Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലാപ്‌ടോപ്പും മൊബൈലും ഇല്ലാത്ത കുട്ടികൾക്കായി ഒരു പിരിവ്; വാർഷിക സമ്മേളനത്തിനായി അടുത്ത പിരിവ്; 500 ലും 1000 ത്തിലും തുടങ്ങി പിരിവ് 7000 ത്തിനും മുകളിലേക്ക്; സഹകരിച്ചില്ലെങ്കിൽ ട്രാൻസ്ഫർ ഭീഷണിയും; സർക്കാർ പിടിക്കുന്ന ആറുദിന ശമ്പളത്തിനു പുറമേ ജീവനക്കാർക്കിടയിൽ സിപിഎമ്മിന്റെ നിർബന്ധിത പിരിവ്; സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്റെ കടുംവെട്ടിനെതിരെ പ്രതിഷേധം

ലാപ്‌ടോപ്പും മൊബൈലും  ഇല്ലാത്ത കുട്ടികൾക്കായി ഒരു പിരിവ്; വാർഷിക സമ്മേളനത്തിനായി അടുത്ത പിരിവ്; 500 ലും 1000 ത്തിലും തുടങ്ങി പിരിവ് 7000 ത്തിനും മുകളിലേക്ക്; സഹകരിച്ചില്ലെങ്കിൽ ട്രാൻസ്ഫർ ഭീഷണിയും; സർക്കാർ പിടിക്കുന്ന ആറുദിന ശമ്പളത്തിനു പുറമേ  ജീവനക്കാർക്കിടയിൽ സിപിഎമ്മിന്റെ നിർബന്ധിത പിരിവ്; സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്റെ കടുംവെട്ടിനെതിരെ പ്രതിഷേധം

എം മനോജ് കുമാർ

തിരുവനന്തപുരം: കൊറോണ പടരുമ്പോഴും അതൊന്നും വകവയ്ക്കാതെ സെക്രട്ടറിയേറ്റിൽ സിപിഎം അസോസിയേഷന്റെ നേതൃത്വത്തിൽ പണപ്പിരിവ് തകൃതി. സിപിമ്മിന്റെ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനാണ് ഭരണത്തിന്റെ തണലിൽ പണപ്പിരിവ് ആയുധമാക്കുന്നത്. സെക്രട്ടറിയേറ്റിനു പുറത്തേക്ക് ട്രാൻസ്ഫർ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയും പ്രമോഷൻ ലിസ്റ്റ് കാട്ടി ഭീഷണി മുഴക്കിയുമാണ് സ്ലാബ് സമ്പ്രദായത്തിലുള്ള നിർബന്ധിത പണപ്പിരിവെന്നാണ് ലഭിക്കുന്ന വിവരം. രണ്ടു രീതിയിലുള്ള പണപ്പിരിവ് ആണ് നടക്കുന്നത്. ഒന്ന് ഓൺലൈൻ പഠനത്തിനു വേണ്ടി ലാപ്‌ടോപ്പും മൊബൈലും ഇല്ലാത്ത കുട്ടികൾക്ക് അത് അത് രണ്ടും വാങ്ങി നൽകാൻ എന്ന പേരിൽ. രണ്ടാമത് സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്റെ വാർഷിക സമ്മേളനത്തിന്റെ പേരിൽ. രണ്ടിനും തസ്തികകൾക്കനുസരിച്ച് സ്ലാബുകളും നിശ്ചയിച്ചിട്ടുണ്ട്. അഞ്ഞൂറിലും ആയിരത്തിലും തുടങ്ങി എഴായിരവും കടന്നു പിരിവ് പോകുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. വളരെ ശക്തമായ പിരിവാണ് നടന്നു വരുന്നത്.

കൊറോണ കാരണം നടക്കുമോ എന്ന് പോലും സംശയമുള്ള വാർഷിക സമ്മേളനത്തിനാണ് പിരിവ് നടത്തുന്നത്. നിർബന്ധിത പണപ്പിരിവിന്റെ നേതൃത്വത്തിൽ കടുത്ത രോഷമാണ് ജീവനക്കാരിൽ നിന്നും ഉയരുന്നത്. പക്ഷെ ട്രാൻസ്ഫർ പ്രമോഷൻ ഭീഷണി നിലനിൽക്കുന്നതിനാൽ ഈ രോഷം ജീവനക്കാർ കടിച്ചമർത്തുകയാണ്. കൊറോണ ഫണ്ടിലേക്ക് നൽകാൻ വേണ്ടി സർക്കാർ തന്നെ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ഊറ്റിയെടുത്തിട്ടുണ്ട്. ഒരു മാസത്തെ ശമ്പളം ഒറ്റയടിക്ക് കൊടുക്കാൻ കഴിയാത്തവരോട് പ്രതിമാസം ആറു ദിവസത്തെ ശമ്പളമാണ് സർക്കാർ പിടിക്കുന്നത്. അത് കഴിഞ്ഞു മിച്ചം വരുന്ന ശമ്പളത്തിൽ നിന്നാണ് ഈ രണ്ടു പിരിവും കൂടി നൽകേണ്ടി വരുന്നത്. സ്‌കൂൾ തുറക്കുന്ന മാസം കൂടിയാണ് ഇത്. വാർഷിക ഫീസിന്റെ ഒരു ഗഡു ജൂൺ മാസം നിർബന്ധിതമായി നൽകേണ്ടതുണ്ട്. ലോക്ക് ഡൗൺ ആണെങ്കിലും ഈ ഫീസിനു ഒരു കുറവും മിക്ക സ്‌കൂൾ അധികൃതരും വരുത്തിയിട്ടില്ല. വലിയൊരു തുക സ്‌കൂൾ ഫീസ് ഇനത്തിൽ നൽകണം. രണ്ടു കുട്ടികൾ പഠിക്കുന്നവർ ആകുന്നെങ്കിൽ രണ്ടു കുട്ടികൾക്കും ഫീസ് നൽകേണ്ടതുമുണ്ട്. ഇതിനായി ഒരു മാസത്തെ ശമ്പളം തന്നെ മതിയാകില്ല. ലോൺ അടവ്, വീട്ടു വാടക, കുടുംബത്തിന്റെ വീട്ടു ചെലവ്, കടം വാങ്ങിയ പണം തിരികെ നൽകൽ എന്നിവ കൂടി വരുമ്പോൾ പുറത്ത് നിന്ന് കടം വാങ്ങേണ്ടി വരുന്ന അവസ്ഥയാണ് ജീവനക്കാർക്ക്. അതിനു പുറമേയാണ് നിർബന്ധിത പണപ്പിരിവ് കൂടി വരുന്നത്.

ഗതികെട്ട അവസ്ഥയാണ് സെക്രട്ടറിയെറ്റിലേത് എന്നാണ് കൂട്ടപ്പിരിവിന്റെ സാഹചര്യം ചൂണ്ടിക്കാട്ടിയുള്ള ജീവനക്കാരുടെ അടക്കം പറച്ചിൽ. യൂണിയൻ വാർഷിക സമ്മേളനത്തിനാണ് കാര്യമായി പിരിക്കുന്നത്. ഇതിന്റെ തുടക്കം തന്നെ ആയിരം രൂപയാണ്. പിന്നീട് തസ്തിക കണക്കാക്കി കൂട്ടുകയാണ് ചെയ്യുന്നത്. രണ്ടു പിരിവിനും ഇടത് വലത് ഭേദമന്യേ എല്ലാ ജീവനക്കാരിൽ നിന്നും പിരിവ് സ്വീകരിക്കുന്നുണ്ട്. കൊടുക്കാതിരുന്നാൽ വരുന്ന പൊല്ലാപ്പ് ഓർത്ത് എല്ലാവരും പണം നൽകുക തന്നെയാണ് ചെയ്യുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ ഒന്ന് മങ്ങിയ പിരിവ് ലോക്ക് ഡൗൺ കഴിഞ്ഞ ഇന്നു മുതൽ ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്.

കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനുള്ള പണപ്പിരിവ് ലാസ്റ്റ് ഗ്രേഡ് സ്റ്റാഫുകളിൽ നിന്നും അഞ്ഞൂറ് രൂപയാണ് തീരുമാനിച്ചിരിക്കുന്നത്. അതിനു മുകളിലേക്ക് തസ്തിക അനുസരിച്ച് തുകയുടെ വ്യാപ്തി കൂടും. അസോസിയേഷന്റെ വാർഷിക സമ്മേളന പിരിവ് ശക്തമാണേന്നാണ് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നത്. ഭരണകക്ഷിയുടെ വാർഷിക സമ്മേളനമായതിനാൽ ലാസ്റ്റ് ഗ്രേഡ് സ്റ്റാഫുകളോട് ആയിരം രൂപയാണ് നൽകാൻ ആവശ്യപ്പെടുന്നത്. അഡീഷണൽ സെക്രട്ടറിമാർ അയ്യായിരം തൊട്ടു മുകളിലേക്ക് നൽകണം. അത് ഏഴായിരവും കടന്നു പോകുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കൊറോണ കാലത്ത് വാർഷിക സമ്മേളനം നടക്കുമോ എന്ന ചോദ്യമൊന്നും വേണ്ട. പിരിവ് എല്ലാവരും നൽകുക. പിരിവ് നൽകിയില്ലെങ്കിൽ ട്രാൻസ്ഫർ ഭീഷണി നിൽക്കുന്നതിനാൽ എല്ലാ ജീവനക്കാരും പണം നൽകുന്നുണ്ട്. എന്തായാലും പിരിവിനെ തുടർന്ന് ജീവനക്കാരുടെ ഇടയിൽ രോഷം ശക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP