Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബ്രിട്ടീഷ് പ്രൗഢിയുടെ സ്മാരകങ്ങൾ സംരക്ഷിക്കാൻ വലത് വംശീയ വാദികളും തെരുവിൽ; ലണ്ടൻ വംശീയ ലഹളക്ക് ഒരുങ്ങുകയാണെന്നറിഞ്ഞ് കർഫ്യൂ പ്രഖ്യാപിച്ച് പൊലീസ്; പ്രതിമകൾക്ക് സംരക്ഷണം; ബ്ലാക്ക് ലൈവ്സ് മാറ്റേഴ്സിന്റെ ഹൈഡ് പാർക്ക് റാലി റദ്ദു ചെയ്തു

ബ്രിട്ടീഷ് പ്രൗഢിയുടെ സ്മാരകങ്ങൾ സംരക്ഷിക്കാൻ വലത് വംശീയ വാദികളും തെരുവിൽ; ലണ്ടൻ വംശീയ ലഹളക്ക് ഒരുങ്ങുകയാണെന്നറിഞ്ഞ് കർഫ്യൂ പ്രഖ്യാപിച്ച് പൊലീസ്; പ്രതിമകൾക്ക് സംരക്ഷണം; ബ്ലാക്ക് ലൈവ്സ് മാറ്റേഴ്സിന്റെ ഹൈഡ് പാർക്ക് റാലി റദ്ദു ചെയ്തു

സ്വന്തം ലേഖകൻ

ടിമക്കച്ചവടവും കോളനിവത്ക്കരണവുമായി ബന്ധപ്പെട്ടവരെ മഹത്വവത്ക്കരിക്കുന്ന പ്രതിമകളും സ്മാരകങ്ങളും ഇല്ലാതെയാക്കാൻ ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭവുമായി ബന്ധപ്പെട്ടവർ ഒരുങ്ങിയിറങ്ങിയപ്പോൾ, ബ്രിട്ടീഷ് പ്രൗഢിയുടെ പ്രതീകങ്ങൾ എന്ന് തങ്ങൾ വിശേഷിപ്പിക്കുന്ന അവയെ സംരക്ഷിക്കാൻ വലതുപക്ഷ തീവ്രവാദികളും തെരുവിൽ ഇറങ്ങി. ഇത് ഒരു സംഘട്ടനത്തിലും വംശീയലഹളയിലും കലാശിച്ചേക്കാം എന്ന് ഭയന്ന ലണ്ടൻ പൊലീസ് നഗരത്തിലാകെ കർഫ്യൂ പ്രഖ്യാപിച്ചു. വലത് പക്ഷ തീവ്രവാദികൾ അക്രമത്തിന് തുനിഞ്ഞേക്കാമെന്ന സംശയത്തിൽ ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭകാരികൾ ഇന്ന് നടത്താൻ ഉദ്ദേശിച്ചിരുന്ന ഹൈഡ്പാർക്ക് റാലി നേരത്തേ റദ്ദ് ചെയ്തിരിന്നു. എന്നിരുന്നാലും ചില പ്രക്ഷോഭകാരികൾ ഇതിനായി ഒരുങ്ങുന്നു എന്ന വാർത്തകൾക്കിടയിലാണ് കർഫ്യൂ പ്രഖ്യാപനം വന്നത്.

കഴിഞ്ഞ ആഴ്‌ച്ച ഹൈഡ് പാർക്കിൽ നിന്നും വൈറ്റ്ഹാളിലേക്ക് നടന്ന റാലി അക്രമാസക്തമാവുകയും പൊലീസും പ്രക്ഷോഭകാരികളുമായി ഏറ്റുമുട്ടൽ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിൽ ഇന്നത്തെ റാലിയിൽ പങ്കെടുക്കുന്നവർക്ക് കർശന നിബന്ധനകൾ നൽകിയിരുന്നു. മാർഗ്ഗനിർദ്ദേശങ്ങളിൽ ഉറച്ചു നിൽക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരുപറ്റം ഫുട്ബോൾ ഭ്രാന്തന്മാരും വലത് തീവ്രവാദികളും ദേശീയ സ്മാരകങ്ങൾ സംരക്ഷിക്കാൻ തങ്ങൾ ഏതറ്റം വരെയും പോകും എന്ന പ്രഖ്യാപനവുമായി രംഗത്ത് എത്തിയതോടെ രംഗം കലാപകലുഷിതമാകുമെന്ന് പൊലീസ് ഭയക്കുകയായിരുന്നു.

ബ്ലാക്ക് ലൈവ്സ് മാറ്റർ റാലി, ഹൈഡ് പാർക്കിൽ നിന്നും പുറപ്പെട്ട് പാർക്ക് ലെയ്ൻ, ഹൈഡ് പാർക്ക് കോർണർ, പിക്കാഡില്ലി, പിക്കാഡില്ലി സർക്കസ്, ഹേമാർക്കറ്റ്, കോക്ക്സ്പർ സ്ട്രീറ്റ്, ട്രഫൽഗർ സ്‌ക്വയർ എന്നിവിടങ്ങളിലൂടെ വൈറ്റ്ഹാളിൽ എത്തുവാനായിരുന്നു തീരുമാനിച്ചിരുന്നത്. അതേ സമയം വലത്പക്ഷക്കാർ പാർലമെന്റ് ചത്വരത്തിലും വൈറ്റ്ഹാളിലും ഒത്തുകൂടാനും തീരുമാനിച്ചു. പൊലീസ് ബാറിയറിന്റെ വടക്ക് ഭാഗത്ത് ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭകാരികളും തെക്ക് ഭാഗത്ത് വലതുപക്ഷക്കാരും ഒത്തുകൂടും എന്നതായിരുന്നു തീരുമാനം.

പൊലീസിനെതിരെയുള്ള ഏതക്രമവും കർശനമായി നേരിടുമെന്ന് മെറ്റ് പൊലീസ് മുന്നറിയിപ്പ് നൽകി. അതേ സമയം കൊറോണ പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും വിട്ടുനിൽക്കണമെന്ന് സ്‌കോട്ട്ലൻഡ് യാർഡും ആവശ്യപ്പെട്ടു. ഇത് ഒരുപക്ഷെ മഹാവ്യാധിയുടെ രണ്ടാം വരവിന് കളമൊരുക്കിയേക്കാം എന്നതിനാലായിരുന്നു ഇത്. നഗരത്തിലുള്ള സ്മാരകങ്ങൾക്ക് സംരക്ഷണമെർപ്പെടുത്തുന്ന നടപടികളുമായി ലണ്ടൻ മേയറും മുന്നോട്ടു പോവുകയാണ്. മാത്രമല്ല, പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം നഗരത്തിലെ മിക്ക പ്രതിമകൾക്കടുത്തേക്കും പ്രതിഷേധക്കാർക്ക് എത്തുവാനും ആകില്ല.

വംശീയതക്കെതിരായ പോരാട്ടം ഒരു കൂട്ടം തീവ്രവാദികൾ അക്രമങ്ങൾക്കായി ഉപയോഗിക്കുന്നു എന്ന് കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിൽ ജോൺസൺ പറഞ്ഞതിനെ ശരിവയ്ക്കുന്നതാണ് ഇപ്പോൾ നിഴൽ വിരിച്ചിരിക്കുന്ന ഭീഷണിയും തുടര്ന്നുള്ള കർഫ്യൂവും. വിൻസ്റ്റൺ ചർച്ചിലിന്റെ പ്രതിമപോലും ആക്രമിക്കപ്പെട്ടുവെങ്കിൽ അത്തരം പ്രതിഷേധങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നതാണ് ഉചിതമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇതിനിടയിൽ പ്രതിഷേധക്കാരിൽ നിന്നും രക്ഷിക്കാൻ ചർച്ചിലിന്റെ പ്രതിമ മൂടിവച്ച മേയറുടെ നടപടി വിമർശനങ്ങൾക്ക് വിധേയമായി. പ്രിതി പട്ടേൽ മേയറുമായി ബന്ധപ്പെട്ട് മൂടിവച്ച വെങ്കല പ്രതിമ തുറന്ന് പ്രദർശിപ്പിക്കാൻ ആവശ്യപ്പെട്ടു. രാജ്യത്തിലും യൂറോപ്പിലും ഫാസിസത്തിനെതിരെയും വംശീയ വിവേചനത്തിനെതിരെയും പോരാടിയ ദേശീയ നായകന്റെ പ്രതിമ മൂടിവയ്ക്കേണ്ടതില്ലെന്നും അവർ പറഞ്ഞു. ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭണം അടിച്ചമർത്തണം എന്ന പ്രിതി പട്ടേലിന്റെ ആവശ്യം പൊലീസ് സേനക്കുള്ളിൽ നിന്നുതന്നെ വിമർശനത്തിന് കാരണമായി. അധികാര ദുർവിനിയോഗം എന്നാണ് ചില പൊലീസ് ഉദ്യോഗസ്ഥർ തന്നെ ഇതിനെ വിശേഷിപ്പിച്ചത്.

ഇന്നലെ ഹൈഡ് പാർക്കിൽ നടന്ന പ്രതിഷേധം സമാധാനപരമായിരുന്നെങ്കിലും പ്രക്ഷോഭകാരികളുടെ രണ്ട് നേതാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഫെബ്രുവരിയിൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന് മുന്നിൽ നടന്ന മുതലാളിത്ത വിരുദ്ധ പ്രകടനം ഉൾപ്പടെ കഴിഞ്ഞ കാലങ്ങളിലെ ചില പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങളാണ് ഇവരുടെ അറസ്റ്റിന് കാരണം. ഇക്കാര്യം അന്വേഷണത്തിൽ ആയതിനാൽ കൂടുതൽ വിവരങ്ങൾ നൽകാനാകില്ലെന്നാണ് പൊലീസ് പറഞ്ഞത്.

ഡെമോക്രാറ്റിക് ഫുട്ബോൾ ലാഡ്സ് അലയൻസ് എന്ന് പേരിട്ട വലതുപക്ഷ കൂട്ടായ്മയും മുൻ സൈനികരുടെ ഒരു കൂട്ടവും ലണ്ടൻ നഗരത്തിൽ ഇന്നത്തെ പ്രക്ഷോഭം നേരിടാൻ എത്തുന്നു എന്നതാണ് ലഭിച്ച വിവരം. നഗരത്തിലെ ദേശീയ സ്മാരകങ്ങൾ സംരക്ഷിക്കപ്പെടും എന്നുറപ്പാക്കാൻ താൻ നഗരം സന്ദർശിക്കുമെന്ന് കഴിഞ്ഞദിവസം വീഡിയോയിലൂടെ ടോമി റോബിൻസൺ അറിയിച്ചിരുന്നു. ജനങ്ങൾക്ക് അവർക്ക് നല്ലതല്ലെന്ന് തോന്നുന്ന കാര്യങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും അത് മാനിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ദേശീയ സ്മാരകങ്ങൾ നശിപ്പിക്കുന്നത് അനുവദിക്കാനാവില്ല.

ഇരു വിഭാഗങ്ങളും പോരാട്ടത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയ സാഹചര്യത്തിൽ നഗരത്തിൽ ഒരു വംശീയ കലാപത്തിനുള്ള സാദ്ധ്യത മുൻകൂട്ടി കണ്ടുകൊണ്ടാണ് കർഫ്യൂ പ്രഖ്യാപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP