Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അടുത്ത തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ നയിക്കുന്നത് ഉമ്മൻ ചാണ്ടിയോ ചെന്നിത്തലയോ? മദ്ധ്യസ്ഥ സ്ഥാനാർത്ഥിയായി സുധീരനെ ഇറക്കാൻ ആന്റണിയുടെ നിർദ്ദേശം; തർക്കത്തിനൊടുവിൽ നറുക്കു വീഴുക ആന്റണിക്കെന്ന് സൂചന; കോൺഗ്രസിൽ മുഖ്യമന്ത്രി കസേരക്കായുള്ള കളികൾ പുതിയ തലത്തിൽ

അടുത്ത തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ നയിക്കുന്നത് ഉമ്മൻ ചാണ്ടിയോ ചെന്നിത്തലയോ? മദ്ധ്യസ്ഥ സ്ഥാനാർത്ഥിയായി സുധീരനെ ഇറക്കാൻ ആന്റണിയുടെ നിർദ്ദേശം; തർക്കത്തിനൊടുവിൽ നറുക്കു വീഴുക ആന്റണിക്കെന്ന് സൂചന; കോൺഗ്രസിൽ മുഖ്യമന്ത്രി കസേരക്കായുള്ള കളികൾ പുതിയ തലത്തിൽ

ബി രഘുരാജ്

തിരുവനന്തപുരം: അടുത്ത പൊതു തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ നയിക്കുന്നത് ആരായിരിക്കും? ഒരു വർഷം കൂടി അവശേഷിക്കവെ യുഡിഎഫ് ക്യാമ്പിൽ ചർച്ചകൾ സജീവമായി. ഉമ്മൻ ചാണ്ടിയെ പോലെ ഒരു ശക്തനായ നേതാവിനെ മാറ്റാൻ പറ്റിയ സാഹചര്യം ഇല്ലെന്ന് തുറന്ന് പ്രഖ്യാപിച്ചാണ് എ ഗ്രൂപ്പ് നീക്കം. എന്നാൽ അഴിമതി ആരോപണങ്ങളുടെ കൂറ്റൻ തിരമാല വിഴുങ്ങിയ സർക്കാരിനെ ഉമ്മൻ ചാണ്ടി നയിച്ചാൽ എങ്ങും എത്തില്ലെന്നും മികച്ച മന്ത്രിയെന്ന പേരുള്ള ചെന്നിത്തല തന്നെ നയിച്ചാലേ പച്ചതൊടൂ എന്നുമാണ് ഐ ഗ്രൂപ്പ് വാദം. കോൺഗ്രസ്സ് രാഷ്ട്രീയത്തിലെ അവസാന വാക്കായ എ. കെ ആന്റണിയുടെ നിലപാടാണ് നിർണ്ണായകം. ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും തമ്മിലുള്ള പോര് മുറുകുന്നതിനാൽ പകരം സുധീരനെ ഇറക്കി പരീക്ഷണം എന്ന വാദമാണ് ഒരു വിഭാഗം ഉയർത്തുന്നത്. ബാർ നിരോധനത്തിന്റെ ക്രെഡിറ്റ് സുധീരന് ഉള്ളതാണെന്ന് ഇവർ പറയുന്നു. ഈ വാദത്തോട് ആന്റണിക്കും യോജിപ്പുണ്ടെന്ന റിപ്പോർട്ടാണ് ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയെയും ഒരേ പോലെ പേടിപ്പിക്കുന്നത്.

തെരഞ്ഞെടുപ്പിന് മുൻപ് ഇടക്കാല മുഖ്യമന്ത്രി ആകാനുള്ള നീക്കങ്ങളുടെ പേരിൽ ലീഗും മാണിയും ഇടഞ്ഞു നിൽക്കുന്നതിനാൽ ചെന്നിത്തലയുടെ സാധ്യത മങ്ങുകയാണെന്നാണ് റിപ്പോർട്ട്. ലീഗിനെയും മാണിയെയും നിശബ്ദരാക്കിയ ശേഷം ഉമ്മൻ ചാണ്ടിയുമായി വിലപേശി അവസാന ആറ് മാസം മുഖ്യ മന്ത്രി ആകാൻ ചെന്നിത്തല തീവ്ര ശ്രമം നടത്തിയതായാണ് രാഷ്ട്രീയ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. വിജിലൻസിനെ അതിന് വേണ്ടി വേണ്ട വിധം ഉപയോഗിച്ചു എന്ന ആരോപണമാണ് ഉയർന്ന് കേൾക്കുന്നത്. മാണിയുടെ പേരിലുള്ള ബാർ കോഴ വിവാദത്തിന് ശേഷം കെ ബാബുവിലേക്ക് കുന്തമുന നീളുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ മാണിക്കെതിരെ ഫലിച്ച പോലെ ആ നീക്കം ബാബുവിനെതിരെ ഫലിക്കാതെ പോവുകയായിരുന്നു. ഈ സാഹചര്യത്തിൽ ഒരു കാരണവശാലും ചെന്നിത്തലയെ പിന്തുണയ്‌ക്കേണ്ട എന്ന കർക്കശ നിലപാടിൽ ആണ് ലീഗും മാണിയും ഇപ്പോഴും. മാണിക്കെതിരെ കേസ് മുറുകുന്നു എന്ന സൂചനകൾ സമ്മർദ്ദ തന്ത്രങ്ങളുടെ ഭാഗമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.

ചെന്നിത്തലയ്ക്കും ഉമ്മൻ ചാണ്ടിക്കും ഇടയിൽ സമവായ സ്ഥാനാനർത്ഥിയായി സുധീരനെ ഇറക്കിയ ശേഷം അവസാന നിമിഷം ഒത്തു തീർപ്പ് സ്ഥാനാർത്ഥിയായി രംഗത്ത് വരാൻ സാധിക്കുമെന്നാണ് ആന്റണിയുടെ കണക്ക് കൂട്ടൽ എന്നും റിപ്പോർട്ടുകൾ ഉണ്ട്. കോൺഗ്രസ്സ് ഭരണം കേന്ദ്രത്തിൽ തുടർന്നാൽ അടുത്ത രാഷ്ട്രപതിയായി പരിഗണിക്കേണ്ട രീതിയിൽ വളരാനായെങ്കിലും കോൺഗ്രസ്സിന്റെ തകർച്ച ഇനി ഡൽഹിയിൽ പണിയൊന്നും ഇല്ലാത്ത സാഹചര്യമാണ് ആന്റണിക്ക് സൃഷ്ടിച്ചിരിക്കുന്നത്. കുറഞ്ഞത് 15 വർഷത്തേക്ക് ഇനി ഡൽഹിയിലേക്ക് തിരിഞ്ഞ് നോക്കേണ്ട എന്നാണ് കോൺഗ്രസ്സ് നേതാക്കൾ തന്നെ കണക്കാക്കുന്നത്. ആ സാഹചര്യത്തിൽ കേരളത്തിലേക്ക് തിരിച്ചു വരിക മാത്രമാണ് ആന്റണിയുടെ മുൻപിലുള്ള മാർഗ്ഗം. എന്നാൽ ഇവിടെ വന്ന് അധികാരത്തിനായി അവകാശം ഉയർത്താൻ ആന്റണിക്ക് വിഷമം ഉണ്ട്. ഉമ്മൻ ചാണ്ടി - ചെന്നിത്തല പോരിന് നടുവിൽ മദ്ധ്യസ്ഥനായി വന്നാൽ പോലും ആന്റണിക്ക് ക്ഷീണം ഉണ്ടാകാം. അതിനാലാണ് സുധീരനെ ഉയർത്തി കാട്ടി സമയ വ്യവസ്ഥയിലൂടെ രംഗത്ത് വരാൻ ശ്രമം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എന്നാൽ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ പേരിൽ ആന്റണിയെ വീണ്ടും ഉയർത്തിക്കാട്ടണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. ഇതെല്ലാം മനസ്സിലാക്കിയാണ് ചിലതെല്ലാം അന്റണി ഇന്നലെ പറഞ്ഞത്. അരുവിക്കര ഉപതെരഞ്ഞെടുപ്പ് നടന്നാൽ മുന്നിൽ നിന്ന് നയിക്കാനും ആന്റണി ഉണ്ടാകും. അടുത്ത വർഷം ആന്റണിയുടെ രാജ്യസഭാ അംഗമെന്ന നിലയിലെ കാലാവധി തീരും. അതിന് ശേഷം വീണ്ടും ആന്റണി മത്സരിക്കില്ലെന്ന് സൂചനയുണ്ട്. അങ്ങനെ വന്നാൽ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാക്കും. ബാർ കോഴയും സോളാറുമെല്ലാം സർക്കാരിന്റെ പ്രതിച്ഛായ നഷ്ടമാക്കി. ഇതിനെല്ലാം കൂട്ടുനിന്നത് ഉമ്മൻ ചാണ്ടിയെന്ന് തന്നെയാണ് ആന്റണിയുടെ വിലയിരുത്തൽ. ഇത് തന്നെയാണ് ഇന്നലെ ആന്റണി തുറന്ന് പ്രഖ്യാപിച്ചത്. കേരളത്തിൽ സർവ്വത്ര അഴിമതിയാണെന്ന് ആന്റണിയും പറഞ്ഞതോടെ ഉമ്മൻ ചാണ്ടി കൂടുതൽ പ്രതിരോധത്തിലായി. വരും ദിനങ്ങളിൽ പ്രതിപക്ഷം ആന്റണിയുടെ വാക്കുകൾ ഉയർത്തി മുഖ്യമന്ത്രിയെ കടന്നാക്രമിക്കാനാണ് സാധ്യത.

മനസ്സിലുള്ള മുഖ്യമന്ത്രി പദമോഹമാണ് ഈ സർക്കാർ വിരുദ്ധ പ്രസ്താവനയ്ക്ക് കാരണമെന്ന് എ ഗ്രൂപ്പും പറയുന്നു. ആന്റണിയുടെ പേരിലാണ് എ ഗ്രൂപ്പ് എങ്കിലും ഇന്ന് അതിന്റെ നേതാവ് ഉമ്മൻ ചാണ്ടിയാണ്. ഗ്രൂപ്പിന് അതീതനായി മാറിയ ആന്റണിയുടെ ഉമ്മൻ ചാണ്ടി വിരുദ്ധ പ്രസ്താവനയെ കരുതലോടെ മാത്രമേ എ ഗ്രൂപ്പ് കാണൂ. മുമ്പ് അധികാരത്തിൽ നിന്ന് ആന്റണിയെ മാറ്റിയത് ഉമ്മൻ ചാണ്ടിയാണെന്ന ആക്ഷേപം നിലവിലുണ്ട്. അതിനുള്ള പ്രതികാരം തീർക്കാൻ ഈ അവസരം ആന്റണി ഉപയോഗിക്കുമോ എന്ന സംശയം എ ഗ്രൂപ്പിനുണ്ട്. പക്ഷേ ചെന്നിത്തലയെ തുറന്ന് എതിർക്കുന്നത് പോലും എക്കാർക്ക് ആന്റണിയെ വിമർശിക്കാനാകില്ല. എല്ലാം മനസ്സിലാക്കി വരും ദിനങ്ങളിലും സംസ്ഥാന രാഷ്ട്രീയത്തിൽ ചർച്ചയാകാനുള്ള നടപടികൾ ആന്റണി കൈക്കൊള്ളുമെന്ന് കരുതുന്നവരുമുണ്ട്. എന്നാൽ കേരള രാഷ്ട്രീയത്തിലേക്ക് താനില്ലെന്ന് ആവർത്തിക്കുകയാണ് ആന്റണി ഇപ്പോഴും.

അഴിമതി ആരോപണത്തിൽ മുങ്ങിയ സർക്കാറിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ നേതൃമാറ്റം ആവശ്യമാണോ എന്ന ചോദ്യത്തിന് അത്തരമൊരു ചർച്ച തന്റെ അറിവിൽ നടന്നിട്ടില്ലെന്ന് എ.കെ.ആന്റണി പറഞ്ഞു. സെക്രട്ടേറിയറ്റ് അസോസിയേഷൻ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.എന്നാൽ സമൂഹത്തിന്റെ എല്ലാ തുറകളിലും അഴിമതി കൂടി വരികയാണ്. സ്‌കൂളുകളിൽ അദ്ധ്യാപക നിയമനത്തിനും വിദ്യാർത്ഥി പ്രവേശനത്തിനുമെല്ലാം പണം വാങ്ങുന്ന അവസ്ഥയായി. കാലാകാലങ്ങളിൽ അഴിമതി തടയാൻ സർക്കാർ ചില സംവിധാനങ്ങൾ ഏർപ്പെടുത്തുന്നുണ്ടെങ്കിലും അഴിമതി കൂടി വരികയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് എല്ലാ മേഖലയിലും അഴിമതിയാണെന്നും കാശു കൊടുക്കാതെ ഒരു കാര്യവും സാധിക്കാൻ കഴിയാത്ത അവസ്ഥയാണെന്നാണ് ആന്റണിയുടെ വിലയിരുത്തൽ.

അഴിമതി സംസ്ഥാനത്തിന്റെ ശാപമായി മാറി. സർക്കാർ മേഖലയിൽ അഴിമതി കൂടി വരുന്നു. തദ്ദേശ സ്ഥാപനങ്ങളിലും അഴിമതി കൂടുന്നുണ്ട്. എല്ലാവരും അഴിമതി രഹിത പ്രവർത്തനങ്ങളെ കുറിച്ച് സംസാരിക്കുകയാണെങ്കിലും നാട്ടിൽ അഴിമതി കൂടിവരുന്നുവെന്നാണ് ജനം പറയുന്നത്. സർക്കാർ മേഖലയിൽ മാത്രമല്ല, സ്വകാര്യ മേഖലയിലും അഴിമതി വർധിക്കുന്നു. അഴിമതിയിൽ നിന്ന് ഒരു മേഖലയേയും ഒഴിവാക്കാൻ കഴിയില്ല. അഴിമതി തടയാൻ താനും ചിലതൊക്കെ ചെയ്തിട്ടുണ്ട്. പക്ഷേ അവ വിജയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൂട്ടായി ശ്രമിച്ചാൽ സമൂഹത്തെ അഴിമതിയിൽ നിന്നു കുറെയെങ്കിലും രക്ഷിക്കാൻ കഴിയും. ഇതിനു സർക്കാറിനെ കൊണ്ടു മാത്രം കഴിയില്ല. സാമൂഹിക സാമുദായികസർവീസ് സംഘടനകളും അഴിമതി തടയാനുള്ള പ്രവർത്തനങ്ങളിൽ സജീവമാകണം. എല്ലാവരുടെയും കൂട്ടായ പ്രവർത്തനം അഴിമതി തടയാൻ ആവശ്യമാണ്. സർവീസ് സംഘടനകളുടെ പ്രവർത്തനം ജീവനക്കാരുടെ അവകാശ സംരക്ഷണം മാത്രമാകാതെ സാമൂഹിക പ്രതിബദ്ധത കൂടി കണക്കിലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് 30 ശതമാനം കുടുംബങ്ങൾ ബാറുകളായി മാറി കൊണ്ടിരിക്കുകയാണെന്ന പഠന റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. ബാറുകൾ പൂട്ടിയതു കൊണ്ട് മദ്യത്തിന്റെ ഉപഭോഗം കുറഞ്ഞിട്ടില്ല. വർധിച്ചു വരുന്ന മദ്യാസക്തി കുറയ്ക്കാൻ സർക്കാർ മാത്രം വിചാരിച്ചാൽ പോര. ഇതിന് ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള കർമ പദ്ധതി നടപ്പാക്കണമെന്നും ആന്റണി പറയുമ്പോൾ ലക്ഷ്യം ഉമ്മൻ ചാണ്ടി തന്നെയാണെന്ന് വ്യക്തം. അത് മനസ്സിലാക്കിയാണ് ആന്റണിയുടെ പ്രസ്താവനയെ ചെന്നിത്തല പിന്തുണച്ചതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP