Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാനൂർ ടൗണിലിട്ട് കൊടി സുനിയെ തല്ലിയ പുലി; കൊലയാളി സംഘങ്ങൾ എന്ന് എതിരാളികൾ പറയുന്ന സിപിഎമ്മിന്റെ പ്രതിരോധ സംഘത്തിന്റെ പ്രധാനി; മലബാറിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ സൂത്രധാരനെന്ന് ആരോപണം; ടിപി വധക്കേസിൽ അകത്തായിട്ടും പരോൾ കിട്ടിയത് 214 തവണ; വ്യക്തിജീവിതത്തിൽ എല്ലാവരോടും സൗമ്യമായി പെരുമാറിയ നാട്ടിൻപുറത്തുകാരൻ; പി കെ കുഞ്ഞനന്തൻ പാർട്ടി ഭീകരതയുടെ രക്തസാക്ഷി

പാനൂർ ടൗണിലിട്ട് കൊടി സുനിയെ തല്ലിയ പുലി; കൊലയാളി സംഘങ്ങൾ എന്ന് എതിരാളികൾ പറയുന്ന സിപിഎമ്മിന്റെ പ്രതിരോധ സംഘത്തിന്റെ പ്രധാനി; മലബാറിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ സൂത്രധാരനെന്ന് ആരോപണം; ടിപി വധക്കേസിൽ അകത്തായിട്ടും പരോൾ കിട്ടിയത് 214 തവണ; വ്യക്തിജീവിതത്തിൽ എല്ലാവരോടും സൗമ്യമായി പെരുമാറിയ നാട്ടിൻപുറത്തുകാരൻ; പി കെ കുഞ്ഞനന്തൻ പാർട്ടി ഭീകരതയുടെ രക്തസാക്ഷി

എം മാധവദാസ്

കോഴിക്കോട്: വ്യക്തിപരമായി നോക്കുമ്പോൾ എല്ലാവരോടും ശാന്തനും സൗമ്യമായി പെരുമാറുന്ന ഒരു നാട്ടിൻ പുറത്തുകാരൻ. സിപിഎമ്മിന്റെ പാനൂർ മേഖലയിലെ ഏറ്റവും ജനകീയ അടിത്തറയുള്ള നേതാവ്. പക്ഷേ രാഷ്ട്രീയ വൈരാഗ്യങ്ങളുടെ കണക്ക് സിപിഎം ചോരകൊണ്ട് തീർക്കാൻ തീരുമാനിച്ചാൽ, അതിന്റെ പ്രധാന കണ്ണിയും അന്തരിച്ച പി കെ കുഞ്ഞനന്തനെന്ന ഈ മെലിഞ്ഞ മനുഷ്യനായിരുന്നു. കൊലയാളി സംഘങ്ങൾ എന്ന് എതിരാളികൾ പറയുന്ന സിപിഎമ്മിന്റെ പ്രതിരോധ സംഘത്തിന്റെ പ്രധാനി ഇദ്ദേഹമായിരുന്നെന്ന് നാട്ടുകാർ പോലും അറിയുന്നത് ടിപി വധക്കേസിൽ കുഞ്ഞനന്തൻ അറസ്റ്റിലാവുന്നതോടെയാണ്. പികെ കുഞ്ഞനന്തനെ സംബന്ധിച്ച് എല്ലാറ്റിലും പ്രധാനം പാർട്ടിയായിരുന്നു. വ്യക്തി ജീവിതത്തിൽ ശാന്തനായ ഒരു മനുഷ്യൻ എങ്ങനെയാണ് പൊതുജീവിതത്തിൽ ഭീകരൻ ആകുന്നത് എന്നതിന്റെ ടിപ്പിക്കൽ കേസ്  സ്റ്റഡിയാണ്‌
പാനൂർ എരിയാകമ്മിറ്റി അംഗമായ ഈ നേതാവിന്റെ ജീവിതം. ശരിക്കും സ്റ്റാലിനിസ്റ്റ് പാർട്ടി ഭീകരതയുടെ രക്തസാക്ഷിയാണ് ഇദ്ദേഹവും.

ടി പി വധക്കേസിന്റെ അന്വേഷണത്തിൽ പ്രകടമായ ഒരുകാര്യം സിപിഎമ്മിനെയും കൊടി സുനി അടക്കമുള്ള ക്രിമിനിലുകളെയും ബന്ധിപ്പിച്ചതിലെ മുഖ്യ കണ്ണി കുഞ്ഞനന്തൻ ആയിരുന്നു. കൊടി സുനിയുടെ മൊഴിയിൽ പറയുന്നത് കുഞ്ഞനന്തനെ തനിക്ക് പേടിയാണ് എന്നാണ്. മറ്റൊരു പ്രശ്നത്തിന്റെ പേരിൽ ഉടക്കിയ കൊടി സുനിയെ പാനൂർ ടൗണിലിട്ട് കുഞ്ഞനന്തൻ പരസ്യമായാണ് മുഖത്തടിച്ചത്.  തിരിച്ച് കൊടി സുനി കൈവീശിയൊന്ന് കൊടുത്താൽ കൃശഗാത്രനായ കുഞ്ഞനന്തന് ഒന്നും ചെയ്യാൻ കഴിയില്ല എന്നത് സത്യമാണ്. പക്ഷേ കൊടി സുനിക്ക് കൈ ഉയരില്ല. കാരണം കുഞ്ഞനന്തന് പിന്നിൽ അവർ കാണുന്നത് സിപിഎം എന്ന വലിയ പ്രസ്ഥാനത്തെയാണ്. അതാണ് പാർട്ടി ഭീകരത.

വടകരയിലെ മരിച്ചുപോയ സി കെ അശോകനും, കെ സി കുഞ്ഞിരാമനും അടക്കമുള്ള ഏതാനും പേരുടെ തലയിൽ ഉദിച്ച ടിപിയെ ഇല്ലാതാക്കുക എന്ന ബുദ്ധിക്ക് സിപിഎമ്മിന്റെ ഔദ്യോഗിക പിന്തുണ കിട്ടുന്നത് കുഞ്ഞനന്തൻ ഈ വിഷയത്തിൽ ഇടപെടുന്നതോടെയാണെന്ന് കേസിന്റെ കുറ്റപത്രം വായിച്ച നിഷ്പക്ഷ മതികൾക്ക് വ്യക്തമായി ബോധ്യപ്പെടും. ഈ കാര്യം സ്ഥിരീകരിക്കാൻ കുഞ്ഞനന്തൻ, ഇന്നത്തെ സിപിഎം ജില്ലാ സെക്രട്ടറിയായ എം മോഹനൻ മാസ്റ്ററെ വിളിച്ച് ചോദിച്ചെന്നും, മോഹനൻ മാസ്റ്റർ യെസ് മൂളിയതാണ് ടിപി വധത്തിന് ഇടയാക്കിയതുന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. പക്ഷേ പിന്നീട് കോടതിയിൽ മോഹനൻ മാസ്റ്റർ കുറ്റവിമുക്തനായി. കൊടിസുനിയും, കിർമാനി മനോജും, ടൗസർമനോജും, അന്ത്യേരി സുരയും അടങ്ങുന്ന വലിയയൊരു കുറ്റവാളി സംഘം കണ്ണൂരിൽ സിപിഎമ്മിന്റെ ചാവേറുകൾ ആയി ഉണ്ടായിരുന്നു. ഇവരെ കൃത്യത്തിനായി കണക്റ്റ് ചെയ്യുന്നയതും ഇത് പാർട്ടി തീരുമാനമാണെന്നതും അറിയിച്ചത് കുഞ്ഞനന്തൻ തന്നൊയായിരുന്നു. പക്ഷേ സത്യത്തിൽ അത് അങ്ങനെ ആയിരുന്നില്ല. ടിപിയെ വധിക്കുമെന്ന് മുതിർന്ന സിപിഎം നേതാക്കൾ അറിഞ്ഞിരുന്നില്ല. പി ജയാരാജനെപ്പോലുള്ളവർ ടിപിയുമായി ചർച്ച നടത്തിയ സമയം കൂടിയായിരുന്നു അത്. അപ്പോൾ പാർട്ടി മുകളിൽ കയറി കളിച്ചത് ആരാണ്. അത് അറിയാമായിരുന്നിട്ടും പൊലീസ് കണ്ണിമപൂട്ടാൻപോലും സമ്മതിക്കാതെ ഒരാഴ്ച മുഴുവൻ ചോദ്യം ചെയതിട്ടും പി കെ കുഞ്ഞനന്തൻ അത് പുറത്ത് പറഞ്ഞിട്ടുമില്ല.

പരോൾ കിട്ടിയത് 389 ദിവസം

ആ പരിഗണന തിരിച്ച് സിപിമ്മും കുഞ്ഞനന്തന് കൊടുത്തിരുന്നു. ടിപി വധക്കേസിൽ കുഞ്ഞനന്തന് പങ്കില്ല എന്നാണ് പാർട്ടി അവസാന നിമിഷം വരെ പറഞ്ഞിരുന്നത്. കെ സി കുഞ്ഞിരാമൻ അടക്കമുള്ളവരെ സിപിഎം പുറത്താക്കിയെങ്കിലും കുഞ്ഞനന്തൻ മരിക്കുംവരെ പാർട്ടി ഏരിയാ കമ്മറ്റി അംഗമായി തുടർന്നു. ജയിലിലായിരിക്കുമ്പോഴാണ് അദ്ദേഹം ഏരിയാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തടവറയിലും കുഞ്ഞനന്തനെ പാർട്ടി തുണച്ചു. 213 തവണയാണ് അദ്ദേഹത്തിന് പരോൾ കിട്ടിയത്. ജയിലിലുള്ള സമയത്തേക്കാൾ കൂടുതൽ ആശുപത്രിയിലും മറ്റുമായി പുറത്തായിരുന്നു ഈ നേതാവ്.

ഒടുവിൽ പ്രശ്നത്തിൽ കോടതി ഇടപെട്ടപ്പോഴും സർക്കാർ കുഞ്ഞനന്തന് ഒപ്പമായിരുന്നു.കുഞ്ഞനന്തന് ഗുരുതര ആരോഗ്യ പ്രശ്നമെന്നും അടിയന്തര ചികിത്സ നൽകേണ്ടതുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നത്. തുടർച്ചയായി പരോൾ നൽകുന്നതിനെതിനെ നേരത്തെ ഹൈക്കോടതി വിമർശിച്ചിരുന്നു. അസുഖമുണ്ടെങ്കിൽ ചികിത്സ നൽകുകയാണ് വേണ്ടതെന്നായിരുന്നു കോടതി പറഞ്ഞത്. തടവുകാരന് ചികിത്സ നൽകേണ്ടത് സർക്കാരാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ 
കുഞ്ഞനന്തന് നടക്കാൻ കഴിയാത്ത അവസ്ഥയാണെന്നും പരോൾ നൽകുക എന്നത് പ്രതിയുടെ അവകാശമാണെന്നുമായിരുന്നു  അഭിഭാഷകൻ വാദിച്ചത്.എന്നാൽ  കുഞ്ഞനന്തന്റെ
യഥാർത്ഥ അസുഖമെന്താണെന്ന് ഹൈക്കോടതി ചോദിച്ചു. മെഡിക്കൽ കോളേജ് റിപ്പോർട്ടിൽ ഒന്നും വ്യക്തമാവുന്നില്ലെന്നും   ഇയാൾ അധികനാൾ ജയിലിൽ കിടന്നിട്ടില്ല എന്നാണ് മാധ്യമ വാർത്തകളിൽ നിന്നും വ്യക്തമാവുന്നതെന്നും ഹൈക്കോടി അറിയിച്ചു. കുഞ്ഞനന്തൻ 2014 ജനുവരിയിലാണ് ടി.പി വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലായത്. എന്നാൽ നാല് വർഷം തടവ് പൂർത്തിയാകുമ്പോൾ കുഞ്ഞനന്തൻ 389 ദിവസം പരോളിലാണെന്ന് ജയിൽ രേഖകൾ തന്നെ പറയുന്നുണ്ട്. എന്നാൽ നിയമപ്രകാരമുള്ള പരോൾ മാത്രമാണ് കുഞ്ഞനന്തന് നൽകിയിട്ടുള്ളത് എന്നാണ് സർക്കാർ വിശദീകരിക്കുന്നത്.

അടിയന്തരാവസ്ഥയെ എതിർത്ത് ജയിലിൽ

പരേതരായ കേളോത്താന്റവിടെ കണ്ണൻ നായരുടെയും, കുഞ്ഞിക്കാട്ടിൽ കുഞ്ഞാ നമ്മയുടെയും മകനാണ് കുഞ്ഞന്തൻ കണ്ണങ്കോട് യു.പി.പി സ്‌കൂളിലെ പഠനത്തിന് ശേഷം അമ്മാവൻ ഗോപാലൻ മാസ്റ്ററുടെ പാത പിന്തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായി. ഇടയ്ക്ക് ബെംഗളുരുവിലേക്ക് പോയെങ്കിലും 1975 ൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിന് തൊട്ടു മുമ്പ് നാട്ടിലെത്തി. പാർട്ടി നിർദ്ദേശ പ്രകാരം അടിയന്തരാവസ്ഥയ്ക്കെതിരെ പാറാട് ടൗണിൽ പ്രകടനത്തിന് നേതൃത്വം നൽകിയതിന് കേസിൽ പ്രതിയായി. 15 വർഷത്തോളം കുന്നോത്തുപറമ്പ് ലോക്കൽ സെക്രട്ടറിയായി പ്രവർത്തിച്ചു.കർഷക തൊഴിലാളി യൂണിയൻ ജില്ല കമ്മിററിയംഗമായും പ്രവർത്തിച്ചു.1980 മുതൽ പാനൂർ ഏരിയാ കമ്മിറ്റി അംഗം.

കണ്ണൂരിലെ രാഷ്ട്രീയസംഘർഷങ്ങൾ തന്നെയാണ് കുഞ്ഞനന്തനെ കൊലയാളി സംഘങ്ങളുമായുള്ള ബന്ധത്തിലേക്ക്  നയിച്ചത്. എം വി രാഘവൻ ചെയതുവന്നിരുന്ന ഒരു റോൾ ആയിരുന്നു ഇത്. ബിജെപി-ആർഎസ്സ്- കെ സുധാകരൻ ടീമിന്റെ ആക്രമണങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടിക്കാനായിരുന്നു കൊടി സുനി അടക്കമുള്ള സംഘങ്ങളെ സിപിഎം തീറ്റിപ്പോറ്റിയിരുന്നത്. ഒരു ടിപി വധക്കേസിൽ മാത്രമല്ല കണ്ണൂരിൽ ഉണ്ടായ ഒട്ടുമിക്ക രാഷ്ട്രീയ കൊലപാതകങ്ങളുടെയും പിന്നിൽ കുഞ്ഞനന്തൻ ഉണ്ടെന്നാണ് രാഷ്ട്രീയ എതിരാളികൾ ഉയർത്തുന്ന ആരോപണം. പക്ഷേ ഇത് വെട്ടിയ വ്യക്തിയെ ഒഴിവാക്കി വാക്കത്തിയെ പ്രതിയാക്കുന്നത് തുല്യമാണെന്നാണ് സിവി ബാലകൃഷ്ണനെപ്പോലുള്ള എഴുത്തുകാർ ചൂണ്ടിക്കാട്ടിയത്. പാർട്ടി തീരുമാനിച്ചാൽ നടപ്പാക്കുന്ന ഒരു ഉപകരണം മാത്രമായിരുന്നു കുഞ്ഞനന്തൻ. സത്യത്തിൽ പാർട്ടി ഭീകരതയുടെ രക്തസാക്ഷികൂടിയാണ് അയാൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP