Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാക്കഞ്ചേരി കിൻഫ്രപാർക്കിന് മുന്നിലെ സമരം 2000 ദിവസത്തിലേക്ക്; മലബാർ ഗോൾഡിന്റെ ആഭരണ നിർമ്മാണശാല കാക്കഞ്ചേരി വിട്ടുപോകും വരെ സമരം തുടരുമെന്ന് സമരസമിതി പ്രവർത്തകർ; കിൻഫ്രയിൽ നിന്നോ സർക്കാറിൽ നിന്നോ രേഖാമൂലമുള്ള ഉറപ്പു ലഭിക്കാതെ സമരം അവസാനിപ്പിക്കില്ല; സമരസമിതി പ്രവർത്തകർക്കെതിരെ എടുത്തിട്ടുള്ള കള്ളക്കേസുകൾ പിൻവലിക്കണമെന്നും ആവശ്യം

കാക്കഞ്ചേരി കിൻഫ്രപാർക്കിന് മുന്നിലെ സമരം 2000 ദിവസത്തിലേക്ക്; മലബാർ ഗോൾഡിന്റെ ആഭരണ നിർമ്മാണശാല കാക്കഞ്ചേരി വിട്ടുപോകും വരെ സമരം തുടരുമെന്ന് സമരസമിതി പ്രവർത്തകർ; കിൻഫ്രയിൽ നിന്നോ സർക്കാറിൽ നിന്നോ രേഖാമൂലമുള്ള ഉറപ്പു ലഭിക്കാതെ സമരം അവസാനിപ്പിക്കില്ല; സമരസമിതി പ്രവർത്തകർക്കെതിരെ എടുത്തിട്ടുള്ള കള്ളക്കേസുകൾ പിൻവലിക്കണമെന്നും ആവശ്യം

ജാസിം മൊയ്തീൻ

കോഴിക്കോട്: കാക്കഞ്ചേരി കിൻഫ്ര പാർക്കിൽ തുടങ്ങാനിരുന്ന മലബാർ ഗോൾഡ് സ്വർണ്ണാഭരണ നിർമ്മാണ ശാലക്കെതിരെ ചേലേമ്പ്ര, തേഞ്ഞിപ്പലം, പള്ളിക്കൽ പ്രദേശങ്ങളിലെ ജനങ്ങൾ നടത്തിവരുന്ന അനിശ്ചിതകാല സത്യാഗ്രഹസമരം 2000 ദിവസത്തിലേക്ക് കടക്കുന്നു. നാളെ സമരം 2000 ദിവസം തികയുകയാണ്. മുൻ ഇന്ത്യൻ പ്രസിഡന്റ് ഡോ.എ.പി.ജെ.അബ്ദുൽകലാം രാജ്യത്തെ ഒന്നാമത്തെ ഫുഡ്പാർക്കായി രാഷ്ട്രത്തിന് സമർപ്പിച്ചതാണ് കാക്കഞ്ചേരിയിലെ കിൻഫ്രപാർക്ക്. എന്നാൽ 2013 മാർച്ച് മാസത്തിലാണ് അതിമാരകമായ പ്രക്രിയയിലൂടെ നിർമ്മിക്കപ്പെടുന്ന സ്വർണ്ണാഭരണ നിർമ്മാണത്തിന് രണ്ടേകാൽ ഏക്കർ സ്ഥലം കിൻഫ്ര മലബാർ ഗോൾഡിന് അനുവദിച്ചത്. പ്രമുഖ മന്ത്രിമാരും, എംഎ‍ൽഎ മാരും, ജില്ലാ കലക്ടറും, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറടക്കം പങ്കെടുത്ത് 2013 സപ്തംബർ മാസത്തിലാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്.

അന്ന് പ്രഖ്യാപിച്ചത് ആയിരക്കണക്കിന് ജനങ്ങൾക്ക് തൊഴിൽ കൊടുക്കാനുതകുന്നതും കാക്കഞ്ചേരിയുടെ ചരിത്രം മാറ്റിക്കുറിക്കുന്നതുമായ ഒരു സംരംഭമാണ് ഇതെന്നാണ്. പക്ഷെ പിന്നീടാണ് നാട്ടുകാർക്ക് മനസ്സിലായത് ഇരുന്നൂറ് കോടി രൂപ മൂലധനത്തിൽ ഒരു ദിവസം 120 കിലോഗ്രാം സ്വർണ്ണാഭരണമുണ്ടാക്കുന്ന, 48 ലിറ്റർ ഹൈഡ്രോക്ലോറിക്, നൈട്രിക്, സൾഫ്യൂരിക് ആസിഡ് മാലിന്യങ്ങളും, 15 ഗ്രാം പൊട്ടാസ്യം സയനൈഡ് മാലിന്യങ്ങളും നിക്കൽ, കാഡ്മിയം, സിങ്ക്, ചെമ്പ്, വെള്ളി, മെർക്കുറി തുടങ്ങിയ മാരക ലോഹങ്ങളുടെ മാലിന്യങ്ങളും മൂന്ന് ലക്ഷം ലിറ്റർ മലിനജലത്തോടൊപ്പം പുറത്തുവിടുകയും നാട്ടിലെ ആബാലവൃദ്ധം ജനങ്ങളെയും രോഗികളാക്കുകയും ചെയ്യുന്ന ഒരു സ്ഥാപനമാണ് തങ്ങളുടെ നാട്ടിൽ വരാൻ പോകുന്നതെന്ന്. ഈ സ്ഥാപനം കിൻഫ്രയിൽ വരുന്നത് തടയുന്നതിനും ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുമാണ് ഇവിടുത്തെ ജനങ്ങൾ കാക്കഞ്ചേരി പരിസരസംരക്ഷണസമിതിക്ക് രൂപം നൽകിയതും പ്രവർത്തനമാരംഭിച്ചതും. ഫുഡ്പാർക്കിൽ ഇത്തരം സ്ഥാപനം പ്രവർത്തനം തുടങ്ങിയാൽ കിൻഫ്രയിൽ നിലവിലുള്ള മുഴുവൻ ഭക്ഷ്യസംസ്‌കരണ സ്ഥാപനങ്ങളുടേയും ഐ.ടി സ്ഥാപനങ്ങളുടേയും നിലനിൽപ് തന്നെ അപകടത്തിലാവുമെന്ന് മനസ്സിലാക്കിയാണ് അവരുടെ ഏക സംഘടനയായ കിൻഫ്ര ഇൻഡസ്ട്രീസ് ചേംബർ ഹൈക്കോടതിയിൽ നിന്നും മലബാർഗോൾഡിനെതിരെ സ്റ്റേ സമ്പാദിച്ചത്.

2014 ജൂൺ 5ന് പരിസ്ഥിതി ദിനത്തിൽ കിൻഫ്രയിലെ മുഴുവൻ സ്ഥാപനങ്ങളും അടച്ച് ഹർത്താൽ ആചരിച്ചതും പ്രദേശത്തെ മുഴുവൻ കമ്പനികളും കടകളും അടച്ച് ഹർത്താൽ ആചരിച്ചതും കിൻഫ്രയുടെ ചരിത്രത്തിലെ ആദ്യ സംഭവമായിരുന്നു. ഏകദേശം 10 മാസത്തോളം എല്ലാ അധികാര സ്ഥാപനങ്ങളിലും മന്ത്രിമാർക്കും നൽകിയ നിവേദനങ്ങൾക്ക് ഫലമില്ലാതെ വന്നപ്പോഴാണ് 2014 ഡിസംബർ 20-ാം തിയ്യതി കമ്പനിക്ക് മുമ്പിൽ പ്രത്യക്ഷ സമരത്തിവുമായി സമരസമിതി പ്രവർത്തകർ മുന്നോട്ടു വന്നത്. ജില്ലാ കലക്ടറും, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായും, ആർ.ഡി.ഒ യുമായും നടന്ന നിരവധി ചർച്ചകൾക്കും ഫലമുണ്ടായില്ല.

ഇതിനിടയിൽ 100 മീറ്ററിനുള്ളിൽ ജനവാസം പാടില്ലാത്ത റെഡ് കാറ്റഗറി സ്ഥാപനത്തെ ഗ്രീൻ കാറ്റഗറിയിലാക്കി മാറ്റാൻ പൊല്യൂഷൻ കൺട്രോൾബോർഡ് ചെയർമാൻ 6 തവണ അപേക്ഷകൾ തിരുത്തിച്ചു. 200 കോടി പ്രൊജക്ട് 50 കോടിയിലേക്ക് ചുരുക്കിയതും മലിനീകരണമുണ്ടാക്കുന്ന എല്ലാ ഭാഗങ്ങളും അപേക്ഷയിൽ നിന്ന് മാറ്റിച്ചതും 11 മീറ്ററിനകത്തുള്ള കിൻഫ്ര ഓഫീസ് 38 മീറ്റർ അകലത്തിലാക്കിയതും, 25 മീറ്ററിനുള്ളിലെ കച്ചവടസ്ഥാപനങ്ങളും, വീടുകളും, ബാങ്കും, പള്ളിയും 50 മീറ്ററിനകലെയാണെന്ന് പ്ലാൻ മാറ്റിച്ചതും ലക്ഷങ്ങളുടെ അഴിമതിയുടെ കഥകളാണ് സൃഷ്ടിച്ചത്. കേന്ദ്ര ഗവൺമെന്റ് ഏജൻസിയായ എൻഇഇആർഇയെ സ്വാധീനിച്ച് കെട്ടിടം പണിപോലും തീരാത്ത സ്ഥാപനം മലിനീകരണമുണ്ടാക്കുന്നില്ല എന്ന് റിപ്പോർട്ട് വാങ്ങി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.

പ്രദേശത്തെ ജനങ്ങളുടെ ഒറ്റക്കെട്ടായ സമരത്തിന് മുന്നിൽ പിടിച്ചുനിൽക്കാനാവില്ലെന്ന് മനസ്സിലാക്കിയാണ് ഒടുവിൽ കമ്പനി സ്വർണ്ണാഭരണനിർമ്മാണം ഉപേക്ഷിക്കാനാലോചിക്കുന്നത്. ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.രാജേഷും സഹപ്രവർത്തകരും വ്യവസായവകുപ്പ് മന്ത്രി ശ്രീ. ഇ.പി.ജയരാജനുമായി നിരന്തരമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ പുനരാലോചന സംഭവിച്ചത്. 2019 സപ്തംബർ 3-ാം തിയ്യതി കിൻഫ്രക്ക് മുമ്പിൽ വെച്ച് പ്രസ്താവിച്ചതുമാണ്. പക്ഷെ വ്യവസായങ്ങൾ വിട്ട് കച്ചവട സ്ഥാപനങ്ങൾ, സ്വർണ്ണാഭരണ, ഇലക്‌ട്രോണിക്‌സ് ഉപകരമങ്ങൾ, ഹോട്ടൽ തുടങ്ങിയവ തുടങ്ങാനാണ് മലബാർ ഗോൾഡ് ഇപ്പോൾ അനുമതി തേടിയിരിക്കുന്നത്. 30% സ്ഥലം സ്വന്തം ഉപയോഗിക്കാനും, 70% സ്ഥലം മറ്റുള്ളവർക്ക് വാടകക്ക് നൽകാനും അനുമതി തേടിയിട്ടുണ്ട്. 9 മാസമായിട്ടും ഇതിന് കിൻഫ്രയോ, ഗവൺമെന്റോ ഒരു തീരുമാനത്തിലുമെത്തിയിട്ടില്ല.

അതേ സമനയം കിൻഫ്ര മലബാർ ഗോൾഡ് സ്വർണ്ണാഭരണനിർമ്മാണം ഉപേക്ഷിച്ചിട്ടുണ്ട് എന്ന് പറയുന്ന ഒരു കത്തിന്റെ പേരിൽ സമരം അവസാനിപ്പിക്കാനാവില്ലെന്ന് സമരസമിതി പ്രവർത്തകർ പറയുന്നു. സ്വർണ്ണാഭരണനിർമ്മാണം ഉപേക്ഷിക്കുമ്പോൾ മലിനീകരണമുണ്ടാക്കുന്ന ഒരു സ്ഥാപനങ്ങളും അവിടെ വരികയില്ല എന്നും സ്വർണ്ണാഭരണ ഷോറൂമിന്റെ മറവിൽ ഒരു സ്വർണ്ണാഭരണനിർമ്മിതിയും അവിടെ ഉണ്ടാവുകയില്ല എന്നും സർക്കാർ തലത്തിലും കിൻഫ്രയിൽ നിന്നും രേഖാമൂലം ഉറപ്പ് കിട്ടണം. സമരരംഗത്തുള്ള 25 ഓളം പ്രവർത്തകർക്കെതിരെ നിലനിൽക്കുന്ന നാല് കള്ളക്കേസുകൾ മലബാർഗോൾഡ് തന്നെ പിൻവലിക്കണം. ഹൈക്കോടതിയിലുള്ള കേസിലും തീരുമാനമാകേണ്ടതുണ്ട്. ഇതിലൊന്നും വ്യക്തത വരുത്താതെ സമരം അവസാനിപ്പിക്കണമെന്ന ആവശ്യം ബാലിശമാണ്. 2000 ദിവസം സമരരംഗത്ത് ഉറച്ച് നിൽക്കുന്ന പ്രദേശത്തെ ജനങ്ങളോട് ചെയ്യുന്ന കടുത്ത അനീതിയായിരിക്കും ഇപ്പോൾ സമരം അവസാനിപ്പിക്കലെന്നും സമരസമിതി പ്രവർത്തകർ പറഞ്ഞു.

കോവിഡ് 19 ലോക്ഡൗൺ തുടങ്ങിയത് മുതൽ സമരപ്പന്തലിൽ ആരും പ്രവേശിക്കാറില്ല. എന്നാൽ സമരം 2000 ദിവസം തികയുന്ന നാളെ രാവിലെ 10 മണിക്ക് പ്രവർത്തകർ ലോക്ഡൗൺ നിബന്ധനകൾ പാലിച്ചുകൊണ്ട് ഒത്തുചേരാനും ഐക്യദാർഡ്യം പ്രഖ്യാപിക്കാനും ബന്ധപ്പെട്ടവരെ പ്രതിഷേധം അറിയിക്കാനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്. 2000 ദിവസം സമരരംഗത്ത് ഉറച്ചുനിന്ന ചേലേമ്പ്ര, പള്ളിക്കൽ, തേഞ്ഞിപ്പലം പഞ്ചായത്തുകളിലെ മുഴുവൻ ജനങ്ങൾക്കും നന്ദി പ്രകാശിപ്പിക്കാൻ കൂടെയായിരിക്കും ഈ ഒത്തുചേരൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP