Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാർട്ടിക്ക് സ്വന്തമായി പൊലീസും കോടതിയും മാത്രമല്ല ശക്തമായ കൊലയാളി സംവിധാനങ്ങളുമുണ്ട്; അതിൽ നാടൻ ബോംബുണ്ടാക്കുന്നവൻ തൊട്ട് ലക്ഷങ്ങൾ ഫീസ് വാങ്ങുന്ന വക്കീലും, ഡോക്ടറും വരെ വരുന്ന വലിയൊരു മാഫിയാ സംഘമുണ്ട്; അതിൽ ഒരു വിഭാഗത്തെ വെച്ച് ചില മത തീവ്രാവാദ സംഘടനകളും മുതലെടുക്കുന്നു; കുഞ്ഞനന്തനൊപ്പം എരിഞ്ഞടങ്ങേണ്ട കണ്ണൂർ കില്ലർ സ്‌ക്വാഡുകളുടെ കഥ

പാർട്ടിക്ക് സ്വന്തമായി പൊലീസും കോടതിയും മാത്രമല്ല ശക്തമായ കൊലയാളി സംവിധാനങ്ങളുമുണ്ട്; അതിൽ നാടൻ ബോംബുണ്ടാക്കുന്നവൻ തൊട്ട് ലക്ഷങ്ങൾ ഫീസ് വാങ്ങുന്ന വക്കീലും, ഡോക്ടറും വരെ വരുന്ന വലിയൊരു മാഫിയാ സംഘമുണ്ട്; അതിൽ ഒരു വിഭാഗത്തെ വെച്ച് ചില മത തീവ്രാവാദ സംഘടനകളും മുതലെടുക്കുന്നു; കുഞ്ഞനന്തനൊപ്പം എരിഞ്ഞടങ്ങേണ്ട കണ്ണൂർ കില്ലർ സ്‌ക്വാഡുകളുടെ കഥ

എം മാധവദാസ്

സിപിഎം സ്വന്തമായി പൊലീസും കോടതിയുമൊക്കെയാണെന്ന് വനിത കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ ഈയിടെ പറഞ്ഞത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. പറഞ്ഞത് പൂർണ്ണമായും സത്യമായിരുന്നെന്ന് മാത്രമല്ല, വി ടി ബൽറാം എംഎൽഎ ചൂണ്ടിക്കാട്ടിയപോലെ സ്വന്തമായി ആരാച്ചാരും എന്ന ഒരു തിരുത്തും ഒപ്പം വേണമായിരുന്നു. പാർട്ടികൾ സമാന്തര ഭരണകൂടങ്ങളാകുന്നകാലത്തെ ഒരു രാഷ്ട്രീയ അക്ഷരത്തെറ്റ് മാത്രമായിരുന്നു ഇന്നലെ അന്തരിച്ച സിപിഎം പാനൂർ ഏരിയാ കമ്മറ്റി അംഗവും ടിപി ചന്ദ്രശേഖരൻ വധക്കേസിലെ 13ാം പ്രതിയായി ശിക്ഷക്കപ്പെടുകയും ചെയ്ത പി കെ കുഞ്ഞനന്തൻ. കഴിഞ്ഞ ഒരു വർഷമായി രാഷ്ട്രീയ കൊലപാതകങ്ങൾ ഇല്ലാത്ത കണ്ണൂരിനെയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. ഈ ശാന്തത യഥാർഥ്യമാവണെമെങ്കിൽ കണ്ണൂർ കില്ലർ സ്‌ക്വാഡുകൾ എന്ന് രാഷ്ട്രീയക്കാർ രഹസ്യമായി പേരിട്ട് വിളിക്കുന്ന ക്വട്ടേഷൻ കൊലപാതക സംഘങ്ങളുടെയും വേര് അറുക്കണം. പി കെ കുഞ്ഞനന്തന്റെ ചിതക്കൊപ്പം കണ്ണൂർ കില്ലർ സ്‌ക്വാഡുകളും ഓർമ്മയാവട്ടെ എന്നാണ് സമാധാനം ആഗ്രഹിക്കുന്ന ഏതൊരാളും ചിന്തിക്കുക.

സത്യത്തിൽ, ടിപി വധക്കേസിൽ എല്ലാറ്റിനും പഴി കേട്ട കുഞ്ഞനന്തൻ ഒരു മറമാത്രമായിരുന്നെന്ന് ആർക്കാണ് അറിയാത്തത്. ടിപി വധക്കേസിന്റെ സൂത്രധാരൻ ആരാണെന്ന കാര്യം ഇപ്പോഴും അജഞാതമാണ്. സിപിമ്മിന്റെ ചരിത്രത്തിൽ ഒരേ ഒരു അന്വേഷണക്കമ്മീഷൻ റിപ്പോർട്ടേ വെളിച്ചം കാണാത്തതുള്ളൂ. അത് ടിപി വധ അന്വേഷണമാണ്. പണ്ട് സ്വാതന്ത്ര്യത്തിന് വേണ്ടിയും ജന്മിത്വത്തിനെതിരേയും പോരാടി ജീവൻ ഹോമിക്കപ്പെട്ട നിരവധിപേരുടെ ധീരമായ അനുഭവങ്ങളായിരുന്നു കണ്ണൂരിന് പറയാനുണ്ടായിരുന്നത്. പക്ഷേ പിന്നീടത് രാഷ്ട്രീയ വൈരാഗ്യങ്ങളിലേക്ക് മാറി. നിസ്സാര പ്രശ്‌നങ്ങൾ പോലും കൊലകളിൽ കലാശിക്കുന്ന പൈശാചിക ഭൂമികയായി ഈ നാട് മാറിക്കഴിഞ്ഞു.

മലബാറിലെ രാഷ്ട്രീയ കൊലകളുടെ പഴി സിപിഎമ്മിനു മാത്രമല്ല. ആർഎസ്എസും കോൺഗ്രസും ഒക്കെ തങ്ങളുടെ ശക്തിക്കനുസരിച്ച് നിരന്തരം ഇവിടെ അക്രമം അഴിച്ചുവിട്ടിട്ടുണ്ട്. സിപിഎം കണ്ണൂർ ജില്ലാകമ്മറ്റി ഓഫീസിൽ വെച്ചിരിക്കുന്ന രക്തസാക്ഷികളുടെ ചിത്രങ്ങൾ കണ്ടാൽ തല പെരുത്തുപോകും. കാലാകാലങ്ങങ്ങളിൽ ആർഎസ്എസ് ബിജെപി കോൺഗ്രസ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാൽ കൊല്ലപ്പെട്ടവർ. ഇവർ തങ്ങളെ ആക്രമിക്കുന്നിനാൽ നിരന്തരം പ്രതിരോധം സംഘടിപ്പിക്കാൻ തങ്ങൾക്കും ആളുകൾവെണമെന്നാണ് സിപിഎം വാദം. മറ്റുപാർട്ടികൾ എല്ലാം കുറ്റവും സിപിമ്മിന്റെയും മുകളിൽ ചുമത്തുന്നു. അങ്ങനെയുള്ള ഭീതിയിൽനിന്ന് ഉടലെടുത്തവരാണ് കണ്ണൂരിലെ കില്ലർ സ്‌ക്വാഡുകൾ. അതിൽ ഒന്നിനെ നിയന്ത്രിച്ചിരുന്ന കുഞ്ഞനന്തൻ മരിച്ചതുകൊണ്ടുമാത്രം അവസാനിക്കുന്നതല്ല കണ്ണൂരിലെ കൊലകൾ. അതുനിലക്കണമെങ്കിൽ അതിനെ നിയന്ത്രിക്കുന്ന ശക്തികൾ തന്നെ വിചാരിക്കാണം.

ഗണേശ് ബീഡി സമരത്തിലൂടെ എത്തിയ അക്രമം

കണ്ണൂരിന്റെ രാഷ്ട്രീയ ചരിത്രം ശരിക്കും പഠിച്ച ബർലിൻ കുഞ്ഞനന്തൻ നായരെപ്പോലുള്ളവർ എഴുതിയത് 70 കളിലെ ഗണേശ് ബീഡി സമരത്തോടെയാണ് കണ്ണൂരിൽ രാഷ്ട്രീയ ഗുണ്ടാ സംഘങ്ങൾ രൂപപ്പെടുത്ത്. അന്ന് ഗണേശ് ബീഡി തൊഴിലാളി സമരം പൊളിക്കാൻ സംഘപരിവാറിന്റെ ആശീർവാദത്തോടെ ഇറക്കിയ ഗുണ്ടകളെ നേരിട്ടുകൊണ്ടാണ് പിണറായി വിജയൻ അടക്കമുള്ളവർ രാഷ്ട്രീയ മുഖ്യധാരയിലേക്ക് കടന്നുവരുന്നത്. അന്നൊക്കെ ചെറുതും വലതുമായ ഏത് ഏറ്റുമുട്ടലിനും കായിക പരിശീലനം സിദ്ധിച്ച ആളുകൾ പാർട്ടികൾ അകത്തുതന്നെ ഉണ്ടായിരുന്നു.

ശുദ്ധമായ പാർട്ടിക്കൂറുതന്നെയായിരുന്നു അവരെ നിലനിർത്തിപ്പോന്നത്. എന്നാൽ അക്രമങ്ങൾ വ്യാപകമായ 90കളിലെ മധ്യത്തോടെയൊക്കെ ഇതിനൊന്നും ആളെ കിട്ടാതായി. അല്ലെങ്കിൽ രാഷ്ട്രീയ അക്രമങ്ങളിൽ അകത്തുപോയവർ തിരിച്ചെത്തിയത് വലിയ ക്രമിനൽ പ്രവർത്തനങ്ങൾകക്ക് കോപ്പുകൂട്ടിക്കൊണ്ടായിരുന്നു. മണൽവാരൽ, കുഴൽപ്പണം, സ്വർണം കള്ളക്കടത്ത് തുടങ്ങിയ വിവിധ മേഖലകളിലായി അവർ പണം വാരി. ഒരുഘട്ടത്തിൽ അവർ പാർട്ടികളെയും ബ്ലാക്ക്മെയിൽ ചെയ്തു. കാരണം പഴയ കൊലകളുടെ രഹസ്യം അവരുടെ കൈവശം ഉണ്ട്.  ജയിലിലടക്കം എല്ലാം സൗകര്യങ്ങും കൊടുത്ത് ക്രിമിനലുകളെ സംരക്ഷിക്കാൻ സിപിഎം തയ്യാറാകുന്നതിന്റെ രഹസ്യവും അതാണ്.

തികഞ്ഞ ഗോത്രീയമായ ഒരു പ്രത്യയശാസ്ത്രബോധവും സിപിഎം അണികളിൽ അടിച്ചേൽപ്പിച്ചു. കമ്യൂണിസ്റ്റ്കാരാനായ അച്ഛന്റെ ബിജെപിക്കാരനായ മകൻ കൊല്ലപ്പെട്ടപ്പോൾ അയാൾ ദുഃഖം കാട്ടാതെ പാർട്ടിയിൽ പിടിച്ചു നിൽക്കുന്നു. വഴി തെറ്റിയതിനുള്ള ശിക്ഷയാണ് അവന് നൽകിയതെന്ന് പാർട്ടി അയാളെ പഠിപ്പിക്കുന്നു. ധർമ്മടത്തെ ഒരു പ്രധാന നേതാവിന്റെ മരുമക്കൾ പ്രസ്ഥാനം മാറിയപ്പോൾ പാർട്ടി ശിക്ഷ അവരെ ഇല്ലാതാക്കുകയായിരുന്നു. അന്ന് ആ നേതാവിനും മാറി ചിന്തിക്കാനായില്ല. രാഷ്ട്രീയ ഭിന്നതയുടെ പേരിൽ ബന്ധുക്കളെ കൊല ചെയ്യുന്ന രീതിപോലും കണ്ണൂരിലുണ്ടായിരുന്നു.

കണ്ണൂർ ജില്ലയുടെ അടുത്ത പ്രദേശമായ മയ്യഴി കേന്ദ്രമായാണ്‌  പല ക്വട്ടേഷൻ സംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഒരു ചെറിയ പഞ്ചായത്തിന്റെ വിസ്തൃതിപോലും ഇല്ലാത്ത മയ്യഴിയിൽ എൺപതിലധികം ബാറുകളുണ്ട്. പല ബാറുകൾക്കും ഡിസ്റ്റിലറികൾക്കും ഇത്തരം ക്വട്ടേഷൻ സംഘങ്ങൾ വേണം എന്നത് പരസ്യമായ രഹസ്യമാണ്. മയ്യഴിയിൽ പൊലീസിന്റെ ഭാഗത്തുനിന്ന് അധികം ശ്രദ്ധയും ഇല്ല എന്നത് ഇത്തരക്കാർക്ക് അനുഗ്രഹമാണ്. ഇന്നും കണ്ണൂരിലെ അക്രമികളുടെ വലിയ വിഭാഗവും മയ്യഴിക്കാരാണ്.

പ്രതിരോധം ക്വട്ടേഷൻ സംഘങ്ങൾക്ക് വഴിമാറുന്നു

എം വി രാഘവനാണ് കണ്ണൂർ ജില്ലയിൽ എതിരാളികളെ അതേ നാണയത്തിൽ തിരിച്ചടിക്കുന്ന പ്രതിരോധ സംഘങ്ങൾക്ക് കണ്ണൂരിൽ തുടക്കം കുറിച്ചത്. ഇവയാണ് പിന്നീട കില്ലർ സ്‌ക്വാഡുകൾ ആയി മാറിയത്. മറ്റുപാർട്ടികൾക്കും ഇതുപോലുള്ള സംഘങ്ങൾ ഉണ്ടെങ്കിലും അത് സിപിഎമ്മിന്റെ അത്ര ആസൂത്രിതമല്ല. ഒരുത്തൻ ഒരു കില്ലർ സ്‌ക്വാഡിൽ അംഗമായാൽ പിന്നെ അവന്റെ സമ്പൂർണ്ണ ചുമതല പാർട്ടിക്കാണ്. അക്രമത്തിനിടെ കൊല്ലപ്പെട്ടാൽ കുടംബത്തെ പാർട്ടി നോക്കും, രക്തസാക്ഷിയുടെ മകന് പാർട്ടി ബാങ്കിലും മറ്റുമായി ജോലി ഉറപ്പ്. പുറമെ ലക്ഷങ്ങൾ പിരിച്ചെടുത്ത് നൽകുയും ചെയ്യും. ഇനി കേസും പാർട്ടി നടത്തിക്കോളും. ഭരണത്തിൽ വന്നാൽ ജയിലിലും കുശാൽ. ഓരോ പ്രദേശത്തും ഇങ്ങനെ എന്തിനും പോന്നവരെ സിപിഎം വളർത്തിക്കൊണ്ടുവന്നു. ക്രമേണെ ക്രമിനൽ ബുദ്ധിയുള്ളവർ ഇത് മുതലെടുക്കാൻ തുടങ്ങി. സമൂഹത്തിൽ നല്ല നിലയും വിലയുമുള്ള ഒരു തൊഴിലായാണ് പാർട്ടി ഗുണ്ടയെന്ന് അവർ തിരിച്ചറിഞ്ഞു. എന്നിട്ട് പാർട്ടിപോലും അറിയാതെ അവർ മണൽവാരലും, മദ്യക്കടത്തും, സ്വർണ്ണക്കടത്തുമെല്ലാം നടത്തി. കൊടി സുനിയുടെ അവസ്ഥ നോക്കുക. പരോളിൽ ഇറങ്ങിയിട്ടും ക്വട്ടേഷൻ എടുത്തു. ജയിലനകത്തിരുന്ന് ഗുണ്ടാ പ്രവർത്തനങ്ങൾ നിയന്ത്രിച്ചു.പാർട്ടിക്ക് സ്വന്തമായ നുണകളുടെ ഫാക്ടറിയുണ്ടാക്കാൻ നിരവധി വക്കീലന്മാരും  ഉണ്ടായി. ഗുണ്ടകൾ സ്വന്തമായി ഉണ്ടാക്കുന്ന കേസുകളും പാർട്ടിയുടെ തലയിലായി. ഭസ്മാസുരന് വരം കൊടുത്തപോലെ ഗുണ്ടകളെകൊണ്ട് പാർട്ടിയും തുലഞ്ഞു.

കൃത്യമായ ആക്ഷൻ പ്ലാനും കോർഡിനേഷനും ഉള്ളവയായിരുന്നു ഈ കില്ലർ സ്‌ക്വാഡുകൾ. വെട്ടാൻ ഒരു ടീം, ആയുധങ്ങൾ എത്തിച്ചുകൊടുക്കാൻ മറ്റുചിലർ, പ്രതികൾക്ക് രക്ഷപ്പെടാൻ അവസരം കൊടുക്കന്നത് വേറെ ചിലർ. ഇവർ തമ്മിൽ പരസ്പരം ബന്ധം ഉണ്ടാവില്ല. അതുകൊണ്ടുതന്നെ ഒരാളെ പിടിച്ചാൽ ഒരു വിവരവും കിട്ടില്ല. ഇനി സമയത്തിന് ഡമ്മി പ്രതികളെ ഇറക്കാനും പാർട്ടിക്ക് അറിയാം. കണ്ണൂരിലെ മിക്ക കേസുകളിലും യഥാർഥ പ്രതികൾ പോലുമല്ല  ശിക്ഷിക്കപ്പെടുന്നത്. അതായത് പാർട്ടിക്ക് കോടതിയും പൊലീസും മാത്രമല്ല കള്ളന്മാരെ സപ്ലെചെയ്യുന്ന സംഘങ്ങളുമുണ്ടെന്ന് ചുരുക്കം. ഇങ്ങനെ ഡമ്മി പ്രതികളെ ഇറക്കുന്നതിലും രണ്ടുകാര്യമുണ്ട്. കേസ് പൊളിക്കാൻ എളുപ്പമാണ്. ഉദാഹരണമായി ഒരു വെട്ടുകേസിൽ ലെഫ്റ്റ് ഹാൻഡറും റൈറ്റ് ഹാൻഡറും ഉണ്ടാക്കുന്ന മുറിപ്പാടുകൾ വ്യത്യസ്തമാണ്. ഈ ഒരൊറ്റ  വകുപ്പിൽ പിടിച്ചാൽ തന്നെ കേസ് പൊളിക്കാം.

ഇനി അക്രമത്തിനിടെ അസുഖം പറ്റുന്നവർക്ക് ഒളിച്ച് താമസിക്കാനും ചികിൽസിക്കാനുമായി പാർട്ടിക്ക് സ്വന്തമായി ആശുപത്രികളും ഉണ്ട്. മുറിവ് കൃത്യമായി ഉണ്ടാക്കാൻ അറിയുന്നവരും പാർട്ടിയിലുണ്ട്. പണ്ടൊക്കൊ വാഴയില പൊള്ളിച്ച് പുറത്ത് അടിച്ചാണ് ലാത്തിച്ചാർജിന്റെയൊക്കെ പാടുകൾ കൃത്രിമമായി ഉണ്ടാക്കിയിരുന്നതെന്ന് എ പി അബദുല്ലക്കുട്ടിയെപ്പോലുള്ള പാർട്ടി വിട്ടവർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൗണ്ടർ കേസിനായി ഒരു ഫോറൻസിക്ക് എക്സപേർട്ടിനും പിടികൊടുക്കാൻ കഴിയാത്ത രീതിയിൽ മുറിവ് ഉണ്ടാക്കി കൊടുക്കാൻ കഴിയുന്ന വിദഗ്ധരും ഈ ഗ്രൂപ്പിലുണ്ട്.

കണ്ണൂരിലെ അക്രമക്കാലത്ത് നാടൻബോംബ് നിർമ്മാണവും ഒരു കുടിൽ വ്യവസായംപോലെ ആയിരുന്നു. മംഗലാപുരത്തുനിന്ന് ഒരു വിദഗ്ധനെകൊണ്ടുവന്ന് പാർട്ടി ക്ലാസുപോലെ പഠിപ്പിച്ച് എം വി രാഘവനാണ് ഈ പരിപാടി കണ്ണൂർ സഖാക്കൾക്ക് പരിചയപ്പെടുത്തിക്കൊടുത്തത്. കലാപ കലുഷിതമായ 90കളുടെ അവസാനത്തിലൊക്കെ കണ്ണൂരിലെ ഏത് പാർട്ടിഗ്രാമത്തിൽപോയാലും കൈയില്ലാത്ത ഒരാളെയെങ്കിലും കാണാം. കൈ പോയതാവട്ടെ ബോംബ് ഉണ്ടാക്കുന്നതിനിടെയും. ബോംബ് നിർമ്മാണത്തിനിടെ നിരവധിപേരാണ് കണ്ണൂരിൽ മരിച്ചത്. സിപിഎം മാത്രമല്ല മറ്റുപാർട്ടികളിലുമുണ്ട് ഇങ്ങനെ ജീവൻ പോയവർ. പക്ഷേ കൂടുതൽ സിപിഎമ്മിനാണെന്ന് മാത്രം.

അതായത് ഒരു സാധാ ക്വട്ടേഷൻ ടീമോ അക്രമി സംഘമോ ആയിരുന്നില്ല കണ്ണൂരിലെ കില്ലർ സ്‌ക്വാഡുകൾ. അതിൽ നാടൻ ബോംബുണ്ടാക്കുന്നവൻ തൊട്ട് ലക്ഷങ്ങൾ ഫീസ് വാങ്ങുന്ന വക്കീലും, പ്രതികളെ ചികിൽസിക്കുന്ന ഡോക്ടറും തൊട്ട് വലിയൊരു മാഫിയാ
സംഘമായിരുന്നു അത്. ഈ വിവിധ ടീമുകളെ ഏകോപിപ്പിക്കുന്നതാവട്ടെ ഒരു രാഷ്ട്രീയ നേതാവും. അവിടെയാണ് പി കെ കുഞ്ഞനന്തനൊപ്പോലുള്ളവരുടെ പങ്ക്. കുഞ്ഞനന്തന്റെ മരണത്തോടെ അപ്രത്യക്ഷമാവുന്നതും ടിപി കൊലക്കേസിലെ യഥാർഥ സൂത്രധാരൻ ആരാണെന്നുള്ള ചോദ്യമാണ്. യാഥാർഥത്തിൽ കുഞ്ഞനന്തൻ കുത്താൻ ഉപയോഗിച്ച ഒരു കത്തിമാത്രമാണ്. യഥാർഥ പ്രതി ഈ കില്ലർ സ്‌ക്വാഡുകളെയൊക്കെ തീറ്റിപ്പോറ്റിയ സിപിഎം തന്നെയാണ്.

മധ്യസ്ഥനായി തുടങ്ങിയ കുഞ്ഞനന്തൻ

കണ്ണൂരിലെ രാഷ്ട്രീയസംഘർഷങ്ങൾ തന്നെയാണ് കുഞ്ഞനന്തനെ കൊലയാളി സംഘങ്ങളുമായുള്ള ബന്ധത്തിലേക്ക് നയിച്ചത്. എം വി രാഘവൻ ചെയതുവന്നിരുന്ന ഒരു റോൾ ആയിരുന്നു ഇത്. ബിജെപി-ആർഎസ്സ്- കെ സുധാകരൻ ടീമിന്റെ ആക്രമണങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടിക്കാനായിരുന്നു കൊടി സുനി അടക്കമുള്ള സംഘങ്ങളെ സിപിഎം തീറ്റിപ്പോറ്റിയിരുന്നത്. ഒരു ടിപി വധക്കേസിൽ മാത്രമല്ല കണ്ണൂരിൽ ഉണ്ടായ ഒട്ടുമിക്ക രാഷ്ട്രീയ കൊലപാതകങ്ങളുടെയും പിന്നിൽ കുഞ്ഞനന്തൻ ഉണ്ടെന്നാണ് രാഷ്ട്രീയ എതിരാളികൾ ഉയർത്തുന്ന ആരോപണം. പക്ഷേ ഇത് വെട്ടിയ വ്യക്തിയെ ഒഴിവാക്കി വാക്കത്തിയെ പ്രതിയാക്കുന്നത് തുല്യമാണെന്നാണ് സിവി ബാലകൃഷ്ണനെപ്പോലുള്ള എഴുത്തുകാർ ചൂണ്ടിക്കാട്ടിയത്. പാർട്ടി തീരുമാനിച്ചാൽ നടപ്പാക്കുന്ന ഒരു ഉപകരണം മാത്രമായിരുന്നു കുഞ്ഞനന്തൻ. സത്യത്തിൽ പാർട്ടി ഭീകരതയുടെ രക്തസാക്ഷികൂടിയാണ് അയാൾ.

പി ആർ കുറുപ്പിന്റെ പ്രഭാവത്തിൽ ഒരു കാലത്ത് പാർട്ടി ദുർബ്ബലമായിരുന്ന പാനൂരിലെ സിപിഎമ്മിനെ ഈ മേഖലയിൽ വളർത്തിയത് കുഞ്ഞനന്തനായിരുന്നു. ഇതിന് വേണ്ടി രാഷ്ട്രീയ എതിരാളികളെ ഉന്നം വച്ചു. പല പാർട്ടി രഹസ്യങ്ങളും കുഞ്ഞനന്തന് അറിയാമായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടി ജനസംഘവുമായും സോഷ്യലിസ്റ്റുകളുമായും നിരന്തരം ഏറ്റുമുട്ടിയിരുന്ന പാനൂരായിരുന്നു പികെ കുഞ്ഞനന്തന്റെ തട്ടകം. പാർട്ടി ദുർബ്ബലമായിരുന്ന പ്രദേശത്ത് അണികളെ സംരക്ഷിക്കാൻ വേണ്ടി നടത്തിയ അടികളും തിരിച്ചടികളുമാണ് കുഞ്ഞനന്തനെ രാഷ്ട്രീയ കരുത്തനാക്കിയത്.

പ്രദേശത്തെ പ്രശ്‌നപരിഹാരങ്ങളിൽ മധ്യസ്ഥനായി മാറിയ കുഞ്ഞനന്തൻ പിന്നീട് പാർട്ടിയുടെ ഏരിയ കമ്മിറ്റി അംഗമായി വളർന്നു. പിന്നീട് രാഷ്ട്രീയ അക്രമങ്ങളുടെ സൂത്രധാരനായി. പിഴക്കാത്ത ചുവടുകളുമായി കുഞ്ഞനന്തൻ പാനൂരിലെ പ്രധാനിയായി. കണ്ണൂർ നേതാക്കളുമായി അടുത്ത ബന്ധം സ്ഥാപിച്ചു. പിആർ കുറുപ്പ് യുഗത്തിന് ശേഷം പാനൂരിൽ ആർഎസ്എസ്സും ബിജെപിയും ശക്തി പ്രാപിച്ചതോടെ സിപിഎമ്മുമായുള്ള രാഷ്ട്രീയ സംഘട്ടനങ്ങളും മൂർച്ഛിച്ചു. അപ്പോഴൊക്കെ കുഞ്ഞനന്തനെയാണ് പാർട്ടി ആശ്രയിച്ചത്.

മേഖലയിലെ സിപിഎം അണികൾക്ക് ആവേശമായിരുന്ന പി.കെ.കുഞ്ഞനന്തൻ പാർട്ടിയുടെ സമുന്നത നേതാക്കളുടെ വിശ്വസ്തൻ കൂടിയായിരുന്നു. പാർട്ടിയുടെ ഉന്നത നേതൃനിരയിലുണ്ടായിരുന്ന ആളല്ലെങ്കിലും എല്ലാകാര്യത്തിലും കുഞ്ഞനന്തനെ പാർട്ടി നേതാക്കൾക്കു വേണ്ടിയിരുന്നു. കടുത്ത പാർട്ടിക്കൂറു തന്നെയാണു കുഞ്ഞനന്തനെ നേതാക്കളുടെ പ്രിയപ്പെട്ടവനാക്കിയത്. പാർട്ടി എടുക്കുന്ന ഏതു തീരുമാനത്തിനൊപ്പവും അടിപതറാതെ നിൽക്കുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ പ്രതിയായെങ്കിലും അന്വേഷണം മറ്റു നേതാക്കളിലേക്കു നീങ്ങാതിരുന്നത് കുഞ്ഞനന്തന്റെ അടിയുറച്ച പാർട്ടി നിലപാടുകൊണ്ടാണെന്ന് രാഷ്ട്രീയ എതിരാളികൾ ഇപ്പോഴും വിശ്വസിക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ,സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജൻ തുടങ്ങി സിപിഎമ്മിലെ വലിയൊരു വിഭാഗം നേതാക്കളുമായി കുഞ്ഞനന്തന് അടുത്ത ബന്ധമുണ്ടായിരുന്നു. മറ്റു പാർട്ടികളുടെ നേതാക്കളുമായും പൊലീസ് ഉദ്യോഗസ്ഥരുമായും അടുപ്പം സൂക്ഷിക്കുകയും ചെയ്തു. പാർട്ടിക്കിടയിലും അല്ലാതെയുമുള്ള പ്രശ്നങ്ങളിലിടപെടാനും പരിഹരിക്കാനും കുഞ്ഞനന്തനു കഴിഞ്ഞിരുന്നു.

ക്വട്ടേഷൻ സംഘങ്ങളുമായുള്ള കണക്റ്റർ

വ്യക്തിപരമായി നോക്കുമ്പോൾ എല്ലാവരോടും ശാന്തനും സൗമ്യമായി പെരുമാറുന്ന ഒരു നാട്ടിൻ പുറത്തുകാരൻ. സിപിഎമ്മിന്റെ പാനൂർ മേഖലയിലെ ഏറ്റവും ജനകീയ അടിത്തറയുള്ള നേതാവ്. പക്ഷേ രാഷ്ട്രീയ വൈരാഗ്യങ്ങളുടെ കണക്ക് സിപിഎം ചോരകൊണ്ട് തീർക്കാൻ തീരുമാനിച്ചാൽ, അതിന്റെ പ്രധാന കണ്ണിയും അന്തരിച്ച പി കെ കുഞ്ഞനന്തനെന്ന ഈ മെലിഞ്ഞ മനുഷ്യനായിരുന്നു. കൊലയാളി സംഘങ്ങൾ എന്ന് എതിരാളികൾ പറയുന്ന സിപിഎമ്മിന്റെ പ്രതിരോധ സംഘത്തിന്റെ പ്രധാനി ഇദ്ദേഹമായിരുന്നെന്ന് നാട്ടുകാർ പോലും അറിയുന്നത് ടിപി വധക്കേസിൽ കുഞ്ഞനന്തൻ അറസ്റ്റിലാവുന്നതോടെയാണ്. പികെ കുഞ്ഞനന്തനെ സംബന്ധിച്ച് എല്ലാറ്റിലും പ്രധാനം പാർട്ടിയായിരുന്നു. വ്യക്തി ജീവിതത്തിൽ ശാന്തനായ ഒരു മനുഷ്യൻ എങ്ങനെയാണ് പൊതുജീവിതത്തിൽ ഭീകരൻ ആകുന്നത് എന്നതിന്റെ ടിപ്പിക്കൽ കേസ് സ്റ്റഡിയാണ്പാനൂർ എരിയാകമ്മിറ്റി അംഗമായ ഈ നേതാവിന്റെ ജീവിതം. ശരിക്കും സ്റ്റാലിനിസ്റ്റ് പാർട്ടി ഭീകരതയുടെ രക്തസാക്ഷിയാണ് ഇദ്ദേഹവും.

ടി പി വധക്കേസിന്റെ അന്വേഷണത്തിൽ പ്രകടമായ ഒരുകാര്യം സിപിഎമ്മിനെയും കൊടി സുനി അടക്കമുള്ള ക്രിമിനിലുകളെയും ബന്ധിപ്പിച്ചതിലെ മുഖ്യ കണ്ണി കുഞ്ഞനന്തൻ ആയിരുന്നു. കൊടി സുനിയുടെ മൊഴിയിൽ പറയുന്നത് കുഞ്ഞനന്തനെ തനിക്ക് പേടിയാണ് എന്നാണ്. മറ്റൊരു പ്രശ്നത്തിന്റെ പേരിൽ ഉടക്കിയ കൊടി സുനിയെ പാനൂർ ടൗണിലിട്ട് കുഞ്ഞനന്തൻ പരസ്യമായാണ് മുഖത്തടിച്ചത്. തിരിച്ച് കൊടി സുനി കൈവീശിയൊന്ന് കൊടുത്താൽ കൃശഗാത്രനായ കുഞ്ഞനന്തന് ഒന്നും ചെയ്യാൻ കഴിയില്ല എന്നത് സത്യമാണ്. പക്ഷേ കൊടി സുനിക്ക് കൈ ഉയരില്ല. കാരണം കുഞ്ഞനന്തന് പിന്നിൽ അവർ കാണുന്നത് സിപിഎം എന്ന വലിയ പ്രസ്ഥാനത്തെയാണ്. അതാണ് പാർട്ടി ഭീകരത.

വടകരയിലെ മരിച്ചുപോയ സി കെ അശോകനും, കെ സി കുഞ്ഞിരാമനും അടക്കമുള്ള ഏതാനും പേരുടെ തലയിൽ ഉദിച്ച ടിപിയെ ഇല്ലാതാക്കുക എന്ന ബുദ്ധിക്ക് സിപിഎമ്മിന്റെ ഔദ്യോഗിക പിന്തുണ കിട്ടുന്നത് കുഞ്ഞനന്തൻ ഈ വിഷയത്തിൽ ഇടപെടുന്നതോടെയാണെന്ന് കേസിന്റെ കുറ്റപത്രം വായിച്ച നിഷ്പക്ഷ മതികൾക്ക് വ്യക്തമായി ബോധ്യപ്പെടും. ഈ കാര്യം സ്ഥിരീകരിക്കാൻ കുഞ്ഞനന്തൻ, ഇന്നത്തെ സിപിഎം ജില്ലാ സെക്രട്ടറിയായ എം മോഹനൻ മാസ്റ്ററെ വിളിച്ച് ചോദിച്ചെന്നും, മോഹനൻ മാസ്റ്റർ യെസ് മൂളിയതാണ് ടിപി വധത്തിന് ഇടയാക്കിയതുന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. പക്ഷേ പിന്നീട് കോടതിയിൽ മോഹനൻ മാസ്റ്റർ കുറ്റവിമുക്തനായി. കൊടിസുനിയും, കിർമാനി മനോജും, ടൗസർമനോജും, അന്ത്യേരി സുരയും അടങ്ങുന്ന വലിയയൊരു കുറ്റവാളി സംഘം കണ്ണൂരിൽ സിപിഎമ്മിന്റെ ചാവേറുകൾ ആയി ഉണ്ടായിരുന്നു. ഇവരെ കൃത്യത്തിനായി കണക്റ്റ് ചെയ്യുന്നയതും ഇത് പാർട്ടി തീരുമാനമാണെന്നതും അറിയിച്ചത് കുഞ്ഞനന്തൻ തന്നൊയായിരുന്നു. പക്ഷേ സത്യത്തിൽ അത് അങ്ങനെ ആയിരുന്നില്ല. ടിപിയെ വധിക്കുമെന്ന് മുതിർന്ന സിപിഎം നേതാക്കൾ അറിഞ്ഞിരുന്നില്ല. പി ജയാരാജനെപ്പോലുള്ളവർ ടിപിയുമായി ചർച്ച നടത്തിയ സമയം കൂടിയായിരുന്നു അത്. അപ്പോൾ പാർട്ടി മുകളിൽ കയറി കളിച്ചത് ആരാണ്. അത് അറിയാമായിരുന്നിട്ടും പൊലീസ് കണ്ണിമപൂട്ടാൻപോലും സമ്മതിക്കാതെ ഒരാഴ്ച മുഴുവൻ ചോദ്യം ചെയതിട്ടും പി കെ കുഞ്ഞനന്തൻ അത് പുറത്ത് പറഞ്ഞിട്ടുമില്ല.

ആ പരിഗണന തിരിച്ച് സിപിമ്മും കുഞ്ഞനന്തന് കൊടുത്തിരുന്നു. ടിപി വധക്കേസിൽ കുഞ്ഞനന്തന് പങ്കില്ല എന്നാണ് പാർട്ടി അവസാന നിമിഷം വരെ പറഞ്ഞിരുന്നത്. കെ സി കുഞ്ഞിരാമൻ അടക്കമുള്ളവരെ സിപിഎം പുറത്താക്കിയെങ്കിലും കുഞ്ഞനന്തൻ മരിക്കുംവരെ പാർട്ടി ഏരിയാ കമ്മറ്റി അംഗമായി തുടർന്നു. ജയിലിലായിരിക്കുമ്പോഴാണ് അദ്ദേഹം ഏരിയാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തടവറയിലും കുഞ്ഞനന്തനെ പാർട്ടി തുണച്ചു. 213 തവണയാണ് അദ്ദേഹത്തിന് പരോൾ കിട്ടിയത്. ജയിലിലുള്ള സമയത്തേക്കാൾ കൂടുതൽ ആശുപത്രിയിലും മറ്റുമായി പുറത്തായിരുന്നു ഈ നേതാവ്.

ഒടുവിൽ പ്രശ്നത്തിൽ കോടതി ഇടപെട്ടപ്പോഴും സർക്കാർ കുഞ്ഞനന്തന് ഒപ്പമായിരുന്നു.കുഞ്ഞനന്തന് ഗുരുതര ആരോഗ്യ പ്രശ്നമെന്നും അടിയന്തര ചികിത്സ നൽകേണ്ടതുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നത്. തുടർച്ചയായി പരോൾ നൽകുന്നതിനെതിനെ നേരത്തെ ഹൈക്കോടതി വിമർശിച്ചിരുന്നു. അസുഖമുണ്ടെങ്കിൽ ചികിത്സ നൽകുകയാണ് വേണ്ടതെന്നായിരുന്നു കോടതി പറഞ്ഞത്. തടവുകാരന് ചികിത്സ നൽകേണ്ടത് സർക്കാരാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ കുഞ്ഞനന്തന് നടക്കാൻ കഴിയാത്ത അവസ്ഥയാണെന്നും പരോൾ നൽകുക എന്നത് പ്രതിയുടെ അവകാശമാണെന്നുമായിരുന്നു അഭിഭാഷകൻ വാദിച്ചത്.എന്നാൽ കുഞ്ഞനന്തന്റെ യഥാർത്ഥ അസുഖമെന്താണെന്ന് ഹൈക്കോടതി ചോദിച്ചു. മെഡിക്കൽ കോളേജ് റിപ്പോർട്ടിൽ ഒന്നും വ്യക്തമാവുന്നില്ലെന്നും ഇയാൾ അധികനാൾ ജയിലിൽ കിടന്നിട്ടില്ല എന്നാണ് മാധ്യമ വാർത്തകളിൽ നിന്നും വ്യക്തമാവുന്നതെന്നും ഹൈക്കോടി അറിയിച്ചു. കുഞ്ഞനന്തൻ 2014 ജനുവരിയിലാണ് ടി.പി വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലായത്. എന്നാൽ നാല് വർഷം തടവ് പൂർത്തിയാകുമ്പോൾ കുഞ്ഞനന്തൻ 389 ദിവസം പരോളിലാണെന്ന് ജയിൽ രേഖകൾ തന്നെ പറയുന്നുണ്ട്. എന്നാൽ നിയമപ്രകാരമുള്ള പരോൾ മാത്രമാണ് കുഞ്ഞനന്തന് നൽകിയിട്ടുള്ളത് എന്നാണ് സർക്കാർ വിശദീകരിക്കുന്നത്.

രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരൻ

ടി.പി വധക്കേസിൽ പാർട്ടിയുടെ ഒരു സാധാരണ പ്രവർത്തകനല്ല, പ്രമുഖ നേതാവിന് പങ്കുണ്ടെന്നാണ് ഇന്ത്യൻ നീതിന്യായ സംവിധാനം കണ്ടെത്തിയത്. എന്നാൽ കെ സി രാമചന്ദ്രനെ പുറത്താക്കിയ പാർട്ടി കുഞ്ഞനന്തനെ സംരക്ഷിച്ചു. ജനറൽ സെക്രട്ടറി പൊതു സമൂഹത്തിൽ നൽകിയ ഉറപ്പ് പാർട്ടിയുടെ കീഴ്ഘടകങ്ങൾ നിരന്തരമായി മറികടന്നു. അതിന് ഉപാധിയാക്കിയതാകട്ടെ, വധത്തെക്കുറിച്ച് പാർട്ടി നടത്തിയെന്ന് പറയുന്ന അന്വേഷണവും അതിലെ കണ്ടെത്തലുകളും. കോടതി കണ്ടെത്തിയെങ്കിലും പാർട്ടിക്ക് ബോധ്യം വരാത്തതിനാൽ കുഞ്ഞനന്തൻ പാർട്ടിയുടെ പ്രധാനിയായി തുടർന്നു. ജയിലിൽ കഴിഞ്ഞുകൊണ്ടുതന്നെ രണ്ട് തവണ ഏരിയ കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. പാർട്ടി ചരിത്രത്തിൽ ഇന്നേവരെ സൂക്ഷിച്ച ഏറ്റവും വലിയ രഹസ്യങ്ങളിലൊന്നായി ടി പി വധത്തെക്കുറിച്ച് സിപിഎം നടത്തിയെന്ന് പറയുന്ന അന്വേഷണ റിപ്പോർട്ടും അജ്ഞാതമായി തുടരുന്നു.

സിപിഎം നേതാക്കളിൽ തന്നെ ഒരു വലിയ വിഭാഗം ആരോപിതർ ആയതുകൊണ്ടുതന്നെ പല നേതാക്കളും ഇതിന്റെ നിജസ്ഥിതിയെപ്പറ്റി സ്വകാര്യ അന്വേഷണവും നടത്തിയിരുന്നു. പ്രത്യേകിച്ചും വി എസ് വിഭാഗം നേതാക്കൾ. എന്നാൽ കുഞ്ഞനന്തനിൽനിന്ന് ഒരു രഹസ്യവും അവർക്ക് കിട്ടിയില്ല. ഏറ്റവും ഒടുവിലായി പരോളിൽ ആശുപത്രിയിൽ കിടക്കുന്ന സമയത്തും തന്നെ വന്നുകണ്ട സുഹൃത്തുകൂടിയായ മാധ്യമ പ്രവർത്തകൻ ആവർത്തിച്ചിട്ടും കുഞ്ഞനന്തൻ ഒരു അക്ഷരവും ഉരിയടിയില്ല. നേതാക്കൾക്ക് വേണ്ടി താങ്കൾ എന്തിന് ബലിയാടാവുന്നു എന്ന് ചോദിച്ചപ്പോൾ 'ഒരുപാട് പറയാനുണ്ട്, പക്ഷേ ആ കാര്യങ്ങളൊക്കെ എന്നോടൊപ്പം മണ്ണടിയട്ടെ' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പിണറായിക്കം പി ജയരാജനും അറിവുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന അർഥത്തിൽ നിഷേധാത്മകമായി തലയാട്ടുകയാണ് അദ്ദേഹം ചെയ്തത്.പി ജയരാജനെ സംബന്ധിച്ച് രാഷ്ട്രീയമായ മറ്റൊരു തിരിച്ചടി കൂടിയായിരുന്നു ടിപി വധം. ടിപിയെ തിരികെ പാർട്ടിയിൽ കൊണ്ടുവരാനുള്ള ചർച്ചകൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടക്കവെയാണ് അരുംകൊല നടന്നത്. അതിന്റെ മുഴവൻ പഴിയും കേൾക്കേണ്ടിവന്ന് പി ജയരാജനു തന്നെയാണ്.

മതമൗലികാവാദികൾ മുതലെടുക്കുന്നു

കഴിഞ്ഞ ഒരു വർഷമായി കണ്ണൂരിൽ രാഷ്ട്രീയ കൊലപാതകങ്ങൾ ഇല്ലായിരുന്നു. മലബാർ പൊതുവെ ശാന്തമായിരുന്നു. ഈ നിലയിലേക്ക എത്തിച്ച കാരണങ്ങൾ എന്തായിരുന്നു. ഒന്ന് രാഷ്ട്രീയ കൊലപാതകങ്ങൾക്ക് തങ്ങൾ വലിയ വില കൊടുക്കേണ്ടി വരുന്നെന്ന് സിപിഎം തിരിച്ചറിയുന്നു. കാസർകോട്ടെ കൃപേഷിന്റെയും ശരത്ലാലിന്റെയും കൊലപാതകമാണ് വർഷങ്ങളായി തങ്ങൾ കുത്തകയാക്കിവെച്ച കാസർകോട് ലോക്സഭാ സീറ്റുപോലും നഷ്ടപ്പെടാൻ ഇടയാക്കിയതെന്ന് അവർ തിരിച്ചറിയുന്നു. മാത്രമല്ല ഗുണ്ടകളെകൊണ്ട് സിപിഎം അടക്കം തുലഞ്ഞുവെന്ന തന്നെ പറയാം. കിർമാനി മനോജും അണ്ണൻ ഷാഫയുമെല്ലാം പരോളിലിറങ്ങിയിട്ടും ഉണ്ടാക്കിയ പൊല്ലാപ്പുകൾ പാർട്ടിയുടെ പ്രതിഛായക്ക് എൽപ്പിച്ച പരിക്ക് ചില്ലറയല്ല.

ഒരു കാലത്ത് ബിജെപി.ക്കും സിപിഎമ്മിനും എൻ.ഡി.എഫി നുമൊക്കെ ആയുധമെടുത്തുകൊല നടത്തിയവർ ജയിലിൽ നിന്നും പുറത്തെത്തിയപ്പോൾ പഴയ രാഷ്ട്രീയത്തിൽ നിന്നും മാറി ക്വട്ടേഷൻ സംഘങ്ങളായി ഒരുമിച്ചു. ബോംബെറിഞ്ഞും വാൾ വീശിയും ഭയപ്പെടുത്തി സുഖമറിഞ്ഞവർ ക്വട്ടേഷൻ ഏറ്റെടുത്തു കൊലപാതകമടക്കമുള്ള മേച്ചിൽ പുറം തേടി. അങ്ങിനെ ബോംബും വാളും ഉപയോഗിച്ച് പരസ്പരം പോരാടുന്ന കണ്ണൂർ രാഷ്ട്രീയം മെല്ലെ മാഞ്ഞു തുടങ്ങി. പണം മാത്രം. അതായിരുന്നു ലക്ഷ്യം. ഒരേ സമയം രാഷ്ട്രീയത്തിനും മണൽ മാഫിയക്കും കോഴിക്കടത്തിനും ബ്ലേഡ് കമ്പനിക്കാർക്കും മദ്യ കടത്തുകാർക്കും കാവൽ നിൽക്കാൻ അവർ തയ്യാറായി. പണം നൽകി ക്വട്ടേഷൻ നൽകുന്നവരുടെ ആജ്ഞ മാത്രമായിരുന്നു അവരുടെ പ്രത്യയശാസ്ത്രം.ഒരു കാലത്തെ രാഷ്ട്രീയ ക്രിമിനലുകൾ ക്വട്ടേഷനുകൾ ഏറ്റെടുത്ത് ഒരുമിച്ച് പ്രവർത്തിക്കുന്നു. കാവിയും ചുവപ്പുമെന്നും അവർക്ക് വ്യത്യാസമില്ല. ഇത് വളർന്ന് വളർന്ന് ഭാവിയിൽ വർഗ്ഗീയ കലാപംപോലും സംഘടിപ്പിക്കാൻ അവർക്ക് കഴിയും.

മാത്രമല്ല ഈ കില്ലർ സ്‌ക്വാഡുകളിലെ ഒരു വിഭാഗത്തെവെച്ച് ചില മത തീവ്രാവാദ സംഘടകൾ മുതലെടുക്കുന്നതായും സ്വന്തമായി കോടതിയും വക്കീലും സിഐഡികളുമൊക്കെയുള്ള സിപിഎമ്മിന് നന്നായി അറിയാം. അതുകൊണ്ടുതന്നെ കില്ലർ സ്‌ക്വാഡുകൾ എന്ന ഈ തീക്കളി അവർ നിർത്തുമെന്ന് കരുതാം. സിപിഎം ആയുധം താഴെവച്ചാൽ മറ്റുപാർട്ടികളും ആ വഴിക്കുതന്നെ വരും.

കണ്ണൂരിൽ ഒരു വർഷമായി നിലനിൽക്കുന്ന സമാധാനത്തിന്റെ രഹസ്യവും അതുതന്നെ്.കുഞ്ഞനന്ദന്റെ ചിത എരിയുന്നതോടൊപ്പം കണ്ണൂർ കില്ലർ സ്‌ക്വാഡുകളും ഓർമ്മയാവട്ടെ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP