Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാലിത്തീറ്റയിൽ പാറപ്പൊടി മുതൽ കമ്മ്യൂണിസ്റ്റ് പച്ച ഉണക്കിപ്പൊടിച്ചത് വരെ; തവിട് മുതൽ ചോളം വരെ പേരിന് മാത്രം; ഇതരസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തുന്ന കാലിത്തീറ്റയിൽ ​മായം കലർത്തുന്നത് ​ഗുരുതരമായ അളവിൽ; ഗുണനിലവാര പരിശോധന കർശനമാക്കണമെന്ന് മൃ​ഗസംരക്ഷണ വകുപ്പ്

കാലിത്തീറ്റയിൽ പാറപ്പൊടി മുതൽ കമ്മ്യൂണിസ്റ്റ് പച്ച ഉണക്കിപ്പൊടിച്ചത് വരെ; തവിട് മുതൽ ചോളം വരെ പേരിന് മാത്രം; ഇതരസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തുന്ന കാലിത്തീറ്റയിൽ ​മായം കലർത്തുന്നത് ​ഗുരുതരമായ അളവിൽ; ഗുണനിലവാര പരിശോധന കർശനമാക്കണമെന്ന് മൃ​ഗസംരക്ഷണ വകുപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ ക്ഷീര കർഷകർക്ക് കടുത്ത വെല്ലുവിളി ഉയർത്തി ഇതരസംസ്ഥാനങ്ങളിൽ നിന്നും വരുന്ന കാലിത്തീറ്റകളിൽ ​ഗുരുതരമായ നിലയിൽ മായം ചേർക്കുന്നു. കാലിത്തീറ്റയിൽ ആവശ്യമായ പോഷക ഘടകങ്ങൾ ഉൾപ്പെടുത്തുന്നില്ലെന്ന് മാത്രമല്ല, 25 ശതമാനം വരെ പാറപ്പൊടി ചേർക്കുന്നതായും മൃ​ഗസംരക്ഷണ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തി. കന്നുകാലികൾക്ക് ​ഗുരുതരമായ ആരോ​ഗ്യ പ്രശ്നങ്ങൽക്ക് ഇത്തരം കാലിത്തീറ്റകൾ വഴിയൊരുക്കുമെന്നാണ് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കേരളത്തിലെ കന്നുകാലികളിൽ ഉദരരോ​ഗം വ്യാപകമായ സാഹചര്യത്തിലാണ് മൃ​ഗസംരക്ഷണ വകുപ്പ് കാലിത്തീറ്റയിലെ മായം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചത്. കാലിത്തീറ്റയുടെ ഗുണനിലവാര പരിശോധന കർശനമാക്കണമെന്നും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ അംഗീകാരം ഇല്ലാത്തവ അനുവദിക്കരുതെന്നും മൃഗസംരക്ഷണ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

തമിഴ്‌നാട്ടിലെ കോയമ്പത്തൂർ, നാമക്കൽ, പല്ലടം, ഡിണ്ടിഗൽ എന്നിവിടങ്ങളിൽ നിന്നാണു പ്രധാനമായും കാലിത്തീറ്റ കേരളത്തിലെത്തുന്നത്. കാലിത്തീറ്റയിൽ 18%– 22% മാംസ്യം (പ്രോട്ടീൻ) ഉണ്ടായിരിക്കണമെന്നാണു നിബന്ധന. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന കാലിത്തീറ്റകളിൽ ഇതും ഇല്ല. ചോളം, മണിച്ചോളം, പൊടിയരി, ഗോതമ്പ്, പരുത്തി പിണ്ണാക്ക്, കൊപ്ര പിണ്ണാക്ക്, കടുകിൻ പിണ്ണാക്ക്, സോയാബീൻ, കപ്പലണ്ടി പിണ്ണാക്ക്, തവിട് തുടങ്ങിയവയാണു കാലിത്തീറ്റയിൽ ഉണ്ടാകേണ്ടത്. എന്നാൽ പാറപ്പൊടി, ഉമി, ചെടിയായ കമ്യൂണിസ്റ്റ് പച്ച ഉണക്കിപ്പൊടിച്ചത് തുടങ്ങിയവയാണു വൻതോതിൽ ഇതിൽ ചേർക്കുന്നതെന്നും കണ്ടെത്തി. കാലിത്തീറ്റയിലെ ചേരുവകൾ മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നാണു പ്രധാനമായും വരുന്നത്. ലഭ്യത കുറയുമ്പോഴാണു വ്യാപകമായി മായം ചേർക്കുന്നത്.

10 വർഷം മുൻപു 21 ലക്ഷം കന്നുകാലികളുണ്ടായിരുന്ന കേരളത്തിൽ, ഇപ്പോൾ 12 ലക്ഷം മാത്രം. പ്രതിദിനം 3,000 ടൺ കാലിത്തീറ്റ ആവശ്യമുണ്ട്. ഒരു കന്നുകാലിക്ക് 2.5 കിലോ തീറ്റയാണ് ഒരു ദിവസം നൽകേണ്ടത്. ഇതിനു പുറമേ പച്ചപ്പുല്ലും നൽകണം. 1.62 ലക്ഷം ടൺ കാലിത്തീറ്റയാണു കേരളത്തിനു പ്രതിമാസം വേണ്ടത്. എന്നാൽ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലുമായി പ്രതിദിനം ഉൽപാദിപ്പിക്കുന്നത് 1600 ടൺ കാലിത്തീറ്റ മാത്രമാണ്. നിലവിൽ 1.14 ലക്ഷം ടൺ കാലിത്തീറ്റയുടെ കുറവുണ്ട്. ഈ സാഹചര്യത്തിലാണു മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന കാലിത്തീറ്റയെ ആശ്രയിക്കുന്നത്.

കർഷകർക്ക് വിശ്വാസം കേരള ഫീഡ്സ്

കാലിത്തീറ്റക്കായി സംസ്ഥാനത്തെ ചെറുകിട കർഷകർ ഏറെയും ആശ്രയിക്കുന്നത് പൊതുമേഖലയിൽ പ്രവർത്തിക്കുന്ന കേരള ഫീഡ്സിനെയാണ്. പൊതുമേഖലാ കാലിത്തീറ്റ നിർമ്മാണ കമ്പനിയായ കേരള ഫീഡ്സ് കഴിഞ്ഞ സാമ്പത്തിക വർഷം 495.85 കോടി രൂപയുടെ വിറ്റുവരവ് നേടിയെന്നാണ് കണക്കുകൾ. കൊവിഡും ലോക്ക്ഡൗണും വെല്ലുവിളിയായെങ്കിലും ലക്ഷ്യമിട്ട നേട്ടത്തിന് സമീപമെത്താൻ കമ്പനിക്ക് കഴിഞ്ഞു. 500 കോടി രൂപയുടെ വിറ്റുവരവായിരുന്നു ലക്ഷ്യം. ഒരു കിലോ കാലിത്തീറ്റയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 91 ശതമാനവും കമ്പനി ചെലവാക്കുന്നത് അസംസ്കൃത വസ്‌തുക്കൾ വാങ്ങാനാണ്. എങ്കിലും, കാലിത്തീറ്റയുടെ വില കൂട്ടാൻ കമ്പനി മുതിർന്നില്ലെന്ന് ചെയർമാൻ കെ.എസ്. ഇന്ദുശേഖരൻ നായർ വ്യക്തമാക്കിയിരുന്നു.

സ്വകാര്യ കമ്പനികൾ വില കുത്തനെ കൂട്ടാത്തതിന് കാരണം കേരള ഫീഡ്‌സിന്റെ സാന്നിദ്ധ്യമാണ്. വിപണി വിലയേക്കാൾ 130 രൂപവരെ കുറച്ചാണ് കമ്പനി 2019ൽ കാലിത്തീറ്റ വിറ്റഴിച്ചതെന്നും അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗണിൽ ക്ഷീരകർഷർക്ക് കാലിത്തീറ്റ ലഭ്യമാക്കാനായി കമ്പനിയുമായി നേരിട്ട് ബന്ധപ്പെടാൻ അവസരമൊരുക്കിയിരുന്നു. ഇത്, സാന്നിദ്ധ്യം ശക്തമാക്കാൻ കമ്പനിക്ക് സഹായകമായെന്ന് മാനേജിങ് ഡയറക്‌ടർ ഡോ.ബി. ശ്രീകുമാർ പറഞ്ഞു. കർഷകർക്ക് കമ്പനിയുമായി നേരിട്ട് ബന്ധപ്പെടാനുള്ള മൊബൈൽ ആപ്പ് സജ്ജമാക്കുന്നുണ്ട്. കോഴിത്തീറ്റയും കഴിഞ്ഞവർഷം കമ്പനി വിപണിയിലെത്തിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP