളുടെ അടുപ്പം മരണാനന്തര ചടങ്ങുകളിലും അനുശോചനങ്ങളിലും സമൂഹ മാധ്യമങ്ങളിലെ അഭിപ്രായങ്ങളിലും പ്രകടമായി.

എല്ലാറ്റിനും മറുപടിയെന്നോണം ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമ കുഞ്ഞനന്തന്റെ മരണത്തിനു ശേഷം സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ ഏറെ ചർച്ച ചെയ്യപ്പെട്ടു. കല്യാണ സദ്യയ്ക്ക് ടിപി ചോറുവിളമ്പുന്ന പടമാണ് 'എന്റെ സഖാവേ..' എന്ന അടിക്കുറിപ്പോടെ രമ പോസ്റ്റ് ചെയ്തത്. യുഡിഎഫ് ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയും നിരപരാധിയുമെന്ന വിശേഷണത്തോടെയാണു സിപിഎം പി.കെ.കുഞ്ഞനന്തന് അന്ത്യയാത്ര ഒരുക്കിയത്. പി.കെ.കുഞ്ഞനന്തന്റെ മൃതദേഹം പാനൂർ പാറാട്ടെ വീട്ടുവളപ്പിൽ സിപിഎം പ്രവർത്തകരുടെയും നേതാക്കളുടെയും സാന്നിധ്യത്തിൽ സംസ്‌കരിച്ചു. അപ്പോൾ ഉയർന്നത് വിപ്ലവ മുദ്രാവാക്യങ്ങളും. കൊറോണ പ്രോട്ടോകോൾ എല്ലാം ലംഘിക്കുന്ന സംസ്‌കാര ചടങ്ങ്. കേസുമില്ല അറസ്റ്റുമില്ല.

ആയിരങ്ങളാണ് പാനൂരിലേക്ക് ഒഴുകിയത്. പ്രിയ സഖാവിന് മരണമില്ലെന്ന മുദ്രാവാക്യവും ലാൽസലാമും പ്രകമ്പനം തീർത്ത അന്തരീക്ഷത്തിൽ പാനൂരിന്റെ പടനായകനെ അഗ്‌നിനാളങ്ങൾ ഏറ്റുവാങ്ങി. മകൾ ശബ്നയും പേരക്കുട്ടി ഫിദലും ചേർന്നാണ് ചിതയ്ക്ക് തീക്കൊളുത്തിയത്. രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയായി തടവറയിൽ അടയ്ക്കപ്പെട്ട കുഞ്ഞനന്തൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി 9.25നാണ് അന്തരിച്ചത് എന്നെഴുതി ദേശാഭിമാനിയും പുതു മാതൃകയായി. വയറ്റിൽ അണുബാധയേറ്റ് ഒരു വർഷത്തിലേറെയായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തുനിന്ന് പ്രത്യേക ആംബുലൻസിൽ വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് മൃതദേഹം പാനൂരിലെത്തിച്ചത്. ഒഞ്ചിയം --നാദാപുരം റോഡിലും സിപിഐ എം പാനൂർ ഏരിയാ കമ്മിറ്റി ഓഫീസായ രാജുമാസ്റ്റർ സ്മാരകത്തിലും പാറാട് ടൗണിലും പൊതുദർശനത്തിനുവച്ചു. രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖരുൾപ്പെടെ നിരവധിപേർ അന്ത്യോപചാരമർപ്പിച്ചു. കോവിഡ് മാർഗനിർദ്ദേശം അട്ടിമറിച്ച് ആളുകൾ ഇവിടെ എത്തി.

പകൽ 12 ഓടെ മൃതദേഹം പാറാട് കണ്ണങ്കോട്ടെ വീട്ടിലെത്തിച്ചു. ബന്ധുക്കളും അയൽക്കാരുമടക്കമുള്ളവർ വിങ്ങിപ്പൊട്ടി. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി, കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ജയരാജൻ, കെ പി സഹദേവൻ, പി സതീദേവി, കെ കെ രാഗേഷ് എംപി, ജെയിംസ് മാത്യു എംഎൽഎ, എ എൻ ഷംസീർ എംഎൽഎ, സി കൃഷ്ണൻ എംഎൽഎ, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവംഗം സി എൻ ചന്ദ്രൻ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി മണ്ഡലം പ്രതിനിധി പി ബാലൻ പുഷ്പചക്രം അർപ്പിച്ചു. സംസ്‌കാരത്തിനുശേഷം വീട്ടുമുറ്റത്ത് അനുശോചന യോഗവുമുണ്ടായി.

മരണാനന്തര ചടങ്ങിൽ കൊറോണക്കാലത്ത് പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണത്തിന് പരിമിതിയുണ്ട്. ഇതൊന്നും കുഞ്ഞനന്തന്റെ സംസ്‌കാരത്തിന് ബാധകമായില്ല. കോവിഡ് പടർന്ന് പിടിക്കുന്ന കണ്ണൂർ അങ്ങനെ കുഞ്ഞനന്തന് കോവിഡിനെ പോലും ഭയക്കാതെ യാത്ര അയപ്പു നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP