Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നാലു മാസമായി ശമ്പളമില്ല; പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചപ്പോൾ തലകറങ്ങി വീണ് അദ്ധ്യാപിക ആശുപത്രിയിൽ; എംഡിയെ കണ്ടപ്പോൾ ലഭിച്ചത് സോഷ്യൽ മീഡിയയിൽ അപകീർത്തിപ്പെടുത്തിയതിന് ഷോക്കോസ് നോട്ടീസ്; കഴിഞ്ഞമാസം ശമ്പളത്തിനായി വിളിച്ചപ്പോൾ ലഭിച്ചത് മോഹൻലാലിന്റെ പരസ്യ ഡയലോഗു പോലെ വീട്ടിൽ സ്വർണം വച്ചിട്ടെന്തിനു എന്ന രീതിയിലുള്ള മറുപടിയും; പൊറുതിമുട്ടിയ അദ്ധ്യാപകർ വയനാട് ലക്കിടിയിലെ ഓറിയന്റൽ സ്‌കൂൾ ഓഫ് ഹോട്ടൽ മാനെജ്‌മെന്റിന് മുമ്പിൽ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു

നാലു മാസമായി ശമ്പളമില്ല; പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചപ്പോൾ തലകറങ്ങി വീണ് അദ്ധ്യാപിക ആശുപത്രിയിൽ; എംഡിയെ കണ്ടപ്പോൾ ലഭിച്ചത് സോഷ്യൽ മീഡിയയിൽ അപകീർത്തിപ്പെടുത്തിയതിന് ഷോക്കോസ് നോട്ടീസ്; കഴിഞ്ഞമാസം ശമ്പളത്തിനായി വിളിച്ചപ്പോൾ ലഭിച്ചത് മോഹൻലാലിന്റെ പരസ്യ ഡയലോഗു പോലെ വീട്ടിൽ സ്വർണം വച്ചിട്ടെന്തിനു എന്ന രീതിയിലുള്ള മറുപടിയും; പൊറുതിമുട്ടിയ അദ്ധ്യാപകർ വയനാട് ലക്കിടിയിലെ ഓറിയന്റൽ സ്‌കൂൾ ഓഫ് ഹോട്ടൽ മാനെജ്‌മെന്റിന് മുമ്പിൽ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു

എം മനോജ് കുമാർ

കൽപ്പറ്റ: വയനാട്ടിലെ ഏറ്റവും പ്രകൃതിമനോഹരമായ സ്ഥലങ്ങളിലൊന്നാണ് ലക്കിടി. കോടമഞ്ഞും തണുപ്പും മേഘങ്ങളുമൊക്കെ പരസ്പരം പുണർന്നു കിടക്കുന്ന ലക്കിടി അതുകൊണ്ട് തന്നെ സഞ്ചാരികൾക്ക് അത്യാകർഷകമായ സ്ഥലങ്ങളിലൊന്നാണ്. പ്രകൃതിഭംഗികൊണ്ട് അനുഗ്രഹീതമായതിനാലാണ് ഓറിയന്റൽ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് എംഡിയായ എൻ.കെ.മുഹമ്മദ് രണ്ടര പതിറ്റാണ്ട് മുൻപ് ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ മാനെജ്‌മെന്റ് കോഴ്‌സുകൾക്കുള്ള തന്റെ കോളേജായ ഓറിയന്റൽ സ്‌കൂൾ ഓഫ് ഹോട്ടൽ മാനെജ്‌മെന്റ് ലക്കിടിയിൽ തന്നെ സ്ഥാപിക്കുന്നത്. പക്ഷെ ലക്കിടിയിലെ ശാന്തസുന്ദരമായ സ്ഥലത്തുള്ള കോളേജിന്റെ അകത്തളങ്ങൾ ഇപ്പോൾ അദ്ധ്യാപക സമരം കാരണം ചൂട് പിടിക്കുകയും പ്രക്ഷുബ്ദമാവുകയുമാണ്. നാല് മാസം തുടർച്ചയായി ശമ്പളം ലഭിക്കാതിരുന്നതിനെ തുടർന്നാണ് അദ്ധ്യാപകർ കോളെജിനു മുന്നിൽ സമരം ഇരിക്കുന്നത്.

ലോക്ക് ഡൗൺ വേളയിലാണ് ഇന്ത്യയിലെ സ്ഥാപനങ്ങളിലും കമ്പനികളിലും ശമ്പളം മുടങ്ങിയത് എങ്കിൽ ഫെബ്രുവരി മുതൽ തന്നെ ഈ കോളേജിലെ എഴുപതോളം അദ്ധ്യാപകർക്ക് ശമ്പളം മുടങ്ങിയിരിക്കുകയാണ്. നാല് മാസം തുടർച്ചയായി ശമ്പളം മുടങ്ങിയതിനെ തുടർന്ന് പൊറുതി മുട്ടിയതിനെ തുടർന്നാണ് കോളേജിലെ മുഴുവൻ അദ്ധ്യാപകരും സമരവുമായി രംഗത്തിറങ്ങിയത്. മെയ്‌ മാസം വരെയുള്ള കുട്ടികളുടെ ഫീസ് മുഴുവൻ വാങ്ങിയ ശേഷമാണ് അദ്ധ്യാപകർക്ക് ശമ്പളം നൽകാതെ മാനെജ്‌മെന്റ് കള്ളക്കളി തുടരുന്നത്. ഫീസ് എല്ലാം കുട്ടികളിൽ നിന്ന് പിരിച്ചത് ഈ കോളേജിലെ അദ്ധ്യാപകർ തന്നെയാണ്. ഫീസ് വാങ്ങിച്ചാൽ സാലറിയുണ്ട് എന്നതാണ് അദ്ധ്യാപകരുടെ അവസ്ഥ. തങ്ങളുടെ ദുസ്ഥിതി മനസിലാക്കിയാണ് വിദ്യാർത്ഥികളിൽ നിന്നും ഫീസ് അദ്ധ്യാപകർ പിരിച്ചെടുത്ത് കോളേജിൽ അടച്ചത്. എന്നാൽ അദ്ധ്യാപകർക്ക് ശമ്പളം നൽകാതെ കോളേജ് അധികൃതർ വഞ്ചനാപരമായ സമീപനം തുടരുകയായിരുന്നു.

ശമ്പളം നൽകാതെ പറഞ്ഞു പറ്റിക്കൽ പതിവായതോടെയാണ് കൊറോണ കാലത്ത് സാമൂഹ്യ അകലം പാലിച്ച് സമരവുമായി അദ്ധ്യാപകർ കോളെജിനു മുന്നിൽ കുത്തിയിരിപ്പ് തുടങ്ങിയിരിക്കുന്നത്. കോളേജിലെ അദ്ധ്യാപകർ മുഴുവൻ സമരം ചെയ്യുന്നതിനാൽ കോളേജിലെ ആയിരത്തോളം വിദ്യാർത്ഥികളുടെ ഭാവിയും തുലാസിലായ അവസ്ഥയിലാണ്. പഞ്ചായത്ത് പ്രസിഡനറും സ്വാശ്രയ കോളേജ് അദ്ധ്യാപക സംഘടനാ പ്രതിനിധികളും പ്രശ്‌നം പരിഹരിക്കാൻ എംഡിയുടെ വീട്ടിലെത്തി ഇന്നു ചർച്ച നടത്തിയിട്ടുണ്ട്.

ശമ്പളവും മറ്റു പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടു പൊട്ടലും ചീറ്റലും പതിവായിരുന്നെങ്കിലും അദ്ധ്യാപകർ ഇതേവരെ സമരവുമായി രംഗത്തിറങ്ങിയിരുന്നില്ല. ശമ്പളം ചില അവസരത്തിൽ ഗഡുക്കൾ ആയി മാറിയപ്പോൾ ആരും മിണ്ടിയിട്ടില്ല. ജോലി പോയാൽ നിലനിൽപ്പ് ഇല്ല യാഥാർത്ഥ്യം മനസിലാക്കിയാണ് ഇവർ മിണ്ടാതിരുന്നത്. പിഎഫ് പണം അടയ്ക്കുമ്പോൾ എംപ്ലോയിയുടെയും എംപ്ലോയറുടെയുംപണം അദ്ധ്യാപകർ തന്നെയാണ് നൽകുന്നത്, പേരിനു ചെറിയ ശതമാനം മാത്രം അവർ അടയ്ക്കുന്നു എന്നാണ് അദ്ധ്യാപകർ വ്യക്തമാക്കിയത്. കോളേജ് കാര്യങ്ങൾ ഇങ്ങനെ പോകുമ്പോഴാണ് നാല് മാസമായി ശമ്പളം മുടങ്ങുകയും വർഷങ്ങളായി കോൺട്രാക്റ്റ് വ്യവസ്ഥയിൽ തുടർന്നിരുന്ന അദ്ധ്യാപകരെ പിരിച്ചു വിടാൻ മാനെജ്‌മെന്റ് തയ്യാറെടുക്കുകയും ചെയ്തത്. തുടർന്ന് അദ്ധ്യാപകർ പ്രതിഷേധവുമായി രംഗത്ത് വരുകയായിരുന്നു.

ഈ ജൂണിൽ കോൺട്രാക്റ്റ് കാലാവധി തീർന്ന ഒരു അദ്ധ്യാപികയെ മാനെജ്‌മെന്റ് നിഷ്‌ക്കരുണം പുറത്താക്കിയിരുന്നു. ജോലി നഷ്ടമായ സമ്മർദ്ദം കാരണം പ്രാരാബ്ദങ്ങൾ ഏറെയുള്ള അദ്ധ്യാപിക തലചുറ്റി വീണു. അദ്ധ്യാപകർക്ക് ഈ അദ്ധ്യാപികയുമായി ആശുപത്രിയിൽ പോകേണ്ടി വന്നു. ഈ അദ്ധ്യാപിക നേരിട്ട പ്രതിസന്ധി തങ്ങൾക്കും വരും എന്ന് മനസിലാക്കിയതോടെ അദ്ധ്യാപകർ സമരവുമായി എത്തുകയായിരുന്നു. 70 ഓളം അദ്ധ്യാപകരിൽ വിരലിൽ എണ്ണാവുന്ന അദ്ധ്യാപകർ മാത്രമാണ് സ്ഥിരം തസ്തികയിൽ ഉള്ളത്. മുക്കാൽ പങ്കു പേരും കോൺട്രാക്റ്റ് വ്യവസ്ഥയിൽ തുടരുന്നവരാണ്. ശമ്പളം നൽകാതെ പ്രതിസന്ധി ചൂണ്ടിക്കാട്ടി പിരിച്ച് വിടാൻ മാനെജ്‌മെന്റ് ഒരുങ്ങുന്നുവെന്ന സൂചനകളാണ് മാനെജ്‌മെന്റ് ഭാഗത്ത് നിന്ന് ജീവനക്കാർക്ക് ലഭിച്ചതും. വേറെ മാർഗമില്ലെന്നു മനസിലാക്കി അദ്ധ്യാപകർ സമരത്തിനു തുടക്കമിടുകയായിരുന്നു. വിചിത്രമായ പെരുമാറ്റമാണ് ശമ്പളം നൽകാതിരുന്നതിനെ തുടർന്ന് മാനെജ്‌മെന്റ് ഭാഗത്ത് നിന്നും അദ്ധ്യാപകർക്ക് കോളേജിൽ നിന്നും നേരിടേണ്ടി വന്നത്. സംഭവങ്ങളെക്കുറിച്ച് അദ്ധ്യാപകർ മറുനാടനോട് വിശദമാക്കിയത് ഇങ്ങനെ:

ശമ്പളം ചോദിച്ചപ്പോൾ 'വീട്ടിൽ സ്വർണം വച്ചിട്ടെന്തിനു' എന്ന രീതിയിലുള്ള മറുപടിയെന്ന് അദ്ധ്യാപകർ

മാർച്ച് അവസാനം വരെ റെഗുലർ ക്ലാസുകൾ തന്നെ അദ്ധ്യാപകർ എടുത്തു. ജനുവരി, ഫെബ്രുവരിയിൽ ക്ലാസ് കഴിഞ്ഞു റിവിഷൻ വരെ കഴിഞ്ഞിട്ടാണ് വിദ്യാർത്ഥികളെ വിട്ടത്. ശമ്പളം ചോദിച്ചപ്പോൾ എംഡി നൽകിയത് ഷോ കേസ് നോട്ടീസും. സോഷ്യൽ മീഡിയയിൽ തന്നെയും തന്റെ കുടുംബത്തിനെയും അപകീർത്തിപ്പെടുത്തി എന്നാരോപിച്ചാണ് എംഡി ഇവർക്ക് ഷോ കോസ് നോട്ടീസ് നൽകിയത്. സമരവുമായി ബന്ധപ്പെട്ട ഫെയ്‌സ് ബുക്ക് പോസ്റ്റിങ് ആണ് നടത്തിയത്. അല്ലാതെ എംഡിയെ അപമാനിക്കുന്ന വിധത്തിലുള്ളതല്ല. ചായ നൽകിയപ്പോൾ വേണ്ടെന്നു പറഞ്ഞതിനു അതും തന്നെ അപമാനിക്കുന്ന സംഭവമാണ് എന്നാണ് എംഡി പറഞ്ഞത്.

ഏപ്രിൽ മാസം ലോക്ക് ഡൗൺ വേളയായതിനാൽ ഓൺലൈനിലും ക്ലാസ് എടുത്തു. ഫെബ്രുവരി മുതൽ ശമ്പളം ലഭിക്കാത്തതിനാൽ മാർച്ച് അവസാനം പ്രിൻസിപ്പാളിന്റെ വീട്ടിൽ പോയി അദ്ധ്യാപകർ ശമ്പളം നൽകാൻ അഭ്യർത്ഥന നടത്തി. ശമ്പളം നൽകാൻ. മെയ്‌ മൂന്നു വരെ കാക്കണം എന്ന മറുപടിയാണ് പ്രിൻസിപ്പാൾ നൽകിയത്. കോളെജിനു ഒരു ലോൺ എടുക്കണം. അതിനു ശേഷം ശമ്പളം നൽകാം എന്ന് പറഞ്ഞു. മെയ്‌ മൂന്നിന് വിളിച്ചപ്പോൾ മോഹൻലാൽ പരസ്യത്തിൽ പറയുന്ന രീതിയിൽ വീട്ടിൽ സ്വർണം വച്ചിട്ടെന്തിനു പണം തേടി നടക്കണം എന്ന രീതിയിൽ വീട്ടിലെ സ്വർണം പണയം വെച്ചിട്ട് ആവശ്യങ്ങൾ നിറവേറ്റാൻ പറഞ്ഞു. ശമ്പളം മെയ്‌ പതിനഞ്ചിനു ശരിയാക്കാം എന്ന് പറഞ്ഞു.

മെയ്‌ പതിനഞ്ചിന് ശമ്പളം തിരക്കി ഫോൺ ചെയ്തപ്പോൾ പിന്നെ ഫോൺ എടുക്കാതായി. കോളേജ് എച്ച് ഒഡി മീറ്റിങ് വിളിച്ചപ്പോൾ എംഡി പറഞ്ഞത് ഏപ്രിൽ മെയ്‌ മാസങ്ങളിലെ ശമ്പളം നൽകില്ല എന്നായിരുന്നു. ഓൺലൈൻ ക്ലാസ് എടുത്തത് ചൂണ്ടിക്കാട്ടിയപ്പോൾ പറഞ്ഞത് ഓൺലൈൻ ക്ലാസ് കോളേജിൽ വന്നു എടുത്താൽ മാത്രമേ സാലറി തരികയുള്ളൂ എന്ന്. ഓൺലൈൻ ക്ലാസ് എടുക്കാൻ അദ്ധ്യാപകർക്ക് രേഖാമൂലം നിർദ്ദേശം നല്കിയിരുന്നു എന്ന് ചൂണ്ടിക്കാട്ടിയപ്പോൾ മറുപടിയുമില്ല. ജൂൺ ഒന്ന് മുതൽ വന്നു ഓൺലൈൻ ക്ലാസ് എടുക്കണം എന്ന് പറഞ്ഞു.

ജൂൺ ഒന്നിന് കോളേജിലെ ഇന്റർനെറ്റ് കട്ട് ചെയ്ത അവസ്ഥയിലാണ്. ബിൽ അടയാക്കാത്തതിനാലാണ് ഇന്റർനെറ്റ് കട്ട് ചെയ്തിരിക്കുന്നത്. അതിനാൽ അദ്ധ്യാപകർക്ക് ഓൺലൈൻ ക്ലാസിനുള്ള അവസരവും നിഷേധിക്കപ്പെട്ട അവസ്ഥയിലാണ്. ശമ്പളമില്ലാത്തതിനെ തുടർന്ന് കോളേജിൽ ദിവസവും വന്നു പോകാൻ ബുദ്ധിമുട്ട് ഉണ്ട്. അതിനാൽ കോളേജ് ബസ് യാത്രയ്ക്ക് അദ്ധ്യാപകർക്ക് അറേഞ്ച് ചെയ്ത് നൽകണം എന്നാവശ്യപ്പെട്ടു. കോളേജ് ബസ് നൽകാം. ഡീസൽ അടയ്ക്കണം എന്നാണ് അധികൃതർ പറഞ്ഞത്. ഡീസൽ അടയ്ക്കാൻ പണം ഉണ്ടെങ്കിൽ സ്വന്തമായി എത്തില്ലേ എന്നാണ് അദ്ധ്യാപകർ ചോദിക്കുന്നത്.

അദ്ധ്യാപകരുടെ പ്രതിസന്ധി ഇങ്ങനെ:

പത്തും പതിനഞ്ചും വർഷങ്ങളായി ജോലിയിൽ തുടരുന്നവരാണ് അദ്ധ്യാപകർ. ശമ്പളം ചില ഘട്ടങ്ങളിൽ ഗഡുക്കൾ ആയാണ് നൽകിയത്. ജോലി പോകുമെന്ന് പേടിച്ച് ആരും പ്രതികരിച്ചില്ല. ഏതാണ്ട് മുഴുവൻ അദ്ധ്യാപകർക്കും പ്രാരാബ്ദങ്ങൾ ഏറെയാണ്. മാതാപിതാക്കളെ സംരക്ഷിക്കുകയും സ്വന്തം കുടുംബം നോക്കുകയും വീടിന്റെ ലോൺ ഉൾപ്പെടെ അടയ്ക്കുകയും വേണം. മിക്കവരും വയനാട്ടിൽ തങ്ങുന്നത് വാടക വീടുകളിലാണ്. പതിനായിരം മുതൽ പതിനയ്യായിരം വരെയാണ് വീട്ടുവാടക. നാല് മാസം ശമ്പളം മുടങ്ങിയതോടെ ജീവിതം അവതാളത്തിലായി.

അദ്ധ്യാപിക പിരിച്ചു വിട്ടതിനെ തുടർന്ന് തല കറങ്ങി വീണതും ഇവർ ചൂണ്ടിക്കാട്ടുന്നു. അത്രയധികം പ്രാരാബ്ദങ്ങളിൽ കുടുങ്ങിയവരാണ് അദ്ധ്യാപക സമൂഹം. ഇത് തങ്ങളെ സംബന്ധിച്ച് താങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നാണ് അദ്ധ്യാപകർ പറയുന്നത്. കോളേജ് പ്രിൻസിപ്പാൾ വിനു ജോർജിനെ മറുനാടൻ ബന്ധപ്പെട്ടപ്പോൾ ഇന്നത്തെ ചർച്ച ഫലപ്രദമാണെന്ന മറുപടിയാണ് നൽകിയത്. തീരുമാനം എംഡി കോളേജ് അദ്ധ്യാപകരെ വിളിച്ച് പറയുമെന്നും വിനു ജോർജ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP