Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്കൂൾ സിലബസും അധ്യയന സമയവും വെട്ടിക്കുറക്കും; അമ്പത് ശതമാനം വരെ സിലബസ് വെട്ടിച്ചുരുക്കാനും അധ്യയന ദിവസങ്ങൾ 220 ദിവസത്തിൽ നിന്ന് 100 ആയി കുറയ്ക്കാനും ആലോചന; കേന്ദ്ര നീക്കം രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും അഭ്യർഥന പരി​ഗണിച്ചെന്ന് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാൽ

സ്കൂൾ സിലബസും അധ്യയന സമയവും വെട്ടിക്കുറക്കും; അമ്പത് ശതമാനം വരെ സിലബസ് വെട്ടിച്ചുരുക്കാനും അധ്യയന ദിവസങ്ങൾ 220 ദിവസത്തിൽ നിന്ന് 100 ആയി കുറയ്ക്കാനും ആലോചന; കേന്ദ്ര നീക്കം രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും അഭ്യർഥന പരി​ഗണിച്ചെന്ന് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സ്കൂൾ സിലബസും അധ്യയന സമയവും വെട്ടിക്കുറയ്ക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ വിദ്യാഭ്യാസ മേഖലയിൽ കാലാനൃസൃത മാറ്റം കൊണ്ടുവരാൻ ഒരുങ്ങുന്നത്. നിലവിലെ സാഹചര്യവും രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും അഭ്യർഥനകളും പരിഗണിച്ചാണു നീക്കമെന്ന് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാൽ പറഞ്ഞു.

സ്‌കൂളുകളിലെ അധ്യയന ദിവസങ്ങൾ 220 ദിവസത്തിൽ നിന്ന് 100 ആയി വെട്ടിച്ചുരുക്കാനുള്ള നിർദ്ദേശം മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. ഓരോ അക്കാദമിക് വർഷത്തിലും 1320 മണിക്കൂർ സ്‌കൂളുകളിൽ തന്നെ അധ്യയനം നടത്തണമെന്ന വ്യവസ്ഥയിലും മാറ്റം വരുത്തും. മുപ്പത് ശതമാനം മുതൽ അമ്പത് ശതമാനം വരെ സിലബസ് വെട്ടിച്ചുരുക്കാനാണ് ആലോചന. ലോക്ക് ഡൗണിനെ തുടർന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി സ്‌കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. ഓഗസ്റ്റ് 15ന് ശേഷം മാത്രമേ സ്‌കൂളുകൾ തുറക്കുന്നതിനെ കുറിച്ച് ആലോചിക്കുകയുള്ളുവെന്ന് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് അധ്യയന സമയം കുറയ്ക്കുന്ന കാര്യം മാനവ വിഭവശേഷി വകുപ്പ് മന്ത്രി അറിയിച്ചത്. മന്ത്രിയുടെയും മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെയും സമൂഹമാധ്യമ അക്കൗണ്ടുകളിലേക്ക് ഇക്കാര്യത്തിൽ നിർദ്ദേശങ്ങൾ അറിയിക്കാമെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് ലോക്ഡൗൺ കാരണം മാസങ്ങളോളം ക്ലാസുകൾ നിർത്തിവച്ചിരുന്നു. ഇതിനു പിന്നാലെയാണു വരുന്ന അക്കാദമിക് വർഷം (2020-21) ക്ലാസുകൾ വെട്ടിച്ചുരുക്കാനും ആലോചിക്കുന്നത്. ഇക്കാര്യത്തിൽ അദ്ധ്യാപകരോടും വിദ്യാഭ്യാസ വിദഗ്ധരോടും കേന്ദ്രം അഭിപ്രായം തേടി. കോവിഡ് പ്രതിസന്ധി മൂലം ഇനി എപ്പോൾ സ്കൂളുകൾ തുറക്കാൻ കഴിയുമെന്ന കാര്യത്തിൽ പ്രതിസന്ധി തുടരുകയാണ്.

വിഷയത്തിൽ സംസ്ഥാന സർക്കാരുകളുമായും വിദ്യാഭ്യാസ സെക്രട്ടറിമാരുമായും മന്ത്രാലയം ചർച്ചകൾ നടത്തിയിരുന്നു. ജൂലൈ പകുതിക്കു ശേഷമെങ്കിലും സ്കൂളുകൾ തുറക്കാൻ സാധിക്കുമെന്നാണ് ഇപ്പോൾ കരുതുന്നത്. രാജ്യത്തെ സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനത്തിന്റെ തോത് പല തലത്തിലാണുള്ളത്. ഇക്കാര്യം കൂടി പരിഗണിച്ചാൽ സ്കൂളുകൾ തുറക്കുന്നതു പലയിടങ്ങളിലും പിന്നെയും നീണ്ടേക്കാം. അതുകൊണ്ട് തന്നെ വിഷയത്തിൽ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരുകൾക്കും അവസരം നൽകും.

സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തി സംസ്ഥാനങ്ങൾക്കു തീരുമാനമെടുക്കാമെന്ന് കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗനിർദ്ദേശങ്ങൾ പൂർണമായി പാലിക്കണം.
ജൂലൈ പകുതി വരെ സ്കൂൾ തുറക്കരുതെന്നായിരുന്നു നേരത്തേയുള്ള നിർദ്ദേശം. പകുതിക്കു ശേഷം തുറക്കാൻ കഴിയുമോ എന്ന കാര്യത്തിൽ സംസ്ഥാനങ്ങളാണു തീരുമാനമെടുക്കേണ്ടത്. ഓരോ സംസ്ഥാനങ്ങളിലെയും സ്ഥിതി വ്യത്യസ്തമാണ്. സ്കൂൾ തുറക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ നടപടിക്രമങ്ങൾ അടുത്തയാഴ്ച പുറത്തിറക്കുമെന്നുമായിരുന്നു കേന്ദ്രം അറിയിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP