Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വടിവാളുമായി സഹോദരൻ പോന്നെന്ന് യുവതി ഫോണിൽ വിളിച്ചു അറിയിച്ചു; കാര്യമാക്കാതെ കാമുകൻ മാസ്‌ക്ക് വാങ്ങാൻ കവലയിൽ എത്തി; ബൈക്കിലെത്തി വടിവാളിനു വെട്ടിയിട്ട് ബേസിലും; വീട്ടിൽ നിന്നു പോകും മുമ്പ് ബേസിൽ തന്നോട് 100 രൂപ വാങ്ങിയെന്ന് പിതാവ് എൽദോസ്; മറ്റ് വിവരങ്ങൾ അറിയില്ലെന്നും പിതാവ് പൊലീസിനോട്; വ്യത്യസ്ത മതക്കാരായതിനാൽ ജാതി ആക്ഷേപിച്ചും സഹോദരിയോടു പ്രണയത്തിൽ നിന്ന് പിന്മാറാൻ ബേസിൽ ആവശ്യപ്പെട്ടു; യുവാവ് തലവെട്ടാൻ ശ്രമിക്കുന്ന സിസി ടിവി ദൃശ്യങ്ങളും പുറത്ത്

വടിവാളുമായി സഹോദരൻ പോന്നെന്ന് യുവതി ഫോണിൽ വിളിച്ചു അറിയിച്ചു; കാര്യമാക്കാതെ കാമുകൻ മാസ്‌ക്ക് വാങ്ങാൻ കവലയിൽ എത്തി; ബൈക്കിലെത്തി വടിവാളിനു വെട്ടിയിട്ട് ബേസിലും; വീട്ടിൽ നിന്നു പോകും മുമ്പ് ബേസിൽ തന്നോട് 100 രൂപ വാങ്ങിയെന്ന് പിതാവ് എൽദോസ്; മറ്റ് വിവരങ്ങൾ അറിയില്ലെന്നും പിതാവ് പൊലീസിനോട്; വ്യത്യസ്ത മതക്കാരായതിനാൽ ജാതി ആക്ഷേപിച്ചും സഹോദരിയോടു പ്രണയത്തിൽ നിന്ന് പിന്മാറാൻ ബേസിൽ ആവശ്യപ്പെട്ടു; യുവാവ് തലവെട്ടാൻ ശ്രമിക്കുന്ന സിസി ടിവി ദൃശ്യങ്ങളും പുറത്ത്

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: തൊഴുപുഴയിൽ ന്യൂമാൻസ് കോളേജ് അദ്ധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിന് ശേഷം കേരളത്തെ ഞെട്ടിച്ച കൈവെട്ടു കേസാണ് ഇന്ന് മൂവാറ്റുപുഴയിൽ നടന്നത്. ജാതിമാറിയുള്ള പ്രണയത്തെ എതിർത്ത സഹോദരനായ യുവാവാണ് ഈ സംഭവത്തിൽ വില്ലൻ സ്ഥാനത്തുള്ളത്. കറുകടം സ്വദേശി ബേസിൽ എൽദോസാണ് സഹോദരിയുടെ പ്രണയത്തിന്റെ പേരിൽ യുവാവിനെ വടിവാളിനു കഴുത്തിനു വെട്ടി പരുക്കേൽപിച്ചത്. പരുക്കേറ്റ പണ്ടിരിമല തടിയിലക്കുടിയിൽ ശിവന്റെ മകൻ അഖിൽ(19) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്. വെട്ടേറ്റ ഉടനെ ഇദ്ദേഹത്തെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ അപ്പോൾ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. പെൺകുട്ടിയുടെ സഹോദരനായ ബേസിലിനായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. വധശ്രമത്തിനും പട്ടികജാതി പട്ടികവർഗ നിരോധന നിയമപ്രകാരവും പ്രതികൾ രണ്ടാൾക്കും എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

അതേസമയം മൂവാറ്റുപുഴയിൽ സഹോദരിയുടെ കാമുകനായ അഖിലിനെ കൊലപ്പെടുത്താൻ പുറപ്പെടും മുമ്പ് ബേസ്സിൽ തന്നോട് 100 രൂപ വാങ്ങിയെന്നും മറ്റ് വിവരങ്ങൾ അറിയില്ലെന്നും പിതാവ് എൽദോസ് പൊലീസിനോട് വെളിപ്പെടുത്തി. പൊലീസ് അൽപം മുമ്പ് കറുകടത്തെ വീട്ടിലെത്തി വിവരങ്ങൾ ആരാഞ്ഞപ്പോഴാണ് പിതാവ് ഇത്തരത്തിൽ പ്രതികരിച്ചത്. അഖിലിനൊപ്പമുണ്ടായിരുന്ന അരുണിന്റെ മൊഴി പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ആക്രമണം കൊല്ലാൻ ലക്ഷ്യമിട്ടാണെന്ന് മൊഴിയിൽ നിന്നും വ്യക്തമായതിന്റെ അടിസ്ഥാനത്തിൽ ബേസ്സി ലിനെതിരെ ഹരിജന പീഡന നിരോധന നിയമം, വധശ്രമം എന്നിവകുപ്പുകൾ കൂടി ഉൾപ്പെടുത്തി കേസെടുത്തതായി മൂവാറ്റുപുഴ സി ഐ അറിയിച്ചു.

ആക്രമിക്കാൻ സഹോദരൻ ലക്ഷ്യമിട്ടിട്ടുണ്ടെന്ന് ബേസിലിന്റെ സഹോദരി വെട്ടേറ്റ അഖിലിനെ അറിയിച്ചിരുന്നതായി ഒപ്പമുണ്ടായിരുന്ന അരുൺവെളിപ്പെടുത്തിയിട്ടുണ്ട്. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ഓട്ടമൊബീൽ എൻജിനീയറിങ് വിദ്യാർത്ഥിയാണു വെട്ടേറ്റ അഖിൽ. പ്ലസ്ടുവിനു പഠിക്കുന്ന കാലത്ത് ഉടലെടുത്ത പ്രണയം വീട്ടുകാർക്കു നേരത്തെ അറിയാമായിരുന്നു. ഇതു സഹോദരൻ ഉൾപ്പടെയുള്ളവർ വിലക്കുകയും ചെയ്തിരുന്നു. വ്യത്യസ്ത മതക്കാരായതിനാൽ ജാതി ആക്ഷേപിച്ചും സഹോദരിയോടു പ്രണയത്തിൽനിന്ന് പിന്മാറാൻ ബേസിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനു യുവതി തയാറാകാതെ വന്നതോടെയാണ് അഖിലിനെ വകവരുത്താൻ തീരുമാനിച്ചത്.

ഇതിനായി യുവാവ് വീട്ടിൽനിന്ന് വടിവാളുമായി ഇറങ്ങുന്ന വിവരം സഹോദരി അപ്പോൾ തന്നെ അഖിലിനെ വിളിച്ച് അറിയിച്ചിരുന്നു. എന്നാൽ കാമുകിയുടെ മുന്നറിയിപ്പ് കാമുകനായ അഖിൽ മുഖവിലയ്ക്കെടുത്തില്ല. ഇതോടെയാണ് പ്രശ്‌നങ്ങൾ കൈവിട്ടുപോയത്. മാസ്‌ക് വാങ്ങാനായി കവലയിൽ എത്തുകയും ചെയ്തതാണ് അഖിലിന് പറ്റിയ വീഴ്‌ച്ചത. ഈ സമയത്തായിരുന്നു ബൈക്കിലെത്തി വടിവാളിനു വെട്ടിയത്. അതേസമയം, അഖിലിന്റെ വീട്ടുകാർക്കും മകന്റെ പ്രണയ ബന്ധത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. കുട്ടികളുടെ കാര്യമായതിനാൽ സമയമാകുമ്പോൾ സംസാരിച്ചു പരിഹാരമുണ്ടാക്കാം എന്ന നിലപാടായിരുന്നു അഖിലിന്റെ വീട്ടുകാർ സ്വീകരിച്ചത്.

ഇന്നലെ രാത്രി 11 മണിയോടെയാണു പ്രതി ബേസിലിനെ സംഭവ സ്ഥലത്തുനിന്നു രക്ഷപ്പെടുത്തി ബൈക്കിൽ കയറ്റിക്കൊണ്ടു പോയ 17കാരനെ പൊലീസ് പിടികൂടിയത്. പ്രണയത്തിന്റെ പേരിൽ ദുരഭിമാന കൊലപാതക ശ്രമമാണു നടന്നത് എന്നാണു മനസിലാകുന്നതെന്നും പ്രതിക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ഇന്നലെ സമ്പൂർണ ലോക്ഡൗൺ ആയിരുന്നെങ്കിലും നൂറ്റിമുപ്പത് കവലയ്ക്ക് സമീപത്തെ മെഡിക്കൽ ഷോപ് പ്രവർത്തിച്ചിരുന്നു. ഇവിടെ മാസ്‌ക് വാങ്ങുന്നതിനാണു അഖിൽ ഒരു കൂട്ടുകാരനൊപ്പം എത്തിയത്. യുവാവു പുറത്തേക്കിറങ്ങിയ വിവരം അറിഞ്ഞു ബൈക്കിൽ എത്തിയ ബേസിൽ കടയിൽനിന്നു വിളിച്ചിറക്കി അഖിലിനെ വടിവാളെടുത്തു കഴുത്തിലും കൈക്കും വെട്ടുകയായിരുന്നു. നോക്കി നിൽക്കുന്നതിനിടെ എല്ലാം കഴിഞ്ഞെന്നു സ്ഥലത്തുണ്ടായിരുന്ന ആളുകൾ പറയുന്നു.

ഇതിനിടെ, അഖിലിന് ഒപ്പമുണ്ടായിരുന്ന അരുൺ എന്ന യുവാവിനും ഗുരുതരമല്ലാത്ത പരുക്കേറ്റു. അഖിലിനെ കൊലപ്പെടുത്തുക ലക്ഷ്യമിട്ടാണ് ഇദ്ദേഹം എത്തിയതെന്നു വ്യക്തമാകുന്നതാണു യുവാവിനേറ്റ പരുക്കുകൾ. കഴുത്തിനേറ്റ മുറിവു ഗുരുതരമായതിനാലാണു സ്വകാര്യ ആശുപത്രിക്കാർ അടിയന്തരമായി മെഡിക്കൽ കോളജിലെത്താൻ ആവശ്യപ്പെട്ടത്. അതേസമയം യുവാവിനെ വടിവാളുപയോഗിച്ച് വെട്ടുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വെട്ടേറ്റ അഖിൽ ഓടിപോകുന്നതും പിന്നാലെ വീണ്ടും വെട്ടാനായി ബേസിൽ ഓടിവരുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. സഹോദരിയെ പ്രണയിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP