Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അടിമക്കച്ചവടത്തിനും വംശീയതക്കും കൂട്ടു നിന്ന ബ്രിട്ടീഷ് ചരിത്ര പുരുഷന്മാരുടെ പ്രതിമകൾക്ക് നേരെ ആക്രമണം; 60 ഓളം പ്രതിമകൾ തകർക്കാൻ പ്രക്ഷോഭകാരികൾ ലിസ്റ്റുണ്ടാക്കിയപ്പോൾ പലതും നേരത്തേ നീക്കം ചെയ്ത് ലോക്കൽ കൗൺസിലുകൾ

അടിമക്കച്ചവടത്തിനും വംശീയതക്കും കൂട്ടു നിന്ന ബ്രിട്ടീഷ് ചരിത്ര പുരുഷന്മാരുടെ പ്രതിമകൾക്ക് നേരെ ആക്രമണം; 60 ഓളം പ്രതിമകൾ തകർക്കാൻ പ്രക്ഷോഭകാരികൾ ലിസ്റ്റുണ്ടാക്കിയപ്പോൾ പലതും നേരത്തേ നീക്കം ചെയ്ത് ലോക്കൽ കൗൺസിലുകൾ

സ്വന്തം ലേഖകൻ

കോളനിവത്ക്കരണവും അടിമവ്യവസ്ഥിതിയുമെല്ലാം ഇന്നും ചില ബ്രിട്ടീഷുകാരെങ്കിലും അഭിമാനത്തോടെ ഓർക്കുന്ന ഒരു ഭൂതകാലമാണെന്നതിന് തെളിവായി ഇപ്പൊഴും രാജ്യത്തിന്റെ പലഭാഗങ്ങളിലായി കഴിഞ്ഞ നൂറ്റാണ്ടുകളിലെ പ്രമുഖ അടിമക്കച്ചവടക്കാരുടേയും മറ്റും പ്രതിമകൾ കാണാം. മറ്റെന്തൊക്കെ മഹത്കാര്യം ചെയ്തെന്നു പറഞ്ഞാലും പച്ച മനുഷ്യരെ ചങ്ങലക്കിട്ട് പൂട്ടി വഴിയോരകമ്പോളങ്ങളിൽ വില്പനക്ക് വെച്ചവരെ ആദരിക്കാൻ ഇന്നത്തെ സംസ്‌കാരമുള്ള സമൂഹത്തിനാകില്ല. കറുത്തവന്റെ ആത്മാഭിമാനത്തെ തന്നെ ചോദ്യം ചെയ്യുകയായിരുന്നു വഴിനീളെ ഇത്തരക്കാരുടെ പ്രതിമകൾ സ്ഥാപിച്ചിച്ച്.

ജോർജ്ജ് ഫ്ളോയിഡിന്റെ ദയനീയാന്ത്യം ലോകത്തെ കറുത്തവന്റെ ഉയർന്നെഴുന്നേല്പിനുള്ള കാഹളം മുഴക്കിയപ്പോൾ, ആ കൊടുങ്കാറ്റിൽ തകരുകയാണ് വെള്ളക്കാരന്റെ, താൻ ലോകം ഭരിക്കാൻ പിറന്നവൻ എന്ന മിഥ്യാബോധത്തിന്റെ പ്രതീകങ്ങളായ ഈ പ്രതിമകളും. താൻ നിർമ്മിച്ച ഡോക്കിൽ സ്ഥാപിച്ചിരുന്ന 18-)0 നൂറ്റാണ്ടിലെ ഒരു അടിമക്കച്ചവടക്കാരന്റെ പ്രതിമ ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധക്കാരുടെ സമ്മർദ്ദത്തിന് വഴങ്ങി തദ്ദേശ ഭരണകൂടത്തിന് നീക്കം ചെയ്യേണ്ടി വന്നു.

ഇത് കേവലം ഒരു ഒറ്റപ്പെട്ട സംഭവമല്ല, രാജ്യത്തിന്റെ പലഭാഗങ്ങളിലും ഇത്തരത്തിലുള്ള പ്രതിമകൾ നീക്കിക്കൊണ്ടിരിക്കുകയാണ്. മില്ലിഗണിന്റെതുൾപ്പടെ ഏകദേശം 60 പ്രതിമകൾ തകർക്കാനാണ് പ്രതിഷേധക്കാർ പരിപാടി തയ്യാറാക്കിയിട്ടുള്ളത്. ആയിരക്കണക്കിന് പ്രതിഷേധക്കാരുടെ കൂക്കുവിളികൾക്കിടയിലൂടെയാണ് റോബർട്ട് മിലിഗ്ഗനിന്റെ പ്രതിമ, ലണ്ടൻ ഡോക്ക്ലാൻഡിലെ വെസ്റ്റ് ഇന്ത്യ ക്വേയിൽ നിന്നും നീക്കം ചെയ്തത്. സ്‌കോട്ടിഷ് കച്ചവടക്കാരനായ ഇദ്ദേഹത്തിന്റെ ജമൈക്കൻ കരിമ്പ് തോട്ടത്തിൽ മാത്രം 526 അടിമൾ ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. മ്യുസിയം ഓഫ് ലണ്ടന്റെയും ലണ്ടൻ ബോറോ ഒഫ് ടവർ ഹാംലറ്റ്സിന്റെയും സഹായത്തോടെയാണ് കനാൽ ആൻഡ് റിവർ ട്രസ്റ്റ് ഈ വെങ്കല പ്രതിമ നീക്കം ചെയ്തത്.

അമേരിക്കയിൽ ജോർജ്ജ് ഫ്ളോയ്ഡ് എന്ന കറുത്തവർഗ്ഗക്കാരൻ നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടതിനെതുടർന്ന് ലോകമാകെ ഇരമ്പുന്ന പ്രതിഷേധത്തിന്റെ ഭാഗമായി, ഇത്തരത്തിൽ കോളനിവത്ക്കരണത്തിലും അടിമക്കച്ചവടത്തിലും പങ്കുള്ളവരെ മഹത്വവത്ക്കരിക്കുന്ന രീതി മാറ്റണം എന്ന ആവശ്യം പല കോണിൽ നിന്നായി ഉയർന്നിരുന്നു. കഴിഞ്ഞ ഞായറാഴ്‌ച്ച ഇത്തരത്തിലുള്ള മറ്റൊരു അടിമക്കച്ചവടക്കാരനായ എഡ്വേർഡ് കോൾസ്റ്റണിന്റെ പ്രതിമ പ്രതിഷേധക്കാർ തകർത്തിരുന്നു. വംശീയവെറിക്കെതിരെ ശബ്ദമുയർത്തുന്ന പലരും ഇതിനെ സ്വാഗതം ചെയ്തുവെങ്കിലും, ജനാധിപത്യവിരുദ്ധമായ നടപടി എന്നായിരുന്നു ചില രാഷ്ട്രീയ നേതാക്കൾ ഇതിനെ വിശേഷിപ്പിച്ചത്.

ഇതിനിടയിൽ കൊളോണിയലിസ്റ്റായ സെസിൽ റോഡ്സിന്റെ പ്രതിമ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഓക്സ്ഫോർഡിൽ ആയിരങ്ങൾ പ്രകടനം നടത്തി. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ഓറിയൽ കോളേജുമായി ബന്ധപ്പെട്ട് അദ്ദേഹം നൽകിയ സംഭാവനകളെ മാനിച്ചായിരുന്നു അവിടെ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിച്ചിരുന്നത്. ഇത്തരത്തിൽ ആയിരക്കണക്കിന് ആളുകളുടെ പ്രതിഷേധത്തിനൊടുവിലാണ് കനാൽ ആൻഡ് റിവർ ട്രസ്റ്റ് മില്ലിഗണീന്റെ പ്രതിമ നീക്കം ചെയ്തത്. സമത്വത്തിനു വേണ്ടി നിലകൊള്ളുകയും വൈവിധ്യത്തെ അംഗീകരിക്കുകയുമാണ് ട്രസ്റ്റിന്റെ നയം എന്നതിനാലാണ് ഇത് നീക്കം ചെയ്യുന്നതെന്നും ട്രസ്റ്റ് വൃത്തങ്ങൾ അറിയിച്ചു.

എന്നാൽ, നമ്മുടെ നഗരത്തിന്റെ സമ്പത്തിന്റെ ഭൂരിഭാഗവും അടിമക്കച്ചവടത്തിലൂടെ നേടിയതാണെന്നത് ഒരു സത്യമാണെങ്കിലും അത് പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കാനുള്ളതല്ല എന്നായിരുന്നു ഇതിനെക്കുറിച്ച് മേയർ സാദിഖ് ഖാൻ അഭിപ്രായപ്പെട്ടത്. അതേ സമയം കാർഡിഫ് കൗൺസിൽ നേതാവ് ഹുവ് തോമസ്, സർ തോമസ് പിക്ടണിന്റെ പ്രതിമ നീക്കം ചെയ്യുന്നതിനെ പിന്തുണച്ച് മുന്നോട്ട് വന്നു. ട്രിനിഡാഡിലെ മുൻ ഗവർണറായിരുന്ന പിക്ടൺ മുൻ സൈനികോദ്യോഗസ്ഥനും അറിയപ്പെടുന്ന ഒരു അടിമക്കച്ചവടക്കാരനുമായിരുന്നു.അതുപോലെ അടിമത്തം ഇല്ലാതെയാക്കുന്നത് വൈകിപ്പിച്ച ഹെന്റ്രി ഡൻഡാീന്റെ പ്രതിമയും നീക്കം ചെയ്തു.

മറ്റൊരു അടിമക്കച്ചവടക്കാരനായ സർ ജോൺ ഹോക്കിൻസിന്റെ പേരിൽ നാമകരണം ചെയ്ത ചത്വരത്തിന്റെ പേര് മാറ്റാൻ പ്ലിമത്ത് കൗൺസിൽ തീരുമാനിച്ചു. അതുപോലെ വില്യം ഗ്ലാഡ്സ്റ്റോണിന്റെ പേരിലുണ്ടായിരുന്ന ഹോളിന്റെ പേരുമാറ്റാൻ യൂണിവേഴ്സിറ്റി ഓഫ് ലിവർപൂളും തീരുമാനിച്ചിട്ടുണ്ട്. വെസ്റ്റ് ഇൻഡീസിലെ ഏറ്റവും വലിയ അടിമ മുതലാളിയായിരുന്നു ഗ്ലാഡ്സ്റ്റോൺ. അടിമത്തം നിരോധിക്കുന്ന കാലത്ത് 2500 ൽ അടിമകളായിരുന്നു ഇദ്ദേഹത്തിന് സ്വന്തമായി ഉണ്ടായിരുന്നത്.

ഇതിനിടയിൽ ഇന്നലെ അമേരിക്കയിൽ നടന്ന ജോർജ്ജ് ഫ്ളോയ്ഡിന്റെ ശവസംസ്‌കാര ചടങ്ങും വംശീയ വെറിക്കെതിരായുള്ള സമരപ്രഖ്യാപനമായി മാറി. സിനിമാ താരങ്ങൾ അടക്കം നിരവധി പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ അമേരിക്കൻ പ്രസിഡണ്ട് ട്രംപിനെതിരെ അതിനിശിതമായ വിമർശനങ്ങളാണുയർന്നത്. കറുത്തവന്റെ ഉയർത്തെഴുന്നേല്പും വർണ്ണവിവേചനത്തിന്റെ അന്ത്യവും കുറിക്കാനുള്ള നിമിത്തമായി മാറുകയായിരുന്നു ഒരു വംശവെറിയന്റെ കാൽമുട്ടിനിടയിൽ ശ്വാസം മുട്ടിമരിച്ച ഫ്ളോയ്ഡിന്റെ മരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP