Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'എന്റെ അപ്പനാണ് കൊല്ലപ്പെട്ടത്, ഫൈറ്റ് ചെയ്തേ പറ്റൂ, ആ സ്ത്രീയെ അനുകൂലിക്കില്ല; എന്താണ് അവർക്ക് പറയാനുള്ളതെന്ന് അറിയേണ്ടതിനാലാണ് ഫോൺ എടുത്തത്; 'അവർ വിളിച്ചത് ലാന്റ് ഫോണിൽ നിന്നല്ല, മൊബൈൽ ഫോണിൽ നിന്നാണ്; ട്രൂ കോളറിൽ മലർ എന്നാണ് പേര് തെളിഞ്ഞത്; കേസിൽ കൃത്യമായ അന്വേഷണം നടന്നിട്ടില്ലെന്നാണ് ഇപ്പോൾ മനസിലാക്കുന്നത്; പല പ്രതികളും ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് അവരുടെ സംസാരത്തിൽ നിന്ന് മനസിലായി'; ഫോൺവിളി വിവാദത്തിൽ ജോളിക്കെതിരെ മകൻ റെമോ

'എന്റെ അപ്പനാണ് കൊല്ലപ്പെട്ടത്, ഫൈറ്റ് ചെയ്തേ പറ്റൂ, ആ സ്ത്രീയെ അനുകൂലിക്കില്ല; എന്താണ് അവർക്ക് പറയാനുള്ളതെന്ന് അറിയേണ്ടതിനാലാണ് ഫോൺ എടുത്തത്; 'അവർ വിളിച്ചത് ലാന്റ് ഫോണിൽ നിന്നല്ല, മൊബൈൽ ഫോണിൽ നിന്നാണ്; ട്രൂ കോളറിൽ മലർ എന്നാണ് പേര് തെളിഞ്ഞത്; കേസിൽ കൃത്യമായ അന്വേഷണം നടന്നിട്ടില്ലെന്നാണ് ഇപ്പോൾ മനസിലാക്കുന്നത്; പല പ്രതികളും ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് അവരുടെ സംസാരത്തിൽ നിന്ന് മനസിലായി'; ഫോൺവിളി വിവാദത്തിൽ ജോളിക്കെതിരെ മകൻ റെമോ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിൽ പ്രതി ജോളിക്കെതിരെ മകൻ റെമോ. ജോളി തന്നെ വിളിച്ചത് ലാൻഡ് ഫോണിൽ നിന്നല്ല, മൊബൈൽ ഫോണിൽ നിന്നാണെന്ന് റെമോ പ്രതികരിച്ചു. വളരെ ലാഘവത്തോടെയാണ് അവർ സംസാരിച്ചു തുടങ്ങിയതെന്നും റെമോ മാധ്യമങ്ങളോട് വ്യക്തമാക്കി. തന്റെ അപ്പനും വല്യപ്പനും വല്യമ്മയുമാണ് മരിച്ചതെന്നും ആ സ്ത്രീയെ താൻ അനുകൂലിക്കില്ലെന്നും റെമോ പറഞ്ഞു. എന്താണ് അവർക്ക് പറയാനുള്ളതെന്ന് അറിയേണ്ടതിനാലാണ് ഫോൺ എടുത്തത്. ആ സ്ത്രീ പ്രതിയാണ്. കേസന്വേഷണത്തിൽ എനിക്ക് തൃപ്തിയില്ലെന്നും റെമോ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട പല കാര്യത്തിലും അന്വേഷണം പൂർത്തിയായിട്ടില്ല. അപ്പനാണ് കൊല്ലപ്പെട്ടത്. എനിക്ക് ഫൈറ്റ് ചെയ്തേ പറ്റൂ. ആറ് പേരെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നയാളാണ്. ജയിലിലാണ് അവരുള്ളത്. എന്നാൽ വളരെയധികം സമയമെടുത്താണ് സംസാരിച്ചത്. കേസിൽ കൃത്യമായ അന്വേഷണം നടന്നിട്ടില്ലെന്നാണ് ഇപ്പോൾ മനസിലാക്കുന്നതെന്നും റെമോ പറഞ്ഞു.

'അവർ വിളിച്ചത് ലാന്റ് ഫോണിൽ നിന്നല്ല. മൊബൈൽ ഫോണിൽ നിന്നാണ്. ട്രൂ കോളറിൽ മലർ എന്നാണ് പേര് തെളിഞ്ഞത്. എന്നാൽ കോളെടുത്തപ്പോൾ അവരായിരുന്നു. അവരുടേത് ജയിൽ നമ്പറിൽ നിന്നുള്ള കോളായിരുന്നെങ്കിൽ അത്തരത്തിൽ കാണിക്കണമായിരുന്നു. തമിഴ്‌നാട്ടിൽ രജിസ്റ്റർ ചെയ്ത നമ്പറാണ് ഇതെന്ന് സൈബർ സെല്ലിൽ അന്വേഷിച്ചപ്പോൾ മനസിലായി. കേസ് വന്നപ്പോൾ തന്നെ വ്യക്തമായ നിലപാടെടുത്തുതാണ്. എന്നെ അവർക്ക് സ്വാധീനിക്കാനാവില്ല.', റെമോ പറഞ്ഞു.

മെയ് മാസത്തിലാണ് അവർ ഫോൺ വിളിക്കാൻ ആരംഭിച്ചതെന്നും ഇക്കാര്യങ്ങളെല്ലാം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചെന്നും റെമോ പറയുന്നു. 'പല പ്രതികളും ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് അവരുടെ സംസാരത്തിൽ നിന്ന് മനസിലായി. പല ആളുകളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നെ മാത്രമല്ല പലരെയും അവർ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്. പലരോടും ബന്ധം നിലനിർത്തുന്നുണ്ട്,' എന്നും റെമോ പറഞ്ഞു.

ജോളി ജോസഫിന് ജയിൽ അധികൃതർ നടത്തിയ നീക്കം വിവാദത്തിലായിരുന്നു. ജോളി ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് പുറത്തേക്ക് വിളിച്ചിരുന്നു എന്ന് നോർത്ത് സോൺ ഐജിയാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. കൂടത്തായി കേസിലെ സാക്ഷി കൂടിയായ മകൻ റോമോയെ ആണ് ജോളി ഫോൺ വിളിച്ചത് എന്നാണ് റിപ്പോർട്ട്. മൂന്ന് തവണയാണ് മകനെ ജയിലിൽ നിന്ന് ജോളി ബന്ധപ്പെട്ടിരിക്കുന്നത്. ഫോൺസംഭാഷണം 20 മിനുറ്റിൽ അധികം നീണ്ടു നിന്നിരുന്നു. ഇത് നിയമപരമാണെന്ന് ജയിൽ അധികൃതർ പറയുന്നു. മൂന്ന് നമ്പരുകളിലേക്ക് ജോളിക്ക് ജയിലിൽ നിന്ന് വിളിക്കാം. ഇതിൽ ഒരെണ്ണം ജോളിയുടെ മകന്റെ ഫോൺ നമ്പരായിരുന്നു. അതുകൊണ്ട് തന്നെ അരുതാത്തത് സംഭവിച്ചില്ലെന്നാണ് ജയിൽ അധികൃതരുടെ വാദം,

കൂടുത്തായി കേസിലെ മുഖ്യസാക്ഷിയാണ് ജോളിയുടെ മകൻ എന്ന് എല്ലാവർക്കും അറിയാം. എന്നിട്ടും ജോളിക്ക് മകനെ വിളിക്കാൻ ജയിൽ അധികൃതർ അവസരം ഒരുക്കി. ഇതാണ് പുതിയ വിവാദത്തിന് കാരണമാകുന്നത്. ജോളിയുടെ ഭർത്താവ് ഉൾപ്പെടെയുള്ളവരുടെ കൊലപാതകം തെളിയിക്കുന്നതിൽ നിർണ്ണായകമാണ് ജോളിയുടെ മകന്റെ മൊഴി. കേസിൽ തനിക്കെതിരെ സാക്ഷി പറയുന്നതിൽ നിന്നും മകനെ സ്വാധീനിക്കുന്നതിനായാണ് ജോളി ഫോൺ വിളിച്ചത്.

ജോളി ഫോൺ വിളിച്ചതായി റോമോ സമ്മതിച്ചായും നോർത്ത് സോൺ ഐജിയുടെ റിപ്പോർട്ടിൽ പറയുന്നു. നിലവിൽ കോഴിക്കോട് ജില്ലാ ജയിലിൽ ആണ് ജോളി കഴിയുന്നത്. ജോളിയുടെ ഫോൺ വിളിയെക്കുറിച്ച് വീട്ടുകാർക്ക് അറിവുണ്ടായിരുന്നു. ഫോൺ വിളിക്കരുത് എന്ന് വിലക്കിയ ശേഷവും ജോളി വിളിച്ചിരുന്നു എന്ന് റോയിയുടെ സഹോദരി പ്രതികരിച്ചു. സമാനമായി മറ്റ് സാക്ഷികളേയും സ്വാധീനിക്കാൻ ജയിലിൽ നിന്ന് ജോളി ശ്രമം നടത്തിയിരിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. തടവുകാർക്ക് അനുവദിച്ച നമ്പറിൽ നിന്നാണ് ജോളി ഫോൺ വിളിച്ചതെന്ന് ജയിൽ ഡിജിപി വ്യക്തമാക്കി. രജിസ്റ്ററിൽ രേഖപ്പെടുത്തിയതിന് ശേഷമായിരുന്നു ഫോൺ വിളികൾ എന്നും ജയിൽ ഡിജിപി ഋഷിരാജ് സിങ് വ്യക്തമാക്കി.

അതേസമയം ഇപ്പോഴത്തെ പൊലീസ് അന്വേഷണത്തിൽ തൃപ്തി ഇല്ലെന്നും നിയമനടപടികളിലേക്ക് പോകുമെന്നും റോയിയുടെ കുടുംബം പ്രതികരിച്ചു. ജോളിക്ക് ജയിലിൽ വലിയ സ്വാതന്ത്ര്യമാണ് അനുവദിക്കുന്നതെന്ന് മറ്റൊരു സാക്ഷിയായ ബാവയും പറഞ്ഞു. ഉത്തരമേഖല ഐജി അശോക് യാദവ് ഇക്കഴിഞ്ഞ എട്ടാം തീയതി ജയിൽ മേധാവിക്ക് നൽകിയ റിപ്പോർട്ടാണിത്. റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു. കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യ പ്രതിയും റിമാൻഡ് തടവുകാരിയുമായ ജോളി ജയിലിനുള്ളിൽ നിരന്തരമായും സ്വതന്ത്രമായും മൊബൈൽ ഫോൺ ഉപയോഗിക്കുന്നു. മകനും കേസിലെ പ്രധാന സാക്ഷിയുമായ റെമോയെ സ്വാധീനിക്കാൻ നിരന്തരം ശ്രമിക്കുന്നു. 8098551349 എന്ന നമ്പറിൽ നിന്നാണ് വിളിച്ചത്.

ഇതു സംബന്ധിച്ച വിവരം കിട്ടിയതിനെത്തുടർന്ന് താൻ റെമോയെ നേരിൽ കണ്ടെന്നും ജോളി തന്നെ പലവട്ടം വിളിച്ചതായി റെമോ സമ്മതിചെന്നും റിപ്പോർട്ടിൽ ഐജി പറയുന്നു. പ്രമാദമായ കൊലപാതക പരമ്പരയിലെ പ്രതി സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് അതീവ ഗൗരവമുഴള്ള പ്രശ്നമാണെന്നും ഇതിനെതിരെ കർശന നടപടി വേണമെന്നും റിപ്പോർട്ടിലുണ്ട്. തടവുകാരുടെ ഫോൺവിളി ജയിൽ ജീവനക്കാരുടെ സാന്നിധ്യത്തിൽ വേണെന്നും സാക്ഷികളെ സ്വാധീനിക്കാൻ പാടില്ലെന്നുമുള്ള നിബന്ധനയാണ് ലംഘിക്കപ്പെട്ടത്.

2019 ഒക്ടോബർ അഞ്ചിനാണ് ജോളിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ്, റോയിയുടെ മാതാപിതാക്കളയായ പൊന്നാമറ്റം അന്നമ്മ, ടോം തോമസ്, അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ, ജോളിയുടെ രണ്ടാം ഭർത്താവായ ഷാജുവിന്റെ ഭാര്യ സിലി, മകൾ ആൽഫൈൻ എന്നിവരെ ഭക്ഷണത്തിൽ വിഷം കലർത്തിയും സയനൈഡ് നൽകിയും കൊലപ്പെടുത്തിയെന്നാണ് കേസ്. ആറു കേസുകളിലും പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP