Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എൻഒസി പുറത്തിറക്കിയത് ആരും അറിയേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി; അതിരപ്പിള്ളി പദ്ധതി നേരത്തേ തന്നെ സർക്കാർ നടപ്പാക്കാനുദ്ദേശിച്ച പദ്ധതിയെന്നും പിണറായി വിജയൻ; എൻഒസി സാധാരണ നിലയ്ക്കുള്ള നടപടിയെന്നും വിശദീകരണം

എൻഒസി പുറത്തിറക്കിയത് ആരും അറിയേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി; അതിരപ്പിള്ളി പദ്ധതി നേരത്തേ തന്നെ സർക്കാർ നടപ്പാക്കാനുദ്ദേശിച്ച പദ്ധതിയെന്നും പിണറായി വിജയൻ; എൻഒസി സാധാരണ നിലയ്ക്കുള്ള നടപടിയെന്നും വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി നേരത്തേ തന്നെ സർക്കാർ നടപ്പാക്കാനുദ്ദേശിച്ച പദ്ധതിയാണെന്നും എൻഒസി നൽകിയത് സാധാരണ നിലയ്ക്കുള്ള നടപടിക്രമം മാത്രമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. വലിയ തോതിൽ പ്രതിഷേധം ഉണ്ടായതിനെ തുടർന്ന് പദ്ധതി മാറ്റി വെച്ചിരുന്നു. ആ നില തന്നെയാണ് ഇപ്പോഴുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എൻഒസി പുറത്തിറക്കിയത് ആരും അറിയേണ്ട കാര്യമില്ല. ബന്ധപ്പെട്ട വകുപ്പ് അറിയണം എന്നെയൊള്ളൂ. വകുപ്പ് ഇക്കാര്യം അറിഞ്ഞിട്ടുണ്ട്. എൻഒസി സാധാരണ നിലയ്ക്കുള്ള നടപടിയാണ്. അതുകൊണ്ട് ഇക്കാര്യം എൽഡിഎഫ് യോഗത്തിൽ ചർച്ച ചെയ്യേണ്ടതില്ലെന്നും സിപിഐയുടെ ആരോപണങ്ങൾക്ക് മറുപടിയായി പിണറായി പറഞ്ഞു. ഇക്കാര്യം വകുപ്പ് മന്ത്രി തന്നെ വ്യക്തമാക്കിയതാണ്. പദ്ധതി നഷ്ടപ്പെടാതിരിക്കാൻ അനുമതി നിലനിർത്തുന്നതിനാണ് എൻഒസി. മന്ത്രി ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. അവിടെ തീരേണ്ടതാണ് ആ പ്രശ്നമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സിപിഐയുടെ എതിർപ്പിനെ മറികടന്നും അതിരപ്പിള്ളി പദ്ധതിക്ക് എൻഒസി നൽകിയ ഫയലിൽ ഒപ്പിട്ടത് മുഖ്യമന്ത്രി പിണറായി വിജയന്നാണ്. ഏപ്രിൽ പതിനെട്ടിനാണ് മുഖ്യമന്ത്രി കെഎസ്ഇബിക്ക് എൻഒസി അനുവദിച്ച് ഒപ്പിട്ടത്. അതിരപ്പിള്ളി പദ്ധതി വിവാദം ചൂടാകുന്നതിനിടെയാണ് പുതിയ വിവരം പുറത്തെത്തുന്നത്. വിഷയത്തിൽ വൈദ്യുതിമന്ത്രി എം എം മണിയേയും തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്ന് രംഗത്തെത്തിയിരുന്നു. അതിരപ്പിള്ളി എൽഡിഎഫിൻെ അജൻഡയിലില്ലെന്ന് തുറന്നടിച്ച കാനം രാജേന്ദ്രൻ ആഗ്രഹങ്ങൾക്ക് പരിധിയില്ലെന്ന് എം എം മണിയെ പരിഹസിച്ചു. സിപിഐ അതിരപ്പിള്ളി പദ്ധതിയെ അംഗീകരിക്കില്ല. എൽ ഡി എഫിന്റെ അജൻഡയിൽ പദ്ധതിയില്ലെന്നും പ്രകടപത്രികയിൽ പറയുന്നില്ലെന്നും കാനം പറഞ്ഞു.

അതേസമയം, അതിരപ്പിള്ളി പദ്ധതി വേണ്ടെന്ന നയം എൽ.ഡി.എഫിനില്ലെന്ന് മന്ത്രി എം.എം മണി പ്രതികരിച്ചു. മുന്നണിയിൽ സിപിഐയ്ക്ക് എതിർപ്പുണ്ട്. പദ്ധതി വേണമെന്നാണ് സിപിഎം നിലപാട്. പദ്ധതിക്കുള്ള എൻഒസി റദ്ദാക്കില്ലെന്നും മന്ത്രി പറഞ്ഞു. അതിരപ്പിള്ളി പദ്ധതി സമവായമില്ലാതെ നടപ്പാക്കില്ലെന്നും വൈദ്യുതിമന്ത്രി എം.എം.മണി പറഞ്ഞു. സമവായമില്ലാത്തതുകൊണ്ടാണ് വീണ്ടും എൻഒസി. നൽകേണ്ടിവന്നത്. എൻഒസി. നൽകിയത് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമല്ലെന്നും എം.എം.മണി പറഞ്ഞു.

163 മെഗാവാട്ടിന്റെ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതിയാണ് കെ.എസ്.ഇ.ബി ഉദ്ദേശിക്കുന്നത്. വർദ്ധിച്ചു വരുന്ന ഊർജ ആവശ്യങ്ങൾ നിറവേറ്റാൻ ജലവൈദ്യുതപദ്ധതികൾ തന്നെയാണ് അഭികാമ്യം. ആവശ്യമുള്ളതിന്റെ 30 ശതമാനം വൈദ്യുതി മാത്രമാണ് നിലവിൽ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്. സോളാർ, കാറ്റ് തുടങ്ങിയ പുനരുപയോഗ മാർഗങ്ങൾ സംസ്ഥാനത്ത് പരിമിതമാണ് എന്നും ബോർഡ് ചൂണ്ടിക്കാട്ടുന്നു.

ചാലക്കുടിപ്പുഴക്ക് കുറുകെ 163 മെഗാവാട്ട് വൈദ്യുതി ഉത്പാദനത്തിനായുള്ള പദ്ധതിയാണിത്. സംസ്ഥാനത്തെ ഏറ്റവും വലിയ അഞ്ചാമത്തെ പദ്ധതി എൽഡിഎഫ് സർക്കാർ പദ്ധതി ഉപേക്ഷിച്ചത് 2018 മാർച്ച് 19-നാണ്. പദ്ധതിക്ക് കേന്ദ്ര വനംപരിസ്ഥിതി വകുപ്പിന്റെ അനുമതി ലഭിച്ചത് രണ്ട് തവണ. 201 7ജൂലൈ 18-ന് പാരിസ്ഥിതിക അനുമതി അവസാനിച്ചു. പാരിസ്ഥിതിക അനുമതിക്കായി സംസ്ഥാന സർക്കാർ എൻഒസി നൽകിയത് ജൂൺ 4-ന്. സാങ്കേതിക സാമ്പത്തിക അനുമതിക്കും പുതിയ എൻഒസിയിൽ അപേക്ഷ നൽകാം. 180 ഹെക്ടർ വനഭൂമി നശിക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. ആദിവാസി വിഭാഗങ്ങളും പദ്ധതിക്കെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു.

1999-ലെ സർക്കാരിന്റെ സർവേ പ്രകാരം 140 ഹെക്ടർ വനമാണ് വാഴച്ചാൽ മേഖലയിൽ പദ്ധതിക്കായി വേണ്ടി വരുന്നത്. എട്ട് ഊരു കൂട്ടങ്ങൾക്കാണ് വാഴച്ചാൽ മേഖലയിലെ വനത്തിനുമേലുള്ള അവകാശം. 2006-ലെ വനാവകാശ നിയമപ്രകാരം ആദിവാസികൾ വസിക്കുന്ന വനഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിനുള്ള അധികാരം ആ സമൂഹത്തിനാണ്. ആ വനത്തിലെ എല്ലാ വിഭവങ്ങളുടെ മേലുമുള്ള അവകാശം തദ്ദേശീയ ആദിവാസികൾക്കാണ്. ഈ നിയമ പ്രകാരം വനഭൂമി വനഭൂമിയല്ലാതെയാക്കാനുള്ള വിവേചനാധികാരം തദ്ദേശീയ ഗോത്ര സമൂഹങ്ങളുടെ ഊരൂക്കൂട്ടങ്ങൾക്കാണ്. 2014-ലാണ് വനാവകാശ നിയമ പ്രകാരം ഈ മേഖലയിലെ 40,000 ഹെക്ടർ വനത്തിനുമേലുള്ള അവകാശം ആദിവാസികൾക്ക് ലഭിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP