Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു കൈയിൽ ഗിറ്റാറും മറുകൈയിൽ തോക്കുമായി കറങ്ങുന്ന ബൂഗാലു ബോയ്സ്; ലക്ഷ്യം അതിരുകളില്ലാത്ത സ്വാതന്ത്ര്യവും ലൈംഗികതയും വിവേചനങ്ങളില്ലാത്ത ലോകവും; കറുത്ത വസ്ത്രവും മുഖാവരണങ്ങളും അണിഞ്ഞ് വെട്ടുക്കിളിക്കൂട്ടങ്ങളെപ്പോലെ ചാടിവീണ് തെരുവുകൾ കത്തിക്കുന്ന ആന്റിഫ; രക്തം ചിന്താതെ യുദ്ധം ജയിക്കുന്നവർ എന്ന് അറിയപ്പെടുന്ന ബ്ലാക്ക് ലൈവ്‌സ് മാറ്റർ; യുഎസിൽ കറുത്തവന്റെ ആത്മാഭിമാനത്തിനുവേണ്ടി പൊരുതുന്ന ന്യൂജൻ ഹിപ്പി സംഘടനകളുടെ കഥ

ഒരു കൈയിൽ ഗിറ്റാറും മറുകൈയിൽ തോക്കുമായി കറങ്ങുന്ന ബൂഗാലു ബോയ്സ്; ലക്ഷ്യം അതിരുകളില്ലാത്ത സ്വാതന്ത്ര്യവും ലൈംഗികതയും വിവേചനങ്ങളില്ലാത്ത ലോകവും; കറുത്ത വസ്ത്രവും മുഖാവരണങ്ങളും അണിഞ്ഞ് വെട്ടുക്കിളിക്കൂട്ടങ്ങളെപ്പോലെ ചാടിവീണ് തെരുവുകൾ കത്തിക്കുന്ന ആന്റിഫ; രക്തം ചിന്താതെ യുദ്ധം ജയിക്കുന്നവർ എന്ന് അറിയപ്പെടുന്ന ബ്ലാക്ക് ലൈവ്‌സ് മാറ്റർ; യുഎസിൽ കറുത്തവന്റെ ആത്മാഭിമാനത്തിനുവേണ്ടി പൊരുതുന്ന ന്യൂജൻ ഹിപ്പി സംഘടനകളുടെ കഥ

എം മാധവദാസ്

ന്യൂജൻ ഹിപ്പി ഗ്രൂപ്പുകൾ! ജോർജ് ഫ്‌ളോയ്ഡ് എന്ന കറുത്തവർഗക്കാരന്റെ മരണത്തിനുശേഷം അമേരിക്കയിൽ രുപപ്പെട്ട അതിരൂക്ഷമായ പ്രക്ഷോഭത്തിനു പിന്നിൽ ഈ നവ ഹിപ്പി ഗ്രൂപ്പുകൾ ഉണ്ടോ. അമേരിക്കൻ ഫെഡറൽ പൊലീസ് ഇക്കാര്യം അടിയന്തരമായി പരിശോധിച്ചുവരികയാണെന്നും നടപടി ഉടൻ ഉണ്ടാകുമെന്നുമാണ് ഫോക്സ് ടെലിവിഷൻ പുറത്തുവരുന്നത്. ബൂഗാലുബോയസ്, ആന്റിഫ, ബ്ലാക്ക് ലൈവ്‌സ് മാറ്റർ തുടങ്ങിയ നവമാധ്യമങ്ങളിലുടെ പ്രവർത്തിക്കുന്നതും, പക്ഷേ ആരാണ് നേതാവ് എന്നോ എവിടെയാണ് ആസ്ഥാനമെന്നോ അറിയാത്തതുമായ സംഘടകളാണ് ഇന്ന് ട്രംപിനെയടക്കം വിറപ്പിക്കുന്നത്. ഈ കോവിഡ് കാലത്തും അവർ കറുത്തവന്റെ ആത്മാഭിമാനത്തിനായി പൊരുതുകയാണ്.

ഈ സംഘടനകൾക്ക് 60കളുടെ ഹിപ്പി സംസ്‌ക്കാരത്തോടുള്ള ആശയപരമായ സാമ്യമാണ് ഇവരെ നവ ഹിപ്പികൾ എന്ന് വിളിക്കാൻ കാരണം. ആധുനിക നാഗരികതയുടെ പൊള്ളത്തരത്തിനെതിരെ 1960-കളിൽ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി മുതലായ സമ്പന്ന മുതലാളിത്തരാജ്യങ്ങളിൽ രൂപംകൊണ്ട യുവജനങ്ങളുടെ പ്രതിഷേധ പ്രസ്ഥാനംമാണ് ഹിപ്പി സം്ക്കാരത്തിന് വഴിമരുന്നിട്ടത്. കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്‌കോയിലായിരുന്നു ഹിപ്പി പ്രസ്ഥാനത്തിന്റെ ഉദ്ഭവം. അക്രമരഹിതമായ അരാജകത്വം, പരിസ്ഥിതിയോടുള്ള ആഭിമുഖ്യം, പാശ്ചാത്യഭൗതികവാദത്തിന്റെ തിരസ്‌കാരം എന്നിവയായിരുന്നു പ്രസ്ഥാനത്തിന്റെ മുഖ്യലക്ഷണങ്ങൾ. രാഷ്ട്രീയ വിമുഖവും യുദ്ധവിരുദ്ധവും കലാത്മകവുമായ ഒരു പ്രതിസംസ്‌കാരം വടക്കെ അമേരിക്കയിലും യൂറോപ്പിലും ഹിപ്പികൾ രൂപവത്കരിച്ചു. അതിന്റെ അനുരണനം ലോകവ്യാപകമായി ഉണ്ടായി.  എൽ.എസ്.ഡി. പോലുള്ള മയക്കുമരുന്നുകളുടെ ഉപയോഗവും പൗരസ്ത്യമിസ്റ്റിസിസത്തോടുള്ള താത്പര്യവും ഹിപ്പികളുടെ മുഖമുദ്രയായിരുന്നു. ഫാഷൻ, കല, സംഗീതം എന്നിവയിലെല്ലാം ഹിപ്പിയിസം വലിയ ചലനങ്ങളുണ്ടാക്കി. ഇന്ന് അമേരിക്കയിലുള്ള ഇത്തരം സംഘടനകളിലും സമാനമായ അവസ്ഥയാണ്.

മിന്നീപോളിസ് പൊലീസിന്റെ മുട്ടിനുകീഴെ ഏകദേശം ഒമ്പതുമിനിറ്റോളം ശ്വാസം മുട്ടിപ്പിടഞ്ഞശേഷം ജീവൻ വെടിഞ്ഞ ജോർജ്ജ് ഫ്‌ളോയ്ഡ് അമേരിക്കൻ പൊലീസിന്റെ അതിക്രമത്തിൽ മരിക്കുന്ന ആദ്യത്തെ കറുത്തവർഗ്ഗക്കാരനല്ല. ടമിർ റൈസ്, മൈക്കൽ ബ്രൗൺ, എറിക് ഗാർനർ തുടങ്ങിയവർ പൊലീസിന്റെ നിഷ്ഠൂരതക്ക് ഇരയായി ജീവൻ വെടിഞ്ഞപ്പോഴും പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇത്തവണ തികച്ചും വ്യത്യസ്തമായിരുന്നു അവസ്ഥ. പ്രതിഷേധം ഏറെനാൾ നീണ്ടുനിൽക്കുന്നു എന്നു മാത്രമല്ല അത് രാജ്യമൊട്ടാകെ വ്യാപിക്കുകയും ചെയ്തിരിക്കുന്നു. തലസ്ഥാനമായ വാഷിങ്ടൺ ഡി സിയിലും അമ്പത് സംസ്ഥാനങ്ങളിലും വ്യാപിച്ച പ്രതിഷേധം വെള്ളക്കാർക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ പോലും ശക്തിയായി തുടരുന്നു.

അതുകൊണ്ടുതന്നെ ശക്തമായ ചില സംഘടകളും വ്യകത്മായ ആസൂത്രണവും ഇതിന് പിന്നിലുണ്ടെന്ന് അമേരിക്ക കരുതുന്നു. അതുകൊണ്ടുതന്നെ അവരുടെ ശ്രദ്ധനീങ്ങുന്നത് നവഹിപ്പി സംഘങ്ങൾക്ക് എതിരെയാണ്.ഫാസിസ്റ്റ് വിരുദ്ധ ഇടതുപക്ഷ കൂട്ടായ്മയായ ആന്റിഫ പോലുള്ള സംഘടനാരൂപമോ നേതാവോ ഇല്ലാത്ത സംഘമാണ് പ്രതിഷേധങ്ങൾക്ക് പിന്നിലെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെ ആരോപിക്കുന്നത്.

ഒരു കൈയിൽ ഗിറ്റാറും മറുകൈയിൽ തോക്കും

ഒരുകൈയിൽ ഗിറ്റാറും മറുകൈയിൽ തോക്കുമായി നടക്കുന്നവർ എന്നാണ് ബൂഗാലും പ്രസ്ഥാനക്കാർ പൊതുവെ അറിയപ്പെടുന്നത്. അതിരുകൾ ഇല്ലാത്ത സമത്വസുന്ദരമായ ഒരു ലോകമാണ് ഇവരുടെ ലക്ഷ്യം. പക്ഷേ ആരാണ് ഈ ടീമുകൾക്ക് പിന്നെലൊന്നോ എവിടെയാണ് ആസ്ഥാനമെന്നോ ആർക്കും അറിയില്ല. തുറന്ന ലൈംഗികത, അതിരുകളില്ലാത്ത സ്വാതന്ത്ര്യം, മദ്യത്തിനോടും മയക്കുമരുന്നിനോടുമുള്ള ലിബറൽ സമീപനം, സംഗീത പ്രേമം തുടങ്ങിയ വിവിധ വിഷയങ്ങൾ നോക്കുമ്പോൾ ബൂഗാലു ബോയ്സും നമ്മുടെ ഹിപ്പികളും തമ്മിൽ നല്ല സാദൃശ്യമുണ്ട്. കുടുതൽപേരും വെള്ളക്കാരുള്ള ഈ സംഘടനതന്നെയാണ് കറുത്തവന്റെ അത്മാഭിമാനം രക്ഷിക്കാനായി രംഗത്തിറങ്ങിയിരിക്കുന്നത്.

പേര് മാത്രമല്ല, ഇവരുടെ രീതികളും വിചിത്രമാണ്. സായുധരായാണ് ഇവരുടെ അണികൾ തെരുവിലിറങ്ങുന്നത്. തോക്കാണ് ഇവരുടെ കുലചിഹ്നം. വർണ-വർഗ വിവേചനമില്ലാതെ നടക്കുന്ന പ്രതിഷേധങ്ങൾ മിക്കവയും സമാധാനപരമാണെന്നും പുറത്തുനിന്ന് നുഴഞ്ഞുകയറുന്നതാണ് അക്രമത്തിലേക്ക് നയിക്കുന്നതെന്നുമാണ് അധികൃതർ പറയുന്നത്. ജൂൺ നാലിന് ലാസ് വെഗസ്സിൽ പ്രതിഷേധക്കാർക്കിടയിൽ നിന്ന് അറസ്റ്റിലായ മൂന്ന് പേർ ബൂഗാലൂ പ്രസ്ഥാനത്തിൽ അംഗങ്ങളാണെന്ന് അധികൃതർ പറയുന്നു. പ്രതിഷേധത്തിന്റെ മറവിൽ കലാപമുണ്ടുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.

താരതമ്യേന പുതിയ സംഘമായാണ് ബൂഗാലൂ പ്രസ്ഥാനത്തെ കണക്കാക്കുന്നത്. മാധ്യമങ്ങളിലൊന്നും അധികം സാന്നിധ്യമില്ലെങ്കിലും ഇവർ യുഎസിൽ നിലനിൽക്കുന്നു എന്നത് യാഥാർഥ്യമാണ്. 1980കളിൽ ഇറങ്ങിയ ചലച്ചിത്ര പരമ്പരയായ ബ്രെയിക്കിൻ 2 ഇലക്ട്രിക് ബൂഗാലൂ എന്നതിൽ നിന്നാണ് സംഘടന പേര് സ്വീകരിച്ചതെന്നാണ് കരുതുന്നത്. ഗുണം കുറഞ്ഞവരെ വിശദീകരിക്കാനാണ് സോഷ്യൽ മീഡിയയിൽ ഇലക്ട്രിക് ബൂഗാലൂ എന്ന പദം ഉപയോഗിക്കുന്നത്. രണ്ടാം ആഭ്യന്തര യുദ്ധം എന്നതിന് ഉപയോഗിക്കുന്ന കോഡാണ് ഇലക്ട്രിക് ബൂഗാലൂ എന്നത്. അമേരിക്കയെ രണ്ടാം ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നാണ് പ്രചരിക്കുന്നത്. ഇതിലെ അംഗങ്ങളെന്ന് പറയുന്നവർ തന്നെയാണ് ഇങ്ങനെയുള്ള പ്രചരണം നടത്തുന്നത്. ഇതിലെ അംഗങ്ങൾ ബൂഗാലൂ ബോയ്സ് എന്നാണ് അറിയപ്പെടുന്നത്. സുരക്ഷാവസ്ത്രവും തോക്കും ധരിച്ചാണ് ഇവർ പ്രത്യക്ഷപ്പെടുന്നത്.

കോവിഡ് -19 മഹമാരി പ്രതിരോധിക്കാനായി പ്രഖ്യാപിച്ച ലോക്ക് ഡൗണിനെതിരായ പ്രതിഷേധങ്ങൾക്കിടെയാണ് അമേരിക്കയിൽ ഇലക്ട്രിക് ബൂഗാലൂ എന്ന പേര് കേട്ട് തുടങ്ങിയത്. ആളുകൾ വീട്ടിലിരിക്കണമെന്ന നിർദ്ദേശം ലംഘിച്ച് തെരുവുകളിൽ നടന്ന പ്രതിഷേധങ്ങൾക്ക് പിന്നിൽ ബൂഗാലൂ ബോയ്സാണെന്നാണ് റിപ്പോർട്ടുകൾ. ഇത്തരത്തിലുള്ള മറ്റു പല സംഘടനകളെയും പോലെ ഏറക്കാലം ഇന്റർനെറ്റിൽ മാത്രം ഒതുങ്ങിയിരുന്ന ബൂഗാലൂവും ലോക്ക് ഡൗൺ പ്രതിഷേധങ്ങളോടെ വെളിച്ചത്തേക്ക് വരികയായിരുന്നു. കോവിഡ് കാലം ബൂഗാലൂവിന്റെ വളർച്ചയ്ക്ക് ഊർജമാകുകയായിരുന്നു. വൈറസിനെ പ്രതിരോധിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാതെ, ദുർഭരണത്തെക്കുറിച്ചും പൊലീസ് ക്രൂരതകളെക്കുറിച്ചും പറഞ്ഞ് ആളുകളെ തെരുവിലിറക്കുകയായിരിക്കുകയായിരുന്നു ഇവർ.

ആരാണ് ബ്ലാക്ക് ലൈവ്‌സ് മാറ്റർ

ലോകത്തെമ്പാടുമുള്ള വംശീയ വിരുദ്ധ പോരാട്ടങ്ങളുമായി ഐക്യപ്പെടുന്ന ബ്ലാക്ക് ലൈവ്‌സ് മാറ്റർ എന്ന സംഘടനക്കും അമേരിക്കയിലെ പ്രക്ഷോഭങ്ങളിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. രക്തം ചിന്താതെ യുദ്ധം ജയിക്കുന്നവർ എന്നാണ് ഇവരെക്കുറിച്ച് പറയുക. കാരണം സമരങ്ങൾക്കുള്ള ബൗദ്ധിക പിന്തുണ സോഷ്യൽ മീഡിയിലൂടെ നൽകുകയാണ് ഇവർ ചെയ്യുന്നത്.

ഈ സംഘടനയ്ക്ക് അമേരിക്കയിൽ സമീപകാലത്ത് നടന്ന വംശീയ വിരുദ്ധ പോരാട്ടവുമായി ബന്ധമുണ്ട്. 2013 ൽ ഒരു ഹാഷ്ടാഗിലൂടെയാണ് ഈ പ്രസ്ഥാനം പിറവി കൊള്ളുന്നത്. ട്രാവിയോൺ മാർട്ടിൻ എന്ന 17 കാരനെ കൊലപ്പെടുത്തിയെന്ന് കരുതുന്ന ജോർജ്ജ് സിമ്മർമാൻ എന്നയാളെ കോടതി വെറുതെ വിട്ടത് 2013 ലായിരുന്നു. അന്ന് അമേരിക്കയിൽ ബരാക് ഒബാമയായിരുന്നു പ്രസിഡന്റ്. ആഫ്രിക്കൻ വംശജനായ ആദ്യ അമേരിക്കൻ പ്രസിഡന്റ്. സിമ്മർമാനെ വെറുതെ വിട്ട സംഭവം അമേരിക്കയിൽ വ്യവസ്ഥാപരമായി തന്നെ നിലനിൽക്കുന്ന വംശീയ വിവേചനം പുറത്തുകൊണ്ടുവന്ന സംഭവമായിരുന്നു . ഇതേക്കുറിച്ച് ചർച്ച ചെയ്യുകയായിരുന്നു അലീഷ്യയ ഗാർസ, പാട്രീസ് കുള്ളേഴ്സ്സ്, ഓപാൽ ടുമറ്റ് എന്നിവർ. 'ഒവർ ലീവ്‌സ് മാറ്റർ, ബ്ലാക് ലൈവ്‌സ് മാറ്റർ' എന്ന് ഗാർസിയ ഫേസ്‌ബുക്കിലെഴുതി. കുള്ളേഴ്സ് ഇതിന് മറുപടിയായി ്#ആഹമരസഘശ്‌ലങെമേേലൃ എന്ന് എഴുതി. ടുമേറ്റിയും അതേ രീതിയിൽ പ്രതികരിച്ചു. പെട്ടന്ന് തന്നെ ബ്ലാക്ക് ലൈവ്‌സ് മാറ്റർ സാമുഹ്യ മാധ്യമങ്ങളിൽ തംരംഗമാകുകയായിരുന്നു. ബ്ലാക്ക് ലൈവ്സ് മാറ്റർ ഡിജിറ്റൽ ലോകത്തെ കീഴടക്കുന്നത് അങ്ങനെയാണ്.

നേരത്തെയുണ്ടായിരുന്ന സമാന പ്രസ്ഥാനങ്ങളിൽനിന്ന് ബ്ലാക്ക് ലൈവ്‌സ് മാറ്ററിനെ വ്യത്യസ്തമാക്കുന്നത് അതിന്റെ രാഷ്ട്രീയ ഉള്ളടക്കമാണ്. നേരത്തെയുണ്ടായിരുന്ന ചില സംഘടനകൾ അടിസ്ഥാനപരമായി വിശ്വാസവുമായും മതവുമായൊക്കെ ബന്ധപ്പെട്ട് ഉയർന്നുവന്നതായിരുന്നു. മറ്റൊരു സവിശേഷത ഇതിന്റെ സ്ഥാപകർ മൂന്ന് പേരും സ്ത്രീകളാണെന്നതാണ്. വെള്ളക്കാരുടെ ആധിപത്യം അവസാനിപ്പിക്കുകയും കറുത്ത വംശജർക്കെതിരായ അനീതി ചോദ്യം ചെയ്യുന്നതി്‌നുള്ള ശേഷി ഉണ്ടാക്കുകയുമാണ് സംഘടനയുടെ ലക്ഷ്യമായി പറയുന്നത്. സംഘടനയുടെ വെബ്‌സൈറ്റ് പറയുന്നത് കറുത്തവർക്കെതിരായ നീക്കങ്ങൾ ഇല്ലാത്ത ലോക സൃഷ്ടിയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ്. കറുത്തവിഭാഗത്തിൽപ്പെട്ട സ്ത്രീകൾ, ട്രാൻസ് വ്യക്തിത്വങ്ങൾ, എന്നിങ്ങനെ മുഖ്യധാരയിൽനിന്ന് മാ്റ്റി നിർത്തപ്പെടുന്നവർക്കുവേണ്ടിയാണ് ഈ സംഘടനയെന്നും അവർ വിശദീകരിക്കുന്നു.

2014 ൽ മിക്കായേൽ ബ്രൗൺ എന്ന 18 കാരനെ വെടിവെച്ചുകൊലപ്പെടുത്തിയതിനെതിരായ പ്രക്ഷോഭത്തിലൂടെയാണ് ഈ സംഘടന തെരുവിലേക്കിറങ്ങുന്നത്. നീതിയില്ലാതെ സമാധാനമില്ലെന്ന് അവർ വിളിച്ചുപറഞ്ഞു. ഇപ്പോഴും അതുതന്നെ അവർ ആവർത്തിക്കുന്നു 2013 ൽ 2018 വരെ മൂന്ന് കോടി തവണ ഈ ഹാഷ്ടാഗ് ഉപയോഗിക്കപ്പെട്ടുവെന്നാണ് കണക്കാക്കുന്നത്. ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ട ഹാഷ്ടാഗുകളിൽ ഒന്നാണത്.

അമേരിക്കൻ വലതുപക്ഷം ശക്തമായാണ് ഇതിനെതിരെ രംഗത്തുവന്നത്. ഓൾലൈവ്‌സ് മാറ്റർ, എന്നും ബ്ലൂ ലൈവ്‌സ് മാറ്റർ എന്നും ഉള്ള ഹാഷ്ടാഗ് കൊണ്ട് ഇതിനെ പ്രതിരോധിക്കാൻ അവർ ശ്രമി്‌ച്ചെങ്കിലും വിജയിച്ചില്ല. ഡെമോക്രാറ്റ് പാർട്ടി പൊതുവിൽ ബ്ലാക്ക് ലൈവ്സ് മാറ്റർ മൂവ്‌മെന്റിനോട് സൗഹാർദ്ദപരമായ നിലപാടാണ് സ്വീകരിച്ചത്. എന്നാൽ സമൂഹത്തിൽ വിഭാഗീയത വളർത്തുന്ന പ്രസ്ഥാനമായി ഇതിനെ ചിത്രീകരിക്കാനാണ് റിപ്പബ്ലിക്കൻ പാർട്ടി ശ്രമിച്ചതും ശ്രമിച്ചുകൊണ്ടിരിക്കുന്നതും.

അമേരിക്കയിലെ മൂന്നര കോടിയിലധികം വരുന്ന കറുത്ത വിഭാഗക്കാരുടെ ആത്മാഭിമാനത്തിന്റെ പേരായി മാറികൊണ്ടിരിക്കുകയാണ് ഈ മനുഷ്യാവകാശ പ്രസ്ഥാനം

വെട്ടുക്കിളിക്കൂട്ടംപോലെ ആന്റിഫ

കറുത്ത വസ്ത്രവും മുഖാവരണവും അണിഞ്ഞ് തെരുവുകളിൽ പൊടുന്നനെ ഇറങ്ങുന്ന ഒരു കൂട്ടർ. വെട്ടുക്കിളിക്കൂട്ടങ്ങളെപ്പോലെ ഒറ്റവരവിൽ അവർ ഒരു പ്രദേശത്താതെ പ്രതിഷേധം നിറക്കും. ഭരണക്കാർക്കെതിരെ മുദ്രാവാക്യങ്ങൾ മുഴക്കും. തെരുവുകൾ കത്തിക്കും. അവർക്ക് പരസ്പരം അറിയുകപോലുമില്ല. പക്ഷേ ഒരു ആശയം ഉണ്ട്. അതാണ് 'ആന്റിഫ' എന്ന സംഘടന. ആരാണ് ഇതിന്റെ നേതാവ് എന്നോ ഒന്നും ആർക്കുമറിയില്ല. ഒരുപക്ഷേ ഇത് നേതാവ് ഒന്നും വേണ്ടാത്ത സംഘടനയും ആയിരിക്കും. പക്ഷേ ഇപ്പോൾ അമേരിക്ക ഏറ്റവും കൂടുതൽ ഭയക്കുന്നത് ആന്റിഫക്കാരെയാണ്.

ഫാസിസത്തിനും വർണ്ണവിവേചദത്തിനും എതിരായ നിലപാടുകളിൽ ഉദയംകൊണ്ട കൂട്ടായ്മയെന്ന് ഒറ്റ വാചകത്തിൽ ആന്റിഫയെ ഇങ്ങനെ വിശേഷിപ്പിക്കാം. 1932 ൽ ജർമൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുണയോടെ നാസിസത്തിനെതിരായ നിലപാടുറപ്പിച്ച ബഹുമുഖ മുന്നണിയായ ആന്റിഫാഷിഷ്റ്റ്സേ അഥവാ 'ആന്റി ഫാഷിസ്റ്റി'ൽ നിന്നാണ് 'ആന്റിഫ' എന്ന പേരു കടംകൊണ്ടതായി വിലയിരുത്തപ്പെടുന്നത്. വാക്കുകളുടെ ചരിത്രപശ്ചാത്തലം വിവരിക്കുന്ന മെറിയം വെബ്സ്റ്റർ നിഘണ്ടുവിലും ഈ സാധ്യതയാണ് പരാമർശിക്കപ്പെടുന്നതും.

യൂറോപ്പിലെ പല രാജ്യങ്ങളിലും അരനൂറ്റാണ്ടു മുൻപു തന്നെ ഒളിഞ്ഞുംതെളിഞ്ഞും സാന്നിധ്യമുറപ്പിച്ച ഈ സംഘം പിന്നിട്ട ചില വർഷങ്ങളിൽ മാത്രമാണ് യുഎസിലെ മാധ്യമങ്ങളിൽ ഇടം നേടുന്നത്. പല രാജ്യങ്ങളിലും എന്നതുപോലെ യുഎസിലും കൃത്യമായ സംഘടനാ രൂപമില്ലാത്ത നിലകൊള്ളുന്ന ആന്റിഫ 'ബ്ലാക് ലൈവ്സ് മാറ്റർ', 'ഒക്കുപ്പൈ' മൂവ്മെന്റ് തുടങ്ങിയ പ്രസ്ഥാനങ്ങളിൽ നിന്ന് അണികളെ ഒന്നിപ്പിക്കാൻ ചാലകശക്തിയായെന്നാണ് യുഎസിലെ മുൻനിര മാധ്യമങ്ങളിലൊന്നായ 'ദ് ന്യൂയോർക്ക് ടൈംസ്' വിലയിരുത്തുന്നത്.1980 മുതൽ തന്നെ ആന്റിഫയ്ക്ക് യുഎസിൽ സാന്നിധ്യമുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. എന്നാൽ 2016 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിയായ ട്രംപിന്റെ രംഗപ്രവേശത്തോടെയാണ് പ്രത്യക്ഷമായ സമരപരിപാടികളിലൂടെ ആന്റിഫ വാർത്തകളിൽ ഇടം നേടുന്നത്. ട്രംപിന്റെ അതിതീവ്ര ദേശീയവാദം, വംശീയത ഉൾപ്പെടുന്ന പരാമർശങ്ങൾ തുടങ്ങിയവയ്ക്കെതിരെ സമൂഹമാധ്യമങ്ങളിലും മറ്റും നിറയുന്ന എതിർപ്പുകൾ ഏകോപിപ്പിക്കുന്നതിലും ആന്റിഫയുടെ കരങ്ങളുണ്ടാകാമെന്നാണ് റിപ്പബ്ലിക്കൻ പക്ഷം കുറ്റപ്പെടുത്തുന്നത്.

വർണവെറിയന്മാരുടെ പേടിസ്വപ്നം

കറുത്ത വസ്ത്രമണിഞ്ഞ് മുഖാവരണം ധരിച്ചെത്തുന്ന രീതിയാണ് ആന്റിഫ അണികളുടെ പ്രത്യേകത. ഇടതുനിലപാടുറപ്പിക്കുന്ന പ്രതിഷേധങ്ങൾക്കൊപ്പം മുതലാളിത്ത വിരുദ്ധ നിലപാടും ഈ കൂട്ടായ്മയുടെ മുഖമുദ്രയാണ്. എൽജിബിടിക്യു എന്നറിയപ്പെടുന്ന വിവിധ സ്വവർഗ സമൂഹങ്ങളുടെയും മറ്റും അവകാശസമരങ്ങൾ ഏറ്റെടുത്തു മുന്നോട്ടുപോകുന്ന രീതിയാണ് ആന്റിഫയുടേത്. മറ്റു സംഘടനകളുടെ പ്രതിഷേധങ്ങളിൽ നിന്ന് ഇവരെ വ്യത്യസ്തമാക്കുന്നതാകട്ടെ കലാപത്തിലേക്കു വഴിതുറക്കുന്ന പ്രകടനങ്ങളും

വിശാലനിലപാടു പറയുന്ന രാഷ്ട്രീയക്കാർ പക്ഷേ പ്രവൃത്തിപഥത്തിൽ ആ ക്രിയാത്മകത കാട്ടാറില്ലെന്ന വിമർശനമാണ് പല വേദികളിലും ആന്റിഫ ഉന്നയിക്കുന്നത്. ഈ കൂട്ടായ്മയ്ക്കെതിരെ നിലപാടുറപ്പിക്കുന്നവരെ കായികമായി നേരിടാനും അണികൾ മടിക്കാറില്ല. എന്നാൽ ഒരു വിഭാഗം സമാധാനപരമായും പ്രതിഷേധങ്ങൾ നടപ്പാക്കുന്നു. ചുരുക്കത്തിൽ മുഖമെന്തെന്നറിയാത്ത, നേതാക്കളെ കൃത്യമായി ഉയർത്തിക്കാട്ടാത്ത എന്നാൽ സ്വയം ഏകോപനത്തോടെ പ്രവർത്തിക്കുന്ന രീതിയാണ് ഈ സംഘത്തിനുള്ളത്. തീവ്ര വലതുപക്ഷ അനുകൂല വെബ്സൈറ്റുകളെ തകർക്കുന്നതു ലക്ഷ്യമിടുന്ന സംഘങ്ങളും ഇതിന്റെ ഭാഗമാകുന്നു.

2017 ൽ വെർജീനിയയിൽ തീവ്ര വലതുപക്ഷ നിലപാടുകാരുടെ പ്രകടനങ്ങൾക്കു നേരെ നടത്തിയ കലാപങ്ങളിലൂടെയാണ് ആന്റിഫ അടുത്തിടെ ശക്തമായ സാന്നിധ്യം വെളിപ്പെടുത്തിയത്. അതേവർഷം തന്നെ ബെർക്കിലെയിലെ സർവകലാശാലയിൽ യാഥാസ്ഥിതിക നേതാവ് പങ്കെടുത്ത യോഗം അലങ്കോലപ്പെടുത്തിയും സംഘം ശ്രദ്ധനേടി. 2016 ൽ വലതുപക്ഷ നേതാവിനെ ക്യാമറകൾക്കു മുന്നിൽ മർദിച്ചതിലൂടെയാണ് ഈ സംഘം ശ്രദ്ധ പിടിച്ചുപറ്റിയതെന്നാണ് 'ദ് ന്യൂയോർക്ക് ടൈംസ്' വിവരിക്കുന്നത്.

2019 ജൂണിൽ യുഎസിലെ തീവ്ര വലതുപക്ഷ സംഘടനയായ പ്രൗഡ് ബോയ്സ് അംഗങ്ങൾക്കെതിരെ ഒറിഗണിലെ പോർട്‌ലാൻഡിലുണ്ടായ സംഘർഷത്തിനു പിന്നിലും ആന്റിഫയുടെ കരങ്ങളാണ് ആരോപിക്കപ്പെട്ടത്. യുഎസിൽ 'ഫാഷിസ'മെന്നു വിലയിരുത്തപ്പെടുന്ന നീക്കങ്ങൾ തടയാനുള്ള മുന്നേറ്റങ്ങൾക്ക് കലാപം ഉൾപ്പെടുന്ന ആന്റിഫ രീതി തടസ്സമാകുന്നതായാണ് ഇത്തരം കൂട്ടായ്മകൾക്കു നേതൃത്വം നൽകുന്ന മറ്റു സംഘടനകളുടെ വിമർശനം.

1964 ൽ തുല്യാവകാശം വ്യക്തമാക്കുന്ന, ചരിത്രപ്രസിദ്ധമായ സിവിൽ റൈറ്റ്സ് ആക്ട് നടപ്പാക്കാനായത് അഹിംസാ തത്വത്തിലൂന്നിയ സമാധാനപരമായ പ്രതിഷേധങ്ങളിലൂടെയായിരുന്നു എന്നത് മറക്കരുതെന്നാണ് ആന്റിഫയ്ക്കെതിരെ ഇവർ ഉയർത്തിക്കാട്ടുന്നത്.വ്യക്തമായ രൂപമോ ഭാവമോ പ്രതിഷേധ രീതികളോ ഇല്ലാത്തതാണ് നിഗൂഢ പരിവേഷം ആന്റിഫയ്ക്കു നൽകുന്നത്. വ്യത്യസ്തമായ കാര്യങ്ങൾ വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്തമായ രീതിയിൽ ഇവർ നടപ്പാക്കുന്നു.

നിയമലംഘന നിലപാടുകൾ ഇവർ പിന്തുടരുന്നതായി തെളിവുണ്ട്. എന്നാൽ മറ്റു പല സമയങ്ങളിൽ അതില്ലതാനും റട്ജേഴ്സ് സർവകലാശാലയിലെ ചരിത്രകാരനും 'ആന്റഫ: ദി ആന്റിഫാഷിസ്റ്റ് ഹാൻഡ്ബുക്ക്' എന്ന ഗ്രന്ഥത്തിന്റെ രചയിതാവുമായ മാർക് ബ്രേ പറയുന്നു.

എല്ലാം സമൂഹമാധ്യമങ്ങൾ വഴി

സമൂഹമാധ്യമങ്ങളിലെ ശക്തമായ സാന്നിധ്യമാണ് പരമ്പരാഗത സംഘടനാ രൂപങ്ങളിൽ നിന്ന് ഭിന്നമായി ദേശവ്യാപകമായ പ്രതിഷേധതീയ്ക്ക് അതിവേഗം എണ്ണപകരാൻ ആന്റിഫയെ സഹായിക്കുന്നതെന്നാണ് വിലയിരുത്തൽ. ജോർജ് ഫ്ലോയ്ഡിന്റെ മരണത്തിനു പിന്നാലെ യുഎസ് ഭരണകൂടത്തിനും പൊലീസിനുമെതിരെ അതിവേഗമാണ് സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം നിറഞ്ഞത്. തൊട്ടുപിന്നാലെ നഗരനിരത്തുകളിൽ അരങ്ങേറിയ കലാപങ്ങൾക്കു ആക്കം കൂട്ടിയത് ആന്റിഫ അനുകൂലികളുടെ സാന്നിധ്യമെന്നാണ് വിമർശകർ പറയുന്നത്.

അതേസമയം, ഫ്ലോയിഡ് കൊല്ലപ്പെട്ടതോടെ രാജ്യവ്യാപകമായി ഉയർന്ന പ്രതിഷേധജ്വാലയ്ക്ക് ബദലായി അതിതീവ്ര നിലപാടുള്ള വെളുത്ത നിറക്കാരുടെ സംഘടനകളും സമൂഹമാധ്യമങ്ങളിൽ വെറുപ്പിന്റെ കുറിപ്പുകളുമായി നിറഞ്ഞിരുന്നു. സായുധമായി തന്നെ തെരുവിലെ പ്രതിഷേധങ്ങളെ നേരിടാനാകണമെന്ന സന്ദേശം ഉറപ്പിക്കുന്ന ഇത്തരം പോസ്റ്റുകളും ആന്റിഫ അനുകൂല പോസ്റ്റുകൾ എന്നു കരുതുന്നവയ്ക്കൊപ്പം കഴിഞ്ഞ ദിവസം ഫേസ്‌ബുക് അധികൃതർ ഇടപെട്ട് നീക്കം ചെയ്തു. ഇതിൽ പലതും തീവ്രനിലപാടുള്ള വെളുത്ത നിറക്കാരുടെ 'പ്രൗഡ് ബോയ്സ്' എന്ന സംഘത്തിലെ അംഗങ്ങളുടേതോ അനുകൂലികളുടേതോ ആയിരുന്നു.

എല്ലാവരും ട്രംപിനെതിരെ

ഈ പ്രതിഷേധം ഇത്രയധികം കത്തിയാളുന്നതിന് ഇടയാക്കിയ അവസാനത്തെ, എന്നാൽ ഒട്ടും അപ്രധാനമല്ലാത്ത കാരണം പ്രസിഡണ്ട് തെരഞ്ഞെടുപ്പ് അടുത്തു വരുന്നു എന്നതാണ്. ട്രംപിന്റെ എതിരാളികൾ ഇത് പരമാവധി മുതലെടുക്കുന്നു. ഇന്നലെ ഫ്‌ളോയ്ഡിന്റെ ശവസംസ്‌കാര വേളയിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബിഡന്റെ വീഡിയോ സന്ദേശം കാണിച്ചിരുന്നു എന്നതിനെ ഇതുമായി കൂട്ടിവായിക്കുക. പൊതുവേ ഒരല്പം വംശീയ വെറി ഉള്ളയാൾ എന്നതാണ് ട്രംപിന്റെ പ്രതിച്ഛായ. അത് കൂടുതൽ വ്യക്തമാക്കുവാൻ ഈ സംഭവത്തോടെ അദ്ദേഹത്തിന്റെ എതിരാളികൾക്ക് കഴിഞ്ഞു. ജനങ്ങളുടെ രോഷം ശമിപ്പിക്കാനുള്ള നടപടികളേക്കാൾ ഏറെ ട്രംപ് ശ്രദ്ധിച്ചത് ഈ പ്രക്ഷോഭത്തെ അടിച്ചമർത്താനായിരുന്നു. സൈന്യത്തെ ഇറക്കുമെന്ന് വരെ അദ്ദേഹം പറഞ്ഞു. ഇതും പ്രക്ഷോഭത്തിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കാൻ ഇടയാക്കി.

എന്നാൽ ഇത്തരം സംഘടനകളെ നിരോധിക്കാനാണ് ട്രംപ് നീക്കം നടത്തുന്നത്. പക്ഷേ കൃത്യമായ സംഘടനാരൂപമില്ലാത്തതിനാൽ ഭരണകൂടം ഏർപ്പെടുത്തിയേക്കാവുന്ന നിരോധനവും മറ്റും ആന്റിഫ അടക്കമുള്ള സംഘടനകൾക്കെതിരെ വിലപ്പോവില്ലെന്നാണ് വിലയിരുത്തൽ. വർണവെറി ഇപ്പോഴും മറഞ്ഞും തെളിഞ്ഞും നിലനിൽക്കുന്ന രാജ്യത്ത് വെളുത്ത നിറക്കാരുടെ തീവ്രസംഘടനകളെ പ്രതിരോധിക്കുന്ന നിലപാടുറപ്പിക്കുന്ന ആന്റിഫയെ നിരോധിക്കുകയോ തീവ്രസംഘടനാ പട്ടികയിൽ ഉൾപ്പെടുത്തുകയോ ചെയ്താൽ കറുത്ത നിറക്കാർക്കെതിരായ നീക്കമായി കൂടി അത് വിലയിരുത്തപ്പെടുമെന്നാണ് സൂചന.

തനിക്കെതിരെ രാജ്യത്തുയരുന്ന എതുചെറുനീക്കവും ഇടതുചായവ് ഉണ്ടെന്ന് വിമർശകർ ആരോപിക്കുന്ന ആന്റിഫയുടെ നീക്കമായാണ് ട്രംപ് കരുതുന്നതെന്ന വിലയിരുത്തലുമുണ്ട്. പ്രസിഡന്റിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുന്ന എതൊരു കൂട്ടത്തെയും ആന്റിഫയെന്നു പേരുവിളിക്കുന്ന സ്ഥിതിയുണ്ടെന്നും ട്രംപ് അനുകൂലികൾ തന്നെ അടക്കം പറയുന്നു. ആന്റിഫയ്ക്കെതിരെ പ്രസിഡന്റ് നടത്തുന്ന പ്രസ്താവനകൾ അദ്ദേഹത്തിന്റെ അനുകൂലികളിൽ ആന്റിഫ വിരുദ്ധ നിലപാടിലൂടെ എകോപനത്തിന് ഇടയാക്കുന്നതായും വിലയിരുത്തപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP