Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രണ്ട് ലക്ഷം ക്വാറന്റൈൻ കേന്ദ്രങ്ങൾ ഒരുക്കിയെന്ന ബഡായി പൊളിഞ്ഞപ്പോൾ സർക്കാർ ശ്രമം എങ്ങനെയെങ്കിലും പ്രവാസികളെ വീട്ടു ക്വാറന്റീനിലേക്ക് തള്ളിവിടുക എന്നത്; ക്വാറന്റൈൻ കേന്ദ്രങ്ങളുടെ നടത്തിപ്പു ചെലവ് നയംമാറ്റത്തിന് പ്രധാന കാരണം; 22,000 പേർ സർക്കാർ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ എത്തിയപ്പോൾത്തന്നെ കൈയൊഴിയൽ; വിദേശ വിമാന സർവീസുകൾ പുനരാരംഭിക്കുമ്പോൾ തിരികെ എത്തുന്ന പ്രവാസികൾക്ക് വീട്ടിൽ ക്വാറന്റീനിൽ കഴിയാൻ സൗകര്യമുണ്ടെന്ന് സാക്ഷ്യപത്രം വേണം

രണ്ട് ലക്ഷം ക്വാറന്റൈൻ കേന്ദ്രങ്ങൾ ഒരുക്കിയെന്ന ബഡായി പൊളിഞ്ഞപ്പോൾ സർക്കാർ ശ്രമം എങ്ങനെയെങ്കിലും പ്രവാസികളെ വീട്ടു ക്വാറന്റീനിലേക്ക് തള്ളിവിടുക എന്നത്; ക്വാറന്റൈൻ കേന്ദ്രങ്ങളുടെ നടത്തിപ്പു ചെലവ് നയംമാറ്റത്തിന് പ്രധാന കാരണം; 22,000 പേർ സർക്കാർ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ എത്തിയപ്പോൾത്തന്നെ കൈയൊഴിയൽ; വിദേശ വിമാന സർവീസുകൾ പുനരാരംഭിക്കുമ്പോൾ തിരികെ എത്തുന്ന പ്രവാസികൾക്ക് വീട്ടിൽ ക്വാറന്റീനിൽ കഴിയാൻ സൗകര്യമുണ്ടെന്ന് സാക്ഷ്യപത്രം വേണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്കിയ സർക്കാർ രണ്ട് ലക്ഷത്തോളം ക്വാറന്റൈൻ സൗകര്യം ഒരുക്കിയെന്ന സർക്കാർ വാദം ഒരു വലിയ ബഡായി ആയിരുന്നു എന്ന് ബോധ്യമാകുകയാണ്. ഇപ്പോൾ സർക്കാർ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് ആളുകൾ എത്താതെ നോക്കുക എന്ന വിധത്തിലാണ് സർക്കാർ ശ്രമം. 22,000 പേർ സർക്കാർ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ എത്തിയപ്പോൾത്തന്നെ അവയുടെ നടത്തിപ്പ് സർക്കാർ കൈയൊഴിഞ്ഞു പോകുകയായിരുന്നുയ രണ്ട് ലക്ഷം പേർക്ക് സൗകര്യം ഒരുക്കാമെന്ന് പറയുമ്പോൾ തന്നെയായിരുന്നു ഇത് സംഭവിക്കുന്നതും.

വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും കൂടുതൽ ആളുകളെത്തുകയും രോഗികളുടെ എണ്ണം കുതിച്ചുയരുകയും ചെയ്തതോടെയാണ് സർക്കാർ ക്വാറന്റൈൻ കേന്ദ്രങ്ങൾ നിർത്തിയത്. ക്വാറന്റൈൻ കേന്ദ്രം നടത്താൻ വേണ്ടിവരുന്ന ഭാരിച്ച ചെലവ് തന്നെയാണ് ഈ കേന്ദ്രങ്ങൾ നിർത്താനുള്ള തീരുമാനത്തിന് പിന്നിലും. സർക്കാർ കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ വിട്ടുനൽകിയ കെട്ടിടങ്ങൾ, ഹോസ്റ്റലുകൾ തുടങ്ങിയവ ഏറ്റെടുത്താണ് സർക്കാർ ക്വാറന്റൈൻ കേന്ദ്രങ്ങൾ നടത്തിയിരുന്നത്. തദ്ദേശ സ്ഥാപനങ്ങൾക്കായിരുന്നു നടത്തിപ്പ് ചുമതല. പൊതുമരാമത്ത് വകുപ്പാണ് രണ്ടരലക്ഷം കിടക്കകൾ സജ്ജമാക്കിയത്. ഒമ്പതിനായിരം മുറികളും ഒരുക്കിയിട്ടുണ്ടെന്ന് തദ്ദേശവകുപ്പും അവകാശപ്പെട്ടിരുന്നു. പൊതുമരാമത്ത് വകുപ്പ് സജ്ജമാക്കിയവയിൽ 1.63 ലക്ഷം കിടക്കകൾ ഉടൻ താമസത്തിനു സജ്ജമായിരുന്നു. നാലു വിമാനത്താവളങ്ങളുടെ അടുത്തുമാത്രം 13,000 കിടക്കകളുണ്ടെന്നായിരുന്നു സർക്കാരിന്റെ അവകാശവാദം.

വിദേശത്തുനിന്നെത്തുന്നവർക്ക് ഏഴുദിവസം സർക്കാർ ക്വാറന്റൈൻ നിർബന്ധമാണെന്ന് തുടക്കംമുതലേ കടുംപിടിത്തം പിടിച്ചിരുന്നെങ്കിലും ആരോഗ്യവകുപ്പിന്റെ പുതിയ മാർഗരേഖയോടെ ആ നിലപാടിൽനിന്ന് സർക്കാർ പിന്മാറി. എല്ലാവർക്കും വീട്ടുനിരീക്ഷണം മതിയെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. വീടുകളിൽ സൗകര്യമില്ലെന്നു ജാഗ്രതാസമിതികൾ നിർദ്ദേശിക്കുന്നവർക്ക് അതത് തദ്ദേശസ്ഥാപനങ്ങളിൽത്തന്നെ ആളൊഴിഞ്ഞ വീടുകളും മറ്റും ഏറ്റെടുത്ത് ക്വാറന്റൈൻ ഏർപ്പെടുത്താനാണു തീരുമാനം.

പ്രതിദിന ചെലവും ക്വാറന്റൈൻ കേന്ദ്രങ്ങളുടെ നടത്തിപ്പും തലവേദനയായതാണ് സർക്കാരിന്റെ നയംമാറ്റത്തിനു കാരണം. ഒരാൾക്ക് ദിവസം ആയിരം രൂപവരെ ചെലവാകുന്നുവെന്നാണ് കളക്ടർമാർ സർക്കാരിനെ അറിയിച്ചിട്ടുള്ളത്. നിരീക്ഷണകേന്ദ്രങ്ങളിലെ മാലിന്യനിർമ്മാർജനമാണ് മറ്റൊരു പ്രശ്നം. നിരീക്ഷണത്തിലുള്ളയാൾ ഉപയോഗിച്ച വസ്ത്രങ്ങളടക്കം നശിപ്പിച്ചുകളയണമെന്നാണു നിർദ്ദേശം. പല തദ്ദേശസ്ഥാപനങ്ങളിലും ഇതുചെയ്യാൻ ജീവനക്കാരില്ല. പലയിടത്തും സന്നദ്ധപ്രവർത്തകരാണ് ഇതു ചെയ്തിരുന്നത്.

ലോക്ഡൗൺ ഇളവുകൾക്കുശേഷം രാജ്യത്തേക്ക് മടങ്ങിവരാൻ രജിസ്റ്റർചെയ്തത് 2.63 ലക്ഷം പേരാണ്. ഇവർ അധികം താമസിയാതെ നാട്ടിലേക്ക് എത്തുമ്പോൾ സർക്കാർ സംവിധാനത്തിൽ മാത്രം ക്വാറന്റൈൻ സൗകര്യം ഒരുക്കാൻ സാധിക്കാത്ത അവസ്ഥ വരും. ഞായറാഴ്ചവരെ വിദേശത്തുനിന്ന് വിമാനമാർഗം എത്തിയത് 47,033 പേരാണ്. കപ്പലിൽ എത്തിയത് 1621 പേരും. ഇവരിൽ സർക്കാർ ക്വാറന്റൈൻ കേന്ദ്രങ്ങളിലുണ്ടായിരുന്നത് 21,987 പേരായിരുന്നു.

അതിവിടെ വന്ദേഭാരത് മിഷന്റെ ഭാഗമായി വിദേശത്തു നിന്നുള്ള വിമാന സർവീസുകൾ ഇന്നു പുനരാരംഭിക്കുമ്പോൾ തിരിച്ചെത്തുന്നവരിൽ ആവശ്യമായ സൗകര്യമുള്ളവർക്കു വീടുകളിൽത്തന്നെ ക്വാറന്റീന് അനുമതി നൽകും. മറ്റ് കുടുംബാംഗങ്ങൾക്കു സുരക്ഷാ പ്രശ്‌നങ്ങളില്ലാത്തവിധം 14 ദിവസം താമസിക്കാൻ സൗകര്യമുണ്ടെന്ന് ഇറങ്ങുന്ന വിമാനത്താവളത്തിൽ സ്വയം സാക്ഷ്യപത്രം നൽകുന്നവർക്കാണു വീട്ടിൽ ക്വാറന്റൈൻ അനുവദിക്കുക. സൗകര്യമില്ലാത്തവർക്കു സർക്കാർ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ സൗജന്യമായി താമസിക്കാം. ആവശ്യമുള്ളവർക്ക് ഹോട്ടലുകളിൽ പണം നൽകിയുള്ള ക്വാറന്റീനുമുണ്ട്.

സാക്ഷ്യപത്രം നൽകി ഹോം ക്വാറന്റീനിൽ പോയവരുടെ വീടുകളിൽ തദ്ദേശ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ 24 മണിക്കൂറിനകം പരിശോധന നടത്തി റിപ്പോർട്ട് നൽകണം. സൗകര്യങ്ങൾ കുറവാണെങ്കിൽ ഇവരെ സർക്കാർ കേന്ദ്രങ്ങളിലേക്കു മാറ്റും. വിദേശത്തു നിന്നെത്തുന്നവർക്കു സർക്കാർ കേന്ദ്രങ്ങളിൽ 7 ദിവസം ക്വാറന്റൈൻ ഇതുവരെ നിർബന്ധമായിരുന്നു. വീടുകളിൽ ക്വാറന്റൈൻ അനുവദിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം കേന്ദ്ര ആരോഗ്യമന്ത്രാലയം അനുവദിച്ചതോടെയാണു പുതിയ ഉത്തരവ്. സർക്കാർ ക്വാറന്റൈൻ കേന്ദ്രങ്ങൾ വഴി രോഗവ്യാപന സാധ്യത കൂടുതലാണെന്നും വേണ്ടത്ര സൗകര്യങ്ങളില്ലെന്നും പരാതി ഉയർന്നിരുന്നു. കൂടുതൽ പേർ എത്തിത്തുടങ്ങിയതോടെ സർക്കാരിന്റെ ചെലവും കൂടി.

ഇതിനു പുറമേ വീടുകളിൽ ക്വാറന്റീനിൽ കഴിഞ്ഞവരിൽ നിന്നു രോഗം പകരുന്നതു വളരെ കുറവാണെന്ന വിദഗ്ധ സമിതി റിപ്പോർട്ടും കണക്കിലെടുത്തു. ഇതരസംസ്ഥാനങ്ങളിൽ നിന്നു വരുന്നവർക്കു വീടുകളിൽ ക്വാറന്റീനിൽ കഴിയാൻ നേരത്തേ അനുമതി നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP