Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഹാരാഷ്ട്രയിലെ ലോണാർ തടാകം വീണ്ടും ചുവന്നു; ഇക്കുറി നല്ല കടും ചുവപ്പ്; ലോകത്തെതന്നെ ഏറ്റവും വലിയ ഭൗമ പ്രതിഭാസത്തിന്റെ രഹസ്യം തേടി ശാസ്ത്രലോകം; പായലിന്റെ സാന്നിധ്യമെന്നും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമെന്നും വാദങ്ങൾ; കൂടുതൽ വിശദമായ പഠനങ്ങൾ വേണമെന്നും ആവശ്യം

മഹാരാഷ്ട്രയിലെ ലോണാർ തടാകം വീണ്ടും ചുവന്നു; ഇക്കുറി നല്ല കടും ചുവപ്പ്; ലോകത്തെതന്നെ ഏറ്റവും വലിയ ഭൗമ പ്രതിഭാസത്തിന്റെ രഹസ്യം തേടി ശാസ്ത്രലോകം; പായലിന്റെ സാന്നിധ്യമെന്നും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമെന്നും വാദങ്ങൾ; കൂടുതൽ വിശദമായ പഠനങ്ങൾ വേണമെന്നും ആവശ്യം

മറുനാടൻ മലയാളി ബ്യൂറോ

ഔറംഗാബാദ്: മഹാരാഷ്ട്രയിലെ പ്രശസ്തമായ ലോണാർ തടാകത്തിന്റെ നിറംമാറ്റത്തിന് വ്യക്തമായ ഉത്തരം തേടി ശാസ്ത്രലോകം. ബുൽധാനയിൽ 113 ഹെക്ടർ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന തടാകത്തിൽ ഇടയ്ക്കിടെ നിറംമാറ്റം ഉണ്ടാകാറുണ്ടെങ്കിലും ഇക്കുറി കടുംചുവപ്പ് നിറം പ്രത്യക്ഷമായതോടെ ജനങ്ങളും ശാസ്ത്രജ്ഞന്മാരും പ്രകൃതി സ്നേഹികളും ഇതിന്റെ കാരണം തേടുകയാണ്. 50,000 കൊല്ലം മുമ്പ് ഭൂമിയിൽ ഉൽക്ക പതിച്ചതിനെ തുടർന്ന് രൂപം കൊണ്ടതാണ് ലോണാർ തടാകം. 113 ഹെക്ടർ വിസ്തൃതിയുള്ള തടാകത്തിലെ ജലത്തിന് സാധാരണയായി പച്ച നിറമാണ്. എന്നാൽ ചിലപ്പോഴൊക്കെ വെള്ളത്തിന്റെ നിറത്തിൽ ചുവപ്പുരാശി പടരാറുണ്ട്. ഇറാനിലെ ഉർമിയ തടാകത്തിലെ വെള്ളത്തിലും ഇതേ രീതിയിൽ നിറവ്യത്യാസം അനുഭവപ്പെട്ടിരുന്നു.

വെള്ളത്തിൽ കാണുന്ന ഒരു തരം പായലിന്റെ സാന്നിധ്യമാണ് നിറം നിർണയിക്കുന്നതെന്ന് വിദഗ്ദ്ധർ പറയുന്നു. വെള്ളത്തിലെ ലവണത്വവും നിറവ്യത്യാസത്തെ സ്വാധീക്കാമെന്നും ശാസ്ത്രജ്ഞർ കൂട്ടിച്ചേർത്തു. ജലോപരിതലത്തിന് ഒരു മീറ്ററിന് താഴെയുള്ള ഭാഗത്ത് ഓക്‌സിജന്റെ അളവ് കുറവാണെന്നും ഇതുമൂലം വെള്ളത്തിലെ ലവണത്വം വർധിക്കുന്നത് ചുവപ്പുനിറം ഉളവാക്കുമെന്ന് ലോണാർ ലേക്ക് കൺസർവേഷൻ ആൻഡ് ഡിവലപ്‌മെന്റ് കമ്മിറ്റിയംഗം ഗജാനൻ ഖരാട്ട് പറഞ്ഞു. പ്രദേശത്ത് മഴ കുറഞ്ഞതിനാൽ അടുത്ത കാലത്തായി ലോണാർ തടാകത്തിലെ വെള്ളത്തിന്റെ അളവിൽ കുറവ് വന്നതായി ഖരാട്ട് കൂട്ടിച്ചേർത്തു. വെള്ളത്തിന്റെ അളവ് കുറയുന്നത് മൂലം ക്ഷാരത വർധിക്കുന്നത് വെള്ളത്തിലെ പായലിന്റെ ഘടനയെ ബാധിക്കാമെന്നും ഖരാട്ട് അഭിപ്രായപ്പെട്ടു.

മനുഷ്യരുടെ പ്രവർത്തനഫലമായി ഇത്തരത്തിലൊരു മാറ്റമുണ്ടാകാനിടയില്ലെന്ന് ഡോ. മദൻ സൂര്യവംശി പറഞ്ഞു. ഔറംഗാബാദിലെ ഡോ. ബാബാ സഹേബ് അംബേദ്കർ മറാത്ത്‌വാഡ യൂണിവേഴ്‌സിറ്റിയിലെ ജോഗ്രഫി വിഭാഗത്തിന്റെ മേധാവിയാണ് ഡോ. മദൻ സൂര്യവംശി. വിനോദസഞ്ചാരികളുടെ പ്രിയകേന്ദ്രങ്ങളിലൊന്നാണ് ലോണാർ തടാകം. ലോക്ക് ഡൗൺ കാരണം ജലോപരിതലത്തിൽ പ്രത്യേക അസ്വാസ്ഥ്യങ്ങളുണ്ടാവാത്തതോ കാലാവസ്ഥാ വ്യതിയാനമോ തടാകത്തിലെ ജലത്തിന്റെ നിറവ്യത്യാസത്തിന് കാരണമായിട്ടുണ്ടാവാമെന്ന് ഡോ. മദൻ സൂര്യവംശി പറഞ്ഞു. തടാകത്തിൽ വിശദമായി പഠനം നടത്തിയാൽ മാത്രമേ കൃത്യമായ കാരണം തിരിച്ചറിയാൻ സാധിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമ്പതിനായിരത്തിലധികം വർഷങ്ങൾക്ക് മുമ്പ് ഉൽക്കാപതനം ഉണ്ടായെന്ന് ശാസ്ത്ര ലോകം കണക്കുക്കൂട്ടുന്ന പ്രദേശമാണ് മഹാരാഷ്ട്രയിലെ ലോണാർ. മഹാരാഷ്ട്രയുടെ സാംസ്‌കാരിക തലസ്ഥാനമായാണ് ഔറംഗാബാദ് അറിയപ്പെടുന്നത്. മുംബൈയിൽ നിന്നും ഏകദേശം ഏഴ് മണിക്കൂർ യാത്രയുണ്ട് ഇവിടേക്ക്. ഔറംഗാബാദിനടുത്താണ് ലോകത്തെതന്നെ ഏറ്റവും വലിയ ഭൗമ പ്രതിഭാസമായി അറിയപ്പെടുന്ന ലോണാർ തടാകം. മഹാരാഷ്ട്രയിലെ ബുൽധാൻ ജില്ലയിലെ ലോണാർ എന്ന സ്ഥലത്താണ് തടാകം സ്ഥിതി ചെയ്യുന്നത്. ഔറംഗാബാദിൽ നിന്നും ലോണാറിലേക്ക് ഏകദേശം 160 കി മീ ദൂരമുണ്ട്.

ലോണാർ തടാകം അഗ്‌നിപർവതമുഖമാണെന്ന് നേരത്തെ വാദങ്ങളുണ്ടായിരുന്നു. എന്നാൽ തടാകത്തിൽ അപൂർവയിനം ബാക്ടീരിയകളെ കണ്ടെത്തിയതായി 2011ലെ ചില പഠനങ്ങൾ തെളിയിച്ചിരുന്നു. 2004ൽ ചൊവ്വ ഗ്രഹ പര്യവേഷത്തിൽ കണ്ടെത്തിയ ബാസിലസ് ഓഡീസി ഉൾപ്പെടെ 31 തരത്തിലുള്ള ബാക്ടീരിയകളെയാണു തടാകത്തിലെ ജലത്തിൽ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഈ ഇനത്തിൽപ്പെട്ട ബാക്ടീരിയകൾ ഭൂമിയിൽ ഇല്ലാത്തതിനാൽ ലോണാർ തടാകം ചൊവ്വാ ഗ്രഹത്തിൽ നിന്നുള്ള ഉൾക്കാവർഷത്തിൽ രൂപപ്പെട്ടതിന് തെളിവാണെന്നും അവർ പറഞ്ഞിരുന്നു. വിശേഷ സാഹചര്യങ്ങളെപ്പോലും അതിജീവിക്കാൻ കഴിവുള്ളവയാണിവ. കൂടാതെ തടാകത്തിൽ അപൂർവ്വമായ ചില നൈട്രജൻ മൈക്രോ ജീവികളും നിലനിൽക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

50000 വർഷങ്ങൾക്ക് മുൻപ് അതി വേഗത്തിൽ ഭൂമിയുടെ ഉപരിതലത്തിലേക്ക് പതിച്ച ഉൽക്കയുടെ പ്രഭാവമാണ് ലോണാർ തടാകത്തിന് കാരണമായത് എന്നാണ് വിശ്വസിക്കുന്നത്. ബസാൾട്ട് ഇനത്തിൽപ്പെടുന്ന പാറയിൽ സൃഷ്ടിക്കപ്പെട്ട ഉൽക്കാ പതനം മൂലമുണ്ടായ ലോകത്തിലെ തന്നെ ഏക ക്രേറ്റർ ഉപ്പ് തടാകമാണ് ഇത്. അഗ്‌നിപർവത സ്‌ഫോടനത്തിന്റെ ഫലമായും ആണവ പരീക്ഷണങ്ങളുടെയും സ്‌ഫോടനങ്ങളുടെയും ഫലമായും ക്രേറ്റർ തടാകങ്ങൾ രൂപമെടുക്കാറുണ്ട്. എന്നാൽ പഠനങ്ങൾ ലോണാർ തടാകത്തിന് ഏകദേശം 6ലക്ഷം വർഷത്തെ പ്രായം കണക്കുക്കൂട്ടുന്നു. ഉപ്പുരസവും ക്ഷാരഗുണവും ഉള്ളതാണ് തടാകത്തിലെ ജലം (പി എച്ച് മൂല്യം പതിനൊന്ന്). പായൽ നിറഞ്ഞതുപോലെ പച്ച നിറമാണ് ജലത്തിന്. കോരിയെടുത്ത് രുചിച്ചാൽ അരോചകമായ ഒരു സ്വാദാണ് അനുഭവപ്പെടുക. ഏകദേശം 1.20 കി മീ വ്യാസം വരും തടാകത്തിന്. 500 അടിയോളം താഴ്ചയും . പൂർണ്ണ വൃത്താകൃതിയിൽ അല്ല ഇതിന്റെ രൂപം. കിഴക്ക് ദിശയിൽ നിന്നും ഏകദേശം 40 ഡിഗ്രി ചെരിഞ്ഞാണ് ഉൽക്ക വീണത് എന്നാണ് അനുമാനിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP