Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹോട്ടലുകളും മാളുകളും നാളെ മുതൽ തുറക്കും; ആരാധനാലയങ്ങൾ തുറക്കാൻ അനുമതിയുണ്ടെങ്കിലും തുറക്കേണ്ടതില്ലെന്ന നിലപാടിൽ ഭൂരിപക്ഷം വിശ്വാസികൾ; ക്ഷേത്രങ്ങളിൽ ഇന്നത്തോടെ ശുചീകരണം പൂർത്തിയാകും; നാളെ മുതലാണു ദർശനം

ഹോട്ടലുകളും മാളുകളും നാളെ മുതൽ തുറക്കും; ആരാധനാലയങ്ങൾ തുറക്കാൻ അനുമതിയുണ്ടെങ്കിലും തുറക്കേണ്ടതില്ലെന്ന നിലപാടിൽ ഭൂരിപക്ഷം വിശ്വാസികൾ; ക്ഷേത്രങ്ങളിൽ ഇന്നത്തോടെ ശുചീകരണം പൂർത്തിയാകും; നാളെ മുതലാണു ദർശനം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഇളവുകളെ തുടർന്ന് സംസ്ഥാനത്തെ ആരാധനാലയങ്ങളും മാളുകളും ഇന്ന് മുതൽ തുറക്കും. ഷോപ്പിങ് മാളുകൾ, റസ്റ്ററന്റുകൾ എന്നിവയാണ് പ്രവർത്തിച്ചു തുടങ്ങുക. നാളെ മുതൽ തുറക്കാൻ വേണ്ടി ഇന്ന് മുതൽ ശുചീകരണം തുടങ്ങിയിട്ടുണ്ട്. കണ്ടെയ്ന്മെന്റ് മേഖലകളിൽ ആരാധനാലയങ്ങൾ ഉൾപ്പെടെ തുറക്കാൻ പാടില്ല. അതേസമയം ഭൂരിപക്ഷം ആരാധനാലയങ്ങളും അടഞ്ഞു കിടക്കാനാണ് സാധ്യത്.

തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ ഇന്നത്തോടെ ശുചീകരണം പൂർത്തിയാകും. നാളെ മുതലാണു ദർശനം. ആൽക്കഹോൾ അംശമുള്ളതിനാൽ ക്ഷേത്ര കവാടത്തിൽ സാനിറ്റൈസർ വയ്ക്കില്ല; പകരം സോപ്പ് ഉപയോഗിച്ചു കൈ കഴുകാൻ സംവിധാനം ഏർപ്പെടുത്തുമെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു അറിയിച്ചു. പൈപ്പിലെ വെള്ളത്തിൽ കൈ കഴുകണം. പാത്രങ്ങളിൽ വെള്ളം ശേഖരിച്ചു വയ്ക്കില്ല. യാക്കോബായ സഭാ ദേവാലയങ്ങൾ നാളെ തുറക്കുമെന്നു ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ അറിയിച്ചു. മസ്ജിദുകൾ തുറക്കുന്നതു സംബന്ധിച്ചു മഹല്ലുകൾക്കുള്ള സുരക്ഷാ മാർഗനിർദേശങ്ങൾ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൽകി.

കോവിഡ് വ്യാപനം തുടരുന്നതിനാൽ ആരാധനാലയങ്ങൾ നാളെ തുറക്കുന്നില്ലെന്നു വിവിധ മതനേതൃത്വങ്ങൾ. ശിവഗിരി മഠം ഈ മാസം 30 വരെ തുറക്കില്ല. കാടാമ്പുഴ ഭഗവതി ക്ഷേത്രം ഒരാഴ്ചത്തേക്കു കൂടി തുറക്കില്ല. പള്ളികൾ ഇപ്പോൾ തുറക്കേണ്ടെന്നു സിറോ മലബാർ സഭയിലെ എറണാകുളം അങ്കമാലി, ചങ്ങനാശേരി അതിരൂപതകൾ തീരുമാനിച്ചു. നഗരങ്ങളിലെ മസ്ജിദുകൾ തുറക്കില്ലെന്നു കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ അറിയിച്ചു. തൃശൂർ, കൊച്ചി നഗരങ്ങളിലും പശ്ചിമ കൊച്ചിയിലും മസ്ജിദുകൾ 30 വരെ തുറക്കേണ്ടതില്ലെന്നു മഹല്ല് ഭാരവാഹികൾ തീരുമാനിച്ചു. മലപ്പുറം ജില്ലയിൽ മമ്പുറം മഖാം, മഅ്ദിൻ ഗ്രാൻഡ് മസ്ജിദ്, കോഴിക്കോട്ട് പാളയം മുഹ്യിദ്ദീൻ പള്ളി, മാനാഞ്ചിറ പട്ടാളപ്പള്ളി, കുറ്റിച്ചിറ മിശ്കാൽ പള്ളി തുടങ്ങിയവയും തുറക്കുന്നില്ല.

തുറക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ

65 നു മുകളിലുള്ളവർ, 10 നു താഴെയുള്ളവർ, ഗർഭിണികൾ, മറ്റ് അസുഖമുള്ളവർ എന്നിവർ വീട്ടിൽ തന്നെ കഴിയണം.

പൊതുസ്ഥലങ്ങളിൽ കുറഞ്ഞത് 6 അടി അകലം പാലിക്കണം.

മാസ്‌ക് ധരിക്കണം. കൈകൾ സോപ്പ് ഉപയോഗിച്ചു കഴുകണം. സാധ്യമായ സ്ഥലങ്ങളിൽ സാനിറ്റൈസർ ഉപയോഗിക്കണം.

ആരാധനാലയങ്ങളിൽ എത്തുന്നവരുടെ പേരും ഫോൺ നമ്പറും സൂക്ഷിക്കണം.

പ്രതിഷ്ഠകളിലും വിശുദ്ധ പുസ്തകങ്ങളിലും തൊടരുത്.

ഭക്തിഗാനങ്ങളും കീർത്തനങ്ങളും കൂട്ടായി പാടുന്നത് ഒഴിവാക്കണം.

അന്നദാനം, ചോറൂണ് എന്നിവ ഒഴിവാക്കണം. മാമോദീസ നടത്തുന്നുണ്ടെങ്കിൽ കരസ്പർശമുണ്ടാകരുത്.

ആഹാര സാധനങ്ങളും നൈവേദ്യവും അർച്ചനാ ദ്രവ്യങ്ങളും വിതരണം ചെയ്യുന്നതു തൽക്കാലം ഒഴിവാക്കണം.

ഒരു സമയം 100 ചതുരശ്ര മീറ്ററിനു 15 പേർ എന്ന തോതിൽ തിരക്കു നിയന്ത്രിക്കണം. ഒരു സമയം പരമാവധി 100 പേർ.

ഷോപ്പിങ് മാളുകൾ

ഫുഡ് കോർട്ടുകളിലും റസ്റ്ററന്റുകളിലും ആകെ സീറ്റുകളുടെ 50% മാത്രമേ ഉണ്ടാകാൻ പാടുള്ളൂ.

ടേബിളുകൾ ഓരോ വട്ടവും അണുമുക്തമാക്കണം.

കുട്ടികളുടെ കളി സ്ഥലങ്ങളും ഗെയിം ആർക്കേഡും തുറക്കരുത്.

തിരക്കു നിയന്ത്രിക്കണം. എത്തുന്നവരുടെ പേരും ഫോൺ നമ്പറും രേഖപ്പെടുത്തണം.

ഹോട്ടലുകൾ

താമസിക്കാനുള്ള ഹോട്ടലുകളിൽ രോഗലക്ഷണങ്ങളുള്ളവരും ജീവനക്കാരും പോകരുത്.

ലിഫ്റ്റിൽ എണ്ണം പരിമിതപ്പെടുത്തണം. എസ്‌കലേറ്ററിൽ ഒന്നിടവിട്ട പടികളിൽ നിൽക്കണം.

മുറിയെടുക്കുന്നവരുടെ യാത്രാചരിത്രം, ആരോഗ്യസ്ഥിതി എന്നിവ സ്വയം സാക്ഷ്യപ്പെടുത്തി റിസപ്ഷനിൽ നൽകണം

ലഗേജ് അണുവിമുക്തമാക്കണം.

കണ്ടെയ്ന്മെന്റ് സോണുകൾ സന്ദർശിക്കരുതെന്ന് ആവശ്യപ്പെടണം.

മുറിയുടെ വാതിലിനു പുറത്ത് ആഹാരസാധനങ്ങൾ വയ്ക്കണം. താമസക്കാരുടെ കയ്യിൽ നേരിട്ടു നൽകരുത്.

എസി 24-30 ഡിഗ്രി സെൽഷ്യസിൽ പ്രവർത്തിപ്പിക്കാം.


പരിസരവും ശുചിമുറികളും അണുമുക്തമാക്കണം.

റസ്റ്ററന്റുകൾ

അകത്തിരുന്നു ഭക്ഷണം കഴിക്കാം.

ബുഫെയിൽ അകലം പാലിക്കണം.

മെനു കാർഡുകൾ ഡിസ്‌പോസബിൾ ആവണം. ഉപയോഗിച്ചവ നശിപ്പിക്കണം

തുണി നാപ്കിനുകൾക്കു പകരം കടലാസ് നാപ്കിൻ

ഭക്ഷണം വിളമ്പുന്നവർ മാസ്‌കും കൈയുറയും ധരിക്കണം.

ഉപയോഗിച്ച പാത്രങ്ങൾ ചൂടുവെള്ളത്തിൽ കഴുകണം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP