Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സമ്പന്നരുടെ സർക്കാരെന്ന ദുഷ്‌പേര് മാറ്റാൻ ചർച്ചകൾ സജീവം; രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ മോദിയുടെ ശ്രമം സാധാരണക്കാരന്റെ കൈയടി തന്നെ

സമ്പന്നരുടെ സർക്കാരെന്ന ദുഷ്‌പേര് മാറ്റാൻ ചർച്ചകൾ സജീവം; രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ മോദിയുടെ ശ്രമം സാധാരണക്കാരന്റെ കൈയടി തന്നെ

ന്യൂഡൽഹി:വലിയ പ്രതീക്ഷയുമായാണ് നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായത്. ഗുജറാത്ത് മോഡൽ വികസനവുമായി വോട്ട് ചോദിച്ച് അധികാരത്തിലെത്തിയ മോദി സർക്കാർ രണ്ടാ വർഷത്തിലേക്ക് കടക്കുകയാണ്. ഇന്ധന വിലവർദ്ധനവിന്റെ ദുഷ്‌പേര് തന്നെയാണ് ഈ ഘട്ടത്തിൽ മോദി സർക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. സമ്പന്നരുടെ സർക്കാരെന്ന പ്രതിച്ഛായയിൽ നിന്നു മോചനം നേടാനാകും നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം വർഷത്തെ പരിശ്രമം.

സർക്കാരിന്റെ രണ്ടാം വർഷം ജനക്ഷേമ വർഷമായി പ്രഖ്യാപിക്കാനാണു പദ്ധതി. ഒന്നാം വാർഷിക ദിനമായ മെയ്‌ 26 ന്റെ തലേന്ന്, ജനസംഘം സ്ഥാപക നേതാവ് ദീൻ ദയാൽ ഉപാധ്യായയുടെ ജന്മനാടായ മഥുരയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലിയിൽ പ്രഖ്യാപനമുണ്ടാകുമെന്നാണു സൂചന. ദീൻ ദയാൽ ഉപാധ്യായയുടെ അന്ത്യോദയ തത്വങ്ങളനുസരിച്ചുള്ള പദ്ധതികളും രണ്ടാം വർഷത്തിൽ പ്രഖ്യാപിക്കും. മെയ്‌ക ഇന്ത്യയെന്ന സ്വപ്‌ന പദ്ധതിക്ക് വേണ്ടിയാണ് ആദ്യവർഷം മോദി കൂടുതൽ സമയവും ചെലവഴിച്ചത്. വിദേശ യാത്രകളിലൂടെ ആഗോള നേതാവെന്ന പ്രതിച്ഛായയും നേടി. എന്നാൽ അതിനപ്പുറത്തേക്ക് രാജ്യത്ത് സ്വാധീനം ഉറപ്പാക്കാൻ മോദി ഇനി ശ്രമിക്കും. ബീഹാർ തെരഞ്ഞെടുപ്പെന്ന അഗ്നിപരീക്ഷ കൂടി കണക്കിലെടുത്തുള്ള തീരുമാനങ്ങൾ ഉണ്ടാകും.

വാർഷികാഘോഷം ഭരണനേട്ടങ്ങൾ ജനങ്ങൾക്കിടയിൽ എത്തിക്കാനുള്ള അവസരമായി ഉപയോഗിക്കാനാണു ബിജെപിയുടെ നീക്കം. പ്രധാനമന്ത്രി മോദിയുടെ മഥുര റാലിക്കു തുടർച്ചയായി കേന്ദ്രമന്ത്രിമാർ പങ്കെടുക്കുന്ന നൂറു റാലികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കും. സംസ്ഥാന ഘടകങ്ങൾ ജില്ലാതലങ്ങളിൽ വരെ സർക്കാരിന്റെ ഭരണ നേട്ടങ്ങളുമായി പൊതുയോഗങ്ങൾ സംഘടിപ്പിക്കും. നേട്ടങ്ങൾ അവതരിപ്പിച്ചു കേന്ദ്രമന്ത്രിമാരുടെ മാദ്ധ്യമ സമ്മേളന പരമ്പരയുമുണ്ടാകും. അങ്ങനെ സർക്കാരിന്റെ ജനപക്ഷ തീരുമാനങ്ങൾ മാദ്ധ്യമങ്ങളിൽ ചർച്ചയാക്കാനാണ് നീക്കം.

കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി സ്യൂട്ട് ബൂട്ട് സർക്കാരെന്നു നിരന്തരം ആക്ഷേപിക്കുന്നതു ബിജെപിക്ക് ഉത്കണ്ഠയുളവാക്കുന്നുണ്ട്. സമ്പന്നർക്ക് അനുകൂലമാണു മോദി സർക്കാരെന്നു ജനങ്ങൾ കരുതുന്നതായി ആർഎസ്എസ് നേതൃത്വവും മുന്നറിയിപ്പു നൽകിയ സാഹചര്യത്തിലാണ് പ്രതിച്ഛായ മാറ്റാനുള്ള പ്രചാരണ പദ്ധതി ആവിഷ്‌കരിക്കുന്നത്. എന്നാൽ മാദ്ധ്യമങ്ങൾക്കാണ് മോദി പക്ഷത്തിന്റെ പഴി. ദരിദ്ര ജനങ്ങൾക്കു ബാങ്ക് അക്കൗണ്ട് ഉറപ്പാക്കാനായി ആവിഷ്‌കരിച്ച ജൻ ധൻ പദ്ധതിയുടെ വിജയത്തേക്കാൾ മാദ്ധ്യമങ്ങൾ പ്രാധാന്യം നൽകിയതു മോദിയുടെ പേരെഴുതിയ കോട്ടിനാണെന്നു പാർട്ടിക്കു പരിഭവമുണ്ട്. ശുചിത്വ ഭാരത പദ്ധതിയുടെ യഥാർഥ ഗുണഭോക്താക്കൾ സാധാരണക്കാരും പാവപ്പെട്ടവരുമാണെന്നും ബിജെപി അവകാശപ്പെടുന്നുണ്ട്.

സർക്കാർ ആവിഷ്‌കരിച്ച ഇൻഷുറൻസ്, പെൻഷൻ പദ്ധതികളേക്കാൾ ചർച്ചയായത് കോർപറേറ്റുകൾക്ക് അനുവദിച്ച നികുതിയിളവുകളാണ്. ഇത് മോദി സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ ഭേദഗതി ബിൽ, ഓർഡിനൻസ് വഴി നടപ്പാക്കാൻ തിടുക്കം കാട്ടിയതാണ് സർക്കാരിന്റെ പ്രതിച്ഛായ മോശമാകാൻ പ്രധാന കാരണമെന്നാണ് ആർഎസ്എസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ബിൽ കർഷക വിരുദ്ധമാണെന്ന പ്രതിപക്ഷ പ്രചാരണം ഏറ്റു. ബില്ലിലെ കർഷക അനുകൂല വ്യവസ്ഥകൾക്കു വേണ്ടത്ര പ്രചാരണം നൽകി സമവായത്തിലൂടെ ബിൽ പാസാക്കാൻ ശ്രമിക്കുകയായിരുന്നു ഉചിതമെന്ന തീരുമാനത്തിലേക്ക് ബിജെപി എത്തിയിട്ടുണ്ട്.

എണ്ണവിലയിൽ പൊതുമേഖലാ എണ്ണകമ്പനികൾ ചെയ്യുന്നത് കടന്നകൈയാണ്. വില കുറഞ്ഞപ്പോൾ ആനുപാതിക കുറവില്ല. എന്നാൽ കുടുമ്പോൾ അതുണ്ട് താനും. ഈ സാഹചര്യത്തെ മറികടക്കാനുള്ള തന്ത്രങ്ങളും മോദി സർക്കാർ രണ്ടാം വർഷത്തിൽ കൈക്കൊള്ളും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP