Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അടിമ കച്ചവടക്കാരുടേയും കോളനിവത്ക്കരണത്തിന് കാരണക്കാരയവരുടെയും പ്രതിമകൾക്കെതിരെ ബ്രിട്ടനിൽ പ്രതിഷേധമുയരുമ്പോൾ ലിയോ പോൾഡ് രണ്ടാമന്റെ പ്രതിമകൾ നീക്കം ചെയ്യുവാനുള്ള തയ്യാറെടുപ്പിൽ ബെൽജിയം; കൊളനിവത്ക്കരണം ശക്തി പ്രാപിച്ച പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും ക്രൂരനായ ഭരണാധികാരിയുടെ കഥ

അടിമ കച്ചവടക്കാരുടേയും കോളനിവത്ക്കരണത്തിന് കാരണക്കാരയവരുടെയും പ്രതിമകൾക്കെതിരെ ബ്രിട്ടനിൽ പ്രതിഷേധമുയരുമ്പോൾ ലിയോ പോൾഡ് രണ്ടാമന്റെ പ്രതിമകൾ നീക്കം ചെയ്യുവാനുള്ള തയ്യാറെടുപ്പിൽ ബെൽജിയം; കൊളനിവത്ക്കരണം ശക്തി പ്രാപിച്ച പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും ക്രൂരനായ ഭരണാധികാരിയുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

ജോർജ്ജ് ഫ്ളോയിഡിന്റെ നിഷ്ഠൂര കൊലപാതകത്തെ തുടർന്ന് ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും പടര്ന്നു പിടിച്ച വംശേീയ വെറിക്കെതിരായ പോരാട്ടത്തിന് ശക്തി വർദ്ധിക്കുകയാണ്. ഒരു കാലത്ത് കറുത്തവർഗ്ഗക്കാരെ അടിമകളാക്കാനും വില്പന നടത്തുവാനും തുനിഞ്ഞിറങ്ങിയവരുടെ പ്രതിമകളും സ്മാരകങ്ങളും തകർക്കപ്പെടുകയോ നീക്കം ചെയ്യപ്പെടുകയോ ചെയ്യുന്നു. ഈ സന്ദർഭത്തിലാണ്, കാര്യമായ പ്രതിഷേധം നടക്കുന്നില്ലെങ്കിലും, തങ്ങളുടെ രാജ്യത്തെ ലിയോപോൾഡ് രണ്ടാമൻ രാജാവിന്റെ പ്രതിമകൾ എല്ലാം നീക്കം ചെയ്യുവാൻ ബെൽജിയം തീരുമാനിക്കുന്നത്.

ആരാണ് ഈ ലിയോപോൾഡ് രണ്ടാമൻ ? ചരിത്രത്താളുകളിൽ അധികം പരാമർശിക്കപ്പെടാത്ത ഒരു പേരാണത്. അതിനാൽ തന്നെ മിക്കവർക്കും ഈ വ്യക്തിയെക്കുറിച്ച് അറിവുണ്ടായിരിക്കില്ല. യൂറോപ്യൻ രാഷ്ട്രങ്ങൾ ആഫ്രിക്കയെ കീഴടക്കി വലിയതോതിൽ കോളനിവത്ക്കരണം നടത്തിയ 19-)0 നൂറ്റാണ്ടിലെ ഏറ്റവും ക്രൂരനും അത്യാഗ്രഹിയുമായ ഭരണാധികാരിയായിരുന്നു ലിയോപോൾഡ് രണ്ടാമൻ. 1865 മുതൽ 1909 വരെ നാല് പതിറ്റാണ്ടിലേറെക്കാലം ബെൽജിയം വാണ ഈ ഭരണാധികാരി വിക്ടോറിയ രാജ്ഞിയുടെ ബന്ധുകൂടിയായിരുന്നു.

ഹെന്റ്രി മോർട്ടൺ എന്നൊരു സാഹസിക സഞ്ചാരിയെ കൂട്ടുപിടിച്ചായിരുന്നു രാജാവ് ആഫ്രിക്ക കീഴടാക്കാൻ തുനിഞ്ഞത്. കോംഗോ നദീതടത്തിലൂടെ ഒരു യാത്ര നടത്തി അവിടത്തെ പ്രാദേശിക നേതാക്കളുമായി ഉടമ്പടികൾ ഒപ്പിടുകയായിരുന്നു മോർട്ടണെ ഏല്പിച്ച ദൗത്യം. പിന്നീട് ഈ ഉടമ്പടികൾ ഉപയോഗിച്ച്, മദ്ധ്യ ആഫ്രിക്കയുടെ വലിയൊരു ഭാഗം ലിയോപോൾഡ് കൈക്കലാക്കി.

അന്നത്തെ കാലത്തും പക്ഷെ, രാജാവ് ബൽജിയത്തിന്റെ പരമാധികാരി ആയിരുന്നില്ല. തെരഞ്ഞെടുക്കപ്പെട്ട ഒരു പാർലമെന്റും ഭരണകൂടവുമായിരുന്നു കാര്യങ്ങൾ തീരുമാനിച്ചിരുന്നത്. പാർലമെന്റിന് രാജാവിന്റെ കോളനിവത്ക്കരണ നടപടികളോട് യോജിക്കാനായില്ല. അവർ അതിനെ എതിർത്തു. നിയമപരമായി പാർലമെന്റിനായിരുന്നു അധികാരം എന്നതിനാൽ, ലിയോപോൾഡിന് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. അതിനാൽ അദ്ദേഹം കോംഗോയെ ഒരു സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിക്കുകയും അത് തന്റെ സ്വകാര്യ സ്വത്താക്കി മാറ്റുകയും ചെയ്തു. അങ്ങിനെ ബെൽജിയത്തിന് ആ പ്രദേശത്തിന് മേൽ അധികാരമില്ലാതെ പോയി. പല യൂറോപ്യൻ രാഷ്ട്രങ്ങളും ലിയോപോൾഡിനെ കോംഗോയുടെ ഉടമസ്ഥനായി അംഗീകരിക്കുകയും ചെയ്തു.

ആദ്യമാദ്യം വേട്ടയാടിപ്പിടിച്ച ആനകളുടെ കൊമ്പുകളും മറ്റുമായിരുന്നു അവിടെ നിന്നുള്ള വരുമാനസ്രോതസ്സ്. പിന്നീട് ഓട്ടോമൊബൈൽ സൈക്കിൾ വ്യവസായങ്ങൾ വളരാൻ തുടങ്ങിയപ്പോൾ റബ്ബർ ആയി പ്രധാന വരുമാന മാർഗ്ഗം. കോംഗോ നദിക്ക് ചുറ്റുമുള്ള മഴക്കാടുകളിൽ സമൃദ്ദമായി വളരുന്ന കാട്ട് റബ്ബർ ശേഖരിക്കാൻ തദ്ദേശവാസികളെ നിർബന്ധിച്ചു. അതിന് രാജാവിനെ സഹായിക്കുവാൻ ഒരു സ്വകാര്യ സൈന്യവും ഉണ്ടായിരുന്നു. ഗ്രാമങ്ങളിൽ ചെന്ന് സ്ത്രീകളേയും കുട്ടികളേയും ബന്ധികളാക്കി പുരുഷന്മാരെ റബ്ബർ ശേഖരിക്കുവാനായി മഴക്കാടുകളിലേക്ക് അയക്കുക എന്നതായിരുന്നു ഈ സൈന്യത്തിന്റെ ശൈലി.

ഏറ്റവും ക്രൂരമായ ഭാഗം ഇതല്ല. ഇങ്ങനെ കാട്ടിലേക്ക് അയക്കപ്പെടുന്നവർ ചിലപ്പോൾ മരണം വരെ അവിടെ ജോലിചെയ്യേണ്ടതായി വന്നു. ബന്ധിയാക്കപ്പെട്ടവരിൽ പലർക്കും അനുഭവിക്കേണ്ടിവന്നത് കടുത്ത പട്ടിണിയും. സ്വാഭാവികമായും ലിയോപോൾഡിനെതിരെ പ്രതിഷേധസ്വരങ്ങൾ ഉയര്ന്നു. എന്നാൽ തന്റെ സ്വകാര്യ സൈന്യത്തെ ഉപയോഗിച്ച് അതെല്ലാം അദ്ദേഹം അടിച്ചമർത്തുകയായിരുന്നു. ചെലവഴിക്കുന്ന ഓരോ വെടിയുണ്ടയും ഒരു പ്രതിഷേധക്കാരന്റെ ജീവൻ എടുത്തിരിക്കണം എന്ന നിർദ്ദേശമായിരുന്നു രാജാവ് തന്റെ സൈന്യത്തിന് നൽകിയിരുന്നത്.

അതായത്, ചെലവഴിക്കുന്ന ഓരോ വെടിയുണ്ടക്കും പകരമായി ഒരു കൈ വെട്ടിയെടുത്തുകൊണ്ടുവരണം. വെടിയുണ്ടയേറ്റ് ആൾ മരിച്ചു എന്നതിന് തെളിവായി. ഇതിനിടയിൽ ഒരു വെടിയുണ്ട ഉന്നം തെറ്റിപ്പോയാൽ കണക്ക് തികക്കാൻ സൈനികർ ജീവനുള്ളവരുടെ കൈകൾ വെട്ടിക്കൊണ്ടുവരുമായിരുന്നു. ഈ സൈന്യത്തിലും കറുത്ത വർഗ്ഗക്കാരുണ്ടായിരുന്നു എന്നതാണ് ഏറെ കൗതുകകരമായ സംഗതി. ചരിത്രകാരന്മാരുടെ കണക്കുകൾ അനുസരിച്ച്, ലിയോപോൾഡിന്റെ ഭരണകാലത്ത് 10 ദശലക്ഷത്തിലധികം പേർ കോംഗോയിൽ കൊലചെയ്യപ്പെട്ടിട്ടുണ്ട്.

ആദ്യമാദ്യം മറ്റ് കൊളോണിയൽ ശക്തികളും ലിയോപോൾഡിന്റെ മാർഗ്ഗം സ്വീകരിച്ചു എങ്കിലും അദ്ദേഹത്തിന്റെ അവസാന കാലത്ത് അദ്ദേഹത്തിനുണ്ടായിരുന്നത് ഒരു ക്രൂരനായ ഭരണാധികാരി എന്ന പ്രതിച്ഛായയായിരുന്നു. മരിക്കുന്നതിന് ഏതാനും വർഷങ്ങൾക്ക് മുൻപ് അദ്ദേഹം തന്റെ സ്വകാര്യ സ്വത്തായ കോംഗോ ബൽജിയത്തിന് വിൽക്കുകയായിരുന്നു. പിന്നീട് ആ പ്രദേശം ബെൽജിയം കോംഗോ എന്നറിയപ്പെടാൻ തുടങ്ങി.1960 ലാണ് കോംഗോ സ്വാതന്ത്ര്യം നേടുന്നത്.

ലിയോപോൾഡിന്റെ പ്രതിമകൾ ഏറെയുണ്ടെങ്കിലും ചരിത്രത്തിൽ കാര്യമായ പരാമർശമില്ലാതിരുന്നതിനാൽ ഇദ്ദേഹത്തിന്റെ ചരിത്രം അധികം ആളുകള്ക്കും അറിയില്ലായിരുന്നു. ജോർജ്ജ് ഫ്ളോയ്ഡിന്റെ കൊലപാതകവും അതിനോടനുബന്ധിച്ചുണ്ടായ പ്രക്ഷോഭവുമാണ് ഈ പേര് വീണ്ടും ജനമനസ്സുകളിലേക്ക് എത്തിച്ചത്. ഇപ്പോൾ ഈ ക്രൂരനായ ഭരണാധികാരിയുടെ പ്രതിമകൾ നീക്കം ചെയ്യുവാൻ ആരംഭിച്ചിരിക്കുകയാണ് ബെൽജിയം സർക്കാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP