Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രഞ്ജി ട്രോഫിയിൽ എൺപതുകളിലെ മിന്നും താരം; എസ്‌ബിഐ ഡിജിഎമ്മായി വിരമിച്ച് തലസ്ഥാനത്ത് എത്തിയപ്പോൾ ആഘാതമായത് ഭാര്യ അനിതയുടെ വിയോഗം; മദ്യത്തിൽ അഭയം തേടിയപ്പോൾ ഉലഞ്ഞ് ജീവിതം; ഇന്നലെ പൊലീസ് വീട്ടിൽ എത്തിയപ്പോൾ കണ്ടത് രണ്ടു ദിവസം പഴക്കമുള്ള മൃതദേഹം; അടുത്ത മുറിയിൽ മദ്യലഹരിയിൽ ഷെഫായ മകനും; തലയ്ക്ക് പുറകിലേറ്റ മുറിവാണ് മരണകാരണമെന്ന് പൊലീസ്; മുൻ രഞ്ജിതാരം ജയമോഹൻ തമ്പിയുടെ മരണത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്തു

രഞ്ജി ട്രോഫിയിൽ എൺപതുകളിലെ മിന്നും താരം; എസ്‌ബിഐ ഡിജിഎമ്മായി വിരമിച്ച് തലസ്ഥാനത്ത് എത്തിയപ്പോൾ ആഘാതമായത് ഭാര്യ അനിതയുടെ വിയോഗം; മദ്യത്തിൽ അഭയം തേടിയപ്പോൾ ഉലഞ്ഞ് ജീവിതം; ഇന്നലെ പൊലീസ് വീട്ടിൽ എത്തിയപ്പോൾ കണ്ടത് രണ്ടു ദിവസം പഴക്കമുള്ള മൃതദേഹം; അടുത്ത മുറിയിൽ മദ്യലഹരിയിൽ ഷെഫായ മകനും; തലയ്ക്ക് പുറകിലേറ്റ മുറിവാണ് മരണകാരണമെന്ന് പൊലീസ്; മുൻ രഞ്ജിതാരം ജയമോഹൻ തമ്പിയുടെ മരണത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്തു

എം മനോജ് കുമാർ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ചരിത്രത്തിലെ മിന്നും താരങ്ങളിൽ പ്രമുഖനായിരുന്ന ജയമോഹൻ തമ്പിയുടെ (64) മരണത്തിൽ അസ്വാഭാവികത സംശയിച്ച് പൊലീസ്. തലയ്ക്ക് പിറകിലേറ്റ പരുക്കാണ് മിഡിൽ ഓർഡർ ബാറ്റ്‌സ്മാന്റെ മരണത്തിനു കാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിനു ശേഷമുള്ള പ്രാഥമിക നിഗമനം. ഈ പരുക്ക് വീഴ്ചയിൽ സംഭവിച്ചതാണോ അല്ലെങ്കിൽ ആക്രമിക്കപ്പെട്ടതാണോ എന്ന കാര്യത്തിലാണ് അന്വേഷണം നടക്കുന്നത്. മൃതദേഹത്തിനു രണ്ടു ദിവസത്തെ പഴക്കമുണ്ട്. മുകൾ നിലയിൽ താമസിക്കുന്നവർ ദുർഗന്ധം കാരണം അന്വേഷിച്ച് വന്നപ്പോഴാണ് തമ്പി മരിച്ച നിലയിൽ കാണുന്നത്.

പ്രമുഖ ഷെഫായ മകൻ അശ്വിൻ ഈ സമയത്ത് വീട്ടിൽ തന്നെയുണ്ട്. അശ്വിനും മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിലായിരുന്നു. എന്താണ് ഈ വീട്ടിൽ സംഭവിച്ചത് എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. മുൻപ് ഒരു വീഴ്ചയിൽ താടിയെല്ല് പൊട്ടിയിരുന്നു. ഇത് ഭേദമായിരുന്നില്ല. ഈ ഘട്ടത്തിൽ തന്നെയാണ് പിന്നെയും വീഴ്ച സംഭവിക്കുന്നത്. തലയ്ക്ക് ഏറ്റ മുറിവാണ് മരണകാരണമെന്നു പോസ്റ്റ്മോർട്ടം വേളയിൽ വിലയിരുത്തപ്പെട്ടതോടെയാണ് അന്വേഷണം പൊലീസ് ഊർജ്ജിതമാക്കുന്നത്. അസ്വാഭാവിക മരണത്തിനാണ് ഫോർട്ട് പൊലീസ് കേസ് എടുത്തിരിക്കുന്നത്. മരണകാരണം വീഴ്ചയാണോ പിന്നിൽ നിന്നുള്ള ആക്രമണമാണോ എന്നാണ് അന്വേഷിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം ഈ കാര്യത്തിൽ കൂടുതൽ അന്വേഷണം നടക്കും. ഫോർട്ട് സിഐ.കെ.ആർ.ബിജു മറുനാടനോട് പറഞ്ഞു.

എൺപതുകളിലെ തിളക്കമുള്ള ഈ ക്രിക്കറ്റ് താരത്തിന്റെ ജീവിതത്തിൽ ഏറ്റവും വലിയ തിരിച്ചടിയായത് ഭാര്യ അനിതയുടെ കുഴഞ്ഞുവീണുള്ള മരണമായിരുന്നു. എസ്‌ബിറ്റിയിൽ നിന്ന് ഡിജിഎമ്മായി വിരമിച്ച് തിരുവനന്തപുരത്ത് താമസം തുടങ്ങിയപ്പോഴാണ് രണ്ടു വർഷം മുൻപ് ഭാര്യ അനിത മസ്തിഷ്‌കാഘാതത്തെ തുടർന്ന് കുഴഞ്ഞു വീണു മരിക്കുന്നത്. ഓഫീസ് ജോലിക്ക് ഒഴികെ എന്തിനും ഏതിനും അനിത വേണ്ടിയിരുന്ന ജയമോഹൻ തമ്പിക്ക് ഏറ്റ ഏറ്റവും വലിയ ഷോക്കായിരുന്നു ഭാര്യയുടെ പെട്ടെന്നുള്ള മരണം. അപ്രതീക്ഷിതമായി വന്ന ഈ ദുരന്തത്തിൽ അടിപതറിയ തമ്പി പിന്നീട് നൂറു ശതമാനം ആൽക്കഹോളിക്ക് ആയി മാറുകയായിരുന്നു. ഏറ്റവും അടുപ്പമുള്ള സുഹൃത്തും സഹതാരവും സഹപ്രവർത്തകനുമായിരുന്ന പഴയ രൺജി താരം രഞ്ജിത്ത് തോമസ് അടക്കമുള്ളവർ പലകുറി വീട്ടിലെത്തി ഉപദേശിച്ചെങ്കിലും മദ്യം കൈവിടാൻ തമ്പി തയ്യാറായിരുന്നില്ല.

രഞ്ജി താരമായപ്പോഴും എസ്‌ബിറ്റി ക്രിക്കറ്റ് താരമായപ്പോഴുമൊക്കെ പാർട്ടികളിൽ മാത്രം മദ്യപിക്കാറുണ്ടായിരുന്ന തമ്പി ഭാര്യയുടെ മരണത്തോടെ മദ്യത്തിനു അടിമയായി മാറി. രണ്ടു മക്കളിൽ പ്രമുഖ ഷെഫ് ആയി തിളങ്ങിയിരുന്ന മകൻ അശ്വിന്റെ ദാമ്പത്യ ബന്ധത്തിൽ പൊരുത്തക്കേട്‌ വന്നതോടെ തമ്പിയുടെ ജീവിതവും കൂടുതൽ ദുരന്തമായി മാറി. ദാമ്പത്യ പ്രശ്‌നത്തിൽ തമ്പിക്ക് ഒപ്പം അശ്വിനും മദ്യത്തിൽ അഭയം തേടുന്ന അവസ്ഥ വന്നു. തമ്പിയുടെ കാര്യത്തിൽ ഞങ്ങൾക്ക് ആരെയും സമീപിക്കാൻ കഴിയാത്ത അവസ്ഥ വന്നു. മകനും തമ്പിയുടെ അവസ്ഥ ഇതോടെയാണ് ഞങ്ങൾക്ക് ഒന്നും ചെയ്യാനാകാത്ത അവസ്ഥ വന്നത്-തമ്പിയുടെ ഉറ്റ സുഹൃത്ത് രഞ്ജിത്ത് തോമസ് മറുനാടനോട് പറഞ്ഞു.

കേരളത്തിന്റെ അണ്ടർ 25 ക്രിക്കറ്റ് ടീമിൽ ഉൾപ്പെട്ടതോടെയാണ് തമ്പി ശ്രദ്ധേയനായി മാറിയത്. അന്ന് അണ്ടർ 22 വും അണ്ടർ 25 ഉം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ തിളക്കമുള്ള പ്രകടനമായിരുന്നു തമ്പിയുടേത്. ഈ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് രഞ്ജി ട്രോഫി താരമായി തമ്പി മാറുന്നത്. രണ്ടു സീസണിൽ മാത്രമാണ് കേരളത്തിനു വേണ്ടി പാഡണിയാൻ തമ്പിക്ക് കഴിഞ്ഞത്. ശിവലാൽ യാദവ്, വെങ്കിട്ടരാഘവൻ തുടങ്ങിയ അന്നത്തെ പ്രമുഖ താരങ്ങളുടെ തീ പാറുന്ന ബൗളുകൾ ആണ് രഞ്ജിയിൽ തമ്പി നേരിട്ടത്. വലുതായി രഞ്ജി ട്രോഫിയിൽ കളിക്കാനും നിലനിൽക്കാനുമൊന്നുമുള്ള നീക്കങ്ങൾ തമ്പിയുടെ ഭാഗത്ത് നിന്നും വന്നതുമില്ല. ഇതോടെയാണ് സ്റ്റേറ്റ് ക്രിക്കറ്റിൽ നിന്നും മാറി ബാങ്ക് ക്രിക്കറ്റിൽ ശ്രദ്ധയൂന്നുന്നത്. എസ്‌ബിറ്റി ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു തമ്പി.

സ്പോർട്സ് ക്വാട്ടയിൽ അല്ല ടെസ്റ്റ് എഴുതി ജയിച്ചാണ് തമ്പി എസ്‌ബിറ്റിയിൽ കയറിയത്. തുടർന്ന് എസ്‌ബിറ്റി ക്രിക്കറ്റ് ടീമിന്റെ ഭാഗമായി തമ്പി മാറുകയായിരുന്നു. എസ്‌ബിറ്റിക്ക് വേണ്ടി ഒട്ടനവധി ക്രിക്കറ്റ് മാച്ചുകളാണ് തമ്പി കളിച്ചത്. എസ്‌ബിറ്റിയുടെ ഏറ്റവും തിളക്കമുള്ള ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായിരുന്നു തമ്പി. പ്രകൃതം കൊണ്ടും സ്വഭാവ സവിശേഷതകൾ കൊണ്ടും സഹപ്രവർത്തകർക്ക് പ്രിയങ്കരനായിരുന്നു തമ്പി. എസ്‌ബിറ്റിയിൽ ഡിജിഎം വരെയായി മാറുകയും ചെയ്തിരുന്നു. ഡിജിഎം ആയതോടെ തമ്പിക്ക് ക്രോസ് ഡെപ്യുട്ടെഷൻ വന്നു. അന്ന് സ്റ്റേറ്റ് ബാങ്കിന് അസോസിയേറ്റ് ബാങ്കുകൾ ഉണ്ടായിരുന്നു. ഇങ്ങിനെയാണ് തമ്പി സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂരിൽ പോകുന്നത്. മംഗളൂരു സോണൽ ഹെഡ് ആയാണ് തമ്പി എസ്‌ബിറ്റിയിൽ നിന്നും റിട്ടയർ ചെയ്യുന്നത്. ഈ ഘട്ടത്തിൽ തന്നെയാണ് എസ്‌ബിഐ-എസ്‌ബിറ്റി ലയനവും വരുന്നത്. റിട്ടയർ ചെയ്യുന്നതോടെയാണ് ജയമോഹൻ തമ്പിയും ഭാര്യയും തിരുവനന്തപുരത്ത് എത്തുന്നത്.

വിരമിച്ച ശേഷവും കൺകറന്റ് ഓഡിറ്റർ ആയാണ് മെഡിക്കൽ കോളെജ് എസ്‌ബിഐയിൽ നിയമനം ലഭിച്ചത്. ജോയിൻ ചെയ്ത് ഒരു വർഷത്തിന്നിടെയാണ് ഭാര്യ അനിതയുടെ മരണം വരുന്നത്. ഇതോടെ തമ്പി മദ്യത്തിനു അടിമയായി. സുഹൃത്തുക്കൾ ഉപദേശിച്ചെങ്കിലും അത് നിർത്താൻ തമ്പിക്ക് കഴിഞ്ഞില്ല. തമ്പി ബാങ്കിൽ പോകാതെയായതോടെ ബാങ്ക് തമ്പിയെ പോസ്റ്റിൽ നിന്നും ഒഴിവാക്കി. ഇതിനു ശേഷം പൂർണമായും മദ്യപാനത്തിനു തമ്പി അടിപ്പെട്ടു. ഈ മദ്യപാനം തന്നെയാണ് തമ്പിയുടെ മരണത്തിലും കലാശിച്ചത്. തമ്പിയുടെ കൂടെയുണ്ടായിരുന്ന മകനും മദ്യത്തിനു അടിമയായപ്പോൾ ഇതിൽ നിന്നെല്ലാം ഒഴിഞ്ഞു നിന്ന എസ്‌ബിഐയിൽ തന്നെയുള്ള ആഷിക്ക് ആണ് ഈ ഘട്ടത്തിൽ തമ്പിക്ക് തുണയായത്.

ഇന്നലെ രാവിലെയാണ് ജയമോഹൻ തമ്പിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം മണക്കാട് മുക്കോലക്കൽ ദേവി ക്ഷേത്രത്തിന് സമീപത്തെ വീട്ടിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. തമ്പിയുടെ വീടിനു മുകളിൽ താമസിക്കുന്നവർ ദുർഗന്ധത്തെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്. സിറ്റൗട്ടിനോട് ചേർന്ന മുറിയിൽ മൂത്തമകൻ അശ്വിനും താമസിച്ചിരുന്നെങ്കിലും വീടിന്റെ മുകളിലത്തെ നിലയിൽ വാടകയ്ക്ക് താമസിച്ചിരുന്നവർ ദുർഗന്ധം പരന്നതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. അച്ഛൻ ഇങ്ങനെ കിടന്നുറങ്ങാറുണ്ടെന്നും അതിനാൽ സംശയം ഒന്നും തോന്നിയില്ലെന്നുമാണ് മകൻ അശ്വിൻ പൊലീസിന് നൽകിയ മൊഴി. അസ്വാഭാവിക മരണത്തിന് ഫോർട്ട് പൊലീസ് കേസെടുത്തിട്ടുണ്ട്.

ആലപ്പുഴ എസ്ഡിവി സ്‌കൂളിലെ മുൻ അദ്ധ്യാപകൻ പി ഉണ്ണിക്കൃഷ്ണൻ നായരുടെ മകനാണ് ജയമോഹൻ തമ്പി. ആലപ്പുഴ തോണ്ടൻകുളങ്ങരയിലായിരുന്നു വീട്. എസ്എസ്എൽസി മുതൽ എംഎ വരെ ഫസ്റ്റ് ക്ലാസിൽ പാസായ ജയമോഹൻ തമ്പി ക്രിക്കറ്റിൽ മിഡിൽ ഓർഡർ ബാറ്റ്സ്മാനായി തിളങ്ങി. 1982-84ൽ കേരളത്തിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാണ്. ഇക്കണോമിക്സിൽ എംഎ ബിരുദം നേടിയ ശേഷമാണ് എസ്‌ബിറ്റിയിൽ ജോലിക്ക് കയറിയത്.തമ്പിയുടെ വിയോഗത്തോടെ കേരള ക്രിക്കറ്റിനു കരുത്തനായ ഒരു മുൻ നിര താരത്തെ കൂടി നഷ്ടമാവുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP