Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സർക്കാരിനെ വെട്ടിലാക്കി തന്ത്രിയും; ശബരിമലയിൽ മാസ പൂജയ്ക്കായി ഭക്തരെ പ്രവേശിപ്പിക്കുമെന്ന് ദേവസ്വം മന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെ അത് പാടില്ലെന്ന് തന്ത്രി കണ്ഠര് മഹേഷ് മോഹനര്; ഉത്സവം മാറ്റി വയ്ക്കണമെന്നും ആവശ്യം; ഇപ്പോൾ ഭക്തരെ പ്രവേശിപ്പിക്കുന്നത് കോവിഡ് രോഗ വ്യാപനത്തിന് ഇടയാക്കുമെന്നും ദേവസ്വം കമ്മീഷണർക്കുള്ള കത്തിൽ; ഇനി പന്ത് ദേവസ്വം ബോർഡിന്റെ കോർട്ടിൽ

സർക്കാരിനെ വെട്ടിലാക്കി തന്ത്രിയും; ശബരിമലയിൽ മാസ പൂജയ്ക്കായി ഭക്തരെ പ്രവേശിപ്പിക്കുമെന്ന് ദേവസ്വം മന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെ അത് പാടില്ലെന്ന് തന്ത്രി  കണ്ഠര് മഹേഷ് മോഹനര്; ഉത്സവം മാറ്റി വയ്ക്കണമെന്നും ആവശ്യം; ഇപ്പോൾ ഭക്തരെ പ്രവേശിപ്പിക്കുന്നത് കോവിഡ് രോഗ വ്യാപനത്തിന് ഇടയാക്കുമെന്നും ദേവസ്വം കമ്മീഷണർക്കുള്ള കത്തിൽ; ഇനി പന്ത് ദേവസ്വം ബോർഡിന്റെ കോർട്ടിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:ആരാധനാലയങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുമതി നൽകിയെങ്കിലും ശബരിമലയിൽ മാസ പൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കരുതെന്ന് തന്ത്രി. ഉത്സവം മാറ്റി വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേവസ്വം കമ്മീഷണർക്ക് ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനര് കത്ത് നൽകി. ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസുവിനെ ഫോണിൽ വിളിച്ചും വിവരം പറഞ്ഞു. ഇപ്പോൾ ഭക്തരെ പ്രവേശിപ്പിക്കുന്നത് കോവിഡ് രോഗ വ്യാപനത്തിന് ഇടയാക്കുമെന്നും കത്തിൽ ആശങ്ക പ്രകടിപ്പിച്ചു.

സംസ്ഥാനത്ത് ഓരോ ദിവസവും കോവിഡ് രോഗികൾ കൂടുകയാണ്. തമിഴ്‌നാട്, കർണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽനിന്നാണ് ശബരിമലയിൽ തീർത്ഥാടകർ കൂടുതലായി എത്തുന്നത്. അവിടുത്തെ സ്ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ ഭക്തരെ അനുവദിക്കുന്നത് രോഗവ്യാപനം വർധിക്കാൻ ഇടയാക്കുമെന്നും തന്ത്രി ചൂണ്ടിക്കാട്ടി.

ശബരിമലയിൽ മിഥുന മാസത്തിലെ പൂജകൾക്കായി ജൂൺ 14ന് നട തുറക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരത്തേ അറിയിച്ചിരുന്നു. 14 മുതൽ 28 വരെ മാസപൂജയും ഉൽസവവുമാണു നടക്കേണ്ടത്. കോവിഡ് സാഹചര്യം പരിഗണിച്ച് ഭക്തർക്ക് വെർച്വൽ ക്യൂ വഴി പ്രവേശനം അനുവദിക്കാനാണു തീരുമാനിച്ചിരിക്കുന്നത്.

ഉത്സവ ചടങ്ങുകൾ ആരംഭിച്ച ശേഷം ചടങ്ങുകളിൽ പങ്കെടുക്കുന്ന ആർക്കെക്കെങ്കിലും രോഗ ബാധ സ്ഥിരീകരിച്ചാൽ ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാവരും നിരീക്ഷണത്തിൽ പോകേണ്ട സാഹചര്യമുണ്ടാകും. അങ്ങനെ സംഭവിച്ചാൽ ഉത്സവ ചടങ്ങുകൾ ആചാരപ്രകാരം പൂർത്തിയാക്കാൻ സാധിക്കില്ല. രോഗ വ്യാപനത്തിന്റെ സാധ്യത കൂടി കണക്കിലെടുത്ത് ഉത്സവം മാറ്റി വയ്ക്കണമെന്നത് അംഗീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകിയതിന് പിന്നാലെയാണ് ദേവസ്വം ബോർഡ് ശബരിമല ദർശനത്തിന് ഭക്തർക്ക് അനുമതി നൽകാൻ തീരുമാനിച്ചത്. മാർച്ചിൽ നടക്കേണ്ടിയിരുന്ന ഉത്സവവും അതിനൊപ്പം നടത്താനായിരുന്നു ബോർഡ് തീരുമാനിച്ചത്. കത്ത് ലഭിച്ച സാഹചര്യത്തിൽ ദേവസ്വം ബോർഡ് എന്ത് തീരുമാനമെടുക്കുമെന്നാണ് അറിയേണ്ടത്.

ശബരിമല ദർശനത്തിനുള്ള ഓൺലൈൻ ബുക്കിങ് ഇന്ന് മുതൽ ആരംഭിച്ചിരുന്നു. മിഥുന മാസ പൂജകൾക്കും ഉത്സവത്തിനുമായുള്ള ബുക്കിങ് ആണ് ആരംഭിക്കുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ തന്ത്രി കത്ത് നൽകിയിരിക്കുന്നത്. ഈ മാസം 14 നാണ് നട തുറക്കുന്നത്. ജൂൺ 19ന് ഉത്സവത്തിന് കൊടിയേറും. 14 മുതൽ 28 വരെയാണ് നട തുറക്കുക. കൊടിയേറ്റവും ആറാട്ടും ചടങ്ങുകളായി മാത്രം നടത്താനും നേരത്തെ തീരുമാനിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP