Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മണിയാറിൽ നരഭോജിക്കടുവ ചത്തത് മുള്ളൻ പന്നിയുടെ ആക്രമണത്തിൽ; പോസ്റ്റുമോർട്ടത്തിൽ കണ്ടത് ആന്തരിക അവയവങ്ങളിൽ മുള്ള് തറച്ചിരിക്കുന്നത്; വായിലെ മുറിവ് ഭക്ഷണം കഴിക്കുന്നതിന് തടസമായി; മുറിവ് പഴുത്തപ്പോഴുള്ള ന്യൂമോണിയ കടുവയുടെ ജീവനെടുത്തു; ആന്തരികാവയവങ്ങളിൽ വിദഗ്ധ പരിശോധന; കടുവയുടെ ജഡം റേഞ്ച് ഓഫീസ് പരിസരത്ത് ദഹിപ്പിച്ചു

മണിയാറിൽ നരഭോജിക്കടുവ ചത്തത് മുള്ളൻ പന്നിയുടെ ആക്രമണത്തിൽ; പോസ്റ്റുമോർട്ടത്തിൽ കണ്ടത് ആന്തരിക അവയവങ്ങളിൽ മുള്ള് തറച്ചിരിക്കുന്നത്; വായിലെ മുറിവ് ഭക്ഷണം കഴിക്കുന്നതിന് തടസമായി; മുറിവ് പഴുത്തപ്പോഴുള്ള ന്യൂമോണിയ കടുവയുടെ ജീവനെടുത്തു; ആന്തരികാവയവങ്ങളിൽ വിദഗ്ധ പരിശോധന; കടുവയുടെ ജഡം റേഞ്ച് ഓഫീസ് പരിസരത്ത് ദഹിപ്പിച്ചു

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: തണ്ണിത്തോട്, മണിയാർ പ്രദേശങ്ങളിലെ ഒരു മാസത്തോളം ഭീതിയിലാഴ്‌ത്തുകയും ഒടുവിൽ കുഴഞ്ഞു വീണു ചാവുകയും ചെയ്ത പെൺകടുവയെ മുള്ളൻപന്നി ആക്രമിച്ചിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മുള്ളൻപന്നിയുടെ ആക്രമണത്തിൽ തറഞ്ഞു കയറിയ മുള്ള് മൂലമുണ്ടായ മുറിവ് പഴുക്കുകയും പിന്നീട് വൃണമായി മാറി ന്യൂമോണിയ ആവുകയുമായിരുന്നു. വായിൽ തറച്ച മുള്ളിൽ നിന്നുള്ള മുറിവ് കാരണം ഭക്ഷണം കഴിക്കാൻ വയ്യാതെ ആയതും കടുവയുടെ മരണം വേഗത്തിലാക്കി. ഇതു പഴുത്ത് വൃണമായി അതിൽ നിന്നാണ് ന്യൂമോണിയ ബാധിച്ചത്.

കടുവയുടെ ശരീരത്തിൽ നിന്നും മുള്ളൻപന്നിയുടെ മുള്ളുകളുടെ നാല് കഷണങ്ങൾ കണ്ടെടുത്തു. ശ്വാസകോശത്തിൽ രണ്ടിടത്തും വായിലുമായി ആഴത്തിലുള്ള മൂന്ന് മുറിവുകൾ ഉണ്ടായത് ന്യൂമോണിയയിലേക്കും തുടർന്ന് കടുവയുടെ മരണത്തിലേക്കും നയിച്ചതാകാമെന്നാണ് വിലയിരുത്തൽ.

മണിയാർ ഇഞ്ചപ്പൊയ്കയിൽ റബർ തോട്ടത്തിൽ ചൊവ്വാഴ്ച സന്ധ്യയോടെ അവശ നിലയിൽ കണ്ടെത്തിയ കടുവ രാത്രി ഒമ്പതരയോടെയാണ് ചത്തത്. ഇന്നു രാവിലെ ഇതിന്റെ ജഡം വടശേരിക്കര റെയ്ഞ്ചോഫീസ് പരിസരത്ത് എത്തിച്ചു. തുടർന്നായിരുന്നു പോസ്റ്റുമോർട്ടം നടപടികൾ ഉണ്ടായത്. നാഷണൽ ടൈഗർ കൺസർവേഷൻ അഥോറിറ്റിയുടെ പ്രോട്ടോക്കോൾ അനുസരിച്ചായിരുന്നു പോസ്റ്റുമോർട്ടം. ഡിഎഫ്ഒ, വനംവകുപ്പിലെ മൂന്നു വെറ്റിനറി ഡോക്ടർമാർ, ജന്തു ശാസ്ത്രവുമായി ബന്ധപ്പെട്ടവിദഗ്ധൻ, വന്യജീവി സംരക്ഷണ വിഷയത്തിലെ വിദഗ്ധൻ, നോൺ ഗസറ്റഡ് മെമ്പർ, വാർഡ് മെമ്പർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു നടപടി.

പോസ്റ്റുമോർട്ടം മുഴുവൻ വീഡിയോയിൽ ചിത്രീകരിക്കുകയും ചെയ്തു. കടുവയ്ക്ക് ഉദ്ദേശം എട്ടു വയസു പ്രായമുണ്ട്. വായിലും ശ്വാസകോശത്തിലുമാണ് മുള്ളൻ പന്നിയുടെ മുള്ളുകളേറ്റ് ആഴത്തിലുള്ള മുറിവുണ്ടായിരുന്നത്. ഇത് പഴുത്ത് വ്രണമായി തുടങ്ങിയിരുന്നു. അതിനാൽ ഏതാനും ദിവസമായി ആഹാരം കഴിക്കാൻ കഴിയാതെ പട്ടിണിയിൽ ആയിരുന്നുവെന്നാണ് കരുതുന്നത്. മുള്ളൻ പന്നിയെ പിടിക്കാനുള്ള ശ്രമത്തിനിടയിൽ അത് കുടഞ്ഞ മുള്ളുകൾ കടുവയുടെ ദേഹത്ത് തറഞ്ഞ് ഇറങ്ങിയതാണെന്നാണ് വനപാലകർ പറയുന്നത്. വായിൽ കൊണ്ട മുള്ള് കടുവയുടെ മേൽ അണ്ണാക്കു വഴി കണ്ണിന്റെ അകം ഭാഗം വരെ തുളച്ച് എത്തിയിരുന്നു. ഇത് അവിടെയിരുന്ന് പഴുത്തതാകാം ന്യൂമോണിയാ ബാധിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ.

റാന്നി ഡിഎഫ്ഒ ഉണ്ണിക്കൃഷ്ണൻ, എസിഎഫ് ഹരികൃഷ്ണൻ, വടശേരിക്കര റെയ്ഞ്ചോഫീസർ വേണു, വെറ്റിനറി ഡോക്ടർമാരായ ഡോ ശ്യാം ചന്ദ്രൻ (കോന്നി), ഡോ. കിഷോർകുമാർ (കോട്ടയം) ഡോ. രാഹുൽ നായർ (ചിറ്റാർ), സുവോളജി അസി.പ്രഫസർ ഡോ.അഭിലാഷ്, എൻജിഒ പ്രതിനിധി അരുൺ ശശി തുടങ്ങിയവരായിരുന്നു പോസ്റ്റുമോർട്ടത്തിന് നേതൃത്വം നൽകിയത്. രാവിലെ പത്തരയോടെ തുടങ്ങിയ പോസ്റ്റുമോർട്ടം ഉച്ച കഴിഞ്ഞ് ഒന്നരയോടെയാണ് അവസാനിച്ചത്. കടുവയുടെ ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ ശേഖരിച്ചു. ഇവ വിദഗ്ധ പരിശോധനയ്ക്കായി പാലോട് ആനിമൽ ഹെൽത്ത് ഡിപ്പാർട്ട്മെന്റിലേക്കും ഡെറാഡൂണിലേക്കും അയക്കും.കടുവയുടെ ജഡം പിന്നീട് റേഞ്ച് ഓഫീസ് പരിസരത്ത് ദഹിപ്പിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP