Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ശർക്കര വാങ്ങിയത് പായസം വയ്ക്കാൻ; വ്യാജവാറ്റിന് എന്നാരോപിച്ച് സിപിഎം നേതാവും കൂട്ടരും അടിച്ച് വീഴ്‌ത്തി കൊന്നത് 60 കാരനായ ദളിതനെ; പ്രതിക്കൂട്ടിൽ നിൽക്കുന്നത് സ്‌കൂൾ അദ്ധ്യാപകനും നേതാവുമായ മനോഹരൻ; മരണമടഞ്ഞ തമ്പാന്റെ ബന്ധുക്കളുടെ പരാതി ഒതുക്കി കേസില്ലാതാക്കാൻ ശ്രമം; ചീമേനി പൊലീസും എല്ലാറ്റിനും കൂട്ട്; കാസർകോട്ടെ പാർട്ടി ഗ്രാമത്തിലെ വിവാദത്തിൽ കുരുങ്ങി സിപിഎം

ശർക്കര വാങ്ങിയത് പായസം വയ്ക്കാൻ; വ്യാജവാറ്റിന് എന്നാരോപിച്ച് സിപിഎം നേതാവും കൂട്ടരും അടിച്ച് വീഴ്‌ത്തി കൊന്നത് 60 കാരനായ ദളിതനെ; പ്രതിക്കൂട്ടിൽ നിൽക്കുന്നത് സ്‌കൂൾ അദ്ധ്യാപകനും നേതാവുമായ മനോഹരൻ; മരണമടഞ്ഞ തമ്പാന്റെ ബന്ധുക്കളുടെ പരാതി ഒതുക്കി കേസില്ലാതാക്കാൻ ശ്രമം; ചീമേനി പൊലീസും എല്ലാറ്റിനും കൂട്ട്; കാസർകോട്ടെ പാർട്ടി ഗ്രാമത്തിലെ വിവാദത്തിൽ കുരുങ്ങി സിപിഎം

എം മനോജ് കുമാർ

 കാസർകോട്: സിപിഎം പാർട്ടി ഗ്രാമത്തിൽ നേതാവിന്റെ അടിയേറ്റ് പാർട്ടി അനുഭാവി മരിച്ച സംഭവത്തിൽ കേസ് ഒതുക്കാൻ സിപിഎമ്മിന്റെ ശ്രമം. സിപിഎം അനുഭാവിയായ ഓലാട് പട്ടിക ജാതി കോളനിയിലെ എം.തമ്പാന്റെ (60) മരണത്തിനെ തുടർന്ന് സിപിഎം നേതാവിനെതിരെ വന്ന കേസ് ഒതുക്കാനാണ് പാർട്ടി നേതൃത്വത്തിന്റെ ശ്രമം. പാർട്ടി നേതാക്കൾ കേസ് ഒതുക്കാൻ ശ്രമിച്ചതിനെ തുടർന്ന് നാട്ടുകാർ ഇപ്പോൾ പ്രക്ഷോഭവുമായി രംഗത്തുണ്ട്. തമ്പാന്റെ മരണത്തെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതി ഒതുക്കി തീർക്കാനും കേസ് ഇല്ലാതാക്കാനുമാണ് പാർട്ടി നേതാക്കൾ ശ്രമിക്കുന്നത് എന്നാണ് നാട്ടുകാരുടെ ആരോപണം.

തമ്പാന്റെ മരണത്തിനു കാരണമായ മർദനത്തിനു നേതൃത്വം നൽകിയ സിപിഎം നേതാവും കൊടക്കാട് ഗവ.സ്‌കൂൾ അദ്ധ്യാപകനുമായ മനോഹരനെ രക്ഷിക്കാനാണ് സിപിഎം നേതൃത്വം ശ്രമിക്കുന്നത്. തമ്പാനെ അനുകൂലിക്കുന്ന സിപിഎമ്മിലെ മറുവിഭാഗവും നാട്ടുകാരുമായി ചേർന്ന് പ്രക്ഷോഭവുമായി രംഗത്തുണ്ട്. മരണവുമായി ബന്ധപ്പെട്ടു പ്രക്ഷോഭത്തിനു നാട്ടുകാർ ഒരു ആക്ഷൻ കമ്മറ്റി രൂപീകരിക്കാൻ കഴിഞ്ഞ ദിവസം ശ്രമം നടത്തിയിരുന്നു. എന്നാൽ ചീമേനി പൊലീസ് സ്ഥലത്തെത്തി ആക്ഷൻ കമ്മറ്റി രൂപീകരണം തടയുകയായിരുന്നു. കൊറോണ കാലത്ത് ഈ രീതിയിലുള്ള ആക്ഷൻ കമ്മറ്റി രൂപീകരിക്കാൻ കഴിയില്ലെന്നാണ് പൊലീസ് അറിയിച്ചത്. ഇതും നാട്ടുകാരിൽ അമർഷം വളർത്തിയിട്ടുണ്ട്. സിപിഎമ്മിനെ സഹായിക്കാനാണ് ആക്ഷൻ കമ്മറ്റി രൂപീകരണം പൊലീസ് തടഞ്ഞത് എന്നാണ് നാട്ടുകാരുടെ ആക്ഷേപം. മനോഹരനെ രക്ഷിക്കാനും കേസ് ഇല്ലാതാക്കാനുമാണ് പാർട്ടി ശ്രമിക്കുന്നത്. ചീമേനി പൊലീസ് ഈ നീക്കത്തിന് കുടപിടിക്കുന്നു എന്നാണ് ഉയരുന്ന ആക്ഷേപം.

തമ്പാന്റെ മരണവുമായി ബന്ധപ്പെട്ട് മനോഹരനെ അറസ്റ്റ് ചെയ്യണം എന്നാണ് തമ്പാന്റെ ബന്ധുക്കളും സിപിഎമ്മിലെ ഒരു വിഭാഗം വാദിക്കുന്നത്. മെയ്‌ ഇരുപത്തിയെട്ടിനു വൈകുന്നേരമാണ് മരണത്തിനു ആധാരമായ സംഭവങ്ങൾ നടക്കുന്നത്. കടയിൽ നിന്നും ശർക്കരയുമായി വന്ന തമ്പാനെ തടഞ്ഞു നിർത്തി മനോഹരന്റെ നേതൃത്വത്തിലുള്ള പാർട്ടി സംഘം മർദ്ദിക്കുകയായിരുന്നു. തമ്പാൻ കോളനിയിൽ വ്യാജവാറ്റ് നടത്തുന്നുണ്ടെന്നും വാങ്ങിയ ശർക്കര അതിനുള്ളതുമാണ് എന്നാരോപിച്ചാണ് മനോഹരന്റെ നേതൃത്വത്തിലുള്ള സംഘം മർദ്ദനം നടത്തിയത്. മർദ്ദിച്ച മനോഹരൻ സിപിഎം നേതൃത്വത്തിലുള്ള സമന്വയ ആർട്‌സ് ക്ലബ് സെക്രട്ടറി കൂടിയാണ്. മനോഹരന്റെ നേതൃത്വത്തിൽ വ്യാജവാറ്റ് തടയാനുള്ള ശ്രമങ്ങൾ ഓലാട് നടക്കുന്നുണ്ട്. തമ്പാൻ അടക്കമുള്ളവർ വ്യാജവാറ്റ് നടത്തുന്നു എന്നാണ് മനോഹരന് ഒപ്പമുള്ളവർ ആരോപിക്കുന്നത്. ഇതേ പ്രശ്‌നത്തെ ചൊല്ലിയാണ് മനോഹരന്റെയും സംഘത്തിന്റെയും മർദ്ദനം തമ്പാന് ഏൽക്കേണ്ടി വന്നത്. മർദ്ദനത്തെ തുടർന്ന് വീട്ടിലേക്ക് മടങ്ങിയ തമ്പാൻ മർദ്ദനത്തിൽ മനസ് കലങ്ങി ഭക്ഷണമോ വെള്ളമോ കുടിക്കാതെ വീട്ടിൽ കിടന്നു. തമ്പാന്റെ അവസ്ഥ വഷളായതിനെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനു മുൻപ് തന്നെ തമ്പാൻ മരിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് തമ്പാനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഇരുചേരിയായി തിരിഞ്ഞത്. തമ്പാന്റെ മരണത്തിനു കാരണം മനോഹരന്റെ മർദ്ദനമാണ് എന്നാണ് തമ്പാന്റെ ബന്ധുക്കളും സിപിഎമ്മിലെ ഒരു വിഭാഗവും വാദിക്കുന്നത്. പ്രശ്‌നത്തെ തുടർന്ന് ഇപ്പോൾ പാർട്ടി രണ്ടു ചേരിയിലാണ്.

തമ്പാന് വ്യാജവാറ്റില്ല. ശർക്കര വാങ്ങിച്ചത് പായസം വയ്ക്കാനാണ് എന്നാണ് തമ്പാന്റെ ഭാര്യ പറഞ്ഞത്. ബന്ധുക്കളും ഒരു വിഭാഗം നാട്ടുകാരും ഇത് ശരിവയ്ക്കുന്നുണ്ട്. വളരെ ദരിദ്രമായ കുടുംബമാണ് തമ്പാന്റെത്. ഒരു ഷെഡിൽ ആണ് തമ്പാനും ഭാര്യയും താമസിക്കുന്നത്. കക്ക നീറ്റിയുള്ള വരുമാനമാർഗമാണ് ഇവർക്കുള്ളത്. സിപിഎം ഇവരെ സഹായിക്കുന്നില്ല. ഇതിൽ തന്നെ സിപിഎമ്മിലെ ഒരു വിഭാഗത്തിന് അമർഷമുണ്ട്. ഈ സഹായം ലഭിക്കാത്തത് സിപിഎമ്മിലെ ഗ്രൂപ്പ് വഴക്കുകൾ കാരണമാണ് എന്നാണ് ആരോപണം വന്നിരുന്നത്. തമ്പാൻ മരിച്ചതോടെ സിപിഎമ്മിലും ഗ്രൂപ്പ് വഴക്ക് ശക്തമാണ്. തമ്പാന്റെ ഗ്രൂപ്പുകാർ മനോഹരന്റെ അടി കാരണമാണ് തമ്പാൻ മരിച്ചത് എന്നാണ് ആരോപിക്കുന്നത്. കുടുംബവും ഈ ആരോപണത്തെ ശരിവയ്ക്കുന്നു. ഇതിനൊപ്പം ഒരു പ്രശ്‌നവും ഒപ്പം പുകയുന്നുണ്ട്. തമ്പാന് സിപിഎം ചിട്ടി വഴി ലഭിച്ച ഒന്നരലക്ഷം രൂപ മനോഹരനും സഹോദരനും കൂടി അടിച്ചു മാറ്റിയതായുള്ള കുടുംബത്തിന്റെ ആരോപണമാണ് പുകയുന്നത്. തമ്പാന്റെ ഭാര്യാ സഹോദരനിൽ നിന്നാണ് ഈ തുക മനോഹരൻ അടിച്ചുമാറ്റിയിരിക്കുന്നത്. മനോഹരന്റെ മറ്റൊരു സഹോദരൻ ഇതേ കുടുംബവുമായി ബന്ധപ്പെട്ട പോക്‌സോ കേസിൽ പ്രതിയുമാണ്. ഇതെല്ലാമാണ് പ്രശ്‌നത്തിൽ കുടുംബത്തിൽ നിന്നും മനോഹരന്റെ നേരെ ഉയരുന്ന ആരോപണങ്ങളിൽ ചിലത്.

ചീമേനി പൊലീസ് നൽകുന്ന വിശദീകരണം:

തമ്പാന്റെ മരണം സാധാരണ മരണം എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. തമ്പാൻ ടിബിയുടെ അസുഖമുണ്ട്. ലിവർ ഏറ്റവും മോശമായ അവസ്ഥയിലാണ്. മർദ്ദനം മരണകാരണമല്ല. ആ രീതിയിൽ ആന്തരിക അവയങ്ങൾക്ക് പരുക്കില്ല. ഇത് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാണ്. അതിനാൽ മനോഹരന് എതിരെ മരണത്തിന്റെ പേരിൽ കേസ് എടുക്കില്ല. പക്ഷെ അടിച്ചത് കാരണം മനോഹരന് എതിരേ കേസ് എടുത്തിട്ടുണ്ട്. ആ കേസ് പയ്യന്നൂർ പൊലീസിന്റെ പരിധിയിൽ ആയതിനാൽ അങ്ങോട്ട് കൈമാറിയിട്ടുണ്ട്. ചീമേനി-പയ്യന്നൂർ പൊലീസ് സ്റ്റേഷൻ അതിർത്തിയിലാണ് സംഭവം നടകുന്നത്. തമ്പാന്റെ അവസ്ഥ മോശമായതിനാൽ വീട്ടുകാർ തമ്പാനെ ആശുപത്രിയിൽ എത്തിക്കേണ്ടതായിരുന്നു. അവർ എത്തിച്ചില്ല. മനോഹരൻ മുഖത്ത് അടിച്ചതായാണ് പറഞ്ഞത്. ഇനി മരണത്തിലേക്ക് വന്നാൽ അവിടെ രണ്ടു ഗ്രൂപ്പുകളുണ്ട്. കോളനിയിൽ നടക്കുന്ന വാറ്റിനെ അനുകൂലിച്ചും എതിർത്തുമാണ് ഗ്രൂപ്പുകളുടെ നിലപാട്. രണ്ടു ഗ്രൂപ്പുകളും സിപിഎം ഗ്രൂപ്പ് തന്നെയാണ്. മനോഹരൻ വാറ്റിന്നെതിരെ നിലകൊള്ളുന്നയാളാണ്. വാറ്റുമായി ബന്ധപ്പെട്ടു ഒരാളെ കോളനിയിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്ത സംഭവം അവിടെ പുകയുന്നുണ്ട്. മനോഹരൻ ആണ് വിവരം പൊലീസിനു കൈമാറിയത് എന്നാണ് ആരോപണം. ഇതിന്റെ പേരിൽ മനോഹരനോട് ആളുകൾക്ക് എതിർപ്പുണ്ട്.

മനോഹരൻ ശർക്കര വാങ്ങിയത് ചോദ്യം ചെയ്യുകയും തമ്പാന്റെ മുഖത്ത് അടിക്കുകയും ചെയ്തത് ഈ മരണവുമായി ചേർത്ത് വയ്ക്കുകയാണ് എതിർ ഗ്രൂപ്പുകാർ. അവർക്ക് ഈ കേസിൽ മനോഹരനെ എങ്ങനെയും പ്രതി ചേർക്കണം. മനോഹരന് സ്ഥലത്ത് ഒരുപാട് എതിർപ്പുകളുണ്ട്. മനോഹരനും സഹോദരനും തമ്പാന്റെ ഭാര്യാ സഹോദരനിൽ നിന്ന് പാർട്ടി ചിട്ടി വഴി ലഭിച്ച ഒന്നര ലക്ഷം രൂപ അടിച്ചു മാറ്റി എന്ന ആരോപണവും മനോഹരനെതിരെ ഉയരുന്നുണ്ട്. ഇതൊക്കെക്കൊണ്ട് തന്നെ മരണവുമായി മനോഹരനെ ബന്ധിപ്പിക്കാനാണ് ചിലർ ശ്രമിക്കുന്നത്. അടിച്ചതിന്റെ പേരിൽ കേസ് എടുക്കണം എന്നല്ല ബന്ധുക്കളുടെ ആവശ്യം. മരണം മർദ്ദനം കാരണമായി പരിഗണിച്ച് അറസ്റ്റ് ചെയ്യണം എന്നാണ്. ആ രീതിയിൽ പൊലീസിനു നീങ്ങാൻ കഴിയില്ല. പക്ഷെ പൊലീസ് നിയമപരമായ കാര്യങ്ങളെ ചെയ്യൂ. മനോഹരനെതിരെ നിലവിൽ കേസ് എടുക്കാൻ വകുപ്പില്ല. അടിയേറ്റാണ് മരണം എന്ന് തെളിയാതെ മനോഹരന് എതിരെ കേസ് എടുക്കാൻ സാധ്യമല്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മർദ്ദനം ഏറ്റാണ് മരണം എന്ന് തെളിഞ്ഞാൽ മനോഹരന് എതിരെ നടപടി വരും. പോസ്റ്റ്മോർട്ട് റിപ്പോർട്ട് ലഭിച്ചിട്ടുമില്ല-പൊലീസ് പറയുന്നു.

സിപിഎം നൽകുന്ന വിശദീകരണം:

തമ്പാന്റെ മരണവുമായി ബന്ധപ്പെട്ടു പ്രചരിക്കുന്നത് വസ്തുതാവിരുദ്ധമാണ്. മരണത്തിനു സിപിഎം നേതൃത്വവുമായി ബന്ധമില്ല. ആരോപണ വിധേയനായ അദ്ധ്യാപകൻ മാനുഷിക വിഷയങ്ങളിൽ സജീവമായി ഇടപെട്ടു പ്രവർത്തിക്കുന്നയാളാണ്. ഈ അദ്ധ്യാപകനെ മാനസികമായി തളർത്തുക മാത്രമാണ് ഒലാട്ടെ വ്യാജവാറ്റുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരുടെ ഉദ്ദേശ്യം. സിപിഎം ലോക്കൽ സെക്രട്ടറിയായ സി.വി.നാരായണൻ വിശദമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP