Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിൽ ഒരാൾ; 67ൽ ആദ്യമായി നിയമസഭാംഗം ആയതോടെ പുന്നപ്രയിൽ നിന്ന് തലസ്ഥാന നഗരിയിലേക്ക് കളംമാറ്റം; തെരഞ്ഞെടുപ്പ് കാലത്ത് എൽഡിഎഫിന്റെ ഏറ്റവും വലിയ ക്രൗഡ്പുള്ളർ അവസാനമായി പങ്കെടുത്തത് വട്ടിയൂർകാവിൽ 'മേയർബ്രോ'ക്കുവേണ്ടി; തലസ്ഥാന നഗരിയോട് വിടപറയാനൊരുങ്ങി മലയാളത്തിന്റെ പ്രിയ കമ്യൂണിസ്റ്റ്; വി എസ് സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് ജന്മഗൃഹത്തിലേക്ക് മടങ്ങുതായി റിപ്പോർട്ട്; മടക്കം അനാരോഗ്യം പരിഗണിച്ച്

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ:മുൻ മുഖ്യമന്ത്രിയും ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാനുമായ വി എസ് അച്യുതാനന്ദൻ സജീവ രാഷ്ട്രീയത്തിൽ നിന്ന് പടിയിറങ്ങുന്നതായി റിപ്പോർട്ട്.  പ്രായാധിക്യവും അവശതകളും കണക്കിലെടുത്ത് ആലപ്പുഴയിലെ വീട്ടിലേകക്ക് മാറാനാണ് ഒരുങ്ങുന്നത്.ഭരണപരീഷ്‌കാര കമ്മീഷൻ ചെയർമാൻ ചുമതലയിൽ നിൽക്കുമ്പോഴാണ് തലസ്ഥാന നഗരിയിൽ നിന്ന് ജന്മവീട്ടിലേക്കുള്ള കൂടുമാറ്റം.

പ്രായാധിക്യവും അനാരോഗ്യവും മൂലം എട്ടുമാസമായി പൊതുപരിപാടികളിൽനിന്നു വിട്ടുനിൽക്കുന്ന വി എസ് ജീവിത സായാഹ്നത്തിൽ ജന്മനാടായ ആലപ്പുഴയിലെ പുന്നപ്രയിലേക്ക് മടങ്ങുകയാണെന്നാണ് വിവരം. വിഎസിന്റെ നാട്ടിലേക്കുള്ള മടക്കം മുൻ നിർത്തി ആലപ്പുഴ പുന്നപ്രയിലെ വേലിക്കകത്തു തറവാട്ടിൽ നവീകരണ ജോലികളും തുടങ്ങിയിട്ടുണ്ട്.

ഇപ്പോൾ ചികിത്സയുടെ ഭാഗമായി വിശ്രമത്തിൽ കഴിയുകയാണ്. കഴിഞ്ഞ വർഷമുണ്ടായ അസുഖത്തെത്തുടർന്ന് പൂർണ വിശ്രമത്തിലായിരുന്ന അദ്ദേഹം അതിന് ശേഷം ആർക്കും സന്ദർശനാനുമതിയും നൽകുന്നില്ല. കഴിഞ്ഞ ഒക്ടോബറിൽ ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉണ്ടായതിന് പിന്നാലെ തിരുവനന്തപുരത്തെ എസ്യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നാഡീ സംബന്ധമായ ചകിത്സയ്ക്കായി പിന്നീട് ശ്രീ ചിത്രയിലേക്ക് മാറ്റി. ആരോഗ്യം പൂർണമായും വീണ്ടെടുത്തിട്ടുണ്ടെങ്കിലും വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു.

ഈ ഒക്ടോബറിൽ 97 വയസ് പൂർത്തിയാകുന്ന വി എസ് തിരുവനന്തപുരം വിട്ടാൽ പുന്നപ്രയിലെ വേലിക്കകത്തു തറവാട്ടിൽ വി എസ് സ്ഥിരതാമസമാക്കിയേക്കും എന്നാണ് സൂചനകൾ. പുന്നപ്രയിലെ വീട്ടിലേക്കു വി എസ്. വരുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പെയിന്റിങ് ജോലികൾ തുടങ്ങി. മകൻ അരുൺകുമാർ എത്തി ക്രമീകരണങ്ങൾ നോക്കിക്കണ്ടു.

വി.എസിന്റെ മുൻ പി.എ. റെജിയും കുടുംബവുമാണ് അടുത്തിടെവരെ ഇവിടെ താമസിച്ചിരുന്നത്. 1967ൽ ആദ്യമായി നിയമസഭാംഗം ആയപ്പോഴാണ് അദ്ദേഹം തിരുവനന്തപുരത്തു താമസം ആരംഭിക്കുന്നത്. സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ വി എസ് പിന്നീട് സിപിഎം. സംസ്ഥാന സെക്രട്ടറി, എൽ.ഡി.എഫ്. കൺവീനർ, പ്രതിപക്ഷനേതാവ്, മുഖ്യമന്ത്രി പദവികൾ അലങ്കരിച്ചപ്പോഴെല്ലാം തലസ്ഥാനത്തുതന്നെയായിരുന്ന വി എസ് പക്ഷേ എല്ലാ തിരുവോണത്തിനും വേലിക്കകത്തു വീട്ടിലെത്തുമായിരുന്നു.

വി എസ്. അച്യുതാനന്ദന്റെ മുഴുവൻ പേരായി എല്ലാവരും വിശ്വസിക്കുന്നത് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്നാണ്. എന്നാൽ അതങ്ങനെയല്ലെന്നും ശരിക്കുമുള്ള പേര് വെന്തലത്തറ ശങ്കരൻ അച്യുതാനന്ദൻ എന്നാണെന്ന് അടുത്തിടെ വി.എസിന്റെ ജ്യേഷ്ഠൻ വി എസ്. ഗംഗാധരന്റെ മകൻ പീതാംബരൻ ഈയിടെ വെളിപ്പെടുത്തിയിരുന്നു. വി.എസിനെ സ്‌കൂളിൽ ചേർത്തപ്പോൾ കുടുംബപ്പേരായ വെന്തലത്തറ കൂടി ചേർക്കുകയായിരുന്നു. ആദ്യമായി 1967 ൽ എംഎ‍ൽഎ ആയതിന് ശേഷമാണ് വി എസ്. വേലിക്കകത്തെ വീട്ടിലേക്ക് മാറിയത്. ജേഷ്ഠന്റെ പേരിൽ പുന്നപ്ര വടക്ക് വേലിക്കകത്തുണ്ടായിരുന്ന സ്ഥലം സ്വന്തമായി സ്ഥലമില്ലാതിരുന്ന വി എസ്. അച്യുതാനന്ദൻ വാങ്ങുകയായിരുന്നു.

തെരഞ്ഞെടുപ്പ് കാലത്ത് എൽഡിഎഫിന്റെ ഏറ്റവും വലിയ ക്രൈഡ്പുള്ളറായി മാറിയ വി എസ് അവസാനമായി പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചരണം വട്ടിയൂർ കാവ് ഉപ തെരഞ്ഞെടുപ്പിലായിരുന്നു. ഇത് ഫലം കാണുകയും ചെയ്തു. ലോക്ക്ഡൗണിലായ കോവിഡ് കാലത്ത് ഫേസ്‌ബുക്കിലൂടെയായിരുന്നു അദ്ദേഹം ജനങ്ങളിൽ എത്തിയിരുന്നത്. ജൂൺ 1 ന് സംസ്ഥാനത്തിന്റെ ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് വിക്ടേഴ്സ് ചാനൽ വിവാദത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് നൽകിയ മറുപടിയായിരുന്നു ഒടുവിലത്തെ പ്രതികരണം.

തനിക്കെതിരേ ഉയരുന്ന ആരോപണങ്ങൾക്ക് ഉരുളയ്ക്ക് ഉപ്പേരി നൽകാൻ വി എസ് ശ്രദ്ധിച്ചിരുന്നു. കഴിഞ്ഞ വർഷം കോൺഗ്രസ് നേതാവ് കെ സുധാകരൻ 96ാം വയസ്സിൽ വറ്റിവരണ്ട തലച്ചോറിൽ നിന്ന് എന്ത് പരിഷ്‌കാരമാണ് വരുക എന്ന് പരിഹസിച്ചിരുന്നു. ജന്മനാ തലച്ചോറ് ശുഷ്‌കമായ ചില തലനരയ്ക്കാനനുവദിക്കാത്ത വൃദ്ധന്മാർ എന്റെ തലയോട്ടിയുടെ ഉള്ള്ളവ് വിശകലനം ചെയ്യുന്ന തിരക്കിലാണെന്നായിരുന്നു ഫേസ്‌ബുക്കിൽ വിഎസിന്റെ മറുപടി. പീഡനക്കേസിലെ തന്നെക്കാൾ യുവാവായ പ്രതിയെ വിദേശത്തേക്ക് കടത്താൻ സഹായിച്ച യുവ വൃദ്ധന്റെ ജൽപ്പനങ്ങളേക്കാൾ നാടിന്റെ വികസനത്തെക്കുറിച്ചാണ് ജനങ്ങൾ കാതോർക്കുകയെന്നും വറ്റിവരണ്ട തലമണ്ടയിൽനിന്ന് കറുത്ത ചായത്തിന്റെ മണമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനാവില്ലല്ലോയെന്നും തിരിച്ചടിച്ചു.

1964 ൽ സിപിഐ ദേശീയ കൗൺസിൽ മീറ്റിൽ നിന്നും വാക്കൗട്ട് ചെയ്ത് പോകുകയും പിന്നീട് സിപിഎം സ്ഥാപിക്കുകയും ചെയ്ത 32 നേതാക്കളിൽ ഒരാളാണ് വി എസ്. ചെറുപ്പത്തിലെ ദുരിതവും പ്രതിസന്ധികളും നേരിട്ട് വളർന്നു വന്ന വിഎസിനെ നേതാവാക്കി ഉയർത്തിയത് കയർ ഫാക്ടറിയിലെ തൊഴിലാളി ജീവിതമായിരുന്നു. പിന്നീട് സിപിഎം സംസ്ഥാന സെക്രട്ടറി, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, എൽഡിഎഫ് കൺവീനർ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചു. 1946 ൽ പുന്നപ്ര - വയലാർ സമരത്തിൽ പങ്കെടുത്ത വിഎസിന് പൊലീസ് മർദ്ദനമേൽക്കേണ്ടിയും വന്നിട്ടുണ്ട്.

ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20ന് ജനിച്ചു. പതിനൊന്നാം വയസ്സിൽ അച്ഛൻ മരിച്ചതോടെ ഏഴാം ക്‌ളാസ്സിൽ വച്ച് പഠനം അവസാനിപ്പിച്ച് ജ്യേഷ്ഠന്റെ സഹായിയായി കുറെക്കാലം ജൗളിക്കടയിൽ ജോലി നോക്കി. തുടർന്നു കയർ ഫാക്ടറിയിലും ജോലി ചെയ്തു. നിവർത്തനപ്രക്ഷോഭം നാട്ടിൽ കൊടുമ്പിരികൊണ്ടിരുന്ന കാലമായിരുന്നു ഇത്. ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട അച്യുതാനന്ദൻ 1938ൽ സ്റ്റേറ്റ് കോൺഗ്രസ്സിൽ അംഗമായി ചേർന്നു. തുടർന്ന് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായ ഇദ്ദേഹം 1940ൽ കമ്യൂണിസ്റ്റ് പാർട്ടി മെമ്പറായി.

അദ്ദേഹം സിപിഎം സംസ്ഥാന സെക്രട്ടറിയാകുന്നത് 1980 - 92 കാലഘട്ടത്തിലാണ്. 1967, 1970, 1991, 2001, 2006, 2011, 2016 വർഷങ്ങളിൽ സംസ്ഥാന നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1992 മുതൽ 1996 വരെയും 2001 മുതൽ 2006 വരെയും സഭയിൽ പ്രതിപക്ഷനേതാവായി. 2006 മെയ് 18 ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പിണറായി വിജയനുമായുള്ള അഭിപ്രായ ഭിന്നതയെ കുറിച്ച് പരസ്യപ്രസ്താവനയിറക്കിയതിലൂടെയാണ് 2007 മെയ് 26 ന് അദ്ദേഹത്തെ പോളിറ്റ് ബ്യൂറോയിൽ നിന്ന് പുറത്താക്കുന്നത്. തൽക്കാലത്തേക്കുള്ള നടപടി മാത്രമായിരുന്നു അത്. അപ്പോഴും അദ്ദേഹം തന്നെയാണ് മുഖ്യമന്ത്രി. 2009 ജൂലൈ 12 ന് വീണ്ടും അച്ചടക്കലംഘനം ചൂണ്ടിക്കാണിച്ച് അദ്ദേഹത്തെ പോളിറ്റ്ബ്യൂറോയിൽ നിന്ന് പുറത്താക്കുകയും കേന്ദ്രകമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തുകയും ചെയ്യുകയുണ്ടായി.

എല്ലാക്കാലവും സ്വന്തം നിലപാടുകൾ തുറന്നുപറയാൻ, അത് പാർട്ടിയുടെ ഔദ്യോഗിക നിലപാടിനെതിരേയാണെങ്കിലും അദ്ദേഹം കാണിച്ച ധൈര്യവും ആർജ്ജവവുമാണ് വി.എസിന് ഒരുപോലെ ആരാധകരേയും വിമർശകരേയും നൽകിയത്. മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്‌നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ ജനകീയപ്രശ്‌നങ്ങളിലെല്ലാം വി.എസിന്റെ ഇടപെടൽ ശ്രദ്ധേയമായിരുന്നു. എന്തൊക്കെ
വിമർശനങ്ങൾ അദ്ദേഹത്തിനെതിരെ ഉണ്ടെങ്കിലും ഇത്രയും ജനസ്വീകാര്യതയുള്ള ഒരു നേതാവ് കേരളത്തിൽ വേറെയില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP