Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തലസ്ഥാനത്ത് നിന്ന് ഓട്ടക്കാലണയുമായി പാലക്കാട്ടേക്ക് വണ്ടി കയറിയപ്പോൾ നിയമനം കീശ വീർക്കുന്ന വാളയാർ ചെക്ക്‌പോസ്റ്റിൽ; അവിടുന്നങ്ങോട്ട് തിരിഞ്ഞുനോക്കാത്ത കരിയറിൽ സമ്പാദ്യം ചിറ്റൂരും തിരുവനന്തപുരത്തുമായി നാലോളം ആഡംബര വസതികൾ; മുറ്റത്ത് മൂഡിന് അനുസരിച്ച് കയറാൻ മുന്തിയ കാറുകൾ; എഫ്ബി പ്രൊഫൈൽ ദുബായിലെ ഡെസേർട്ട് സഫാരി ചിത്രം; അനധികൃത സ്വത്ത് സമ്പാദനവും അഴിമതിയും: ജിഎസ്ടി ഡപ്യൂ. കമ്മീഷണർ ഷൈൻ ശങ്കറിന് റിയൽ എസ്റ്റേറ്റ് കിങ്ങെന്ന് വിശേഷണം; മുഖ്യമന്ത്രിക്ക് പരാതി

തലസ്ഥാനത്ത് നിന്ന് ഓട്ടക്കാലണയുമായി പാലക്കാട്ടേക്ക് വണ്ടി കയറിയപ്പോൾ നിയമനം കീശ വീർക്കുന്ന വാളയാർ ചെക്ക്‌പോസ്റ്റിൽ; അവിടുന്നങ്ങോട്ട് തിരിഞ്ഞുനോക്കാത്ത കരിയറിൽ സമ്പാദ്യം ചിറ്റൂരും തിരുവനന്തപുരത്തുമായി നാലോളം ആഡംബര വസതികൾ; മുറ്റത്ത് മൂഡിന് അനുസരിച്ച് കയറാൻ മുന്തിയ കാറുകൾ; എഫ്ബി പ്രൊഫൈൽ ദുബായിലെ ഡെസേർട്ട് സഫാരി ചിത്രം; അനധികൃത സ്വത്ത് സമ്പാദനവും അഴിമതിയും: ജിഎസ്ടി ഡപ്യൂ. കമ്മീഷണർ ഷൈൻ ശങ്കറിന് റിയൽ എസ്റ്റേറ്റ് കിങ്ങെന്ന് വിശേഷണം; മുഖ്യമന്ത്രിക്ക് പരാതി

എം മനോജ് കുമാർ

തിരുവനന്തപുരം: ജിഎസ്ടി വകുപ്പിലെ ഡെപ്യൂട്ടി കമ്മിഷണർ ഷൈൻ ശങ്കറിനെതിരെ മുഖ്യമന്ത്രിക്ക് പരാതി. ജിഎസ്ടി വകുപ്പിലെ വിവിധ തസ്തികകളിലിരുന്നു മൂന്നു പതിറ്റാണ്ട് കൊണ്ട് കോടികളുടെ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. സർക്കാർ തലത്തിലെ അഴിമതിയും കുംഭകോണങ്ങളും അന്വേഷിക്കുന്ന ട്രാൻസ്പരൻസി ഇൻ ഗവേണൻസ് സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായ ആർ.വി.സുൾഫിക്കർ റഹ്മാൻ ആണ് പരാതി നൽകിയിരിക്കുന്നത്. സർക്കാർ സർവീസിലെ അഴിമതികളും കുംഭകോണങ്ങളും തോണ്ടി പുറത്തിടുകയാണ് സംഘടനയുടെ ദൗത്യം എന്ന് പരാതിയുടെ മുഖവുരയിൽ തന്നെ പറയുമ്പോൾ ഷൈൻ ശങ്കർ വകുപ്പിലിരുന്നു നടത്തിയ അഴിമതിയുടെ ഒരു കുംഭകോണം തന്നെയാണ് സംഘടന തോണ്ടി പുറത്തിടുന്നത്.

സർക്കാർ സർവീസിലിരിക്കെ ഷൈൻ ശങ്കർ നടത്തിയ, നടത്തിക്കൊണ്ടിരിക്കുന്ന വൻ അഴിമതിയുടെ കണ്ണഞ്ചിക്കുന്ന സ്വത്ത് വിവരത്തിന്റെ കണക്കുകളാണ് പരാതിയിൽ പറയുന്നത്. തിരുവനന്തപുരത്ത് നിന്ന് ഓട്ടക്കാലണയുമായി വണ്ടി കയറി പാലക്കാട് സെയിൽസ് ടാക്‌സ് ചെക്ക് പോസ്റ്റുകളിൽ നിയമിതനായത് മുതൽ ഷൈൻ ശങ്കർ നടത്തിയ അനധികൃത സ്വത്ത് സമ്പാദനത്തിന്റെ വിവരങ്ങളാണ് പരാതിയിലെ പ്രതിപാദ്യം. പാലക്കാട് ചിറ്റൂരിൽ 3500 ചതുരശ്ര അടിയിൽ രമ്യഹർമ്മ്യം, മുന്തിയ കാറുകൾ അടക്കമുള്ള വാഹനങ്ങളുടെ ഉടമ, പാലക്കാട് കൊഴിഞ്ഞാമ്പാറ, തമിഴ്‌നാട് പൊള്ളാച്ചി, തിരുവനന്തപുരം സിറ്റി, നെയ്യാറ്റിൻകര, നെടുമങ്ങാട്, നാഗർകോവിൽ തുടങ്ങിയ സ്ഥലങ്ങളിൽ വസ്തുവകകൾ,റിയൽ എസ്റ്റേറ്റ് ബിസിനസിൽ ഇപ്പോഴും കിരീടം വയ്ക്കാത്ത രാജാവ് എന്നൊക്കെയാണ് ഷൈൻ ശങ്കറിനെക്കുറിച്ചുള്ള പരാതിയിൽ പറയുന്നത്.

സ്വത്തുക്കൾ വാങ്ങിക്കൂട്ടിയത് സർക്കാർ അനുമതിയില്ലാതെ

ഷൈൻ ശങ്കറിന്റെ പേരിൽ തിരുവനന്തപുരത്ത് മാത്രം നാല് വീടുകൾ. ഇപ്പോൾ താമസിക്കുന്നത് കരുമം ഇടഗ്രാമത്തിൽ താമസിക്കുന്നതുകൊട്ടാരസദൃശമായ വീട്ടിൽ. ഈ വീട് വാങ്ങുന്നതിനോ വയ്ക്കുന്നതിനോ യാതൊരു അനുമതിയും സർക്കാരിൽ നിന്ന് തേടിയിട്ടില്ല. കേരള സർവീസ് റൂൾസിന്റെ നഗ്‌നമായ ലംഘനമാണ് ഇത്. ഭാര്യവീടായ ബാലരാമപുരത്ത് ഭാര്യയുടെ അമ്മയുടെ പേരിൽ ബിനാമിയായി വേറൊരു വീട്. 2017-ൽ കരുമം ഇടഗ്രാമത്തിൽ ഒരു വസ്തു വൻവിലകൊടുത്ത് വാങ്ങി നികുതിവെട്ടിപ്പ് നടത്തി യഥാർത്ഥ വില മറച്ചുവെച്ച് രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം കോർപറേഷനിൽ കണ്ണായ സ്ഥലത്ത് മണക്കാട് വില്ലേജിലാണ് ഈ ഭൂമിയുള്ളത്. ഭാര്യയുടെ പേരിൽ ജോയിന്റ് രീതിയിലാണ് സ്ഥലം വാങ്ങിയത്. 12 ലക്ഷം രൂപ സെന്റിന് വിലയിട്ടു ഒരു കോടിയോളം രൂപ മുടക്കിയാണ് സ്ഥലം വാങ്ങിയത്. ഇത് ചാല സബ് രജിസ്ട്രാർ ഓഫീസിൽ 2017-ൽ തന്നെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പിന്നീട് കെട്ടിട നിർമ്മാണ ചട്ടം മറികടക്കാൻ പകുതി സ്ഥലം ഭാര്യയുടെ പേരിലാക്കി മാറ്റി. രണ്ടു വസ്തുവിലും 2500 സ്‌ക്വയർ ഫീറ്റിൽ രണ്ടു വീടുകൾ 2018-ൽ തന്നെ പണി തീർത്തു. ഒന്ന് ഭാര്യയുടെ പേരിലും മറ്റൊന്ന് ഷൈൻ ശങ്കറിന്റെ പേരിലുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ടു വർഷം കൊണ്ട് രണ്ടു കോടിയിലേറെ രൂപയ്ക്ക് വീടുകൾ വയ്ക്കാൻ എങ്ങനെ ഈ ഉദ്യോഗസ്ഥന് സാധിച്ചു.

റിസോർട്ട് ഉടമയ്ക്ക് സഹായം നൽകിയത് രണ്ടു കോടിയുടെ നികുതി വെട്ടിപ്പിന്

ജിഎസ്ടി വകുപ്പിലെ ഡെപ്യൂട്ടി കമ്മിഷണർ തസ്തികയിൽ ഇരിക്കുന്നതിനു മുൻപ് ഇയാൾ തിരുവനന്തപുരം ജില്ലയിൽ ലക്ഷ്വറി ടാക്‌സ് ഓഫീസർ ആയിരുന്നു. ഹോട്ടലുകൾ അടക്കമുള്ള സ്ഥാപനങ്ങളുടെ നികുതി നിർണ്ണയമാണ് ഈ ഉദ്യോഗസ്ഥൻ നടത്തിയിരുന്നത്. ഹോട്ടലുകളുടെയും റിസോർട്ടുകളുടെയും നികുതി ഒഴിവാക്കിക്കൊടുത്ത് ഇവരിൽ നിന്നും കോടികൾ കൈപ്പറ്റി. ഈ കാലയളവിൽ സന്ദർശിച്ചത് ദുബായ്, മലേഷ്യ, സിംഗപ്പൂർ, തായ് ലണ്ട്, മക്കാവൂ തുടങ്ങിയ ഇടങ്ങൾ. ഇങ്ങനെ വിദേശത്ത് സുഖവാസത്തിനു പോകുമ്പോൾ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥൻ എന്ന നിലയിൽ സർക്കാരിൽ നിന്ന് അനുമതിയും തേടിയല്ല. പക്ഷെ അതിസമ്പന്നതയുടെ സുഖലോലുപതയിൽ രമിക്കുന്ന ഇയാൾക്കെതിരെ ആരും അനങ്ങിയില്ല.

ദുബായ് മരുഭൂമിയിൽ ഒട്ടകസവാരി നടത്തുന്ന ഇയാളുടെ ചിത്രം അടുത്ത കാലം വരെ ഇയാളുടെ ഫെയ്‌സ് ബുക്ക് പ്രൊഫൈൽ ഫോട്ടോ ആയിരുന്നു. അനുമതിയില്ലാതെ ദുബായിൽ പോയി മരുഭൂമിയിൽ സഞ്ചരിക്കുന്നത് ഇയാളുടെ യാത്രയുടെ ഒന്നാം തരം തെളിവാണ്. തിരുവനന്തപുരത്തെ സ്വകാര്യ റിസോർട്ടിൽ 2009-11 കാലയളവിൽ നികുതി നിർണ്ണയം നടത്താതെ സർക്കാരിനു രണ്ടു കോടിയോളം രൂപയുടെ നഷ്ടമുണ്ടായി എന്നതിനു ഇയാളുടെ പേരിൽ കേസും വന്നു. അസസ്‌മെന്റ് കാലഹരണപ്പെടുത്തുക വഴി രണ്ടു കോടിയുടെ നഷ്ടമാണ് ഈ ഉദ്യോഗസ്ഥൻ സർക്കാരിനു വരുത്തിവെച്ചത്. അതേസമയം സർക്കാരിനു രണ്ടു കോടി നഷ്ടം വന്നപ്പോൾ ഹോട്ടലുടമയ്ക്ക് രണ്ടു കോടി രൂപയുടെ ലാഭവുമുണ്ടായി. ഇതിനു വൻ തുക ഹോട്ടലുടമയിൽ നിന്ന് പ്രതിഫലം ആവശ്യപ്പെട്ടതായി അറിയുന്നു. സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തിലും വിജിലൻസ് രഹസ്യ അന്വേഷണത്തിലും തിരുവനന്തപുരത്തെ ഏറ്റവും വലിയ അഴിമതിക്കാരുടെ പട്ടികയിൽ ഇദ്ദേഹത്തെ പെടുത്തിയെങ്കിലും പണസ്വാധീനം കാരണം തുടർ നടപടികളിൽ നിന്നും രക്ഷപ്പെട്ടു. അഴിമതി ഇയാൾ ഇപ്പോഴും നിർബാധം തുടരുകയാണ്.

ജിഎസ്ടി വകുപ്പിലെ മേലുദ്യോഗസ്ഥർക്ക് പണവും മറ്റു അവിഹിതസ്വാധീനവും ഒരുക്കി നല്കിയും എതിർക്കുന്നവരെ ഭീഷണിപ്പെടുത്തിയും സ്ഥലം മാറ്റിയും ഇയാൾ തലസ്ഥാനത്തെ അഴിമതിയുടെ രാജാവായി വാഴുന്നു. തിരുവനന്തപുരം മെഡിക്കൽ കോളെജിനടുത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ചാണ് അഴിമതിക്കാരുടെ ഈ ഒത്ത് ചേരൽ. അഴിമതിപ്പണ കൈമാറ്റവും മദ്യപാന സദസുകളും ഷൈൻ ശങ്കറുടെ നേതൃത്വത്തിൽ ഈ ഹോട്ടലിൽ വച്ചാണ് നടക്കുന്നത്. ഷൈൻ ശങ്കറെ പോലുള്ള ഉദ്യോഗസ്ഥരെ പുറത്താക്കി അഴിമതി വഴി ഇവർ സമാഹരിച്ച കോടികൾ സർക്കാർ കണ്ടുകെട്ടുകയാണ് ചെയ്യേണ്ടത്-പരാതിയിൽ ആവശ്യപ്പെടുന്നു.

ജിഎസ്ടിയിലും എതിർപ്പ് ശക്തം

ഈ പരാതി മുഖ്യമന്ത്രിക്ക് പോയപ്പോൾ വകുപ്പിലും ഷൈൻ ശങ്കറിനെതിരെയുള്ള അതൃപ്തിയുടെ അലയിളക്കങ്ങൾ ദൃശ്യമാണ്. അഴിമതിക്കാരനായ ഈ ഉദ്യോഗസ്ഥനെതിരെയുള്ള പരാതിയിലെ കാര്യങ്ങൾ വിവരിച്ച് വകുപ്പിലെ അവസ്ഥ വ്യക്തമാക്കുന്ന വാട്‌സ് അപ്പ് സന്ദേശമാണ് പറന്നു പാറി നടക്കുന്നത്. ജിഎസ്ടിയുടെ തിരുവനന്തപുരത്തെയോ എറണാകുളത്തെയോ ഇന്റലിജൻസിന്റെ മേധാവിയായി പോകുന്നതിനുള്ള ഒരുക്കങ്ങളാണ് ഇപ്പോൾ ഷൈൻ ശങ്കർ നടത്തുന്നത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെയും അനധികൃത സ്വത്ത് സമ്പാദനത്തിന്റെയും അഴിമതിയുടെയും വെളിച്ചത്തിൽ ഇയാൾക്ക് ജിഎസ്ടി ഇന്റലിജൻസ് മേധാവിയുടെ പദവി ലഭിക്കുമോ എന്നാണ് വകുപ്പിൽ ചോദ്യം ഉയരുന്നത്. ഈ സന്ദേശമാണ് ജിഎസ്ടിയിൽ പറന്നു പാറി നടക്കുന്നത്. ജിഎസ്ടി വകുപ്പിലെ നികുതി പിരിവിൽ സംഭവിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങളും വാട്‌സ് അപ്പ് സന്ദേശത്തിൽ ചൂണ്ടിക്കാണിക്കുന്നു. അതേസമയം തന്നെക്കുറിച്ചുള്ള മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ഷൈൻ ശങ്കർ മറുനാടൻ മലയാളിയോട് പറഞ്ഞു. കോടികളുടെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചുള്ള പരാതിയെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് ഷൈൻ ശങ്കർ പറഞ്ഞത്. സ്വത്തുക്കൾ വാങ്ങുമ്പോൾ സർക്കാരിന്റെ അനുമതി തേടിയിരുന്നോ എന്ന് ചോദിച്ചപ്പോൾ നേരിട്ട് കണ്ടു സംസാരിക്കാം എന്ന് പറഞ്ഞു. വന്നു കാണാൻ അനുമതി ചോദിച്ചപ്പോൾ പിന്നീടാകാം എന്നാണ് പറഞ്ഞത്.

ഷൈൻ ശങ്കറിന് എതിരായി ജിഎസ്ടിയിൽ പറന്നു നടക്കുന്ന സന്ദേശം ഇങ്ങനെ:

ശ്രീ . തോമസ് ഐസക് ................. അങ്ങ് കാണുന്നുണ്ടോ ജിഎസ്ടിയിലെ ഈ കൊള്ളക്കാരെ

ബഹുമാനപ്പെട്ട ശ്രീ . തോമസ് ഐസക് ................. അങ്ങ് കാണുന്നുണ്ടോ സംസ്ഥാന GST വകുപ്പിലെ ഈ കൊള്ളക്കാരെ....

സംസ്ഥാന ജിഎസ്ടി വകുപ്പ് കുത്തഴിഞ്ഞ നിലയിലാണെന്നും നികുതി പിരിവിൽ വൻ കുറവാണ് കേരളത്തിലെങ്ങും ദൃശ്യമാകുന്നതെന്നും, നികുതി പിരിവുമായി ബന്ധപ്പെട്ട എല്ലാ സ്ഥിതി വിവര കണക്കുകളും വ്യക്തമാക്കുന്നു. അങ്ങ് നികുതി വകുപ്പിന്റെയ് ഭരണമേറ്റെടുത്തു ഇന്ന് അഞ്ചാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്തു അഴിമതിയിൽ മുങ്ങിയ ശ്രീ . കെ. എം . മാണിയുടെ കീഴിൽ ഉണ്ടായ നികുതി വർദ്ധനവ് പോലും എന്തുകൊണ്ട് അങ്ങ് ഭരിക്കുമ്പോൾ ഉണ്ടാകുന്നില്ല എന്ന് ആത്മാർത്ഥമായി അങ്ങ് ചിന്തിച്ചിട്ടുണ്ടോ ?

പലതരം കാരണങ്ങൾ സാങ്കേതികമായി പറയുവാൻ കഴിയുമായിരിക്കും. എന്നാൽ ഞങ്ങൾ ഒരു കാര്യം തറപ്പിച്ചു പറയുന്നു. ഉദ്യോഗസ്ഥ തലത്തിലെ അഴിമതിയും, കെടുകാര്യസ്ഥതയും അത് തടയുന്നതിലുള്ള കുറ്റകരമായ അനാസ്ഥയുമാണ് അങ്ങയുടെ കീഴിലുള്ള ജിഎസ്ടി വകുപ്പിനെ ഇന്നത്തെ പരിതാപകരമായ ഈ അവസ്ഥയിലെത്തിച്ചതിനുള്ള പ്രധാന കാരണം. ഇതുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് ലഭിച്ച ഏതാനും വസ്തുതകളും, തെളിവുകളും, ഞങ്ങളുടെ അന്വേഷണത്തിൽ വെളിവായ ഏതാനും കാര്യങ്ങളും, അങ്ങയുടെ ശ്രദ്ധയിൽ പെടുത്തുന്നു.സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ തിരുവനന്തപുരം ജില്ലയിലെ കൊടിയ അഴിമതിക്കാരായ ഏതാനും ഉദ്യോഗസ്ഥരെ പറ്റി വ്യപാരികളിൽ നിന്നും പൊതു ജനത്തിന്റെ ഭാഗത്തു നിന്നും കിട്ടിയ ചില വിവരങ്ങളാണ് ഞങ്ങളെ ഈ അന്വേഷണത്തിന് പ്രേരിപ്പിച്ചത്.

തിരുവനന്തപുരം ജില്ലയിലെ ജിഎസ്ടി വകുപ്പിലെ ഡെപ്യൂട്ടി കമ്മീഷണറായ ശ്രീ . ഷൈൻ ശങ്കർ എന്ന വ്യക്തിയെ പറ്റിയാണ് ഞങ്ങൾക്ക് ഏറ്റവും കൂടുതൽ പരാതി ലഭിച്ചത് . കേരളാ മണി ലെൻഡേർസ് നിയമ പ്രകാരം സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ കണക്കുകൾ പരിശോധിക്കുന്നതും അവയ്ക്ക് രജിസ്‌ട്രേഷൻ നൽകുന്നതും ഈ ഉദ്യോഗസ്ഥനാണ് . കൂടാതെ ജില്ലാ കളക്ടറുടെ അധികാരത്തിൽപ്പെട്ട , വകുപ്പിലെ ജില്ലാ കളക്ടറുടെ അധികാരത്തിൽപ്പെട്ട, വകുപ്പിലെ റവന്യു റിക്കവറി നടപടികളുടെ പൂർണ്ണ ഉത്തരവാദിത്വവും ഈ ഉദ്യോഗസ്ഥനാണ് . നിലവിലെ തസ്തികയിൽ ഇരുപ്പ് തുടങ്ങിയിട്ട് 3 വർഷത്തോളമായെങ്കിലും അമിതപലിശ വാങ്ങി സാധാരണക്കാരെ കൊള്ള ചെയ്യുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ഒരു കേസു പോലും ഈ കാലയളവിൽ ഷൈൻ ശങ്കർ പിടിച്ചിട്ടില്ല. ജില്ലയിലെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് എതിരെയും മണി ലെൻഡേർസ് നിയമത്തിൽ പറയുന്ന യാതൊരുവിധ പിഴയും ഇദ്ദേഹം ചുമത്തിയിട്ടില്ല. ജില്ലയിലെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ സത്യസന്ധരായി പ്രവർത്തിക്കുന്നതുകൊണ്ടാണോ ഇത് സംഭവിക്കുന്നത് ....? അല്ലെന്ന് അങ്ങേക്കറിയാം .

ജില്ലയിലെ 600 ഓളം സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ (റെജിസ്‌ട്രേഷൻ ഉള്ളത് ) കൃത്യമായി ഈ ഉദ്യോഗസ്ഥന് മാസപ്പടി എത്തിക്കുന്നതായി അറിയുന്നു . ഒന്നും കണ്ടില്ലെന്നു നടിക്കുന്നതിനുള്ള പ്രതിഫലമായി ലക്ഷങ്ങളാണ് അങ്ങിനെ ഈ ഇനത്തിൽ മാത്രം ഇയാൾ ഓരോ മാസവും പിരിക്കുന്നത് . ഈ പണമെല്ലാം ഇദ്ദേഹം പിന്നീട് റിയൽ എസ്റ്റേറ്റ് ബിസിനെസ്സിൽ ഇറക്കി ഇരട്ടി ലാഭം കൊയ്യുന്നു . അനധികൃതമായി പ്രവർത്തിക്കുന്ന നൂറു കണക്കിന് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ തിരുവനന്തപുരം ജില്ലയിലുള്ളപ്പോൾ അത്തരം ഒരു സ്ഥാപനത്തെയോ വ്യക്തിയെയോ ഇദ്ദേഹം പിടികൂടിയിട്ടില്ല എന്നതിൽ നിന്നും ഇദ്ദേഹത്തിന് അവരുമായുള്ള അനധികൃത ബന്ധം എത്രത്തോളം ശക്തമാണെന്ന് വ്യക്തമാകുന്നതാണ്. ഞങ്ങളുടെ അന്വേഷണത്തിൽ ഇത്തരം അനധികൃത സ്ഥാപനങ്ങളുടെ മാസപ്പടിയും ഇദ്ദേഹത്തിന് കൃത്യമായി ലഭിക്കുന്നുണ്ട് എന്നാണ് വിവരം .

നികുതി കുടിശ്ശികക്കാരായ ആയിരകണക്കിന് വ്യക്തികളും സ്ഥാപനങ്ങളും തിരുവനന്തപുരം ജില്ലയിലുണ്ട് . റവന്യു റിക്കവറി നടപടികളുടെ ജില്ലയിലെ പരമാധികാരിയായ ഈ ഉദ്യോഗസ്ഥൻ പിരിക്കേണ്ടതായ നൂറു കണക്കിന് കുടിശ്ശിക കേസുകൾ ഉണ്ടായിട്ടും ആയതിന് തയ്യാറാവാതെ കുടിശ്ശികക്കാരുമായി ഒത്തു കളിച്ചു സർക്കാരിന് വൻ നികുതി നഷ്ടമുണ്ടാക്കിയിട്ടുള്ളതായ പരാതികളും വ്യാപകമാണ് . പ്രത്യേകിച്ചും കുടിശ്ശികക്കാരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്ന കാര്യത്തിലാണ് ഇദ്ദേഹം അധികാര ദുർവിനയോഗം നടത്തുന്നത് . അവരിൽ നിന്നും പണം വാങ്ങി, കുടിശ്ശിക പിരിക്കാതെ, അക്കൗണ്ടിലുള്ള പണം പിൻവലിക്കുന്നതിനുള്ള അവസരം നൽകി, നികുതി വെട്ടിപ്പുകാർ പണം പിൻവലിച്ചതിന് ശേഷം മാത്രം പേരിനു നോട്ടീസുകൾ നൽകി സർക്കാരിനെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്.

സർക്കാർ ഉദ്യോഗസ്ഥയായ സ്വന്തം അമ്മയുടെ മരണത്തെ തുടർന്ന് ആശ്രിത നിയമന വ്യവസ്ഥയിലൂടെയാണ് വെറും പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസം ഉള്ള ഈ വ്യകതി 1990 ൽ എൽ. ഡി . ക്ലാർക്ക് ആയി സെയിൽസ് ടാക്‌സ് വകുപ്പിൽ നിയമിതനാകുന്നത് . വൈകാതെ കൈക്കൂലിയുടെ വിളനിലമായ പാലക്കാട് ജില്ലയിലെ വാളയാർ ചെക്ക്‌പോസ്റ്റിൽ നിയമനം തരപ്പെടുത്തി . തുടർന്ന് ഇൻസ്‌പെക്ടർ കേഡർ വരെ പാലക്കാട്ടെ വിവിധ ചെക്ക്‌പോസ്റ്റുകളിൽ 20 വർഷത്തോളം ജോലി ചെയ്തു . ഓട്ട കാലണയുമായി തിരുവനന്തപുരത്തു നിന്നും വണ്ടി കയറി പാലക്കാട് വന്ന ഇയാൾ , പാലക്കാട് സർവീസിലെ 20 വര്ഷം കൊണ്ട് കോടികൾ സമ്പാദിച്ചു . പാലക്കാട്ടെ ചിറ്റൂരിൽ 3500 ചതുരശ്ര അടിയിൽ രമ്യ ഹർമം പണിതു . മുന്തിയ കാറടക്കമുള്ള വാഹനങ്ങൾക്ക് ഉടമയായി . പാലക്കാട്ടെ കൊഴിഞ്ഞാമ്പാറയിലും , തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിലും , തിരുവനന്തപുരം സിറ്റി , നെയ്യാറ്റിൻകര , നെടുമങ്ങാട് , നാഗർകോവിൽ തുടങ്ങിയ മേഖലകളിലും വസ്തുക്കൾ വാങ്ങിക്കൂട്ടി. പലതും ഭാര്യാമാതാവിന്റെ പേരിൽ ബെനാമിയായാണ് വാങ്ങികൂട്ടിയത്. റിയൽ എസ്റ്റേറ്റ് കച്ചവടത്തിൽ അന്നും ഇന്നും ഈ ഉദ്യോഗസ്ഥൻ സജീവമാണ് .

നിലവിൽ സ്വന്തം നിലയിൽ ഇയാളുടെ പേരിൽ 4 വീടുകൾ തിരുവനന്തപുത്ത് മാത്രമായുണ്ട് . ഇദ്ദേഹം ഇപ്പോൾ താമസിക്കുന്നത് TC 64 / 832 / 1 ൽ കരുമത്തെ ഇടഗ്രാമം എന്ന സ്ഥലത്തുള്ള 3000 SQ FT ൽ കൂടുതൽ വിസ്തൃതിയുള്ള കൊട്ടാരസദൃശ്യമായ വീട്ടിലാണ് . ഈ വീട് വാങ്ങുന്നതിനോ വെക്കുന്നതിനോ യാതൊരുവിധ സർക്കാർ അനുമതിയും വാങ്ങിയിട്ടില്ല. ഭാര്യവീടായ ബാലരാമപുരത്തു ഭാര്യയുടെ അമ്മയുടെ പേരിൽ ബെനാമിയായി 2500 SQ FT ൽ മറ്റൊരു വീടുണ്ട് . ഇതിനിടയിൽ 2017 ൽ കരമനയിൽ തളിയിൽ എന്ന സ്ഥലത്തു ഒരു വസ്തു വൻ വില കൊടുത്തു വാങ്ങുകയും റെജിസ്‌ട്രേഷൻ നികുതി വെട്ടിച്ചു യഥാർത്ഥ വില മറിച്ചു വെച്ചു രജിസ്റ്റർ നടത്തുകയും ചെയ്തിട്ടുണ്ട് .

തിരുവനന്തപുരം കോര്പറേഷനിൽ കണ്ണായ സ്ഥലത്തു മണക്കാട് വില്ലേജിൽ സർവ്വേ നമ്പ: 24 ൽ ആണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത് . ആദ്യം ഭാര്യയായ ശ്രീമതി ഷീജ ഷൈണിന്റെ പേരിൽ ജോയിന്റ് ആയാണ് ഈ സ്ഥലം വാങ്ങിയത് . യഥാർത്ഥത്തിൽ 12 ലക്ഷം രൂപ സെന്റിന് വിലയിട്ട് ഒരു കോടിയോളം രൂപ മുടക്കി ആണ് സ്ഥലം വാങ്ങിയത് . ഇത് 05 -07 -2017 ൽ ചാല സബ് റെജിസ്ട്രിയിൽ ഡോക്യുമെന്റ് നമ്പർ 1477 ആയി രജിസ്റ്റർ ചെയ്തിട്ടുണ്ട് . തുടർന്ന് കെട്ടിട നിർമ്മാണ ചട്ടങ്ങൾ മറികടക്കുക എന്ന ദുർദ്ദേശത്തോടു കൂടി ചാല സബ് റെജിസ്ട്രിയിൽ ഡോക്യുമെന്റ് നമ്പർ 2239 ആയി 12 -10 -2017 ന് സ്ഥലത്തിന്റെ പകുതി ഭാര്യയായ ഷീജ ഷൈനിന്റെ പേരിലാക്കി രജിസ്റ്റർ ചെയ്തു.

മേല്പറഞ്ഞ രണ്ട് വസ്തുവിലായി 2500 SQFT വരുന്ന രണ്ടു വീടുകൾ ഒരേ സമയം തന്നെ പണിയുകയും 2018 ൽ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട് . ഓരോ വീടിനും 50 ലക്ഷത്തിനു മുകളിൽ നിർമ്മാണ ചെലവ് വന്നിട്ടുണ്ട് . ഷീജയുടെ പേരിലുള്ള വീട് കോർപ്പറേഷന്റെ 55 നമ്പർ വാർഡായ കാലടിയിൽ ഡോർ നമ്പർ 2418/ 5 ആയി നമ്പർ ഇട്ടിട്ടുണ്ട് . അതേ സമയത്തു തന്നെ ഷൈൻ ശങ്കരന്റെ പേരിലും 2418/ 6 ആയി മറ്റൊരു വീടും നമ്പറാക്കിയിട്ടുണ്ട് .

ഇതിൽ ഞെട്ടിപ്പിക്കുന്ന വസ്തുത എന്തെന്നാൽ ഒരു സർക്കാർ ഉദ്യോഗസ്ഥനായ ഈ വ്യക്തി പ്രസ്തുത സ്ഥലം വാങ്ങുന്നതിനും വീട് വെയ്ക്കുന്നതിനുമുള്ള യാതൊരു വിധ മുൻകൂർ അനുമതികളും സർക്കാരിൽ നിന്നും വാങ്ങുകയുണ്ടായിട്ടില്ല എന്നുള്ളതാണ് . 1960 ലെ Kerala Government Servants Conduct Rules , Rule 29, 30 എന്നിവയുടെ വ്യക്തമായ ലംഘനമാണ് ഇത് വഴി ഈ ഉദ്യോഗസ്ഥൻ നടത്തിയിട്ടുള്ളത് . രണ്ട് വർഷത്തിനിടയിൽ 2 കോടിയോളം രൂപ ചെലവിൽ എങ്ങിനെ ഈ ഉദ്യോഗസ്ഥന് ഇതൊക്കെ ചെയ്യാൻ സാധിച്ചു എന്നുള്ളത് അങ്ങയുടെ സർക്കാരോ മറ്റ് ഏതെങ്കിലും ഏജൻസികളോ ഇതു വരെ അന്വേഷിക്കുകയുണ്ടായിട്ടില്ല .

ഈ ഉദ്യോഗസ്ഥൻ ഇപ്പോഴത്തെ തസ്തികയിൽ വരുന്നതിന് മുൻപ് തിരുവനന്തപുരം ജില്ലയിലെ ഹോട്ടലുകൾ അടക്കമുള്ള സ്ഥാപനങ്ങളുടെ നികുതി നിർണ്ണയം നടത്തിയിരുന്ന LUXURY TAX OFFICER ആയിരുന്നു. റിസോർട്ടുകളുടെയും ഹോട്ടലുകളുടേയും മറ്റും നികുതി ഒഴിവാക്കി കൊടുത്തു വഴിവിട്ട നിലയിൽ സഹായിച്ചതിന് അവരിൽ നിന്നും കോടികൾ ഇക്കാലയളവിൽ വാങ്ങിയിട്ടുണ്ട് കൂടാതെ അവരുടെ ചെലവിൽ ദുബായ്, മലേഷ്യ , തായ്‌ലൻഡ് , സിംഗപ്പൂർ മക്കാവു തുടങ്ങിയ സ്ഥലങ്ങൾ പലവട്ടം സന്ദർശിച്ചു. അതിന് യാതൊരുവിധ സർക്കാർ അനുവാദവും വാങ്ങിയിട്ടില്ല . മറ്റാരു ചെയ്താലും ജോലി പോകുന്ന ഗുരുതര അച്ചടക്ക ലംഘനമാണ് ഇത് . പക്ഷെ പണ സ്വാധീനം മൂലം ഇയാൾക്കെതിരെ ആരും അനങ്ങിയില്ല . ദുബായ് മരുഭൂമിയിൽ ഒട്ടകസഫാരി നടത്തുന്ന ചിത്രം അടുത്തകാലം വരെ ഇയാളുടെ ഫേസ്‌ബുക്ക് പ്രൊഫൈൽ ആയിരുന്നു .

തിരുവനന്തപുരം സാഗര ബീച്ച് റിസോർട്ടിന്റെ 2009-10, 2010-11 വർഷത്തെ നികുതി നിർണ്ണയം സമയത്തു നടത്താതെ മനപ്പൂർവ്വം കാലഹരണപ്പെടുത്തി സർക്കാരിന് രണ്ടു കോടിയോളം രൂപ നികുതി നഷ്ടമുണ്ടാക്കിയെന്ന കേസ് ഇക്കാലയളവിലാണ് ഇയാളുടെ പേരിൽ ഉണ്ടായത് . അസ്സെസ്സ്‌മെന്റ് കലഹരണപ്പെടുത്തുക വഴി ഹോട്ടലുടമക്ക് 2 കോടി രൂപ ലാഭമുണ്ടാക്കാൻ യഥാർത്ഥത്തിൽ കൂട്ടു നിൽക്കുകയാണ് ഇയാൾ ചെയ്തത് . വൻ തുക ഹോട്ടലുടമയിൽ നിന്നും ഇതിനായി പ്രതിഫലം ആവശ്യപ്പെട്ടതായും അറിയുന്നു.

പൊലീസിലെ സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തിലും, വിജിലൻസിന്റെ രഹസ്യ അന്വേഷണത്തിലും തിരുവനന്തപുരത്തെ ഏറ്റവും വലിയ അഴിമതിക്കാരുടെ പട്ടികയിൽ ഇദ്ദേഹത്തെ പെടുത്തിയിട്ടുണ്ടെങ്കിലും പണസ്വാധീനം മൂലം തുടർ നടപടികളിൽ നിന്നെല്ലാം രക്ഷപെട്ടു അഴിമതി ഇപ്പോഴും നിർബാധം തുടർന്നു കൊണ്ടിരിക്കുകയാണ്. വകുപ്പിലെ മേലുദ്യോഗസ്ഥർക്കെല്ലാം പണവും മറ്റ് അവിഹിത സൗകര്യങ്ങളും ഒരുക്കി നൽകിയും , എതിർക്കുന്നവരെ ഭീഷണിപ്പെടുത്തിയും, സ്ഥലം മാറ്റിയും തലസ്ഥാനത്തെ അഴിമതിയുടെ ഒരു രാജാവായി ഇദ്ദേഹം ഇപ്പോഴും സസുഖം വാഴുന്നു .

ഇപ്പോൾ വകുപ്പിന്റെയ് തിരുവനന്തപുരത്തെയോ എറണാകുളത്തെയോ ഇന്റലിജൻസിന്റെ മേധാവിയായി പോകുന്നതിനുള്ള ഒരുക്കത്തിലാണ് ഇയാൾ . ഇതിനു വേണ്ടി പണ സ്വാധീനമുപയോഗിച്ചു ഇദ്ദേഹം ചരട് വലികൾ നടത്തിക്കൊണ്ടിരിക്കുകയാണ് . വെറുതെയല്ല GST കാലഘട്ടത്തിൽ കേരളത്തിന്റെയ് നികുതി പിരിവ് ഉയരാത്തതെന്ന് മനസിലായല്ലോ . നാളിതു വരെ യാതൊരുവിധ നടപടികളും ഇയാൾക്കെതിരെ ഉണ്ടായില്ല. അങ്ങയുടെ നികുതി വകുപ്പോ , സർക്കാരോ അതിനു തയ്യാറായില്ല എന്ന് പറയുന്നതാവും സത്യം .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP