Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നോർത്തേൺ അയർലൻഡിൽ മൂന്നാം ദിവസവും മരണം ഇല്ലാതിരിക്കവെ യു കെയിൽ ആകെ ഇന്നലെ റിപ്പോർട്ട് ചെയ്തത് 286 മരണങ്ങൾ; ആകെ 51,086 മരണമെന്ന് ഓഫീസ് ഫൊർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ്; ബ്രിട്ടണിൽ മൃഗശാലകളും ഡ്രൈവ് ഇൻ തീയറ്ററുകളും തുറക്കുന്നു

നോർത്തേൺ അയർലൻഡിൽ മൂന്നാം ദിവസവും മരണം ഇല്ലാതിരിക്കവെ യു കെയിൽ ആകെ ഇന്നലെ റിപ്പോർട്ട് ചെയ്തത് 286 മരണങ്ങൾ; ആകെ 51,086 മരണമെന്ന് ഓഫീസ് ഫൊർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ്; ബ്രിട്ടണിൽ മൃഗശാലകളും ഡ്രൈവ് ഇൻ തീയറ്ററുകളും തുറക്കുന്നു

സ്വന്തം ലേഖകൻ

പ്രതിദിന മരണനിരക്കിൽ ഇന്നലെ ഉണ്ടായ കുതിച്ചുകയറ്റം ബ്രിട്ടനെ ആശങ്കയിലാഴ്‌ത്തുമ്പോഴും തുടർച്ചയായ മൂന്നാം ദിവസവും അയർലൻഡിൽ മരണങ്ങൾ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല എന്നത് ഒരു ആശ്വാസമായി. ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം ഇന്നലെ മരിച്ചവരിൽ 277 പേർ ഇംഗ്ലണ്ടിൽ നിന്നാണ്. അതേ സമയം ഇന്നലെ പുറത്തുവിട്ട മറ്റൊരു സ്ഥിതിവിവരക്കണക്ക് പറയുന്നത് ബ്രിട്ടനിൽ ഇന്നലെ വരെ കുറഞ്ഞത് 51,000 പേരെങ്കിലും കോവിഡ് ബാധിച്ച് മരണമടഞ്ഞിട്ടുണ്ട് എന്നാണ്. എന്നാൽ മറ്റൊരു റിപ്പോർട്ടിൽ പറയുന്നത് രോഗവ്യാപനം ആരംഭിച്ചതുമുതൽ ഇന്നലെ വരെ ബ്രിട്ടനിൽ 64,000 പേർ മരിച്ചിട്ടുണ്ടെന്നാണ്.

ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം കഴിഞ്ഞ ചൊവ്വാഴ്‌ച്ച രേഖപ്പെടുത്തിയത് 324 മരണങ്ങളായിരുന്നു. ഇന്നലെ 55 മരണങ്ങൾ രേഖപ്പെടുത്തുകയുണ്ടായി. ലോക്ക്ഡൗൺ പ്രഖ്യാപിച്ച മാർച്ച് 23 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന മരണസംഖ്യയാണിത്. ഇന്നലേയും ലണ്ടനിലെ ആശുപത്രികളിൽ കോവിഡ് മരണങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതുപോലെ മറ്റൊരു കണക്ക് പ്രകാരം എൻ എച്ച് എസ് ജീവനക്കാർക്കുള്ള ആന്റിബോഡി പരിശോധന ഉൾപ്പടെ ഇന്നലെ 1,02,930 പരിശോധനകളാണ് നടത്തിയിട്ടുള്ളത്.

ഇന്നലെ 1,387 പേർക്കാണ് ഔദ്യോഗിക രേഖകൾ പ്രകാരം പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ബ്രിട്ടനിലെ മൊത്തം കൊറോണ ബാധിതരുടെ എണ്ണം 2.9 ലക്ഷത്തിലേക്ക് അടുക്കുന്നുണ്ട്. എന്നാൽ യഥാർത്ഥ കണക്ക് പ്രകാരം ഇത് ദശലക്ഷങ്ങൾ വരുമെന്നാണ് പറയപ്പെടുന്നത്. ഇന്നലെ എൻ എച്ച് എസ് ഇംഗ്ലണ്ടിന്റെ വിവിധ ആശുപത്രികളിലായി 129 മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. വെയിൽസിൽ ഒമ്പത് മരണങ്ങളും സ്‌കോട്ട്ലൻഡിൽ ഏഴ് മരണങ്ങളും സ്ഥിരീകരിച്ചു. അയർലൻഡിൽ തുടർച്ചയായ മൂന്നാം ദിവസവും മരണങ്ങൾ രേഖപ്പെടുത്തിയിട്ടില്ല.

ഇതിനിടയിൽ ജൂൺ 15 മുതൽ മൃഗശാലകൾ, സഫാരി പാർക്കുകൾ, ഡ്രൈവ് ഇൻ സിനിമകൾ എന്നിവ തുറന്നു പ്രവർത്തിക്കുമെന്ന് ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു. ലോക്ക്ഡൗണിൽ പ്രഖ്യാപിക്കുന്ന ഏറ്റവും പുതിയ ഇളവാണിത്. കൂടുതൽ ഇളവുകൾ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നറിയുന്നു. മുൻപെങ്ങുമില്ലാത്ത കഠിനമായ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നതെന്ന വിവിധ മൃഗശാലകളുടെ അധികൃതരുടെ അറിയിപ്പിനെ തുടർന്നാണ് ജൂൺ 15 മുതൽ തുറന്ന് പ്രവർത്തിക്കുവാനുള്ള അനുമതി നൽകിയിരിക്കുന്നത്. എന്നാൽ, സന്ദർശകർ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പ് വരുത്തണം.

അതുപോലെ ആളുകൾ അവരവരുടെ കാറുകളിൽ തന്നെ ഒതുങ്ങിക്കൂടുന്ന പുറംവാതിൽ വിനോദകേന്ദ്രങ്ങളായ സഫാരി പാർക്ക്, ഡ്രൈവ് ഇൻ സിനിമകൾ എന്നിവയും തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. സന്ദർശകർ അവരുടെ വാഹനങ്ങളിൽ തന്നെ ഇരിക്കുമെന്നതിനാൽ രോഗവ്യാപനത്തിനുള്ള സാദ്ധ്യത കുറവാണ് എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെടുത്തത്. എന്നാൽ, സ്‌കൂളുകൾ അടഞ്ഞുതന്നെ കിടക്കും.

കൊറോണ വ്യാപനം തടയുന്നതിൽ പൗരന്മാർ ധാരാളം ത്യാഗങ്ങൾ സഹിക്കുന്നുണ്ടെന്നും അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും പറഞ്ഞ അധികൃതർ, സുരക്ഷയോടെ കൂടുതൽ വിനോദോപാധികൾ ജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അടച്ചിട്ട മൃഗശാലകൾ എത്രയും പെട്ടെന്ന് തുറക്കണമെന്നാവശ്യപ്പെട്ടവരുടെ കൂട്ടത്തിൽ ബോറിസ് ജോൺസൺന്റെ പിതാവ് സ്റ്റാൻലി ജോൺസണും ഉണ്ടായിരുന്നു. മൃഗശാലകൾ തുറക്കുമെങ്കിലും, അവയിലെ ഇൻഡോർ എക്സിബിഷനുകളായ റെപ്റ്റൈൽ ഹൗസ് മുതലായവ ഉടനെ തുറക്കാനിടയില്ല. അതുപോലെ അക്വേറിയവും തുറക്കുകയില്ല.

ബ്രിട്ടനിലെ പല മൃഗശാലകളുടെയും നിലനിൽപ്പ് വിനോദ സഞ്ചാരികളെ ആശ്രയിച്ചാണ്. ഇത്തരത്തിലുള്ള മൃഗശാലകൾ ലോക്ക്ഡൗൺ കാലത്ത് വളരെ കഷ്ടതയനുഭവിക്കുകയായിരുന്നു. ഈ പുതിയ തീരുമാനം അവർക്ക് ആശ്വാസമേകും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും കാര്യങ്ങൾ ഉടനെയൊന്നും സാധാരണരീതിയിലേക്ക് വരുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നാണ് പല മൃഗശാലകളുടെയും അധികൃതർ വിലയിരുത്തുന്നത്. കൊറോണ ഭീതി വലിയൊരു വിഭാഗം ജനങ്ങളെ പൊതുസ്ഥലങ്ങളിൽ നിന്നും അകറ്റുവാൻ സാദ്ധ്യതയുണ്ട്. അതുകൊണ്ട് കുറേക്കാലത്തേക്ക് കൂടി സർക്കാരിന്റെ സഹായം ആവശ്യമായി വരുമെന്നും അവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP